ഖാദി അബ്ദുല്ലാഹ് ബിന്‍ ഹസന് അല്‍അന്‍ബരി അറിയപ്പെടുന്ന ഹദീഥ് പണ്ഡിതനായിരുന്നു. ഒരു കര്‍മശാസ്ത്ര വിഷയത്തില്‍ മറ്റുള്ളവരില്‍ നിന്ന് ഭിന്നമായി അദ്ദേഹത്തിന് പ്രത്യേകമായ വീക്ഷണമുണ്ടായിരുന്നു. തന്റെ വിവരത്തിന്റെയും പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തില്‍ അദ്ദേഹം രൂപപ്പെടുത്തിയതായിരുന്നു അത്. ഒരു ദിവസം ഏതാനും ചില ശിഷ്യന്മാര് ചില തെളിവുകളുമായി അദ്ദേഹത്തിന്റെ അടുത്ത് വന്നു പ്രസ്തുത അഭിപ്രായം ശരിയല്ലെന്ന് ബോധ്യപ്പെടുത്തി. കുറച്ച് നേരം മൗനിയായിരുന്നതിന് ശേഷം തലയുയര്‍ത്തി അദ്ദേഹം പറഞ്ഞ വാക്കുകള്‍ സ്വര്ണലിപികളാള് കുറിച്ച് വെക്കേണ്ടവയാണ്. ‘എങ്കില്‍ ഞാന്‍ വിലകെട്ടവനായി തന്നെ എന്റെ അഭിപ്രായത്തില്‍ നിന്ന് മടങ്ങുകയാണ്. തിന്മയില് പിന്തുടരപ്പെടുന്ന നേതാവായി തുടരുന്നതിനേക്കാള്‍ എനിക്കിഷ്ടം നന്മയില് മറ്റുള്ളവരെ പിന്തുടരുന്ന അനുയായി ആകുന്നതാണ്’.
അങ്ങേയറ്റം പ്രാധാന്യമുള്ള സംസ്കാരവും മര്യാദയുമാണ് ഈ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. ബുദ്ധിമാന്മാരും പണ്ഡിതരും പിന്‍പറ്റേണ്ട മഹത്തായ മാതൃകയാണ് അത്. സത്യത്തിന്റെ പേരില്‍ മനുഷ്യന് അഹങ്കരിക്കരുതെന്നും, തന്റെ അഭിപ്രായമാണ് എപ്പോഴും ശരിയെന്ന് ധരിക്കരുതെന്നും പഠിപ്പിക്കുന്ന ഉന്നതമായ നിലപാടിനെയാണ് അത് പ്രതിനിധീകരിക്കുന്നത്. ചര്‍ച്ചയും സംവാദവും അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും, തെറ്റ് സമ്മതിക്കാനുമുള്ള മാനസിക സന്നദ്ധത എല്ലാവര്ക്കുമുണ്ടാവേണ്ട ഗുണമാണ്. സത്യം വ്യക്തമായാല്‍ സ്വീകരിക്കുകയും അതിന്റെ പേരില്‍ സന്തോഷിക്കുകയും തന്റെ തെറ്റ് തിരുത്തിയവനോട് നന്ദി കാണിക്കുകയും ചെയ്യുകയെന്നതാണ് എളിമയുള്ള മനസ്സിന്റെ അടയാളം.
