Uncategorized

ശരീഅത്തും നീതിയും


ശരീഅത്തിന്റെ മൂല്യങ്ങള്‍:1

ശരീഅത്ത് മുഴുവന്‍ മനുഷ്യസമൂഹത്തിനും അവകാശപ്പെട്ട സ്വത്താണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ശരീഅത്തനുസരിച്ച് ആരുമായുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആണോ, പെണ്ണോ, ധനികനോ, ദരിദ്രനോ, രാജാവോ, പ്രജയോ, കറുത്തവനോ, വെളുത്തവനോ, മുസ്‌ലിമോ, അമുസ്‌ലിമോ, സ്ഥിരവാസിയോ, നാടോടിയോ, പൗരനോ, മറുനാട്ടുകാരനോ ആരുമാവട്ടെ, താന്‍ ആഗ്രഹിക്കുന്ന പക്ഷം ശരീഅത്തനുസരിച്ചു വിധിതേടുന്നതില്‍ നിന്ന് ആര്‍ക്കും തടയാനാവില്ല. ശരീഅത്തനുസരിച്ച് വിധി നടപ്പാക്കപ്പെടുന്നതില്‍ നിന്ന് മുസ്‌ലിമിന് ഒഴിഞ്ഞു മാറാനുമാവില്ല. സമൂഹത്തിന് ദോഷം വരുത്തുകയോ ഏതെങ്കിലും വ്യക്തിയെ മുറിവേല്‍പിക്കുകയോ സ്വത്ത് കവരുകയോ ചെയ്‌തെങ്കിലല്ലാതെ ഒരുഅമുസ്‌ലിം ശരീഅത്തനുസരിച്ച് വിചാരണചെയ്യപ്പെടുകയില്ല. അല്ലെങ്കില്‍ അവന്‍ തനിക്ക് ശരീഅത്തനുസരിച്ച് വിധിവേണം എന്നാവശ്യപ്പെടണം. അമുസ്‌ലിംകളെ അവരംഗീകരിക്കുന്ന നിയമസമ്പ്രദായമനുസരിച്ചേ വിചാരണ ചെയ്യാവൂ എന്ന് ശരീഅത്ത് അനുശാസിക്കുന്നുണ്ട്. യഹൂദനോ ഹിന്ദുവോ ക്രിസ്ത്യാനിയോ ബുദ്ധനോ മറ്റേതെങ്കിലും മതസ്ഥരോ ആരായാലും ഇതു ബാധകമാണ്. അമുസ്‌ലിം നിയമങ്ങള്‍ക്ക് അതംഗീകരിക്കുന്നവരുടെ മണ്ഡലത്തില്‍ സ്വന്തത്തിന് തുല്യമായ സ്ഥാനം കല്‍പിക്കുകയാണ് ഇതുവഴി ശരീഅത്ത്.

ചരിത്രത്തില്‍ അറിയപ്പെടുന്ന നിയമവ്യവസ്ഥകളില്‍ വെച്ചെല്ലാം നിസ്തുലമാണ് ഇക്കാര്യത്തില്‍ ശരീഅത്ത്. അതു മാത്രമേ മറ്റൊരു നിയമവ്യവസ്ഥ അംഗീകരിക്കുന്നവര്‍ക്ക് തുല്ല്യപ്രാമാണ്യമുള്ളതായി അംഗീകരിക്കുകയും ഭരണഘടനാപരമായിത്തന്നെ അങ്ങനെ ചെയ്യുന്നുമുള്ളു. ശരീഅത്തില്‍ മാത്രമാണ് മുസ്‌ലിം സമൂഹത്തെ യഥാര്‍ഥമായ രീതിയില്‍ ബഹുസ്വരമാക്കുന്നത്. മറ്റൊരു നിയമവ്യവസ്ഥയും ദേശീയ ഭരണഘടനയും അതല്ലാത്ത വേറൊരു നിയമത്തെ തുല്ല്യപ്രാധാന്യമുള്ളതായി വ്യവസ്ഥ ചെയ്യുന്നില്ല. ദേശീയ-രാഷ്ട്രീയ പരമാധികാരത്തിന്റെ അന്തഃസത്തതന്നെ സ്വന്തം നിയമമുണ്ടായിരിക്കുക എന്നതാണ്. മറിച്ച് ശരീഅത്ത് അതിന്റെ ഭൂപരിധിക്കകത്ത് വേറൊരു നിയമം ഉണ്ടാക്കുന്നതിനെ ഭീഷണിയായി കാണുന്നില്ല. മറ്റു നിയമങ്ങള്‍ സ്വീകരിക്കാനും പിന്തുടരാനുമുള്ള പൂര്‍ണ സ്വാന്ത്ര്യം അതുറപ്പു നല്‍കുകയും ചെയ്യുന്നു.

അതേസമയം മുസ്‌ലിംകള്‍ ശരീഅത്തിന്റെ സത്യതയിലും ആധികാരികതയിലും ഉറച്ചു വിശ്വസിക്കുന്നവരുമാണ്. ഇസ്‌ലാമിലേക്കും ശരീഅത്തിലേക്കും ആളുകള്‍ മാറണമെന്ന് അവര്‍ അഭിലഷിക്കുന്നു. അതിലേക്ക് ജനങ്ങളെ അവര്‍ ക്ഷണിക്കുകയും ചെയ്യുന്നു. ജ്ഞാനശാസ്ത്രപരവും ദാര്‍ശനികവും സദാചാര-തത്ത്വപരവുമാണ് അവരുടെ വ്യതിരിക്തത. അല്ലാതെ വൈയക്തികമോ രാഷ്ട്രത്തിന്റെയോ പ്രവൃത്തിയല്ല. പ്രവൃത്തിയെ കുറിച്ചു പറയുകയാണെങ്കില്‍ സഹിഷ്ണുതയും ബഹുസ്വരതയുമാണ് നിയമം.

