Uncategorized

മുഹമ്മദ് നബി: സമാധാനത്തിന്റെ കരുത്ത്

ആധുനികലോകത്ത് നാമെപ്പോഴും കണ്ടുംകേട്ടുമിരിക്കുന്നത് സംഘര്‍ഷങ്ങളെക്കുറിച്ചും ഏറ്റുമുട്ടലുകളെ ക്കുറിച്ചുമാണ്. ഇനിയൊരിക്കലും വീണ്ടെടുക്കാനാകാത്തവിധം ലോകഘടന താറുമാറായിയെന്ന പ്രതീതിയാണെവിടെയും. അത്രമാത്രമാണ് ആഗോളജനസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും ദുരിതങ്ങളും.

പക്ഷേ, ഇങ്ങനെയുള്ള ലോകം ഈ നൂറ്റാണ്ടിന്റെ മാത്രം പ്രത്യേകതയായി നാം കാണേണ്ടതില്ല.സമാനമായ ഒരു സാഹചര്യത്തിലായിരുന്നു അക്കാലത്ത് മുഹമ്മദ് നബിയും ജനിച്ചത്.
അദ്ദേഹം അയല്‍വാസികളുമായും നാട്ടുകാരുമായും എന്തിനധികം എതിരാളികളുമായും നല്ല ബന്ധംകാത്തുസൂക്ഷിച്ചു. സംഘര്‍ഷത്തിനും വൈരത്തിനും ഇടയാക്കുന്ന വിഷയങ്ങളെ സമാധാനവും സുരക്ഷയും ഉറപ്പാക്കുംവിധം അദ്ദേഹം കൈകാര്യം ചെയ്തു.

അയല്‍ക്കാരെ സഹവര്‍ത്തിപ്പിച്ച വ്യക്തിത്വം

അയല്‍ക്കാരുമായി കൊമ്പുകോര്‍ക്കുന്നതും അവരെ അവമതിക്കുന്നതും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതും സര്‍വസാധാരണമായി അംഗീകരിക്കപ്പെട്ടിരുന്ന സമൂഹത്തിലാണ് മുഹമ്മദ് (സ) വളര്‍ന്നത്. അയല്‍വാസിയെ പുലഭ്യംപറയുന്നതും അയാളുമായി സംഘര്‍ഷത്തില്‍ കഴിയുന്നതും ഒറ്റപ്പെട്ട കാര്യമായിരുന്നില്ല. മുസ്‌ലിംസമൂഹത്തിലെ ആദ്യ പലായനസംഘം അഭയംതേടിയെത്തിയ ഏത്യോപ്യയില്‍ അവിടത്തെ രാജാവുമായി നടത്തിയ സംഭാഷണം മുഹമ്മദ് നബിയുടെ പിതൃവ്യപുത്രനായ ജഅ്ഫറുബ്‌നു അബീത്വാലിബ് ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: ‘ഞങ്ങള്‍ അന്ധകാരത്തിലും തിന്‍മയിലും മുഴുകിയ സമൂഹമായിരുന്നു. ഞങ്ങള്‍ കുടുംബബന്ധം വിഛേദിച്ചിരുന്നു. അയല്‍ക്കാരോട് മോശമായാണ് പെരുമാറിയിരുന്നത്’ (അഹ്മദ്).

അന്യോന്യം മോശമായി പെരുമാറുന്നതൊന്നും ഗൗരവമായി കാണാതിരുന്ന സമൂഹത്തോട് പ്രവാചകന്‍ മുഹമ്മദ് (സ) പറഞ്ഞു: ‘അല്ലാഹുവില്‍ സത്യം, ഏതൊരാളുടെ അടുക്കല്‍ അയാളുടെ അയല്‍വാസി സുരക്ഷിതനല്ലയോ ആ വ്യക്തി സത്യവിശ്വാസിയല്ല ‘(ബുഖാരി).