അല്ലാഹുവിനെ മാത്രം കാംക്ഷിക്കുകയും, ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും കൂടി അവന്റെ മാര്‍ഗത്തില്‍ ചരിക്കുകയും ചെയ്യുന്നര്‍ക്ക് മാത്രമെ ഇത്തരമൊരു സമീപനം സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. മാനസികമായ ശക്തിയും ധീരതയും അതിന് ആവശ്യമാണ്. സ്വന്തം അഭിപ്രായത്തില്‍ അതിരുകവിഞ്ഞ മതിപ്പും അഹങ്കാരവുമാണ് തെറ്റ് സമ്മതിക്കുന്നതില്‍ നിന്ന് മനുഷ്യനെ തടയുന്നത്. തിരുദൂതര്‍(സ) നിന്ന് ത്വബ്റാനി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥില്‍ ഇപ്രകാരം കാണാവുന്നതാണ്. ‘മൂന്ന് കാര്യങ്ങള്‍ മനുഷ്യനെ നശിപ്പിക്കുന്നതാണ്. അങ്ങേയറ്റത്തെ പിശുക്ക്, പിന്തുടരപ്പെടുന്ന ഇഛകള്‍, സ്വന്തം അഭിപ്രായത്തിലുള്ള അങ്ങേയറ്റത്തെ മതിപ്പ്’. അബൂമൂസല്‍ അശ്അരിക്ക് ഉമര്‍ ബിന്‍ ഖത്താബ്(റ) അയച്ച് സന്ദേശം ഇപ്രകാരമായിരുന്നു ‘ഇന്നലെ വിധിച്ച ഒരു അഭിപ്രായം ശരിയല്ലെന്ന് ബോധ്യപ്പെട്ടാല്‍ ശരിയിലേക്ക് മടങ്ങാന്‍ താങ്കളൊരിക്കലും വൈമനസ്യം കാണിക്കരുത്. തെറ്റില്‍ ഉറച്ച് നില്ക്കുന്നതിനേക്കാള് എത്രയോ ഉത്തമമാണ് നന്മയിലേക്ക് മടങ്ങുകയെന്നത്’. മിമ്പറില്‍ വെച്ച് വിവാഹമൂല്യം(മഹര്‍) നിര്‍ണയിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച ഉടനെ തന്നെ, തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ അതില്‍ നിന്ന് മടങ്ങിയ അദ്ദേഹത്തിന്റെ ചരിത്രം സുപ്രസിദ്ധമാണല്ലോ. അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു ‘തെറ്റ് സംഭവിച്ച നേതാവിന്റെയും, തിരുത്തിയ സ്ത്രീയുടെയും കാര്യത്തില്‍ നിങ്ങള്‍ അല്‍ഭുതപ്പെടുന്നുവോ? ഇമാം ശഅ്ബി തന്റെ അഭിപ്രായം തെറ്റാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ അതില്‍ നിന്ന് മടങ്ങിയതിന് ശേഷം പറഞ്ഞു ‘സത്യം മനസ്സിലാക്കിയതിന് ശേഷം അതില്‍ നിന്ന് മടങ്ങുന്നതില്‍ എനിക്ക് യാതൊരു ലജ്ജയുമില്ല’.
ഇതിന് വിപരീതമായി തങ്ങളുടെ തെറ്റുകളില്‍ ഉറച്ച് നില്‍ക്കുന്നവരുമുണ്ട്. വീഴ്ചകള്‍ സമ്മതിക്കുകയെന്നത് ന്യൂനതയായി കണക്കാക്കുന്നവരാണ് അവര്‍. ഒരേ സമയം തന്നെ ഒന്ന് പ്രഖ്യാപിക്കുകയും അത് തിരുത്തുകയും ചെയ്യുകയോ? അതിനേക്കാള്‍ നല്ലത് തെറ്റില്‍ ഉറച്ച് നില്ക്കുക തന്നെയാണ് എന്ന സമീപനമാണ് അവരുടേത്. തന്റെ പാര്‍ട്ടിയെയോ, ജനതയെയോ ന്യായീകരിക്കാനോ, അവരുടെ പിന്തുണ നിലനിര്‍ത്താനോ അപ്രകാരം ചെയ്യുന്നവരുമുണ്ട്. മുസൈലിമയെന്ന വ്യാജപ്രവാചകന്റെ കൂടെയുണ്ടായിരുന്ന ഒരാള്‍ പറഞ്ഞുവത്രെ ‘താങ്കള്‍ പെരുംനുണയനാണെന്നും മുഹമ്മദ് പറയുന്നത് സത്യമാണെന്നും എനിക്കറിയാം. പക്ഷെ, മുളര്‍ ഗോത്രത്തിലെ സത്യസന്ധനേക്കാള് ഞങ്ങള്‍ക്കിഷ്ടം റബീഅഃയിലെ നുണയന് തന്നെയാണ്’.
സത്യത്തെ ഉപേക്ഷിച്ച്, അസത്യത്തെ മുറുകെ പിടിക്കുന്ന പ്രവണത ഇക്കാലത്ത് ഏതെങ്കിലും വ്യക്തിയില്‍ മാത്രം പരിമിതമല്ല. മറിച്ച് സമൂഹത്തെയാകമാനം ഗ്രസിച്ച മാരകരോഗമാണ് ഇത്. എല്ലാനിലക്കും നഷ്ടവും, പരാജയവും മാത്രം സമ്മാനിക്കുന്ന ദോഷകരമായ സമീപനമാണ് ഇതെന്ന് നാം എന്തുകൊണ്ട് തിരിച്ചറിയുന്നില്ല!
ഡോ. അബ്ദുര്‍റഹ്മാന്‍ അല്‍ബര്‍റ്
Add Comment