രാഷ്ട്രീയം-ലേഖനങ്ങള്‍

ഗാമയുടെ പിന്‍തലമുറയ്ക്ക് ഇസ് ലാംപേടിയോ?


‘ …. മേലാല്‍ ഈ വര്‍ഗ്ഗമുള്ള കാലത്തോളം സാമ്പാളൂള്‍(സെന്റ് പോള്‍) പാതിരിമാരുടെ കീഴില്‍ ഇരിക്കുകയില്ല….’ 1653 ജനുവരി 3 ന് നടന്ന പ്രസിദ്ധമായ കൂനന്‍ കുരിശ് സത്യത്തിലെ ചരിത്ര വാചകങ്ങളാണിത്. സമാധാനത്തിന്റെ സുവിശേഷങ്ങള്‍ മുഴങ്ങേണ്ടുന്ന അള്‍ത്താരകളില്‍ നിന്ന് വെറുപ്പിന്റേയും പരവിദ്വേഷത്തിന്റേയും വിഷത്തുപ്പലുകള്‍ പരക്കുമ്പോള്‍ തിരുത്താനും വിസമ്മതിക്കാനും തയ്യാറായ വിശ്വാസികളുടെ ചങ്കുറപ്പിന്റെ പ്രതീകമാണ് മട്ടാഞ്ചേരി പള്ളിയിലെ ആ പഴയ കുരിശ്.

പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എയ്തുവിട്ട ‘നാര്‍കോട്ടിക്ക് ജിഹാദ്’ എന്ന ആരോപണം ആ വ്യക്തിയുടെ മാത്രം വികൃതസ്യഷ്ടിയല്ല. അദ്ദേഹം പ്രതിനിധീകരിക്കുന്ന കത്തോലിക്കാ വിഭാഗത്തിന്റേയും സീറോ മലബാര്‍ സഭയുടേയും ഔദ്യോഗിക വക്താകളും ഉത്തരവാദിത്വപ്പെട്ട സ്ഥാപനങ്ങളും ആരോപണത്തെ പിന്തുണച്ച് രംഗത്തുവരുന്നത് അതൊരു സംഘടിത ഗൂഢാലോചനയാണെന്ന ബോധ്യത്തെ ദൃഢപ്പെടുന്നുണ്ട്. ‘ലൗ ജിഹാദ്’ എന്ന പൊയ്‌വെടി ഇന്ത്യയിലാദ്യമായി ഉതിര്‍ത്തത് ഇകൂട്ടരാണ്. 2009 ഒക്ടോബര്‍ മാസം സീറോ മലബാര്‍ സഭയുടെ മെത്രാന്‍മാരുള്‍ക്കൊള്ളുന്ന കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലിന്റെ (കെ.സി.ബി.സി)ഭാഗത്ത് നിന്നാണ് അങ്ങനെയൊരു വ്യാജാരോപണം ഉയര്‍ന്നത്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം 2019 ഫെബ്രുവരി 5 ന് നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാറിനു വേണ്ടി ആഭ്യന്തര വകുപ്പ് സഹമന്ത്രി ജി.കിഷന്‍ റെഡി ലൗ ജിഹാദ് സംബന്ധിച്ച ഒരു കേസുപോലും കേരളത്തില്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന വസ്തുത പാര്‍ലമെന്റില്‍ വ്യക്തമാക്കിരിക്കുന്നു. അപ്പോഴേക്കും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ കലാപങ്ങളഴിച്ചുവിടാനും മുസ് ലിം ചെറുപ്പക്കാരെ വേട്ടയാടാനും ഈ ആരോപണത്തെ ആയുധമായെടുത്തു സംഘപരിവാര്‍. 2012 ല്‍ മുസഫ്ഫര്‍ നഗറിലും ഷംലിയിലും ഒഴുകിയ കുഞ്ഞുങ്ങളുടേയും നിരപരാധികളുടേയും രക്തത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞൊഴിയാന്‍ അതിനാല്‍തന്നെ ഈ തിരുവസ്ത്രധാരികള്‍ക്ക് കഴിയുമോ? മെത്രാന്‍ വിതച്ചത് സംഘികള്‍ കൊയ്തുകൊണ്ടേയിരിക്കുന്നു എന്ന് സാരം.

സംഘ്പരിവാര്‍-സവര്‍ണ്ണ കത്തോലിക്കാ കൂട്ടുകെട്ടുകളിലൂടെ രൂപപ്പെടുന്ന മുസ് ലിം അപരവല്‍കരണത്തിന് ഇന്ധനമായുള്ള അനാവശ്യ വിവാദങ്ങളുടെ ഒരു തുടര്‍ച്ച മാത്രമാണ് ‘നാര്‍കോട്ടിക് ജിഹാദ്’. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി എന്നും അധികാരികളോടൊപ്പം ചേര്‍ന്ന്‌നില്‍ക്കുന്ന വരേണ്യ കത്തോലിക്കരും സാമ്രാജ്യത്വത്തിന്റെ ചെരുപ്പ് നക്കികളായ സംഘ്പരിവാറും മുസ് ലിം വിരോധത്തിന്റെ കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളാകുന്നത് ചരിത്രത്തിന്റെ അനിവാര്യതയാണ്. ആ വിദ്വേഷത്തിന്റെ ബീജാവാപം നടന്നത് യൂറോപ്യന്‍ അധിനിവേശത്തിന്റെ കപ്പല്‍ കാപ്പാട് തീരത്ത് നങ്കൂരമിട്ട 1498 മുതല്‍കാണ്. റോമന്‍ കത്തോലികനായ വാസ്‌കോ ഡ ഗാമയുടെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗീസ് സംഘമായിരുന്നു അതിലുണ്ടായിരുന്നത്.

മക്കയില്‍ പോയ പെരുമാള്‍ രാജാവിന്റെ വളയും ചെങ്കോലും ആദരവോടെ കയ്യിലേന്തുന്ന ഹിന്ദു സാമൂതിരി ഭരണാധികാരികളും അവരെ സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും കൊടുക്കാന്‍ തയ്യാറായ മാപ്പിളമാരും ജീവിച്ചിരുന്ന ഈ മണ്ണിന് 15-ാം നൂറ്റാണ്ടു വരെ മത സൗഹാര്‍ദത്തിന്റേയും സാഹോദര്യത്തിന്റേയും കഥകള്‍ മാത്രമാണ് പറയാനുണ്ടായിരുന്നത്. അവിടേക്കാണ് അപര വിദ്വേഷത്തിന്റേയും അസൂയയുടേയും കപ്പലോടിച്ചു കൊണ്ട് ഗാമയുടെ പറങ്കിപ്പട കടന്നുവന്നത്. കേവല കച്ചവട രാഷ്ടീയ താല്‍പര്യങ്ങളാല്‍ മാത്രമല്ല ഗാമയും കൂട്ടരും മലബാറില്‍ നിലയുറപ്പിച്ചതെന്ന് വസ്തുതകള്‍ വെളിപ്പെടുത്തുന്നുണ്ട്. തദ്ദേശീയരായ ഹിന്ദു- മുസ് ലിം സമൂഹങ്ങളിലെ മത പ്രചാരണവും ഈ നാട്ടിലെ പതിനഞ്ച് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള സുറിയാനി മാര്‍ത്തോമ്മ ക്രിസ്ത്യാനികളെ റോമന്‍ കത്തോലിക്കാ പക്ഷത്തേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമങ്ങളും പോര്‍ച്ചുഗീസ് ഭാഗത്തുനിന്നുണ്ടായി. 1599 ലെ ഉദയംപേരൂര്‍ സുന്നഹദോസും, 1560 ല്‍ പോര്‍ച്ചുഗീസുകാര്‍ ഗോവയില്‍ തുടക്കമിട്ട് 1812-ല്‍ നിരോധിക്കുംവരെ, പതിനായിരക്കണക്കിനാളുകളെ ക്രൂര പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്ത ‘മത ദ്രോഹ വിചാരണ’ (Goa inquisition) കളും ഇതിന്റെ ഭാഗമായിരുന്നു.

