Youth

സല്‍സ്വഭാവം താല്‍ക്കാലികമല്ല

ഇസ്‌ലാമിക ശരീഅത്ത് ആവശ്യപ്പെടുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത പൊതു മാനവിക ഗൂണമാണ് സല്‍സ്വഭാവമെന്നത്. ദൈവികസന്ദേശത്തിന്റെ അടിസ്ഥാന തേട്ടവും, മുഖ്യഭാഗവുമായാണ് അതിനെ പ്രവാചകന്‍(സ) പരിചയപ്പെടുത്തിയിരിക്കുന്നത് ‘ഉന്നതസ്വഭാവ ശീലങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്’. സ്വഭാവമൂല്യങ്ങളുടെ പ്രാധാന്യത്തെയും അവ ഊട്ടിയുറപ്പിക്കുന്നതിന്റെ മഹത്വത്തെയും കുറിക്കുന്ന പ്രവാചകവചനമാണ് ഇത്.

ഇവ്വിഷയകമായി സുദീര്‍ഘമായി സംസാരിക്കേണ്ടതില്ല. ജനങ്ങള്‍ക്ക് ഏകാഭിപ്രായമുള്ള കാര്യമാണ് ഇത്. ദുസ്വഭാവങ്ങള്‍ക്ക് എതിരായി പോരാടുകയും, അവയെ ശക്തമായി അപലപിക്കുകയും ചെയ്യുന്നവരാണ് ഭൂരിപക്ഷം പേരും.

എന്നാല്‍ ഇതില്‍ നിന്ന് വിപരീതമാണ് മറ്റുള്ളവരില്‍ നിന്ന് ഔദാര്യമോ നേട്ടമോ പ്രതീക്ഷിച്ചോ, പ്രത്യേക സാഹചര്യത്തില്‍ മാത്രമോ സല്‍പെരുമാറ്റം നടിക്കുകയും അഭിനയിക്കുകയും ചെയ്യുക എന്നത്. തീര്‍ത്തും അഭിശംസനീയായ സമീപനമാണ് ഇത്.

സല്‍സ്വഭാവത്തെ അടയാളപ്പെടുത്തുന്ന മാനദണ്ഡം നൈരന്തര്യമാണ്. അതിനാലാണ് മനുഷ്യന്റെ യഥാര്‍ത്ഥ സ്വഭാവത്തെ വെളിപ്പെടുത്തുന്നതാണെന്ന് മുന്‍കാലത്ത് പറയപ്പെട്ടത്.

ഒരു മനുഷ്യന്‍ തന്റെ ഭാര്യയോട് വര്‍ഷങ്ങളോളം സന്തോഷത്തിലും ദുഖത്തിലും, എളുപ്പത്തിലും പ്രയാസത്തിലും ഒന്നിച്ച് ജീവിക്കേണ്ടി വരുമ്പോള്‍ യഥാര്‍ത്ഥ സ്വഭാവം വെളിവാകുന്നു. ക്ഷമയോടും, സഹനത്തോടും, വിട്ടുവീഴ്ചയോടും കൂടി ജീവിക്കേണ്ട സന്ദര്‍ഭമാണ് അത്. സുഖകരമായ ദാമ്പത്യജീവിതത്തിന്റെ ഉരക്കല്ലായി അറിയപ്പെടുന്നത് സത്യസന്ധമായ സ്വഭാവമാണ്.

ദാമ്പത്യമായാലും സുഹൃദ്ബന്ധമായാലും ഒന്നിച്ച് ജീവിക്കുന്നവരോട് പരിപൂര്‍ണമായി വര്‍ത്തിക്കുകയെന്നതാണ് വിജയത്തിന്റെ അടിസ്ഥാനം.

എല്ലാ കാലത്തും ഒരു മാറ്റവുമില്ലാതെ മറ്റുള്ളവരുടെ അവകാശം പരിപൂര്‍ണമായി വകവെച്ച് നല്‍കി, സല്‍സ്വഭാവത്തോടെ വര്‍ത്തിക്കുമ്പോള്‍ ജീവിതം മനോഹരവും, സുഖകരവുമായിത്തീരുന്നു. ഏതൊരു കൊടുങ്കാറ്റിലും ആടിയുലയാത്ത, പ്രളയത്തില്‍ മുങ്ങിത്താഴാത്ത അടിയുറച്ച ഉന്നതസ്വഭാവത്തിന്റെ ഉടമയായി നാം മാറുകയാണ് വേണ്ടത്.