അയല്‍വാസികളോട് ഏറ്റവും നല്ല രീതിയില്‍ പെരുമാറാന്‍ പഠിപ്പിച്ചുകൊണ്ട് അയല്‍പക്കബന്ധങ്ങളിലൂടെ സുദൃഢമായ സമൂഹത്തിന് അടിത്തറപാകുകയായിരുന്നു നബി. അതാകട്ടെ, കേവലഉപദേശത്തിലൂടെയായിരുന്നില്ലതാനും. മറിച്ച് , തന്റെ ജീവിതത്തിലൂടെ എങ്ങനെയെന്ന് പഠിപ്പിക്കുകയും ചെയ്തു. ഉദാഹരണത്തിന്, തന്റെ അയല്‍വാസിയായ യഹൂദവിശ്വാസിയുടെ വീട്ടില്‍ചെന്ന് വിവരങ്ങളന്വേഷിക്കുകയും മതിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക അദ്ദേഹത്തിന്റെ പതിവായിരുന്നു.

ജനങ്ങള്‍ക്കിടയിലെ സമാധാനദൂതന്‍

പ്രവാചകന്റെ ആഗമനകാലത്ത് അറേബ്യ ഗോത്രപ്പോരില്‍ സംഘര്‍ഷഭരിതമായിരുന്നു. വളരെ നിസ്സാരമായ കാര്യങ്ങള്‍ക്കുവേണ്ടിയും പരസ്പരം യുദ്ധംചെയ്തിരുന്നവരായിരുന്നു അവര്‍. ചൂഷണം സാര്‍വത്രികമായിരുന്നു. സമ്പന്നര്‍ ദരിദ്രരെ എല്ലാ രീതിയിലും ദുരുപയോഗം ചെയ്തു. അവരുടെ അവകാശങ്ങള്‍ തട്ടിയെടുത്തു. സമാധാനം വളരെ ന്യൂനപക്ഷം മാത്രം ആസ്വദിച്ചിരുന്ന ആഢംബരമായിരുന്നു. ആ സാഹചര്യം പ്രവാചകത്വത്തിന് മുമ്പുള്ള മുഹമ്മദില്‍ വലിയ സ്വാധീനം ചെലുത്തി. സമൂഹത്തില്‍ അന്യത്ര നടമാടിയിരുന്ന അക്രമചൂഷണങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്താനെന്തുണ്ട് മാര്‍ഗം എന്ന ആലോചനയിലായിരുന്നു അദ്ദേഹമെപ്പോഴും.

പ്രവാചകത്വലബ്ധിക്ക് മുമ്പും നബിതിരുമേനി അറേബ്യന്‍ ജനതയില്‍ സമാധാനത്തിന്റെ വക്താവായാണ് അറിയപ്പെട്ടിരുന്നത്. കഅ്ബയുടെ പുനരുദ്ധാരണവേളയിലുണ്ടായ തര്‍ക്കം അദ്ദേഹം പരിഹരിച്ചതില്‍നിന്ന് അത് നമുക്ക് വ്യക്തമാണ്. ഹജറുല്‍ അസ് വദ് യഥാസ്ഥാനത്ത് തിരികെവെക്കാന്‍ ഗോത്രങ്ങള്‍ പരസ്പരം അവകാശവാദമുന്നയിച്ച് തര്‍ക്കിച്ചപ്പോള്‍ അതിന് പരിഹാരമുണ്ടാക്കിയത് യുവാവായിരുന്ന മുഹമ്മദായിരുന്നല്ലോ. ഒരു വലിയ വിരിപ്പ് കൊണ്ടുവന്ന് അതിന് നടുക്ക് ഹജറുല്‍അസ്‌വദ് വെച്ച് ആ വിരിപ്പിന്റെ വശങ്ങളില്‍പിടിച്ച് എല്ലാ ഗോത്രത്തലവന്‍മാരോടും ഉയര്‍ത്താന്‍ കല്‍പിക്കുകയും ശേഷം തന്റെ കരങ്ങളാല്‍ ആ ശില യഥാസ്ഥാനത്ത് വെക്കുകയുമായിരുന്നു മുഹമ്മദ് ചെയ്തത്. രക്തച്ചൊരിച്ചിലിനിടയാക്കുമായിരുന്ന പ്രശ്‌നം അങ്ങനെ രമ്യമായി പരിഹരിക്കപ്പെട്ടു.