1447 മാര്‍ച്ച് മാസം, നിക്കോളാസ് അഞ്ചാമന്‍ എന്ന സ്ഥാനപ്പേരില്‍ മാര്‍പാപ്പയായി അധികാരമേറ്റ കര്‍ദിനാള്‍ തോമസ് പരെന്തുച്ചേല്ലി (Tommaso Parentucelli) നടത്തിയ 8-ാം കുരിശു യുദ്ധാഹ്വാനത്തിന്റെ പ്രത്യുത്തരം കൂടിയായിരുന്നു പോര്‍ച്ച്ഗീസ് പടയോട്ടങ്ങള്‍. ഇന്ത്യ വരെയുള്ള രാജ്യങ്ങള്‍ പിടിച്ചടക്കാനുള്ള വിശേഷാലധികാരം പോര്‍ച്ചുഗീസ് രാജ്യവിന് പോപ്പ് നല്‍കിയിരുന്നു. 1492- ല്‍ മുസ് ലിം സ്‌പെയ്‌നിന്റെ അവസാന ശേഷിപ്പായിരുന്ന ഗ്രാനഡ ആക്രമിച്ചു കീഴടക്കിയ ആവേശത്തില്‍ വന്ന പോര്‍ച്ചുഗീസ് പട മലബാറിലെ പ്രബലരായ മുസ് ലിം സൈന്യത്തെയാണ് നേരിട്ടത്. സാമൂതിരിയുടെ നാവികസേനയായ മരക്കാര്‍ പടയുടെ സമരവീര്യത്തിനു മുന്നില്‍ പറങ്കികളുടെ അധിനിവേശ സ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങി.

കേരളത്തിലെ സമുദായിക ഐക്യം തകര്‍ക്കപ്പെടാതെ തങ്ങളുടെ ലക്ഷ്യം നേടാനാവില്ലെന്ന് തിരിച്ചറിഞ്ഞ അവര്‍ ജനഹൃദയങ്ങളില്‍ മതവിദ്വേ ഷത്തിന്റേയും വര്‍ഗ്ഗീയതയുടേയും കനലുകള്‍ കോരിയിടുകയാണ് പിന്നീട് ചെയ്തത്. മുസ് ലിംകളെ ഈ രാജ്യത്ത് നിന്ന് പുറത്താക്കണം എന്നായിരുന്നു 1500-ാം ആണ്ടില്‍ ഗാമയെ തുടര്‍ന്ന് കേരളത്തിലെത്തിയ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ കബ്രാള്‍, സാമൂതിരിക്ക് മുന്നില്‍ വച്ച പ്രഥമ നിര്‍ദ്ദേശം. തന്നോടെപ്പം എത്തിയ അഞ്ച് ഫ്രാന്‍സിസ്‌ക്കന്‍ സന്ന്യാസിമാര്‍ക്കു വേണ്ട മത പ്രചാരണാനുമതിയും അദ്ദേഹം ആവശ്യപ്പെട്ടു. ഈ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ജനങ്ങളില്‍ പ്രത്യേകിച്ചും ക്രിസ്തുമത വിശ്വാസികളില്‍ വലിയ സ്വാധീനം ചെലുത്തി. 1599-ലെ ഉദയംപേരൂര്‍ സുന്നഹദോസിനെ തുടര്‍ന്ന് കേരളത്തിലെ പരമ്പരാഗത ക്രിസ്ത്യന്‍ സമൂഹത്തില്‍ ഭിന്നിപ്പിന്റെ വിത്തുകള്‍ മുളപൊട്ടാന്‍ തുടങ്ങി. 1653-ലെ കൂനന്‍ കുരിശ് സത്യത്തെ തുടര്‍ന്ന് ആ ഭിന്നിപ്പ് പാരമ്യത്തിലെത്തി. തോമാശ്ലീഹയുടെ പാരമ്പര്യമുള്‍കൊള്ളുന്ന സുറിയാനി മാര്‍ത്തോമ ക്രിസ്താനികളും ലാറ്റിന്‍ വല്‍കരിക്കപ്പെട്ട റോമന്‍ കത്തോലിക്കരുമായി പരമ്പരാഗത ക്രിസ്ത്യന്‍ സമൂഹം രണ്ടായി പിളര്‍ന്നു. 1662-ാം ആണ്ടോടെ 116 സെന്റ് തോമസ് ക്രിസ്ത്യന്‍ സഭകളില്‍ 84 എണ്ണവും പോര്‍ച്ചുഗീസുകാരുടെ കത്തോലിക്കാസഭയില്‍ ലയിച്ചു. മുസ് ലിം വിരോധം കേരളത്തിലെ ക്രൈസ്തവ സമൂഹത്തിലേക്ക് അരിച്ചിറങ്ങുന്നതില്‍ പോര്‍ച്ചുഗീസ് കുതന്ത്രങ്ങള്‍ വലിയ പങ്ക് വഹിച്ചു എന്ന് ഇത് വ്യക്തമാക്കുന്നു. യഥാര്‍ഥത്തില്‍ കേരളത്തിലെ പ്രബല ക്രിസ്ത്യന്‍ കത്തോലിക്കാ വിഭാഗമായ സീറോ മലബാര്‍ സഭയില്‍ തിടംവെച്ചുവരുന്ന ഇസ് ലാം വിരോധത്തിന്റെ വേരുകള്‍ അധിനിവേശ കുടില ശക്തികളായ പറങ്കികളിലാണെത്തുന്നത്.

