എന്റെ ചില സഹപ്രവര്‍ത്തകര്‍ അവരുടെ കുഞ്ഞുങ്ങളുടെ പഠനങ്ങളില്‍ അമിത താല്‍പര്യം പ്രകടിപ്പിക്കുകയും അതോടൊപ്പംതന്നെ മതപരവും, സാംസ്‌കാരികവുമായ മൂല്യങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് വല്ലാത്ത ദുഖവും വേദനയും അനുഭവപ്പെടുന്നു. തങ്ങളുടെ മാതൃഭാഷയായ അറബി സംസാരിക്കുന്നതില്‍ നിന്നും സ്വന്തം മക്കളെ വിലക്കുന്ന രക്ഷിതാക്കള്‍ അവരിലുണ്ട്. പാശ്ചാത്യഭാഷയെ അപേക്ഷിച്ച് പ്രയാസകരവും, സമ്പന്നവുമാണ് അറബി ഭാഷയെന്നതിനാല്‍ തന്നെ അത് പഠിക്കുന്നതും സംസാരിക്കുന്നതും കുഞ്ഞുങ്ങളില്‍ അനുകൂലമായ സ്വാധീനമേ സൃഷ്ടിക്കുകയുള്ളൂ എന്നവര്‍ക്ക് അറിയില്ല.
പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമായ ആഘോഷങ്ങളില്‍ അതീവ താല്‍പര്യത്തോടെ ഇവര്‍ പങ്കുചേരുകയും അവയുടെ പിന്നിലെ സാംസ്‌കാരിക അടിസ്ഥാനത്തെക്കുറിച്ച് അജ്ഞത പുലര്‍ത്തുകയും ചെയ്യുന്നു അവര്‍. അത്തരം ചടങ്ങുകളും ആഘോഷങ്ങളും തങ്ങളുടെ കുഞ്ഞുങ്ങളുടെ സംസ്‌കാരത്തിലും സ്വഭാവത്തിലും ഏതര്‍ത്ഥത്തില്‍ സ്വാധീനം ചെലുത്തുമെന്നതിനെക്കുറിച്ചും അവര്‍ ബോധവരല്ല. ഇസ്‌ലാമിന്റെ അടിസ്ഥാന ആഘോഷങ്ങളില്‍ പങ്കുചേരുന്നതില്‍ വിമുഖത കാണിക്കുന്ന അവര്‍, അവയുടെ യഥാര്‍ത്ഥ ആശയവും സത്തയും ഗ്രഹിച്ചവരും, മനസ്സിലാക്കിയവരുമാണ് എന്നതാണ് ദുഃഖകരം.
മറ്റുള്ളവരെയോ, അവരുടെ നേട്ടങ്ങളെയോ അവലംബിച്ച് ജീവിക്കുന്നത് ഇസ്‌ലാം ഒരാളിലും പ്രോല്‍സാഹിപ്പിക്കുന്നില്ല. നന്നായി അധ്വാനിക്കാനും, നന്മകള്‍ സമ്പാദിക്കാനും, അവയുടെ പ്രതിഫലം ഇഹലോകത്ത് പ്രതീക്ഷിക്കാതിരിക്കാനുമാണ് ഇസ്‌ലാം വിശ്വാസികളോട് നിര്‍ദേശിക്കുന്നത്.
കുഞ്ഞുങ്ങളെ അന്ധവിശ്വാസത്തില്‍ നിന്ന് അകറ്റി നിര്‍ത്താനും, ശാസ്ത്രീയമായ ചിന്ത അവരില്‍ വളര്‍ത്തിയെടുക്കാനും, ചരിത്രം വായിച്ച് അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനും പ്രോല്‍സാഹിപ്പിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. ഉദാഹരണമായി റമദാന്‍ മാസത്തെ എടുക്കാം. അതിരറ്റ പുണ്യം വാഗ്ദാനം ചെയ്ത മാസമാണ് അതെന്നതോടൊപ്പം തന്നെ നോമ്പിന്റെയും നമസ്‌കാരത്തിന്റെയും പ്രയാസം അനുഭവിക്കേണ്ട നിമിഷങ്ങളാണവ. ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമായ മൂല്യങ്ങളാണ് അവ പകര്‍ന്നു നല്‍കുന്നത്. അവ പഠിച്ചെടുക്കുന്ന ഒരു മനുഷ്യന്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ വലിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനും, ഐഹിക ലോകത്തിന്റെ ക്ലിഷ്ടതകള്‍ക്ക് മേല്‍ ക്ഷമ കൈകൊള്ളാനും തയ്യാറാകുന്നു.
എന്നാല്‍ വ്യക്തിളെന്ന നിലക്കും സ്ഥാപനങ്ങളെന്ന നിലക്കും ഇത്തരം മൂല്യങ്ങള്‍ ഉപേക്ഷിക്കുന്നുവെന്നതാണ് നമ്മുടെ പ്രശ്‌നം. വളരെ ഉപരിപ്ലവമായ മറ്റു പല ചിന്തകളിലും ആഘോഷങ്ങളിലുമാണ് നാം അഭയം തേടുന്നത്. ലോകത്ത് നിലനില്‍ക്കുന്ന പ്രവണതകളെയെല്ലാം സ്വീകരിക്കുകയും മുറുകെ പിടിക്കുകയും ചെയ്യുന്ന നാം നമ്മുടെ യഥാര്‍ത്ഥ സ്വത്വവും സംസ്‌കാരവും മറ്റുള്ളവര്‍ക്ക് മുന്നില്‍ പണയപ്പെടുത്തുകയാണ് ചെയ്യുന്നത്.