പ്രവാചകത്വത്തെ തുടര്‍ന്ന് സമാധാനപാലകന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ ദൗത്യം കൂടുതല്‍ ഭാരിച്ചതായി മാറുകയായിരുന്നു.

സമൂഹത്തില്‍ ചൂഷകരും അക്രമികളുമായ ആളുകള്‍ക്ക് മുഹമ്മദ് നബി(സ) കൊണ്ടുവന്ന സന്ദേശം ഇഷ്ടപ്പെട്ടില്ല. കാരണം, ആ സന്ദേശം സാമൂഹികനീതിയും അവസരസമത്വവും ഉറപ്പുവരുത്തുന്നതായിരുന്നു. തങ്ങള്‍ക്കുള്ള മേധാവിത്വവും പ്രാധാന്യവും നഷ്ടപ്പെടുമെന്ന് ആ വൈതാളികര്‍ തിരിച്ചറിഞ്ഞു. അതിനാല്‍ , എന്തുവിലകൊടുത്തും മുഹമ്മദ് നബിയെയും ദൈവികസന്ദേശത്തെയും ഇല്ലായ്മ ചെയ്യാന്‍ അവര്‍ ദൃഢനിശ്ചയം ചെയ്തു.

മുഹമ്മദ് നബിയോടൊപ്പം ചേര്‍ന്ന സമൂഹത്തിലെ ദുര്‍ബലരും അഗതികളുമായ ആളുകളെ അവര്‍ ക്രൂരമായി പീഡിപ്പിച്ചു. അവരെ പട്ടിണിക്കിട്ട് കൊല്ലാന്‍ സമൂഹവിലക്ക് ഏര്‍പ്പെടുത്തി. ഇത്തരമൊരു നിര്‍ണായകഘട്ടത്തില്‍പോലും ആരുമായിട്ടും ഏറ്റുമുട്ടരുതെന്നും സമാധാനത്തില്‍ വര്‍ത്തിക്കണമെന്നും നബി ശക്തിയായി ഉപദേശിച്ചു. അല്ലാഹു കല്‍പിച്ചു: ‘നന്‍മയും തിന്‍മയും സമമാവുകയില്ല. തിന്‍മയെ ഏറ്റവും നല്ല നന്‍മകൊണ്ട് പ്രതിരോധിക്കുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെ പോലെയായിത്തീരും. ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല.'(ഹാമീം അസ്സജദ 34-35).

മക്കയില്‍ ജീവന്നും സ്വത്തിന്നും സുരക്ഷാഭീഷണി നേരിട്ട ഘട്ടത്തില്‍ നബിതിരുമേനിയും അനുയായികളും മദീനയിലേക്ക് സ്വാഗതംചെയ്യപ്പെട്ടു. സമാധാനകാംക്ഷിയും ദൂതനുമെന്ന അദ്ദേഹത്തിന്റെ മക്കയിലെ പ്രതിച്ഛായയായിരുന്നു അതിന് കാരണമായി വര്‍ത്തിച്ചത്. അങ്ങനെയാണ് യസ്‌രിബ് എന്ന പട്ടണം മദീനയായി മാറിയത്.

മദീനയില്‍ അതിനുമുമ്പ് വിവിധ മതവിഭാഗങ്ങളും ഗോത്രങ്ങളും തമ്മില്‍ അസൂയയും പകയും ശത്രുതയും വെച്ചുപുലര്‍ത്തിയിരുന്നു. വാള്‍തലപ്പുകളായിരുന്നു താല്‍ക്കാലിക സമാധാനം ഉറപ്പുവരുത്തിയത്. പക്ഷേ, അതെല്ലാം പ്രശ്‌നങ്ങളെ തീര്‍ത്തും ഗുരുതരമാക്കുകയാണ് ചെയ്തത്. മദീനയില്‍ സമാധാനം സംസ്ഥാപിക്കാനെന്തുണ്ട് മാര്‍ഗമെന്ന് ഒരു വിഭാഗം ആരായുന്ന ഘട്ടത്തിലാണ് മക്കയില്‍ പുതിയ പ്രവാചകന്‍ ആഗതനായിട്ടുണ്ടെന്ന് അവര്‍ അറിയുന്നതും അദ്ദേഹത്തെ കണ്ടുമുട്ടുന്നതും. തങ്ങളുടെ നാട്ടില്‍ വന്ന് സമാധാനം സംസ്ഥാപിക്കാനുള്ള ദൗത്യമേറ്റെടുക്കാന്‍ ആവശ്യപ്പെട്ട അവര്‍ നബിയെ നേതാവായി അംഗീകരിക്കുകയായിരുന്നു.

