രാഷ്ട്രീയം-ലേഖനങ്ങള്‍

എന്നെ വെറുപ്പിച്ച ജനാധിപത്യം?

എത്രയെത്ര ഭീകരകുറ്റകൃത്യങ്ങളാണ്‌ ജനാധിപത്യത്തിന്റെ പേരില്‍ നടമാടിക്കൊണ്ടിരിക്കുന്നത്‌! എത്രയാണ്‌ കച്ചവടക്കാര്‍ ജനാധിപത്യത്തിന്റെ പേരില്‍ സമ്പാദിച്ചുകൊണ്ടിരിക്കുന്നത്‌. അതിന്റെ കൊടിയ ശത്രുക്കള്‍ വരെ ആ പേര്‌ ദുരുപയോഗപ്പെടുത്തുകയും, അതിന്റെ സംരക്ഷകരെന്ന്‌ അവകാശപ്പെടുകയും ചെയ്യുന്നു! സ്വേഛാധിപത്യത്തിന്‌ കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട അറേബ്യന്‍ ജനത പുതിയ പ്രഭാതത്തിനായി ഏറെനാളുകള്‍ പ്രതീക്ഷവെച്ചുപുലര്‍ത്തിയില്ലേ! സാങ്കല്‍പിക സ്വാതന്ത്ര്യത്തിന്റെ തീയിലെരിഞ്ഞ്‌, പാരമ്പര്യ രാജഭരണവ്യവസ്ഥക്ക്‌ കീഴ്‌പെട്ട്‌ വേദന കടിച്ചിറക്കി ജീവിക്കുകയായിരുന്നു അവര്‍. രാഷ്ട്രവികസനത്തിന്‌ കളമൊരുക്കുന്ന, പിന്നാക്കാവസ്ഥയില്‍ നിന്ന്‌ അതിനെ മോചിപ്പിക്കുന്ന, വ്യക്തിപരവും സാമൂഹികവുമായ സ്വാതന്ത്ര്യം ലഭ്യമാകുന്ന പുലരിയെ എത്രയാണ്‌ അവര്‍ സ്വപ്‌നം കണ്ടത്‌!

ജനാധിപത്യത്തിന്റെ പേരില്‍ പാശ്ചാത്യര്‍ നമ്മോട്‌ എന്തുമാത്രം അതിക്രമം പ്രവര്‍ത്തിച്ചു! രാഷ്ട്രീയ ജീവിതത്തില്‍ നാം ജനാധിപത്യം ഉള്‍ക്കൊണ്ടില്ലെന്ന ആരോപണങ്ങളുടെ പെരുമഴ തന്നെ അവര്‍ നമുക്ക്‌ മേല്‍ വര്‍ഷിച്ചു. ചില സമയങ്ങളില്‍ നമ്മുടെ മേല്‍ ബലപ്രയോഗത്തിലൂടെ അത്‌ നടപ്പിലാക്കാന്‍ അവര്‍ ശ്രമിച്ചു. ഇപ്പോഴിതാ, അവസാനം സംഭവങ്ങള്‍ സംസാരിച്ച്‌ തുടങ്ങിയപ്പോള്‍ നമ്മുടെ നാട്ടില്‍ തന്നെ ജനാധിപത്യം കുഴിച്ച്‌ മൂടപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ സ്വേഛാധിപതികള്‍ക്ക്‌ ഓശാന പാടുകയും, അവരുടെ മുഖം വെളുപ്പിക്കാന്‍ അഹോരാത്രം പണിയെടുക്കുകയും ചെയ്യുന്നു. ഈ ജനാധിപത്യത്തെ നാം എങ്ങനെയാണ്‌ സ്വീകരിക്കുക? അതിന്റെ പ്രശോഭിതമായ വാഗ്‌ദാനങ്ങളില്‍ മറ്റ്‌ അറബ്‌ ജനതയെപ്പോലെ ഞാനും വിശ്വസിച്ചിരുന്നു. സ്വേഛാധിപത്യത്തില്‍ നിന്നും, പിന്നാക്കാവസ്ഥയില്‍ നിന്നും ഞങ്ങളെ രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ അതിന്‌ വേണ്ടി പണിയെടുത്തിരുന്നു. പക്ഷേ, ജനാധിപത്യമിതാ ഞങ്ങളെ എപ്പോഴും വഞ്ചിച്ചുകൊണ്ടേയിരിക്കുന്നു! ഞങ്ങളുടെ സന്തോഷത്തെ തട്ടിമാറ്റി ദുഃഖവും തേങ്ങലും നിറച്ചിരിക്കുന്നു!