ഗാമയേയും കബ്രാളിനേയും അല്‍ബുക്കര്‍ക്കിനേയുമല്ലാം വിറപ്പിച്ച മരക്കാര്‍മാരുടെ സമരവീര്യം പറങ്കികളുടെ പാരമ്പര്യം പേറുന്ന മെത്രാന്‍മാരുടെ ഉറക്കം കെടുത്തുന്നു എന്നാണ് പുതിയ വിവാദങ്ങള്‍ തെളിയിക്കുന്നത്. പോര്‍ച്ച്ഗീസുകാര്‍ ഇന്ത്യ കണ്ടെത്തിയില്ലായെങ്കില്‍ മലബാര്‍ മൂറുകളുടെ (മുസ് ലിംകളുടെ) കാല്‍കീഴിലമരുമെന്ന പോര്‍ച്ചുഗീസ് ഉദ്യോഗസ്ഥന്‍ ദുവാര്‍ത്തെ ബാര്‍ബോസ (Duverte Barbosa) യുടെ ജല്‍പനങ്ങളാണ് ഇന്നും ഇത്തരം വര്‍ഗ്ഗീയവാദികളുടെ മനസ്സുകളെ മഥിച്ചുകൊണ്ടിരിക്കുന്നത്. എന്നും അധികാര കേന്ദ്രങ്ങളോട് ഒട്ടിചേര്‍ന്ന് അധര്‍മ്മത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റുന്നവര്‍ക്ക് നേരിന്റേയും നന്മയുടേയും നിലനില്‍പിന്നായി ഉപയോഗിക്കുന്ന ‘ജിഹാദ്’ എന്ന സംജ്ഞ വലിയ ഭീതിയാണ് സമ്മാനിക്കുന്നത്. അധിനിവേശകരുടെയല്ലാം പേടി സ്വപ്നമായ ആ ആശയം, ‘ലൗ ജിഹാദ്’, ‘സിനിമാ ജിഹാദ്’, ‘നാര്‍കോട്ടിക്ക് ജിഹാദ്’ എന്നെല്ലാം പേരിട്ട് വികൃതമാക്കാനാണ് അവരുടെ ശ്രമം. അതിലൂടെ മത വികാരങ്ങളെ വ്യണപ്പെടുത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അതിനാല്‍ കുബുദ്ധികളുടെ അജണ്ടകള്‍ ഭരണകൂടവും സമൂഹവും മുളയിലേ നുള്ളാന്‍ തയ്യാറാകാണം. ‘ജിഹാദ്’ എന്നാല്‍ ‘അമുസ് ലിംകളെ നശിപ്പിക്കല്‍’ ആണെന്ന് മനസ്സിലാക്കുന്നവരുടെ അള്‍ത്താരാ പ്രസംഗങ്ങള്‍ സംഘപരിവാര്‍ കുപ്രചാരണങ്ങളെ ആത്യന്തികമായി ഊട്ടിയുറപ്പിക്കുകയാണെന്ന് തിരിച്ചറിയണം.

