പേര് കേട്ട രണ്ട് ഫുട്ബാള്‍ ടീമുകള്‍ തമ്മില്‍ കളിക്കളത്തില്‍ മത്സരിക്കുമ്പോള്‍ അസഹിഷ്ണുതയും പക്ഷപാതിത്വവും പുറമേക്ക് ഒഴുകുന്നതായി കാണാവുന്നതാണ്. പന്തിന്റെയോ, പന്തുകളിയുടെയോ കൂടെ ജനിക്കുന്ന സമീപനമല്ല പക്ഷപാതിത്വവും വര്‍ഗീയതയും. മറിച്ച് പണ്ട് കാലം മുതല്‍ നമ്മുടെ മനസ്സില്‍ കൂടുകൂട്ടിയ, ഇന്നും തുടര്‍ന്ന് കൊണ്ടേയിരിക്കുന്ന മാനസികഘടനയാണ് അത്. നാം പഠിക്കുകയും, വളരുകയും, ലോകത്തെ പല രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുകയും ഒട്ടേറെ ജനവിഭാഗങ്ങളുമായി കൂടിക്കലരുകയും ചെയ്തു. നാം ചില സന്ദര്‍ഭങ്ങളില്‍ ‘സംസ്‌കാരസമ്പന്ന’രെന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്തു. നമ്മില്‍ ചിലര്‍ ഇപ്പോഴും സ്വന്തം നാഗരികതയുടെയും സംസാരത്തിന്റെയും, പ്രദേശത്തിന്റെയും പേരില്‍ സങ്കുചിത മനോഭാവം പുലര്‍ത്തുന്നവരാണ്. അവര്‍ തന്നെയാണ് ലോകം എന്ന കാഴ്ചപ്പാടാണ് അവര്‍ക്കുള്ളത്. ഒരേ നാട്ടില്‍ തന്നെ ജീവിക്കുന്ന പലര്‍ക്കും ആത്മീയമോ, മാനിസകമോ, മാനവികമോ ആയ ഐക്യം അനുഭവപ്പെടുന്നില്ല എന്നത് ഇതിന്റെ ഫലമാണ്.
ചിന്താപരമായും ദാര്‍ശനികമായും വിവിധ അഭിപ്രായങ്ങള്‍ വെച്ച് പുലര്‍ത്തുന്നവരാണ് നാം. തദ്വിഷയകമായി നാം ചര്‍ച്ചകളും സംവാദങ്ങളും നടത്താറുണ്ട്. പക്ഷേ ഇവയിലൊക്കെയും നമുക്കാകെയുള്ള തെളിവ് നമ്മുടെ വര്‍ഗീയതയും അസഹിഷ്ണുതയും സങ്കുചിതത്വവും മാത്രമാണ്. നാം വായ നിറച്ച് ശബ്ദിക്കുകയും പ്രതിയോഗിയെ ആക്ഷേപിക്കുകയും നിന്ദിക്കുകയും അവമതിക്കുകയും ചെയ്യുന്നു. എല്ലാറ്റിനും ശേഷം മനസ്സ് നിറഞ്ഞ്, വിജയിയായി കരുതി മടങ്ങിപ്പോരുകയും ചെയ്യുക എന്നതാണ് നമ്മുടെ പതിവ്. എന്താണ് ഇതിന് കാരണം?
‘എന്നാല്‍ തന്റെ ചീത്ത പ്രവൃത്തി ചേതോഹരമായി തോന്നുകയും അങ്ങനെ അതു നല്ലതായി കാണുകയും ചെയ്തവന്റെ സ്ഥിതിയോ? സംശയമില്ല: അല്ലാഹു അവനിഛിക്കുന്നവരെ വഴികേടിലാക്കുന്നു. അവനിഛിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. അതിനാല്‍ അവരെക്കുറിച്ചോര്‍ത്ത് കൊടും ദുഖത്താല്‍ നീ നിന്റെ ജീവന്‍ കളയേണ്ടതില്ല. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നന്നായി അറിയുന്നവനാണ് അല്ലാഹു'(അല്‍ഫാത്വിര്‍ – 8).
