വിശ്വാസം-ലേഖനങ്ങള്‍

അല്ലാഹുവിനെ പ്രണയിക്കേണ്ടതെങ്ങനെ?

അല്ലാഹു എങ്ങനെയാണ് നമ്മെ സ്‌നേഹിക്കുക? അല്ലാഹുവിന് അടിമകളോടുള്ള സ്‌നേഹത്തെക്കുറിച്ച് നാം ഒട്ടേറെ കേട്ടിട്ടുണ്ട്. അല്ലാഹുവിനോടുള്ള പ്രണയത്തില്‍ സ്വയം സമര്‍പിച്ച് പോരാട്ടങ്ങളിലും മറ്റും വീരമൃത്യു വരിച്ചവരെക്കുറിച്ചും നമുക്കറിയാവുന്നതാണ്. അല്ലാഹുവിന് നമ്മോടുള്ള സ്‌നേഹത്തെക്കുറിക്കുന്ന ഒട്ടേറെ വചനങ്ങളാല്‍ സമൃദ്ധമാണ് ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍. എപ്പോഴാണ് അല്ലാഹു നമ്മെ ഇഷ്ടപ്പെടുക?

പ്രവാചകന്‍(സ) അല്ലാഹുവിങ്കല്‍ നിന്ന് ഇപ്രകാരം അരുള്‍ചെയ്തിരിക്കുന്നു. ‘അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെട്ടാല്‍ ഇപ്രകാരം വിളിച്ച് പറയും. അല്ലയോ ജിബ്‌രീല്‍, ഞാന്‍ ഇന്ന വ്യക്തിയെ ഇഷ്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ താങ്കള്‍ അയാളെ ഇഷ്ടപ്പെടുക. അപ്പോള്‍ ജിബ്‌രീല്‍ വാനലോക വാസികള്‍ക്ക് മുന്നില്‍ ഇപ്രകാരം വിളംബരം ചെയ്യുന്നു. അല്ലാഹു ഇന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു. അതിനാല്‍ നിങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുക(മുസ്‌നദ് ഇമാം അഹ്മദ്).

എത്ര മനോഹരമായ പ്രണയമാണ് ഇത്. എത്ര മഹത്തായ പ്രഖ്യാപനമാണ് ഇത്. അല്ലാഹു ഒരു വ്യക്തിയെ ഇഷ്ടപ്പെടുക മാത്രമല്ല, അക്കാര്യം ആകാശലോകത്ത് പ്രഖ്യാപിക്കുക കൂടി ചെയ്യുന്നു. അതേതുടര്‍ന്ന് ജിബ്‌രീലും, പ്രവാചകന്‍മാരും മാലാഖമാരും അടങ്ങുന്ന വാനലോകവാസികളും അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. നാഥാ, ഞങ്ങളും നിന്നെ ഇഷ്ടപ്പെടുന്നു. ഞങ്ങള്‍ക്ക് ഈ ഇഷ്ടം തന്നത് നീയാണല്ലോ. അല്ലാഹു സ്വര്‍ഗത്തില്‍ വെച്ച് തന്റെ അടിമകളെ ഇപ്രകാരം വിളിക്കുമെന്ന് ഹദീഥില്‍ വന്നിരിക്കുന്നു:’എന്റെ അടിമക്ക് വേണ്ടത് ആഗ്രഹിക്കുകയും, കൊതിക്കുകയും ചെയ്യാവുന്നതാണ്. നീയാഗ്രഹിക്കുന്നതൊക്കെ നിനക്ക് എന്നില്‍ നിന്ന് ലഭിക്കുന്നതാണ്. എന്റെ അടിമ എന്നിലേക്ക് നിര്‍ബന്ധ കാര്യങ്ങള്‍ കൊണ്ട് അടുക്കുന്നതാണ് എനിക്ക് ഏറെ ഇഷ്ടം’.
അല്ലാഹു നിന്നെ ഇഷ്ടപ്പെടണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നീ നിര്‍ബന്ധ കര്‍മങ്ങള്‍ മുറുകെ പിടിക്കേണ്ടതുണ്ട്. എന്റെ അടിമ ഐഛിക കര്‍മങ്ങള്‍ കൊണ്ട് എന്റെ സാമീപ്യം തേടുകയും ഞാന്‍ അവനെ ഇഷ്ടപ്പെടുകയും ചെയ്യുന്നതാണ്.

