ശരീഅത്തിന്റെ മൂല്യങ്ങള്‍:4
മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളും ഉള്‍ക്കൊള്ളുന്ന സമഗ്ര നിയമമാണ് ഇസ്‌ലാം വികസിപ്പിച്ചത്. ദൈവേച്ഛയുടെ പൂര്‍ത്തീകരണാര്‍ഥമാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന ഇസ്‌ലാമിക കാഴ്ചപ്പാടില്‍ നിന്നാണ് നിയമത്തിന് ഈ സമഗ്രത കൈവരുന്നത്. ഓരോ പ്രവൃത്തിയും അതിനാല്‍ ശരീഅത്തിന്റെ പരിധിക്കകത്ത് വരുന്നു. അത് വാജിബ്(നിര്‍ബന്ധം), മുബാഹ്(അനുവദനീയം), മന്‍ദൂബ്(അഭികാമ്യം), മക്‌റൂഹ്(അനഭിലഷണീയം), ഹറാം(നിഷിദ്ധം) എന്നിവയില്‍ ഏതെങ്കിലും ഒരു ഗണത്തില്‍ പെടുന്നു. പൊതുജനക്ഷേമമാണ് ഇസ്‌ലാമിക നിയമങ്ങളുടെ ലക്ഷ്യം. ദ്വറൂരിയ്യാത് (സാര്‍വത്രികമായ അവശ്യസംഗതികള്‍), ഹാജിയാത്(വ്യക്തിപരമായ ആവശ്യങ്ങള്‍), തഹ്‌സീനാത്(അഭികാമ്യമായ കാര്യങ്ങള്‍) എന്നിങ്ങനെ മൂന്നു ഘടകങ്ങള്‍ കൂടിച്ചേര്‍ന്നതാണിത്.
ഭാര്യ, കുട്ടികള്‍, ബന്ധുക്കള്‍ എന്നിവരോട് കാരുണ്യമുള്ളവനാവണം എന്ന സദാചാര തത്ത്വം അനുശാസിക്കുമ്പോള്‍ നിയമം ഭക്ഷണം നല്‍കല്‍, താമസസൗകര്യമൊരുക്കിക്കൊടുക്കല്‍, തന്റേതിനു തുല്യമായ ഈ സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ഏറ്റക്കുറവില്ലാതെ കൊടുക്കല്‍ എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ നല്കുന്നു. ശരീഅത്ത് പലിശ നിരോധിച്ചതും പലിശ രഹിത-സാമ്പത്തിക വിനിമയം എല്ലാവര്‍ക്കുമായി നടപ്പാക്കിയതും ഇതേ താല്പര്യത്തോടെയാണ്. ബന്ധിക്ക് കരാറിലൂടെ മോചനദ്രവ്യം സ്വയം നല്‍കാനും. അജ്ഞന് വിദ്യാഭ്യാസം ലഭിക്കാനും ദരിദ്രന് സമ്പന്നന്റെ സമൃദ്ധിയില്‍ പങ്കാളിയാവാനും ശരീഅത്ത് അവസരം നല്‍കുന്നു.
തന്റെ അയല്‍ക്കാരനെക്കുറിച്ച അപവാദം, അതു സത്യമാണെങ്കില്‍ പോലും, പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമായ പാപമായി ശരീഅത്ത് എണ്ണുന്നു. അയല്‍വാസിയുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതും രോഗമായാല്‍ സന്ദര്‍ശിക്കാതിരിക്കുന്നതും അപരാധമാണ്. അയല്‍വാസിയുടെ അഭാവത്തില്‍ അയാളുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള ബാധ്യത മുസ്‌ലിമിനുണ്ട്. മരണാനന്തര ചടങ്ങില്‍ നിര്‍ബന്ധമായും പങ്കെടുക്കണം.