നീതി ഇസ്‌ലാമിന് ഏറെ പ്രധാനമാണ്. നീതി എല്ലാവര്‍ക്കും ലഭ്യമാവുന്ന വിധത്തില്‍ അത് എത്രയും വേഗത്തിലും സ്വതന്ത്രമായും നടപ്പാക്കണമെന്ന് ശരീഅത്ത് അനുശാസിക്കുന്നു. ഇസ്‌ലാമിന്റെ സംഭാവനകളില്‍ ഒരുപക്ഷേ ഏറ്റവും മഹത്തായത്, കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകാലമായി ശരീഅത്ത് ഉയര്‍ത്തിപ്പിടിക്കുന്ന നീതി ആയിരിക്കും. ഭൂമിയില്‍ നീതി സ്ഥാപിക്കുക എന്നതാണ് ഓരോ മനുഷ്യന്റെയും കര്‍ത്തവ്യം എന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. നീതിക്കു വേണ്ടി എഴുന്നേറ്റു നില്‍ക്കാന്‍ – അല്ല മരിക്കാന്‍ തന്നെ- മതപരമായി ബാധ്യതയുള്ളവനാണ് ഓരോ മുസ്‌ലിമും. നിന്ദിതനും ദുഃഖിതനും പീഡിതനും ദരിദ്രനുമെല്ലാം ചോദിച്ചാല്‍ കിട്ടുമെന്ന് തീര്‍ച്ച വരുംവിധം പ്രഭാവലയമണിഞ്ഞു നില്‍ക്കുന്നതാണ് ശരീഅത്ത് വാഗ്ദാനം ചെയ്യുന്ന പൂര്‍ണവും കേവലവുമായ നീതി. അതിനു വില നല്‍കേണ്ടതില്ല. നീതി നടത്താന്‍ ഭരണഘടനാ പരമായിത്തന്നെ ഏതു കോടതിക്കും അവകാശമുണ്ട്. ആരുടെ വിദഗ്‌ധോപദേശവും തേടാവുന്നതാണ്. ഭരണകൂടമോ ഉദ്യോഗസ്ഥരോ പ്രതിസ്ഥാനത്തു വരുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ‘മഹ്കമാതുല്‍ മളാലിം’ എന്ന പ്രത്യേക കോടതികളുണ്ട് ഇസ്‌ലാമിക നീതിന്യായ സമ്പ്രദായത്തില്‍. ഫീസ് ചുമത്തിയ നിയമനടപടിയെ ഇസ്‌ലാമിക നിയമം നിരുത്സാഹപ്പെടുത്തുന്നില്ല. തെറ്റായ അവകാശവാദങ്ങള്‍ക്ക് ഭാരിച്ച പിഴ ചുമത്തുക മാത്രമാണുചെയ്യുന്നത്.

സാക്ഷിമൊഴി നല്‍കല്‍ ശരീഅത്തനുസരിച്ച് വ്യക്തിയുടെ ബാധ്യതയാണ്. തെളിവുകള്‍ കൊണ്ട് കേസ് സ്ഥാപിക്കപ്പെടുന്നതുവരെ പ്രതി കുറ്റക്കാരനായി കണക്കാക്കപ്പെടുകയില്ല. കോടതിക്കു പുറത്ത് പ്രശ്‌നം രമ്യമായി തീര്‍ക്കാനുള്ള സ്വാതന്ത്ര്യവും ശരീഅത്ത് നല്‍കുന്നു. തന്റെ വ്യക്തിപരമായ കൃത്യങ്ങള്‍ക്കു മാത്രമാണ് ഒരാള്‍ക്ക് ഉത്തരവാദിത്തം. സംഘത്തിന്റെയോ ഒരു ജനവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യക്തിക്ക് ബാധ്യതയില്ല. ലോകം മുഴുവന്‍ എതിരു നിന്നാലും നീതിക്കു വേണ്ടി നിലകൊള്ളണമെന്ന് ഖുര്‍ആന്‍(2:143) വിശ്വാസികളോട് ആജ്ഞാപിക്കുന്നു. ‘കണ്ണിനു കണ്ണ്, ജീവനു ജീവന്‍, ചെവിക്കു ചെവി, പല്ലിനു പല്ല്, ഓരോ മുറിവിനും തുല്യമായ പ്രതിക്രിയ’ (വി.ഖു: 5:47, 42:21) എന്ന മെസൊപൊട്ടോമിയന്‍ പൈതൃകത്തില്‍ അധിഷ്ഠിതമാണ് ഇസ്‌ലാമിക നീതി.

‘കള്‍ച്ചറല്‍ അറ്റ്‌ലസ് ഓഫ് ഇസ്‌ലാമി’ല്‍ നിന്ന്
സംഗ്രഹ വിവര്‍ത്തനം:
 എ.കെ. അബ്ദുല്‍ മജീദ്

Topics