അല്ലാഹു നമ്മെ ഇഷ്ടപ്പെട്ടാല്‍ എന്താണ് സംഭവിക്കുക? ‘ഞാന്‍ അവനെ ഇഷ്ടപ്പെട്ടാല്‍ ഞാന്‍ അവന്‍ കേള്‍ക്കുന്ന ചെവിയും, കാണുന്ന കണ്ണും പിടിക്കുന്ന കൈയ്യും, ചലിക്കുന്ന കാലുമായിത്തീരുന്നതാണ്. അവന്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ കൊടുക്കുക തന്നെ ചെയ്യും. അവന്‍ എന്നില്‍ അഭയം തേടിയാല്‍ ഞാന്‍ അഭയം നല്‍കുന്നതാണ്’.
ഇത് സംഭവ്യമാണോ എന്നതാണ് നമ്മുടെ ആശങ്ക. എന്ത് കൊണ്ട് ഈ പദവി എനിക്ക് ലഭിക്കുന്നില്ല എന്ന് നാം കുണ്ഠിതപ്പെടുകയും ചെയ്യുന്നു. പണ്ഡിതന്‍മാര്‍ അതേക്കുറിച്ച് വളരെ മനോഹരമായി വിശദീകരിക്കുന്നു: ‘ ഒരു അടിമ തന്റെ യജമാനന്റെ സ്‌നേഹിക്കുകയെന്നത് അല്‍ഭുതകരമല്ല. എന്നാല്‍ തന്റെ അടിമയോട് സ്‌നേഹം പ്രകടിപ്പിക്കുന്ന രാജാധിരാജന്‍ എന്നത് തീര്‍ത്തും അല്‍ഭുതമുളവാക്കുന്ന കാര്യമാണ്’.
ഇവ്വിഷയകമായി ഞാന്‍ സംസാരിച്ചവരില്‍ പ്രമുഖ നടിയായിരുന്ന ഹാജഃ സഹീറ ലുബായുമുണ്ടായിരുന്നു. ഞാന്‍ അവരോട് ചോദിച്ചു. എപ്പോഴാണ് അല്ലാഹുവിന്റെ ഇഷ്ടം നിനക്ക് അനുഭവപ്പെട്ടത്? എന്തായിരുന്നു അതിന്റെ സ്വാധീനം?
‘അല്ലാഹു എന്റെ കൂടെയുണ്ട്, അവന്‍ എന്നെ കാണുന്നു എന്ന് നമുക്ക് അനുഭവപ്പെടുമ്പോള്‍ ഹൃദയത്തിന് ശാന്തത കൈവരുന്നു. എന്റെ ഉറക്കത്തിലും, തീറ്റയിലും, സന്താനങ്ങളിലും, സഹപ്രവര്‍ത്തകരിലും അല്ലാഹു എന്നെ നിരീക്ഷിക്കുന്നുവെന്ന് എനിക്ക് ബോധ്യപ്പെടുന്നു. അതിനാല്‍ ഞാന്‍ എപ്പോഴും അവനോട് സ്വകാര്യഭാഷണത്തില്‍ ഏര്‍പെടുന്നു. കാരണം ഞാന്‍ അവനെ ഇഷ്ടപ്പെടുന്നു. ഒട്ടേറെ കാര്യങ്ങള്‍ കൊണ്ട് എന്നെ ആദരിച്ചവനാണ് അവന്‍. ഒട്ടേറെ ദുരന്തങ്ങളില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു അവന്‍. ദുഖകരമെന്ന് പറയട്ടെ, ഞാന്‍ ഇഹലോകത്ത് മുങ്ങിക്കുളിച്ചിരിക്കുകയായിരുന്നു. എന്റെ ഈ നാടകം വിജയിച്ചോ എന്നതായിരുന്നു എപ്പോഴും എന്റെ ചിന്ത. ഇന്നയിന്ന നടിമാരെല്ലാം എന്നെക്കാള്‍ മികച്ചവരാണല്ലോ. ഇന്നയിന്ന നടിമാര്‍ക്ക് എന്നെക്കാള്‍ സമ്പത്ത് ലഭിക്കുന്നുണ്ടല്ലോ… ഇതെല്ലാമയിരുന്നു എന്റെ അസ്വസ്ഥതകള്‍. പക്ഷേ, എന്നാലും ചിലപ്പോഴൊക്കെ യഥാര്‍ത്ഥ വിശ്വാസത്തിന്റെ അനുരണനങ്ങള്‍ എന്റെ മനസ്സില്‍ കടന്ന് വരാറുണ്ടായിരുന്നു. എല്ലാ മുസ്‌ലിമിനും അത്തരം ചില നിമിഷങ്ങള്‍ ഉണ്ടായിരിക്കുമല്ലോ. അപ്പോള്‍ ഞാന്‍ അല്ലാഹുവിനോട് പാപമോചനത്തിനായി അര്‍ത്ഥിക്കും. അത് അല്ലാഹുവിനോടുള്ള സ്‌നേഹമാണ്. കാരണം അല്ലാഹു തന്റെ സ്രഷ്ടാവാണെന്നും, അവന്‍ തന്നെ സ്‌നേഹിക്കുന്നുവെന്നും എല്ലാ അടിമക്കും അറിയാം. പിന്നെ എങ്ങനെ അവന്‍ അല്ലാഹുവിനെ ഉപേക്ഷിക്കും? ഞാന്‍ എന്താണ് പറയേണ്ടത്, എന്താണ് പ്രവര്‍ത്തിക്കേണ്ടത് എന്നതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. പക്ഷേ ഞാന്‍ നമസ്‌കരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതുണ്ട് എന്ന് എനിക്കറിയാമായിരുന്നു. വളരെ ലളിതമായ കാര്യങ്ങള്‍. പക്ഷേ അവയെത്ര മനോഹരമാണ്. അപ്രകാരം ചെയ്തതിന് ശേഷം എനിക്ക് അപൂര്‍വമായ ശാന്തതയും, സമാധാനവും അനുഭവപ്പെടുന്നു. വളരെ ഗാഢമായ ഉറക്കം എനിക്ക് ലഭിക്കുന്നു. എനിക്കിപ്പോള്‍ നല്ല സന്തോഷമാണ് ഉള്ളത്. ഞാന്‍ എന്റെ ദീന്‍ കൊണ്ട് സൗഭാഗ്യവതിയായിരിക്കുന്നു. നീ അല്ലാഹുവിലേക്കുള്ള നിന്റെ സാമീപ്യം അനുഭവിച്ചറിയുക. ഈ ബന്ധം വഷളാകുമോ എന്ന് ആശങ്കിക്കുക.
കാരണം അപ്രകാരം സംഭവിച്ചാല്‍ നമ്മുടെ കാര്യം അവിടെ അവസാനിക്കുന്നു. അങ്ങേയറ്റത്തെ പരാജയമായിരിക്കും അത്. പിന്നെ നമുക്ക് ഒന്നും ചെയ്യാനാവില്ല. എന്റെ മുന്നില്‍ ഒരുപാട് പേരുണ്ട്. ഞാന്‍ ചെയ്തതെല്ലാം ഒരു മഹാസമുദ്രത്തിലെ ഒരു തുള്ളി മാത്രം. എനിക്ക് മാനസികമായ പിരിമുറുക്കം അനുഭവപ്പെട്ടു. ആദ്യമായ ഹിജാബ് ധരിച്ചപ്പോള്‍ ഒട്ടേറെ തവണ ഞാന്‍ കഅ്ബയുടെ അടുത്ത് ചെന്നു. അപ്പോഴും എന്റെ മാനസിക സംഘര്‍ഷത്തിന് ഒരു അയവും വന്നിട്ടില്ലായിരുന്നു. ഞാന്‍ എന്താണ് ചെയ്തത്? എനിക്ക് ഭ്രാന്താണോ? ഞാന്‍ ആദരിക്കപ്പെടുന്നവളാണല്ലോ, പിന്നെ എന്തുകൊണ്ടാണ് ഞാന്‍ അഭിനയം നിര്‍ത്തിയത്? ഇനി എനിക്ക് എവിടെ നിന്നാണ് സമ്പത്തും, മറ്റ് ചിലവുകളും ലഭിക്കുക? ഞാന്‍ നമസ്‌കരിക്കുകയും, പ്രാര്‍ത്ഥിക്കുകയും പൊട്ടിക്കരയുകയും ചെയ്ത് കൊണ്ടേയിരുന്നു. ഞാന്‍ പറഞ്ഞു:’നാഥാ, ഞാന്‍ നല്ല പാതിയിലോ അതോ വഴികേടിലോ? എന്റെ കരച്ചില്‍ കേട്ട് അവിടെയുള്ളവര്‍ ചുറ്റും കൂടി. ഞാന്‍ എന്റെ താമസസ്ഥലത്തേക്ക് തന്നെ മടങ്ങി. എനിക്കറിയേണ്ടത് ഞാന്‍ ചൊവ്വായ വഴിയിലാണോ അല്ലയോ എന്നായിരുന്നു. ഞാന്‍ അവിടെ എത്തിയതും എനിക്ക് ഒരു സന്ദേശമുള്ളതായി ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഞാന്‍ അത് കയ്യിലെടുത്തു തുറന്ന് വായിച്ചു:’ പ്രിയസഹോദരീ, പ്രശസ്തയായ നടീ, പിന്തിരിഞ്ഞ് കളയരുത്, നീ മാതൃകയാണ്. നീ മുന്നോട്ട് നടക്കുക’. ഞാന്‍ നന്ദിപൂര്‍വം അല്ലാഹുവിന് പ്രണാമമര്‍പിച്ചു. അതോടെ എന്റെ എല്ലാ സംശയവും അവസാനിച്ചു. അല്ലാഹു അവന്റെ അടിമകളെ പരീക്ഷിക്കുക തന്നെ ചെയ്യും. ഞാന്‍ പരീക്ഷിക്കപ്പെട്ടു. ഇനിയും പരീക്ഷിക്കപ്പെട്ടേക്കാം.
നമുക്ക് അല്ലാഹുവിനോട് സ്‌നേഹം കൈമാറാം. അവന്‍ എനിക്ക് മേല്‍ അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു. അവന്‍ എനിക്ക് അധികമധികം നല്‍കിയിരിക്കുന്നു. അവന്‍ എനിക്ക് വ്യവസ്ഥകളും നിയമങ്ങളും വെച്ചിരിക്കുന്നു. ഞാന്‍ എന്നാലാകുംവിധം അവ മുറുകെ പിടിക്കുന്നു. അതാണ് അല്ലാഹുവിനോടുള്ള എന്റെ പ്രണയം.

അംറ് ഖാലിദ്

Topics