‘കാഫിര്‍’ (അവിശ്വാസി) ‘ജിഹാദ്’ (ധര്‍മ്മ സമരം) തുടങ്ങിയ ഇസ് ലാമിക സംജ്ഞകള്‍ സന്ദര്‍ഭാനുസരണം കൈവരിക്കുന്ന വ്യത്യസ്ത അര്‍ത്ഥങ്ങളെ വിശദമായി മനസ്സിലാക്കാന്‍ പറങ്കിപ്പടക്കെതിരെ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്‍ രചിച്ച ‘തുഫ്ഹത്തുല്‍ മുജാഹിദീന്‍’ (സമരഭടന്‍മാര്‍ക്കുള്ള സമ്മാനം) എന്ന ഗ്രന്ഥം ഒരാവര്‍ത്തി വായിച്ചാല്‍ മതി. ചരിത്രബോധവും പ്രതിപക്ഷ ബഹുമാനവും ആ വായനയിലുള്‍ചേര്‍ന്നാല്‍ ആ പദങ്ങളോടുള്ള അസ്‌കിത തനിയെ മാറി കിട്ടും. ഹിന്ദു ഭരണാധികാരികളെയും കേരളത്തിലെ നാനാ മതസ്ഥരടങ്ങുന്ന പൊതു സമൂഹത്തേയും പ്രകീര്‍ത്തിച്ചു കൊണ്ടും അവര്‍ക്ക് അല്ലാഹുവിന്റെ സവിശേഷ സഹായമുണ്ടാകണമെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് ‘തുഫ്ഹ’ തുടങ്ങുന്നത്. അന്യായമായി കടന്നുവന്ന അക്രമികളായ പറങ്കി പടയാണ് യഥാര്‍ത്ഥ ദൈവ നിഷേധികളെന്ന് അത് വിലയിരുത്തുന്നു. ആ വിദ്വേഷത്തിന്റെ പിണിയാളുകള്‍ക്കെതിരെയാണ് ശൈഖ് മഖ്ദൂം സമരാഹ്വാനം മുഴക്കുന്നത്. സമൂഹത്തില്‍ അക്രമവും അരാജകത്വവും വിളമ്പുന്നവരെയാണ് എതിര്‍ത്തുതോല്‍പിക്കേണ്ടതെന്ന ബോധം ഇത് പകരുന്നു.

ഫാഷിസം അതിന്റെ മുഴുവന്‍ രൗദ്രഭാവങ്ങളും പുറത്തെടുത്ത് വിളയാടുന്ന ഈ അവസരത്തില്‍ യഥാര്‍ത്ഥ എതിരാളികളെ തിരിച്ചറിയാന്‍ നന്മയുള്ള ഓരോ മനസ്സിനും കഴിയണം. ആ തിരിച്ചറിവുകള്‍ സാധാരണക്കാരന് പകര്‍ന്നു നല്‍കുന്നതില്‍ പക്വതയാര്‍ജിച്ച രാഷ്ട്രീയ-മത നേതൃത്വങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വങ്ങളുണ്ട്. അത് മറന്ന് പരവിദ്വേഷം വളര്‍ത്തിയ അധിനിവേശകരുടെ പ്രേതബാധയേറ്റവരെ പോലെ അള്‍ത്താരകളിലും അരമനകളിലുമിരുന്ന് വെറുപ്പും ദുഷിപ്പും മാത്രം വിളിച്ചു കൂവുന്ന മത മേലധ്യക്ഷന്‍മാരെയും രാഷ്ട്രീയ നേതാക്കളെയും ഒറ്റപ്പെടുത്താനും തിരുത്താനും എല്ലാവിഭാഗത്തിലുംപെട്ട സാധാരണക്കാരായ വിശ്വാസികള്‍ക്കാകണം. ഐക്യത്തിന്റേയും മതസൗഹാദത്തിന്റേയും പാശങ്ങള്‍ മുറിഞ്ഞു പോകാതെ മുറുകെ പിടികേണ്ടത് നാമോരോരുത്തരുടേയും ബാധ്യതയാണ്. ഓശാന പാടാന്‍ മാത്രമല്ല വിസമ്മതങ്ങള്‍ പ്രകടിപ്പിക്കാനും കുരിശുകൊണ്ടാകുമെന്നാണ് മട്ടാഞ്ചേരി പള്ളി മുറ്റത്തെ ആ കൂനന്‍ കുരിശ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

ഡോ. അനസ് പി.അബൂബക്കര്‍

Topics