ശൈഖ് അഹ്മദ് ബ്‌നു അത്താഇല്ലാ ഇസ്‌കന്‍ദരി തന്റെ പ്രസിദ്ധകൃതിയായ ‘അല്‍ഹികം’ (വിവേകമൊഴികള്‍)മില്‍ പറയുന്നു: ‘നിനക്ക് ആവശ്യമുള്ളത് മാത്രം നല്‍കുന്നതും തെറ്റുചെയ്യാന്‍ പ്രേരിപ്പിച്ചേക്കാവുന്നവ നല്‍കാതിരിക്കുന്നതും ആണ് അല്ലാഹുവിങ്കല്‍ നിന്നുള്ള ഏറ്റവും വലിയ അനുഗ്രഹം. സന്തോഷിക്കാന്‍ കുറച്ചേ ഉള്ളൂ എന്നതുപോലെത്തന്നെ സങ്കടപ്പെടാനും കുറച്ചേയുള്ളൂവെന്നത് ഓര്‍ക്കുക’
നമ്മുടെ ഈ സഞ്ചലനം അല്ലാഹുവിന്റെ അനുഗ്രഹങ്ങളെക്കുറിച്ചും അതിന്റെ വിതരണരീതിശാസ്ത്രത്തെക്കുറിച്ചും മനസ്സിലാക്കാനുദ്ദേശിച്ചുള്ളതാണ്. പ്രവാചകന്‍ തിരുമേനി (സ)പറയുന്നു: ‘നമ്മെ അശ്രദ്ധനാക്കുന്ന സമൃദ്ധിക്കുപകരം ഏറ്റവും കുറഞ്ഞത് നമുക്ക് മതിയാകുമെങ്കില്‍ അതാണുത്തമം.’ ഇത് ശൈഖ് തന്റെ ഗ്രന്ഥത്തിലുദ്ധരിച്ചിട്ടുണ്ട്.
ശൈഖ് അഹ്മദ് പറയുന്നു: ‘നിനക്ക് ആവശ്യമുള്ളത് മാത്രം നല്‍കുന്നതും തെറ്റുചെയ്യാന്‍ പ്രേരിപ്പിച്ചേക്കാവുന്നവ നല്‍കാതിരിക്കുന്നതും ആണ് അല്ലാഹുവിങ്കല്‍ നിന്നുള്ള ഏറ്റവും വലിയ അനുഗ്രഹം.’ വിശ്വാസികള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ മാത്രമാണ് സര്‍വശക്തനായ അല്ലാഹു നല്‍കുന്നത്. അതില്‍ കൂടുതലോ കുറവോ വരുത്തിയിട്ടില്ല. എന്തെല്ലാം സംഭവിക്കുന്നുവോ അതെല്ലാം അല്ലാഹുവിന്റെ അനുഗ്രഹങ്ങളാണ്. അല്ലാഹു ആര്‍ക്കെങ്കിലും അധികമായി നല്‍കുന്നുണ്ടെങ്കില്‍ അവന്‍ അതുകാരണമായി അതിര്‍ലംഘിക്കാന്‍ സാധ്യതയുണ്ട്. അല്ലാഹു പറയുന്നു: ‘സംശയമില്ല; മനുഷ്യന്‍ അതിക്രമിയായിരിക്കുന്നു. തനിക്കുതാന്‍പോന്നവനായി കണ്ടതിനാല്‍. നിശ്ചയം, മടക്കം നിന്റെ നാഥങ്കലേക്കാണ് ‘(അല്‍ അലഖ് 6-8).
മനുഷ്യരുടെ സ്വഭാവപ്രകൃതിയെപ്പറ്റി അല്ലാഹു നമ്മോട് പറയുന്നു: ‘അല്ലാഹു തന്റെ ദാസന്മാര്‍ക്കെല്ലാം വിഭവം സുലഭമായി നല്‍കിയിരുന്നുവെങ്കില്‍ അവര്‍ ഭൂമിയില്‍ അതിക്രമം കാണിക്കുമായിരുന്നു. എന്നാല്‍ അവന്‍ താനിച്ഛിക്കുന്നവര്‍ക്ക് നിശ്ചിത തോതനുസരിച്ച് അതിറക്കിക്കൊടുക്കുന്നു. സംശയമില്ല; അവന്‍ തന്റെ ദാസന്മാരെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനാണ്. സ്പഷ്ടമായി കാണുന്നവനും’ (അശ്ശൂറാ 27).