തന്റെ സംസ്‌കാരത്തെയും അസ്തിത്വത്തെയും കുറിച്ച് പാശ്ചാത്യന് തികഞ്ഞ ബോധമുണ്ട്. അവന്‍ അതെല്ലാം സംരക്ഷിക്കുകയും അവയുടെ പേരില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. മാത്രമല്ല, ഒരു വിദേശി വന്ന് തങ്ങളുടെ ആചാരങ്ങള്‍ എടുത്തണിഞ്ഞ് തങ്ങളില്‍ ലയിക്കാന്‍ എത്ര തന്നെ ശ്രമിച്ചാലും അവന്‍ വിദേശിയായി തന്നെ അവശേഷിക്കുമെന്നും അവന് അറിയാം.
പാശ്ചാത്യലോകത്ത് ജീവിക്കുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ കാര്യം വളരെ കഷ്ടം തന്നെ. വര്‍ഷങ്ങളോളം പണിപ്പെട്ട് അവിടത്തെ സമൂഹത്തില്‍ ലയിച്ച് ചേരാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തുന്നു. ഒടുവില്‍ തങ്ങളുടെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടുവെന്ന് അവരുടെ മാതാപിതാക്കള്‍ തിരിച്ചറിയുന്നു. ജീവിതത്തില്‍ പരാജയപ്പെട്ട, ആത്മാഭിമാനമില്ലാത്ത, സ്വന്തം അസ്തിത്വമില്ലാത്ത അപൂര്‍വജീവികളെപ്പോലെ ആ കുഞ്ഞുങ്ങള്‍ സമൂഹത്തില്‍ ജീവിക്കുന്നു. തങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങളുടെയും അവരുടെ നാടിന്റെയും പേരില്‍ കണ്ണീരൊഴുക്കി വ്യസനത്തോടെ ജീവിക്കുന്നു അവര്‍.
അറബ്-മുസ്‌ലിം രാഷ്ട്രങ്ങളില്‍ പോലും ജീവിക്കുന്ന പല മുസ്‌ലിംകളും തങ്ങളുടെ സന്താനങ്ങളുടെ ഭാഷയും, വസ്ത്രവും, സംസ്‌കാരവുമെല്ലാം പാശ്ചാത്യമായിരിക്കണമെന്ന് ശഠിക്കുന്നത് കാണുമ്പോള്‍ വല്ലാത്ത അതിശയം തോന്നുന്നു. മൂല്യത്തെയോ ധര്‍മത്തെയോ കുറിക്കുന്ന സംസ്‌കാരമോ, സമ്പ്രദായമോ അല്ല എന്നിരിക്കെ പിന്നെ അവരെന്തിന് അവയ്ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന് നമുക്കറിയില്ല. പാശ്ചാത്യ സംസ്‌കാരം ആധുനികവും, ഉപകാരപ്രദവുമാണെന്നും അതുമുഖേനയാണ് പാശ്ചാത്യര്‍ക്ക് ഔന്നത്യം ലഭിച്ചതെന്നുമുള്ള ധാരണയാണ് അവരെ നയിച്ച് കൊണ്ടിരിക്കുന്നത്.
മറ്റ് സംസ്‌കാരങ്ങള്‍ പഠിക്കുന്നതിനെയോ, അവയില്‍ നിന്ന് പ്രയോജനമെടുക്കുന്നതിനെയോ എതിര്‍ക്കുകയല്ല നാം. പാശ്ചാത്യര്‍ നമ്മുടെ നാടുകളിലും അവരുടേതല്ലാത്ത ഏതൊരു നാട്ടിലും വളരെ വേഗത്തിലാണ് മറ്റുള്ളവരോട് ചേരുന്നത്. ജനങ്ങളുടെ ഭാഷ പഠിക്കുകയും സംസ്‌കാരവും, സമ്പ്രദായവും തിരിച്ചറിയുകയും അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യുന്നു അവര്‍. എന്നാല്‍ അവയോടൊപ്പം തന്നെ തങ്ങളുടെ സംസ്‌കാരവും സ്വത്വവും സംരക്ഷിക്കാനും അവര്‍ക്ക് സാധിക്കുന്നു. നമ്മുടെ സംസ്‌കാരത്തിന്റെ ഏറ്റവും നല്ല വശങ്ങളില്‍ നിന്ന് അവര്‍ മുതലെടുക്കുകയും തങ്ങളുടെ നേട്ടങ്ങള്‍ക്ക് വേണ്ടി അവരതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഇതിന് വിപരീതമായി നാം മറ്റുള്ളവരുടെ സംസ്‌കാരത്തെ ക്രിയാത്മകമായി സമീപിക്കുകയോ, സ്വന്തം സംസ്‌കാരത്തെ തന്നെ തിരിച്ചറിയുകയോ ചെയ്യുന്നില്ല എന്നതാണ് വസ്തുത.
അലാഅ് ബയൂമി
Add Comment