സഹവാസത്തിന്റെ ദൈര്‍ഘ്യം സ്വഭാവത്തിന്റെ ഭദ്രതയും ഉപരിപ്ലവത്വവും വെളിപ്പെടുത്തുന്നതാണ്. ശക്തിയും കഴിവുമാണ് സ്വഭാവത്തെ വെളിപ്പെടുത്തുന്ന മറ്റൊരു ഘടകം. മനുഷ്യന്‍ ദുര്‍ബലനായിരിക്കെ ശാന്തതയും സല്‍സ്വഭാവവും മുറുകെ പിടിക്കാറുണ്ട്. കാരണം മറ്റൊരു മാര്‍ഗമില്ലാത്ത അവന്‍ തീര്‍ത്തും നിസ്സഹായനാണ്. എന്നാല്‍ ശക്തിയും അധികാരവും ലഭിക്കുന്നതോടെ ധിക്കാരം പുലര്‍ത്തുകയും സ്വഭാവമൂല്യങ്ങള്‍ കൈവെടിയുകയും ചെയ്യുന്നു അവന്‍.

ഇബ്‌നു അഖീല്‍ പറയുന്നു ‘ഞാന്‍ ചിലയാളുകളെ കണ്ടു. അക്രമത്തില്‍ നിന്ന് അവരെ തടയുന്നത് അവരുടെ നിസ്സഹായാവസ്ഥയാണ്. ഞാന്‍ സാധാരണക്കാരെക്കുറിച്ചല്ല, പണ്ഡിതരെക്കുറിച്ചാണ് പറയുന്നത്. ഇബ്‌നു യൂസുഫിന്റെ കാലത്ത് ഹമ്പലികള്‍ക്ക് വലിയ അധികാരമായിരുന്നു. അവര്‍ ശാഖാപരമായ വിഷയങ്ങളുടെ പേരില്‍ ശാഫിഈകള്‍ക്ക് മേല്‍ അക്രമം പ്രവര്‍ത്തിക്കാറുണ്ടായിരുന്നു. ശാഫിഈകള്‍ക്ക് ഖുനൂത്ത് ഉറക്കെ ഓതാന്‍ പോലും അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ ഇബ്‌നു യൂസുഫ് മരിച്ചതോടെ അവരുടെ അധികാരം നഷ്ടപ്പെട്ടു. അതോടെ ശാഫിഈകള്‍ അവര്‍ക്ക് മേല്‍ അക്രമം പ്രവര്‍ത്തിച്ചു. അവരെ തടവറകളിലാക്കുകയും പൊതുജനങ്ങളെ ഉപദ്രവിക്കുകയും ചെയ്തു’.

ശക്തിയുണ്ടാവുമ്പോഴാണ് യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുന്നത്. ശക്തിയും സമ്പത്തും അധികാരവും ഉള്ളപ്പോള്‍ സല്‍സ്വഭാവം കാത്ത് സൂക്ഷിക്കുകയും സ്‌നേഹം മുറുകെ പിടിക്കുകയും വിട്ടുവീഴ്ചക്ക് തയ്യാറാവുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ മഹാന്‍.
സ്ഥാനമാനങ്ങള്‍ മാറ്റാത്തവന്‍ ആരാണ്? സമ്പന്നത പിടിച്ചുകുലുക്കാത്താവനായി ആരുണ്ട്? പ്രശസ്തി ആരുടെ മനസ്സാണ് ഇളക്കാതിരിക്കുക?

അഭിപ്രായവ്യത്യാസമാണ് ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെ തനിനിറം വ്യക്തമാക്കുന്ന മറ്റൊരു ഘടകം. സ്വന്തം അഭിപ്രായം തീര്‍ത്തും ശാന്തതയോടും പ്രതിപക്ഷ ബഹുമാനത്തോടും കൂടി അവതരിപ്പിക്കാനും അപ്രകാരം തന്നെ മറ്റുള്ളവരുടെ അഭിപ്രായം കേള്‍ക്കാനും സന്നദ്ധമാവുമ്പോഴാണ് സല്‍സ്വഭാവം പൂര്‍ണമാകുന്നത്. പരസ്പരം ഭിന്നാഭിപ്രായം പുലര്‍ത്തുന്നതിലെ മര്യാദകള്‍ അറിയാത്തവരും പാലിക്കാത്തവരുമാണ് നമ്മില്‍ അധികപേരും.

ഇപ്രകാരം ജീവിതത്തിലെ നിര്‍ണായകമായ പലതിനോടും ഏറ്റുമുട്ടുന്ന വേളയിലാണ് ഒരാള്‍ യഥാര്‍ത്ഥത്തില്‍ സല്‍സ്വഭാവിയാണോ ദുസ്വഭാവിയാണോ എന്ന് തീരുമാനിക്കപ്പെടുക. ജീവിതത്തിലെ ഏതെങ്കിലും സന്ദര്‍ഭത്തില്‍ പുലര്‍ത്തുന്ന സമീപനമോ, സ്വീകരിക്കുന്ന നിലപാടോ അല്ല സല്‍സ്വഭാവത്തിന്റെ അടിസ്ഥാനം എന്ന് ചുരുക്കം.

ഡോ. സല്‍മാന്‍ ഫഹദ് ഔദഃ

Topics