രാഷ്ട്രീയം-ലേഖനങ്ങള്‍

ഇസ്‌ലാമിക രാഷ്ട്രത്തിലെ അധികാരികള്‍ പണ്ഡിതന്മാരാണ്

അക്രമത്തെ ചെറുക്കുന്നതിലും അധര്‍മത്തിനെതിരെ പോരാടുന്നതിലും മുന്നിട്ടിറങ്ങിയ പണ്ഡിതന്മാരുടെ മഹത്തായ ചരിത്രവും പാരമ്പര്യവുമാണ് മുസ്‌ലിം ഉമ്മത്തിനുള്ളത്. വിജ്ഞാനത്തിന് അധികാരം നല്‍കിയ ലോകചരിത്രത്തിലെ ഏകസമൂഹമാണ് നമ്മുടേത്. ഭരണാധികാരികളെയും മറ്റ് നേതാക്കളെയും കവച്ച് വെക്കുന്ന അധികാരം മുസ്‌ലിം ഉമ്മത്തില്‍ പണ്ഡിതന്മാര്‍ക്കായിരുന്നു ഉണ്ടായിരുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ സ്വേഛാധിപതിയായിരുന്ന ഹജ്ജാജ് ബിന്‍ യൂസുഫിന്റെ ധിക്കാരത്തെ ചെറുത്തുനിന്നത് അക്കാലത്തെ ഏറ്റവും വലിയ താബിഈ പണ്ഡിതനായിരുന്ന ഹസന്‍ ബസ്വരിയായിരുന്നു. തല്‍ഫലമായി അദ്ദേഹം ബസ്വരിക്ക് നല്‍കിയിരുന്ന സമ്മാനം നിര്‍ത്തലാക്കുകയും ജയിലിലടക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹജ്ജാജിന് പിടികൊടുക്കാതെ രക്ഷപ്പെട്ട അദ്ദേഹത്തിന് സ്വന്തം മകളുടെ ജനാസ നമസ്‌കാരത്തില്‍ പങ്കെടുക്കാനോ, മറവ് ചെയ്യാനോ സാധിച്ചില്ല.

അഞ്ചാം ഖലീഫ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന്റെ വലം കയ്യായിരുന്നു ഹസന്‍ ബസ്വരി(റ). അക്രമത്തെ തുടച്ച് നീക്കിയ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന്റെ ഖിലാഫത്ത് വേളയില്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് അദ്ദേഹമായിരുന്നു. ശൂറാ സംവിധാനവും, സാമൂഹിക നീതിയും ഇസ്‌ലാമിക രാഷ്ട്ര ഭരണത്തിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ അതുമുഖേനെ സാധിക്കുകയുണ്ടായി. ഹജ്ജാജിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ പ്രശസ്തമാണ്: ‘എല്ലാ സമൂഹങ്ങളും അവരിലെ കപടവിശ്വാസികളുമായി വന്നാല്‍ ഞങ്ങള്‍ ഹജ്ജാജിനെ കൊണ്ട് വരുന്നതാണ്. അവരെ അതിജയിക്കാന്‍ അദ്ദേഹം മതിയാവുന്നതാണ്’.

ഹസന്‍ ബസ്വരിയുടെ പാഠശാലയില്‍ നിന്ന് പുറത്ത് വന്നതാണ് അബൂ ഉഥ്മാന്‍ അംറ് ബിന്‍ ഉബൈദ്. അക്രമികളുടെ സിംഹാനത്തെ വിറപ്പിച്ച, പണ്ഡിത സദസ്സുകളില്‍ നിറ സാന്നിദ്ധ്യമായിരുന്ന വിപ്ലവകാരിയും തത്ത്വജ്ഞാനിയും വൈരാഗിയുമായിരുന്നു അദ്ദേഹം. നാല്പത് വര്‍ഷം ബസ്വറയില്‍ നിന്ന് മക്കയിലേക്ക് കാല്‍നടയായി ചെന്ന് ഹജ്ജ് നിര്‍വഹിക്കുകയുണ്ടായി അദ്ദേഹം. പിന്നില്‍ ദരിദ്രരെയും, ദുര്‍ബലരെയും വഹിച്ച് അദ്ദേഹത്തിന്റെ വാഹനവുമുണ്ടായിരുന്നു. അദ്ദേഹത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു. ‘അല്ലാഹുവേ, എന്നെ നീ നിന്നിലേക്ക് ആവശ്യമുള്ളവനാക്കേണമെ, നിന്നില്‍ നിന്ന് എന്നെ നിരാശ്രയനാക്കരുതേ . അനുസരണവും, പാപസുരക്ഷിതത്വവും മുഖേന ദീനിന്റെ കാര്യത്തില്‍ നീ എന്നെ സഹായിക്കേണമേ ‘.
ഹസന്‍ ബസ്വരിയുടെ ശിഷ്യനും അമവി ഖിലാഫത്തിന്റെ എതിരാളിയുമായിരുന്നു അംറ് ബിന്‍ ഉബൈദ്. അദ്ദേഹത്തിന്റെ പിതാവ് അമവീ രാഷ്ട്രത്തിലെ പോലീസായിരുന്നു.

ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് ഖിലാഫത്ത് ഏറ്റെടുത്തപ്പോള്‍ അംറ് ബിന്‍ ഉബൈദ് തന്റെ ആളുകളോട് ഒന്നിച്ച് ശാമിലേക്ക് പുറപ്പെട്ടു. ഭൂമിയില്‍ അക്രമം നിറഞ്ഞതിന് ശേഷം നീതി പടര്‍ത്തിയ ഖലീഫയെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു അത്. ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് ഖിലാഫത്ത് ഏറ്റെടുത്തത് മുന്‍കഴിഞ്ഞ ഖലീഫയുടെ നിശ്ചയപ്രകാരം ശൂറയുടെ അഭാവത്തിലാണെങ്കിലും ജനങ്ങളുടെ തൃപ്തി ശൂറയുടെ സ്ഥാനത്ത് നില്‍ക്കുമെന്ന് അദ്ദേഹം ഫത്‌വ പുറപ്പെടുവിക്കുകയുണ്ടായി.

അമവി ഭരണകൂടത്തിനെതിരെ വിപ്ലവമുണ്ടായപ്പോള്‍ മുഹമ്മദ് ബിന്‍ ഹസന് ബൈഅത്ത് ചെയ്ത അംറ് ബിന്‍ ഉബൈദ് അബൂജഅ്ഫറുല്‍ മന്‍സ്വൂറിന്റെ ഉസ്താദ് ആയിരുന്നു. എന്നാല്‍ അബൂമുസ്‌ലിമുല്‍ ഖുറാസാനിയുടെ നേതൃത്വത്തില്‍ ഖുറാസാന്‍ വിപ്ലവത്തിലൂടെ മുഹമ്മദ് ബിന്‍ ഹസനുള്ള ബൈഅത്ത് റദ്ദ് ചെയ്ത് അബൂജഅ്ഫറുല്‍ മന്‍സ്വൂര്‍ ഖിലാഫത്ത് ഏറ്റെടുക്കുകയാണ് ചെയ്തത്. അതേതുടര്‍ന്ന് അംറ് ബിന്‍ ഉബൈദ് അബ്ബാസി ഭരണത്തെ ബഹിഷ്‌കരിക്കുകയും പ്രസ്തുത ഭരണകൂടത്തില്‍ ഖാദി സ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹവും അനുയായികളും വിസമ്മതിക്കുകയും ചെയ്തു. രാഷ്ട്രഭരണത്തില്‍ പങ്കാളിയാവാന്‍ ക്ഷണിച്ചപ്പോള്‍ അദ്ദേഹം ഖലീഫയോട് ഇപ്രകാരം പറഞ്ഞു : ‘എന്റെ ജനങ്ങള്‍ താങ്കളിലേക്ക് ചേരുകയില്ല. അവര്‍ ഈ പിശാചുക്കളെ -ഖലീഫയുടെ പക്ഷക്കാര്‍- അനുസരിക്കുന്ന പക്ഷം അല്ലാഹുവിനെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നത്. താങ്കള്‍ നീതിപൂര്‍വം ഞങ്ങളെ ക്ഷണിക്കുക, ഞങ്ങള്‍ താങ്കളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നതാണ്’.

ഇസ്‌ലാമിക ചരിത്രത്തില്‍ പണ്ഡിതന്മാര്‍ ഭരണാധികാരിക്ക് മുന്നില്‍ ഇപ്രകാരം ഉയര്‍ന്ന് നില്‍ക്കുകയായിരുന്നു. ഇത് വിജ്ഞാനത്തിന്റെയും വിജ്ഞാനവാഹകരുടെയും അധികാരമായിരുന്നു. ഭരണാധികാരികളും, നേതാക്കളും അവര്‍ക്ക് പിന്നിലായിരുന്നു അണിനിരന്നിരുന്നത്.

ഡോ. ആഇളുല്‍ ഖര്‍നി

Topics