അള്‍ജീരിയയിലാണ്‌ ആദ്യ ജനാധിപത്യ പരീക്ഷണം നടക്കുന്നത്‌. ശാദിലി ബിന്‍ ജദീദിന്റെ നേതൃത്വത്തില്‍ സാങ്കല്‍പികമല്ലാത്ത, യഥാര്‍ത്ഥ ജനാധിപത്യം സ്ഥാപിതമായി. മനോഹരമായ മൂന്ന്‌ വര്‍ഷങ്ങള്‍ ഞങ്ങള്‍ പൂര്‍ത്തീകരിച്ചു. സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും ശുദ്ധവായു ശ്വസിച്ച, മാനവികമൂല്യങ്ങള്‍ അനുഭവിച്ച, മറ്റുസമൂഹങ്ങളെപ്പോലെ സ്വയം പര്യാപ്‌തമാവാന്‍ ശേഷിയുണ്ടെന്ന്‌ ജനത തെളിയിച്ച മൂന്ന്‌ വര്‍ഷങ്ങളായിരുന്നു അവ. ലക്ഷക്കണക്കിന്‌ അനുയായികളെ പങ്കെടുപ്പിച്ച്‌ രാഷ്ട്രത്തിന്റെ ശക്തമായ പൊളിറ്റിക്കല്‍ പ്രകടനങ്ങള്‍ ഇക്കാലത്ത്‌ തലസ്ഥാന നഗരിയില്‍ ഒട്ടേറെ തവണ നടക്കുകയുണ്ടായി. ഒരു ചെറിയ അനിഷ്ടസംഭവം പോലും അവിടെ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടില്ല. ഒരു കല്‍ചീളെടുത്ത്‌ എറിയുകപോലും ചെയ്യാത്ത ചരിത്രപരമായ പ്രകടനങ്ങളും റാലികളും! നാഗരികതയുടെയും പരിഷ്‌കാരത്തിന്റെയും അങ്ങേയറ്റമായിരുന്നു അത്‌. പിന്നീട്‌ ബാലറ്റ്‌ പെട്ടി വിധി പറഞ്ഞപ്പോള്‍ ജനങ്ങള്‍ ഇസ്‌ലാമിസ്‌റ്റുകളെ അധികാരത്തിലേറ്റി. തീര്‍ത്തും സുതാര്യമായ, കളങ്കരഹിതമായ തെരഞ്ഞെടുപ്പ്‌. അപ്പോഴാണ്‌ ജനങ്ങള്‍ക്ക്‌ ഭരണാധികാരികളെ തെരഞ്ഞെടുക്കാന്‍ അറിയില്ലെന്ന്‌ സൈന്യം പ്രഖ്യാപിച്ചത്‌. തീവ്രമതേതര വാദികളില്‍ നിന്നും, സൈനികമേധാവികളില്‍ നിന്നുമുള്ള ഉപദേശം വേണമെത്രെ ജനങ്ങള്‍ക്ക്‌! അവര്‍ അട്ടിമറിയുമായി രംഗത്തെത്തി… ജനാധിപത്യം സംരക്ഷിക്കാന്‍ അട്ടിമറി വേണമത്രേ! അന്നുമുതലാണ്‌ അള്‍ജീരിയ ജനാധിപത്യത്തിലേക്ക്‌ മടങ്ങിയത്‌! സ്വേഛാധിപത്യത്തിന്റെ വികൃതമായ മുഖം മൂടിവെക്കാനുള്ള ജനാധിപത്യ മറ! ഒരു ജനതയുടെ സ്വപ്‌നങ്ങളെല്ലാം ഒരു സുപ്രഭാതത്തില്‍ ആവിയായി. നിരത്തില്‍ അവരുടെ രക്തം തളം കെട്ടി. പാശ്ചാത്യരുടെ എല്ലാ ആശീര്‍വാദവും സൈനികഭരണകൂടത്തിനാണ്‌ ലഭിച്ചത്‌. ഈ ജനാധിപത്യത്തിലാണോ ഞാന്‍ വിശ്വസിക്കേണ്ടത്‌?