രോഗം ബാധിച്ച മനസ്സിന്റെ ആശകളെ അതിജയിക്കുകയും വിദ്വേഷത്തില്‍ നിന്നും പക്ഷപാതിത്വത്തില്‍ നിന്നും അകന്ന് നില്‍ക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും വലിയ വിജയം. അല്ലാഹുവിനോട് ചേര്‍ന്ന് നില്‍ക്കുന്ന സത്യസന്ധമായ വിശ്വാസം നമ്മുടെ മനസ്സില്‍ ദൃഢതയും, സമാധാനവും ചൊരിയുകയും നമ്മുടെ ശത്രുക്കളോട് സഹിഷ്ണുത കൈകൊള്ളാന്‍ അവ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതിനാലാണ് പ്രവാചകന്മാര്‍ ‘എന്റെ സമൂഹമേ, എന്റെ പിതാവേ, എന്റെ പിതാമഹനേ’ എന്ന് അഭിസംബോധന ചെയ്തതായി ഇസ്‌ലാമിക പ്രമാണങ്ങളില്‍ നാം കാണുന്നത്.
ബുദ്ധിയെയും ഹൃദയത്തെയും അഭിസംബോധന ചെയ്യുന്ന ആത്മനിര്‍വൃതിയാണ് വിശ്വാസമെന്നത്. ധാര്‍ഷ്ട്യത്തിന്റെയോ, ബലപ്രയോഗത്തിന്റെയോ, സ്വേഛാധിപത്യത്തിന്റെയോ പ്രതീകമല്ല അത്.
ഒരു വ്യക്തി തന്റെ കുടുംബത്തിലേക്കോ, ഗോത്രത്തിലേക്കോ, പ്രദേശത്തേക്കോ ചേര്‍ക്കപ്പെടുകയെന്നത് അപരാധമല്ല. കാരണം നന്മയുടെയും, ബന്ധത്തിന്റെയും, നന്ദിയുടെയും അടയാളമാണ് അത്. പക്ഷേ അത് മറ്റുള്ളവര്‍ക്ക് മേല്‍ കുതിര കയറാനോ, അവരെ അപമാനിക്കാനോ ഉള്ള സംവിധാനമായി ഉപയോഗിക്കപ്പെടുന്നതാണ് യഥാര്‍ത്ഥ അപരാധം.
നാം സ്വയം ഉയരാന്‍ ശ്രമിക്കുമ്പോള്‍ മറ്റുള്ളവരെ താഴ്ത്താന്‍ ശ്രമിക്കുന്നത് എന്തിനാണ്? നാം മുന്നില്‍ എത്തിച്ചേരുന്നതിനായി മറ്റുള്ളവരെ തള്ളി താഴെയിടുന്നത് ശരിയാണോ? നമ്മുടെ രാഷ്ട്രസ്‌നേഹം സ്ഥാപിക്കാനുള്ള വഴി മറ്റുള്ളവന്റെ മേല്‍ രാജ്യദ്രോഹം ആരോപിക്കുകയാണോ?
ഈ സമീപനമാണ് അസഹിഷ്ണുതയെയും വര്‍ഗീയതയെയും കുറിക്കുന്നത്. അവ നമ്മുടെ രക്തത്തിലേക്കും, മജ്ജയിലേക്കും അവയവങ്ങളിലേക്കും പതിയെ പടര്‍ന്ന് കയറിയേക്കാം. ഞാന്‍ ഈ വിഷയത്തെ പൊതുവല്‍ക്കരിക്കുകയല്ല. എന്നാല്‍ ഭൂരിഭാഗം ആളുകളിലും ഈ രോഗം പടര്‍ന്ന് കഴിഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാക്കുകയാണ്. നമ്മുടെ വാക്കുകളിലും, ഇടപാടുകളിലും, പെരുമാറ്റത്തിലുമെല്ലാം ഇതിന്റെ മാരകമായ അടയാളങ്ങള്‍ പ്രകടമായിക്കൊണ്ടിരിക്കുന്നു.
നാം ആത്മവിചാരണക്ക് തയ്യാറാവേണ്ടിയിരിക്കുന്നു. നാം പക്ഷപാതിയാണോ എന്ന് പരിശോധിക്കുകയും ‘അല്ല’ എന്ന ഉത്തരം ലഭിക്കുന്നത് വരെ കഠിനാധ്വാനം നടത്തുകയും ചെയ്യേണ്ടതുണ്ട്. ‘പറയുക ‘ഞാന്‍ നിങ്ങളോട് ഒന്നേ ഉപദേശിക്കുന്നുള്ളൂ. അല്ലാഹുവിന്റെ മുന്നില്‍ നിങ്ങള്‍ ഓരോരുത്തരായോ, ഈ രണ്ടുപേര്‍ വീതമോ എഴുന്നേറ്റ് നില്‍ക്കുക. എന്നിട്ട് നിങ്ങള്‍ ചിന്തിക്കുക’ (അസ്സബഅ് -46).
ഡോ. സല്‍മാന്‍ ഫഹദ് ഔദഃ
Add Comment