രാഷ്ട്രീയം-ലേഖനങ്ങള്‍

ഫലസ്തീനില്‍ നിന്നാണ് തുടങ്ങേണ്ടത്

ഫലസ്തീന്‍ പ്രശ്‌നം അറബ്-മുസ്‌ലിം ലോകത്തിന്റെ അടിസ്ഥാന പ്രശ്‌നവും ഒരു ജനതയുടെ സ്വാതന്ത്ര്യപോരാട്ടവുമാണ്.മുസ്‌ലിം ഉമ്മത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സുപ്രധാനമായ, പ്രഥമവിഷയമാണ് ഫലസ്തീന്‍. ഫലസ്തീന്‍ പ്രശ്‌നത്തോട് മുസ്‌ലിംഉമ്മത്ത് സ്വീകരിക്കുന്ന സമീപനമാണ് മറ്റു വിഷയങ്ങളോടുള്ള സമീപനത്തിനെ മാനദണ്ഡവും ഏകകവുമായി വര്‍ത്തിക്കുന്നത്. മുസ്‌ലിം സമൂഹങ്ങള്‍ക്കും, സംഘടനകള്‍ക്കും, പ്രസ്ഥാനങ്ങള്‍ക്കും, രാഷ്ട്രങ്ങള്‍ക്കും, വ്യക്തിത്വങ്ങള്‍ക്കും പ്രചോദനമേകുന്നത് ഫലസ്തീനോടുള്ള മുസ്‌ലിം ഉമ്മത്തിന്റെ സമീപനമായിരിക്കണം. ഫലസ്തീന്‍ പ്രശ്‌നം ഏറ്റെടുക്കുകയും അതിന്റെ മോചനത്തിനായി പരിശ്രമിക്കുകയും ചെയ്യുന്നവര്‍ മുസ്‌ലിംഉമ്മത്തിന്റെ കൂടെ നില്‍ക്കുന്നവരാണ്. അതിനെ അവഗണിക്കുകയോ, അതിനെക്കുറിച്ച് അജ്ഞത പുലര്‍ത്തുകയോ, മറ്റു വിഷയങ്ങള്‍ക്ക് അതിനേക്കാള്‍ പ്രാധാന്യം നല്‍കുകയോ, അമേരിക്കയുടെയോ ഇസ്രായേലിന്റെയോ കൂടെ നില്‍ക്കുകയോ ചെയ്യുന്നവര്‍ മുസ്‌ലിം ഉമ്മത്തിന്റെ ശത്രുക്കളാണ്. ഇപ്രകാരം രാഷ്ട്രീയവും, പ്രാമാണികവും, ചരിത്രപരവും, ഇസ്‌ലാമികവുമായി ശത്രുക്കളെയും മിത്രങ്ങളെയും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ നമുക്ക് സാധിക്കേണ്ടിയിരിക്കുന്നു.
അറബ് വസന്തം പരിമളം വീശിയത് ഫല്‌സ്തീനികള്‍ക്ക് വേണ്ടിയായിരുന്നുവെന്നതില്‍ സംശയമില്ല. വിവിധ രാഷ്ട്രങ്ങളിലെ ജനതകളുടെ സ്വാതന്ത്ര്യം വീണ്ടെടുത്തത് ഫലസ്തീന്റെ സ്വാതന്ത്ര്യം വീണ്ടെടുക്കുന്നതിന് വേണ്ടിയായിരുന്നു. കാരണം ഇസ്രയേല്‍ നിലനില്‍ക്കുന്ന കാലത്തോളം ഏതൊരു രാഷ്ട്രവും, സമൂഹവും, ജനതയും സ്വാതന്ത്ര്യം നേടിയാലും അത് താല്‍ക്കാലികം മാത്രമായിരിക്കും. ചരിത്രപരമായ മുന്‍ഗണനാക്രമങ്ങളെ അവഗണിച്ചുവെന്നത് നമുക്ക് സംഭവിച്ച വീഴ്ചയാണ്. ലോകത്തിന്റെ മറ്റ് പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് ഫലസ്തീനേക്കാള്‍ പരിഗണന നല്‍കിയതായിരുന്നു ആ അബദ്ധം. നയതന്ത്രപരമായ അവിവേകമായിരുന്നു യഥാര്‍ത്ഥത്തില്‍ അവിടെ സംഭവിച്ചത്.