മദീനയിലെത്തിയ നബിതിരുമേനി സമാധാനം ഉറപ്പുവരുത്താനുതകുന്ന നടപടികളാണ് സത്വരമായി ആവിഷ്‌കരിച്ചത്. അതിന്റെ ഭാഗമായിരുന്നു മദീനാചാര്‍ട്ടര്‍ എന്ന പേരിലറിയപ്പെടുന്ന ഭരണഘടന. എല്ലാ സമുദായങ്ങളും ഗോത്രങ്ങളുമായി സഖ്യകരാറുകള്‍ ഉണ്ടാക്കി. ഒരു ബഹുസ്വരസമൂഹത്തിന്റെ വിഭാവന ലോകത്തിന് യാഥാര്‍ഥ്യമാക്കിയ ആദ്യസംഭവമായിരുന്നു അത്. സിയാ ഷാ അതിനെ വിവരിക്കുന്നു: ‘സമുദായത്തിന്റെ സുരക്ഷിതത്വം, മതസ്വാതന്ത്ര്യം, യുദ്ധമില്ലാ കരാര്‍, സ്ത്രീസുരക്ഷ, ഗോത്രങ്ങള്‍ക്കിടയില്‍ സമാധാനത്തോടെയുള്ള സഹവര്‍തിത്വം അങ്ങനെ തുടങ്ങി ഒട്ടേറെ അടിസ്ഥാനനിയമങ്ങളുള്‍ക്കൊള്ളുന്ന ഒരു ദേശവിഭാവനയായിരുന്നു അത്.’

ശത്രുക്കള്‍ക്കിടയില്‍ സമാധാനദൂതന്‍

യുദ്ധമൊഴിവാക്കാന്‍ സാധ്യമായ എല്ലാ പോംവഴികളും തേടണമെന്ന് തന്റെ അനുയായികളെ പഠിപ്പിച്ച സമാധാനകാംക്ഷിയായിരുന്നു മുഹമ്മദ് നബി.’അല്ലയോ ജനമേ, നിങ്ങളൊരിക്കലും ശത്രുക്കളെ അഭിമുഖീകരിക്കാന്‍ കൊതിക്കരുത്. പകരം അല്ലാഹുവിന്റെ സംരക്ഷണത്തിനായി പ്രാര്‍ഥിക്കുക. ഇനി പടക്കളത്തില്‍ ശത്രുവുമായി ഏറ്റുമുട്ടിയാല്‍ നിങ്ങള്‍ ക്ഷമകൈക്കൊള്ളുക. അറിയുക, വാള്‍ത്തണലിലാണ് സ്വര്‍ഗമുള്ളത് ‘(സ്വഹീഹുല്‍ ബുഖാരി).

അതേസമയം, നബിതിരുമേനി മക്കയില്‍നിന്ന് പലായനം ചെയ്തപ്പോള്‍ ശത്രുക്കള്‍ അദ്ദേഹത്തെ വിടാതെ പിന്തുടരുകയായിരുന്നു. ഇസ്‌ലാമിന്റെ എതിരാളികള്‍ക്ക് സമാധാനം സ്വീകാര്യമല്ലായിരുന്നു. അങ്ങനെ അവസാനം നീതിയും അവസരസമത്വവും ഉറപ്പുവരുത്തുന്ന ഒരു വ്യവസ്ഥിതിക്കുവേണ്ടി ആത്മരക്ഷാര്‍ഥം പ്രതിരോധിക്കേണ്ട സാഹചര്യം സംജാതമായി. അപ്പോഴും വളരെ കുറച്ചേ ചോര ചിന്തിയുള്ളൂവെന്നത് ശ്രദ്ധേയമാണ്.