പാശ്ചാത്യരും അറബ്‌ മതേതരവാദികളും ചേര്‍ന്ന്‌ ജനകീയ വിപ്ലവങ്ങള്‍ക്ക്‌ മേല്‍ ഗൂഢാലോചന നടത്തിയതോടെ ജനാധിപത്യത്തിലുള്ള എന്റെ അവസാന വിശ്വാസവും നഷ്ടപ്പെട്ടുപോയി. ഇവിടെയും ബാലറ്റ്‌ പേപ്പറുകള്‍ തന്നെയാണ്‌ ഭരണകൂടങ്ങളെ തെരഞ്ഞെടുത്തിരുന്നത്‌. സ്വേഛാധിപത്യത്തിന്റെ കീഴില്‍ പാശ്ചാത്യസേവ നടത്താനുള്ള എല്ലാ സ്വപ്‌നങ്ങളും പൊതുജനം നിര്‍ദാക്ഷിണ്യം കരിച്ചുകളഞ്ഞു. അവിടങ്ങളിലൊക്കെ ജനതയെ ‘രക്ഷിക്കാന്‍’ ജനാധിപത്യവുമായി സൈന്യം രംഗത്ത്‌ വന്നു. സുതാര്യമായ തെരഞ്ഞെടുപ്പും, ജനങ്ങളുടെ തീരുമാനവും മാറ്റിവെച്ച്‌ അവര്‍ ‘ജനാധിപത്യം’ നടപ്പിലാക്കി. വിപ്ലവങ്ങളെ ശപിച്ചു, അവയുടെ സുന്ദരമുഖത്ത്‌ രക്തം തേച്ച്‌ വികൃതമാക്കി. ഈ ജനാധിപത്യത്തെ ഞാന്‍ എങ്ങനെ വെറുക്കാതിരിക്കും?

തുനീഷ്യയിലെ സംഭവവികാസങ്ങള്‍ ജനാധിപത്യത്തോടുള്ള എന്റെ വെറുപ്പ്‌ ഇരട്ടിപ്പിച്ചു. അവിടെ ഭരണകൂടത്തിനെതിരെയുള്ള ഗൂഢാലോചന തീര്‍ത്തും വ്യക്തമാണ്‌. ജനാധിപത്യം തങ്ങളുടെ കുത്തകയാണെന്ന്‌ അവകാശപ്പെടുന്നവരാണ്‌ അവിടെ പ്രശ്‌നങ്ങളുണ്ടാക്കുന്നത്‌. അവരാണ്‌ തങ്ങള്‍ക്ക്‌ തുല്യരായവരെ ആയുധം നില്‍കി തീവ്രവാദികളാക്കുന്നത്‌. അവരുടെയും പ്രശ്‌നം ബാലറ്റ്‌ പേപ്പര്‍ തന്നെയാണ്‌. അന്നഹ്‌ദ വിട്ടുവീഴ്‌ച ചെയ്യുന്നതിനാല്‍ മാത്രമാണ്‌ ഇപ്പോഴും അവിടെ ഭരണം നിലനിന്ന്‌ പോരുന്നത്‌. അല്ലാത്ത പക്ഷം അവിടെ ഭരണഘടന രൂപപ്പെടുകയോ, വിപ്ലവം നിലനില്‍ക്കുകയോ ചെയ്യുമായിരുന്നില്ല. ഭാവി തുനീഷ്യക്ക്‌ എന്താണ്‌ കരുതിവെച്ചിരിക്കുന്നതെന്ന്‌ നമുക്കറിയില്ല.

അറബ്‌ ഭരണാധികാരികളില്‍ പലരും ജനാധിപത്യത്തെ വെറുക്കുന്നവരാണ്‌. കാരണം അത്‌ അവരുടെ സിംഹാസനങ്ങളെ തെറുപ്പിക്കുമെന്നവര്‍ക്കറിയാം. തീവ്രമതേതര വാദികളും ജനാധിപത്യത്തിന്റെ ശത്രുക്കളാണ്‌. കാരണം അവരുടെ പാശ്ചാത്യവല്‍ക്കരണ പ്രക്രിയക്ക്‌ മുന്നിലെ പ്രതിബന്ധമാണത്‌. നമ്മുടെ രാഷ്ട്രങ്ങളിലെ കുറ്റവാളികളെ തുറുങ്കിലടക്കാന്‍ കഴിയാത്ത, പൊതുജനത്തിന്‌ ആശ്വാസത്തിന്റെ ശുദ്ധവായു ശ്വസിക്കാനവസരം നല്‍കാത്ത ജനാധിപത്യത്തെ ഞാനെന്തിന്‌ സ്‌നേഹിക്കണം?

അബ്ദുല്‍ അസീസ്‌ കഹീല്‍

Topics