സയണിസ്റ്റ് കൊളോണിയല്‍ വെല്ലുവിളി അവസാനിക്കുകയെന്നതാണ് ഇസ്രായേലിനെതിരായ പോരാട്ടം അവസാനിക്കാനുള്ള മാര്‍ഗം. ഇസ്രായേലിന്റെ തോന്നിവാസങ്ങള്‍ക്ക് പിന്തുണ നല്‍കുകയും അവയെ ന്യായീകരിക്കുകയും ചെയ്യുന്നുവെന്നതാണ് അമേരിക്കയോടും മുതലാളിത്തത്തോടുമുള്ള പോരാട്ടത്തിന്റെ അടിസ്ഥാനം. ആന്തരിക സ്വാതന്ത്ര്യ ത്വര അവസാനിപ്പിച്ചുവെന്നതാണ് നിലവില്‍ അറബി-ഇസ് ലാമിക ലോകത്ത് നാം കണ്ടുകൊണ്ടിരിക്കുന്ന പ്രവണത. എന്ന് മാത്രമല്ല, അറബ് വസന്തത്തിന്റെ നേട്ടങ്ങളത്രയും നശിപ്പിക്കുന്ന, മുസ്‌ലിം രാഷ്ടങ്ങളിലെ ഇസ്‌ലാമിസ്റ്റുകളുടെ രാഷ്ട്രീയവും, സാമൂഹികവുമായ ഭാവിയെ തകര്‍ക്കുന്ന സമീപനമാണ് ഇന്നവിടങ്ങളില്‍ കാണുന്നത്. വരുംതലമുറ ഒരിക്കലും മാപ്പാക്കാത്ത മഹാപാതകമാണ് ഇത്.

നാം ഒരിക്കലും ഫലസ്തീന്‍ മറക്കരുത്. അറബ്-മുസ്‌ലിം ലോകത്തിന്റെ ചര്‍ച്ചയില്‍ നിന്ന് ഫലസ്തീന്‍ അപ്രത്യക്ഷമായിരിക്കുന്നു. ജനങ്ങളും ഭരണകൂടങ്ങളും പ്രസ്ഥാനങ്ങളുമെല്ലാം ഫലസ്തീന്‍ മറന്നിരിക്കുന്നു. ഓരോ രാഷ്ട്രവും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ മുഴുകുന്നതോടെ ഫലസ്തീന്‍ അവഗണിക്കപ്പെടുന്നു. ഫലസ്തീന്‍ പ്രശ്‌നം ലോകമുസ്‌ലിം സമൂഹത്തിന്റെ മനസ്സില്‍ നിന്ന് അടര്‍ത്തിയെടുക്കാനുള്ള ആസൂത്രിതമായ കെണിയില്‍ നാം അകപ്പെട്ടിരിക്കുന്നു. അമേരിക്കന്‍-സയണിസ്റ്റ് ഭീഷണി ലോകത്തെ എല്ലാ അറബ്-മുസ്‌ലിം ഭരണകൂടത്തിനും ജനതക്കും ഒരുപോലെ ബാധകമാണ്. ഇന്ന് അറബ് രാഷ്ട്രങ്ങളില്‍ നടക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ അമേരിക്കന്‍-സയണിസ്റ്റ് ലോബികള്‍ക്ക് അനുകൂലമായ ചില പ്രവണതകള്‍ മാത്രമാണ്.

ഡോ. മുഹമ്മദ് മോറോ

Topics