Youth

സാമൂഹികസ്പര്‍ശിയായ ആവിഷ്‌കാരങ്ങളാണ് സ്വീകരിക്കപ്പെടുക

കേവലം മുപ്പത്തഞ്ച് മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള ആ സിനിമ യൂട്യൂബിലൂടെ മുപ്പത് ലക്ഷം പേര്‍ ഇതിനകം കണ്ടു കഴിഞ്ഞിരിക്കുന്നു. അടുത്ത പത്ത് ലക്ഷം പൂര്‍ത്തീകരിക്കുന്നതിനായി അതിവേഗം കുതിച്ച് കൊണ്ടിരിക്കുന്നു. ഇത്രയധികം പേര്‍ ആ സിനിമ കണ്ടത് കേവലം നാല് ദിവസങ്ങള്‍ക്കുള്ളിലാണെന്ന് നാം തിരിച്ചറിയണം! അതിന് സവിശേഷമായ കാരണവുമുണ്ട്. ആ സിനിമ വളരെ ലളിതമായി പ്രേക്ഷകനോട് പറയുന്നത് ഇതാണ് ‘നിങ്ങള്‍ സൂക്ഷിക്കുക, ഏതുനിമിഷവും വിഷബാധയേറ്റ് നിങ്ങള്‍ മരണപ്പെട്ടേക്കാം. അല്ലെങ്കില്‍ നിങ്ങളുടെ കണ്ണിലുണ്ണികളായ മക്കള്‍ വിഷബാധയേറ്റ് പിടയുന്നതായ വാര്‍ത്തയറിഞ്ഞ് വീട്ടിലേക്ക് ഓടേണ്ടി വന്നേക്കാം. മാരകവിഷാംശമായ അലൂമിനിയം ഫോസ്‌ഫൈഡ് ബാധിച്ചാല്‍ ഒരു വൈദ്യനും അവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുകയില്ല’.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലായി തീര്‍ന്ന ആ ഡോക്യുമെന്ററിയുടെ പേര് ‘ഫോസ്‌ഫൈന്‍’ എന്നാണ്. ഒട്ടേറെ പിതാക്കളുടെ കണ്ണീരുകള്‍ക്കും, മാതാക്കളുടെ തീരാവേദനകള്‍ക്കും അത് സാക്ഷിയായി. ഈ വിഷവാതകം ശ്വസിച്ച് ശ്വാസം മുട്ടി മരിച്ച ഒട്ടേറെ പിഞ്ചുകുഞ്ഞുങ്ങളുടെ ദുരനുഭവങ്ങളായിരുന്നു അതിലെ പ്രമേയം. വളരെ നിശബ്ദമായ കൊലയാളി എന്നറിയപ്പെടുന്ന അലൂമിനിയം ഫോസ്‌ഫൈഡ് സൗദിയില്‍ മാത്രം ഇതിനകം ഇരുപതോളം പേരുടെ മരണത്തിന് കാരണായിരിക്കുന്നു. ഫോസ്‌ഫൈന്‍ ഗ്യാസ് ശ്വസിക്കുന്നതോടെ ശരീരത്തിലെ ശ്വേതരക്താണുക്കള്‍ നിര്‍ജീവമാവുകയും അവ നിശ്ചലമായ അവസ്ഥയിലേക്ക് രൂപാന്തരപ്പെടുകയും അതേതുടര്‍ന്ന് ശരീരാവയവങ്ങളിലേക്ക് ഓക്‌സിജന്‍ കൈമാറ്റം ചെയ്യുന്നതിന് സാധിക്കാതെ വരികയും ചെയ്യുന്നു. തല്‍ഫലമായി ശരീരാവയങ്ങള്‍ക്ക് അവയുടെ ധര്‍മം നിര്‍വഹിക്കാനാവാതെ അനിവാര്യഫലമെന്നോണം മരണത്തിന് കീഴ്‌പെടേണ്ടിവരുന്നു.

ഈ ഡോക്യുമെന്ററിയുടെ നിര്‍മാതാവ് അബ്ദുര്‍റഹ്മാന്‍ സ്വന്‍ദഖ്ജി ഇവ്വിഷയകമായി സാമൂഹിക സ്ഥാപനങ്ങള്‍ക്ക് ചെയ്യാനുള്ള പ്രായോഗിക ദൗത്യവുമായി ബന്ധപ്പെട്ട ഒരു പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ട്. ‘സൃഷ്ടികളെ സ്രഷ്ടാവിന് വിട്ടുകൊടുക്കുക’യെന്ന സാമൂഹിക മനോഭാവത്തെ തിരുത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. ‘സമൂഹത്തിന് പ്രവര്‍ത്തിക്കുകയെന്നത് സമൂഹത്തിന്റെ തന്നെ ബാധ്യതയാണ്’ എന്ന സിദ്ധാന്തമാണ് അദ്ദേഹം മുറുകെ പിടിക്കുന്നത്. രാഷ്ട്രം നമ്മുടെ എല്ലാവരുടെയും സ്വത്താണ്. അവിടെ പ്രവര്‍ത്തിക്കേണ്ട ബാധ്യത നാമോരോരുത്തര്‍ക്കും ഉണ്ട്. ഭരണകൂടം ഈ മാര്‍ഗത്തില്‍ നമ്മുടെ പങ്കാളികള്‍ മാത്രമാണ്. അല്ലാതെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ കുത്തക ഭരണകൂടത്തിനല്ല. രാഷ്ട്ര നിര്‍മാണത്തിനും, അവിടത്തെ പ്രശ്‌നങ്ങളുടെ പരിഹാരത്തിനുമായി മുന്നോട്ട് വരേണ്ടത് സാമൂഹിക സ്ഥാപനങ്ങള്‍ തന്നെയാണ്.

‘ഫോസ്‌ഫൈന്‍’ വീഡിയോയെ പ്രശംസിച്ച് കൊണ്ട് ഒട്ടേറെ രാഷ്ട്രീയ പ്രമുഖര്‍ രംഗത്ത് വരികയുണ്ടായി. ഇത് ആരോഗ്യകരമായ പ്രവണതയാണ്. പൗരന്മാരുടെ വളരെ ലളിതമായ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളെ അധികാരിവര്‍ഗവും മറ്റും സ്വീകരിക്കുകയും വിലമതിക്കുകയും പിന്തുണക്കുകയും ചെയ്യുകയെന്നത് തീര്‍ത്തും ആരോഗ്യകരമായ സമീപനമാണ്.

ടെലിവിഷന്‍ ചാനലുകള്‍ക്കും മറ്റും വളരെ മഹത്തായ സന്ദേശം നല്‍കുന്നുണ്ട് ‘ഫോസ്‌ഫൈന്‍’ ഡോക്യുമെന്ററി. വളരെ ദൈര്‍ഘ്യം കുറഞ്ഞ ഒരു വീഡിയോ, കുറഞ്ഞ നാളുകള്‍ക്കകം ഇത്രയധികം പ്രേക്ഷകരെ സമ്പാദിച്ചത് അതിന്റെ ഉള്ളടക്കംകൊണ്ടു മാത്രമാണ്. സമൂഹത്തെ സ്പര്‍ശിക്കുന്ന, അവരെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ആവിഷ്‌കാരങ്ങളെ സമൂഹം ഇരുകരവും നീട്ടി സ്വീകരിക്കുമെന്നതിന്റെ ഏറ്റവുംവലിയ തെളിവ് കൂടിയാണ് ഫോസ്‌ഫൈന്റെ വിസ്മയകരമായ വിജയം.

അബ്ദുല്ലാഹ് അല്‍മുദൈഫിര്‍

Topics