ഉഹുദ് യുദ്ധവേളയില്‍ പ്രവാചകതിരുമേനിയുടെ തലയില്‍ മുറിവുപറ്റി. രക്തം താടിയിലൂടെ ഒലിച്ചുകൊണ്ടിരുന്നു. അത് തുടച്ചുമാറ്റിക്കൊണ്ട് നബിതിരുമേനി പറഞ്ഞു: ‘എന്റെ ഒരു തുള്ളി രക്തമെങ്ങാനും ഭൂമിയില്‍ ഇറ്റുവീണാല്‍ ആ സത്യനിഷേധികളെ അല്ലാഹു നശിപ്പിച്ചുകളയും.’ ഇത് കേട്ടപ്പോള്‍ ഉമര്‍(റ) പറഞ്ഞു: നബിയേ, അവര്‍ക്കെതിരില്‍ താങ്കള്‍ ശാപപ്രാര്‍ഥന നടത്തിയാലും!. അപ്പോള്‍ നബിതിരുമേനി പ്രതിവചിച്ചു: ‘ഞാന്‍ ശപിക്കുന്നവനായല്ല, ഏവര്‍ക്കും കാരുണ്യമായിക്കൊണ്ടാണ് അയക്കപ്പെട്ടിരിക്കുന്നത്്.’തുടര്‍ന്ന് അദ്ദേഹം പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ, ഈ ജനതയെ സന്‍മാര്‍ഗം അറിയിച്ചുകൊടുത്താലും'(നാസിറുദ്ദീന്‍ അല്‍ബാനി).

നമ്മോട് യുദ്ധമാഗ്രഹിച്ചുവരുന്നവരോടുപോലും സമാധാനത്തിന്റെ അവസാനമാര്‍ഗവും അവലംബിക്കണമെന്ന് നബിതിരുമേനി പഠിപ്പിച്ചു. ഏകനായ അല്ലാഹുവിനെ ആരാധിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോള്‍ മാത്രം പ്രതിരോധിക്കാന്‍ അനുവാദം നല്‍കി. എങ്കിലും സമാധാനത്തിന്റെ മാര്‍ഗമാണ് ദൈവദൂതന്‍ ഉയര്‍ത്തിപ്പിടിച്ചത്.

മക്കാവിജയവേളയില്‍, നബിതിരുമേനി തന്റെ മുന്നില്‍ പരാജിതരായി തലകുനിച്ചുനില്‍ക്കുന്നവരെ നോക്കി പ്രഖ്യാപിച്ചത്, ‘ഇന്ന് നിങ്ങള്‍ സ്വതന്ത്രരാണ്.നിങ്ങള്‍ക്കെതിരില്‍ യാതൊരു പ്രതികാരവുമില്ല’ എന്നാണ്.ഓര്‍ക്കണം, മുസ്‌ലിംകളെ എല്ലാ അര്‍ഥത്തിലും പീഡിപ്പിക്കുകയും നിര്‍ദ്ദയം കൊന്നുകളയുകയും ചെയ്തവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നുവെന്ന്. എല്ലാവര്‍ക്കും നബി മാപ്പുനല്‍കി. അവര്‍ക്ക് സുരക്ഷിതത്വബോധം പകര്‍ന്നുനല്‍കി. അവര്‍ക്കായി പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ, എന്റെ ജനതയെ നേര്‍വഴിക്കു നയിക്കേണമേ’. അതിന് അല്ലാഹു ഉത്തരംചെയ്യുകയുംചെയ്തു.

അതായിരുന്നു ലോകത്തിന്റെ പ്രവാചകന്‍. ആ പ്രവാചകനെ നാം നെഞ്ചേറ്റിയേ മതിയാകൂ. അദ്ദേഹത്തിന്റെ പ്രവൃത്തികളെ നാം ജനസമക്ഷം ജീവിപ്പിച്ചുകാട്ടുകയെന്നതാണ് നമ്മുടെ ദൗത്യം. അങ്ങനെ നിരാശരായ ജനതയ്ക്ക് സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും ലോകം നാം ഒരുക്കിക്കൊടുക്കേണ്ടതുണ്ട്.

തെരേസ കോര്‍ബിന്‍

About the author

padasalaadmin

Add Comment

Click here to post a comment

Topics