ചാരപ്പണി, കളവുപറയല്‍, വഞ്ചന നടത്തല്‍ എന്നിവ ശരീഅത്ത് വിലക്കുന്നു. അറിവില്ലാത്തതു പറയല്‍, ഉച്ചത്തിലുള്ള സംസാരം, അന്യവീടുകളില്‍ അനുവാദംലഭിക്കാതെ പ്രവേശിക്കല്‍, താന്‍ വലിയവനാണെന്നു ഭാവിക്കല്‍ ഇവയെല്ലാം ശരീഅത്തനുസരിച്ചു നിഷിദ്ധമാണ്. വൃത്തിയില്‍ നടക്കാനും സദസ്സില്‍ ചെല്ലുമ്പോള്‍ നല്ല വസ്ത്രം ധരിക്കാനും ഏതു സാഹചര്യത്തിലും വാക്കുപാലിക്കാനും അന്തസ്സ് നിലനില്‍ത്താനും മാതാപിതാക്കളെയും മുതിര്‍ന്നവരെയും ബഹുമാനിക്കാനും ശരീഅത്ത് ആവശ്യപ്പെടുന്നു.
പന്ത്രണ്ട് വിഭാഗങ്ങളുള്‍ക്കൊള്ളന്ന ബൃഹത്തായ നിയമസംഹിതയാണ് ശരീഅത്ത്.
1) ആരാധനാനുഷ്ഠാന ക്രമങ്ങള്‍
2) വ്യക്തിപരമായ കാര്യങ്ങള്‍
3) കരാറുകള്‍
4) നഷ്ടപരിഹാരം
5) ക്രിമിനല്‍ നിയമം
6) ഭരണഘടനാ നിയമം
7) നികുതി, പൊതു ധനകാര്യം
8) ഭരണക്രമത്തെ സംബന്ധിച്ച നിയമങ്ങള്‍
9) ഭൂനിയമം
10) വ്യാപാര-വാണിജ്യ നിയമങ്ങള്‍
11) അന്താരാഷ്ട്ര നിയമം
12) സദാചാരവും വൈയക്തിക സ്വഭാവവും.
നിയമം നാഗരികതയുടെ കണ്ണാടിയാണെന്ന് പലപ്പോഴും പറയാറുണ്ട്. നിയമം വളര്‍ച്ചനേടിയതും പക്വവും സമ്പൂര്‍ണവുമാണെങ്കില്‍ അതില്‍ നാഗരികത പ്രതിഫലിക്കും. ഈ വീക്ഷണപ്രകാരം നിയമം നാഗരികതയുടെ ഉല്‍പന്നമാണ്. നാഗരികതയെ രൂപപ്പെടുത്തുന്ന ഘടകങ്ങളുടെ പ്രതിപ്രവര്‍ത്തന ഫലമായി ഉണ്ടായിത്തീരുന്നതാണ്, ഇതനുസരിച്ച്, നിയമം. എന്നാല്‍ ശരീഅത്ത് ഇതിനു വിരുദ്ധമാണ്. ഇസ്‌ലാമിക നാഗരികതയുടെ പ്രതിഫലനമോ ഉല്‍പന്നമോ അല്ല ശരീഅത്ത്. മറിച്ച് ശരീഅത്തിന്റെ ഉല്‍പന്നമോ പ്രതിഫലനമോ ആണ് ഇസ്‌ലാമിക നാഗരികത. ഇസ്‌ലാമിക നാഗരികത രൂപം കൊണ്ടത് ലോകത്തെ മുസ്‌ലിംകള്‍ ശരീഅത്ത് അനുധാവനം ചെയ്തതുകൊണ്ടാണ്. മുസ്‌ലിംകള്‍ക്കിടയില്‍ നാഗരികതയെ രൂപപ്പെടുത്തുന്ന ശക്തിസ്രോതസ്സായി ശരീഅത്ത് നിലകൊള്ളുന്നു.
‘കള്‍ച്ചറല്‍ അറ്റ്‌ലസ് ഓഫ് ഇസ്‌ലാമി’ല്‍ നിന്ന്
സംഗ്രഹ വിവര്‍ത്തനം:
എ.കെ. അബ്ദുല്‍ മജീദ്
Add Comment