ഭൂമിയിലെ മനുഷ്യനെ സംബന്ധിച്ച പ്രകൃതിനിയമമാണിത്. അല്ലാഹു ആര്‍ക്കെങ്കിലും അധികമായി നല്‍കിയാല്‍ അവര്‍ അധര്‍മംപ്രവര്‍ത്തിക്കും. അതിനാല്‍ അല്ലാഹു താനിച്ഛിക്കുന്നവര്‍ക്ക് അതിന്റെ നിശ്ചിതതോതനുസരിച്ച് നല്‍കുന്നു.
അല്ലാഹുവിന്റെ അറിവ് അനന്തമാണ്. ഏതെങ്കിലും നിശ്ചിതവ്യക്തിക്ക് അവന്‍ സമ്പത്ത് നല്‍കുമ്പോള്‍ ആ വ്യക്തി അതിലൂടെ അക്രമംപ്രവര്‍ത്തിക്കില്ലെന്ന് അവന് അറിയാം. അതുകൊണ്ട് അവന് സമ്പത്തുനല്‍കുന്നു. അതേസമയം, ആ വ്യക്തിക്ക് അധികാരം നല്‍കിയാല്‍ അവന്‍ അതുപയോഗിച്ച് ജനങ്ങളോട് അനീതിപ്രവര്‍ത്തിക്കുമെന്ന് അല്ലാഹു അറിയുന്നു. അതിനാല്‍ അല്ലാഹു അവന് അധികാരം നല്‍കുകയില്ല. അപ്രകാരം തിരിച്ചും.
ഈ കൊടുക്കലും നിഷേധിക്കലും അവന്റെ എല്ലാ അനുഗ്രഹങ്ങളുടെ വിഷയത്തിലുമുണ്ടെന്ന് കാണാം. അല്ലാഹു അവന്റെ അനുഗ്രഹങ്ങളുടെ ഖജനാവില്‍നിന്ന് ഇപ്പോള്‍ നല്‍കിയിട്ടുള്ളതിലൂടെ (അവയില്‍നിന്ന്)നിങ്ങളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്; ഒരുവേള നിങ്ങളില്‍നിന്നുപോലും). അതിനാല്‍ നിങ്ങള്‍ക്ക് നല്‍കപ്പെടാത്ത സംഗതികളെക്കുറിച്ചോര്‍ക്കുകയോ നിങ്ങള്‍ക്ക് ദോഷംവരുത്തിവെച്ചേക്കാവുന്ന അത്തരം അനുഗ്രഹങ്ങളെ കൊതിക്കുകയോ ചെയ്യരുത്.’നമുക്ക് മതിയാവുന്ന ഏറ്റവും കുറഞ്ഞതാണ് നമ്മെ വഴിതെറ്റിക്കുന്ന സമൃദ്ധിയേക്കാള്‍ ഉത്തമമായത് ‘എന്ന് പ്രവാചകന്‍ പറഞ്ഞതതുകൊണ്ടാണ്.
ശൈഖ് തുടര്‍ന്ന് പറയുന്നു: ‘സന്തോഷിക്കാന്‍ കുറച്ചേ ഉള്ളൂ എന്നതുപോലെത്തന്നെ സങ്കടപ്പെടാനും കുറച്ചേയുള്ളൂവെന്നത് ഓര്‍ക്കുക’ സന്തോഷംകൊള്ളുന്നത് ഇസ്‌ലാമില്‍ അഭിശംസിക്കപ്പെട്ട കാര്യമൊന്നുമല്ല. അല്ലാഹു പറയുന്നു: ‘പറയൂ: അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ടാണ് അവനങ്ങനെ ചെയ്തത്. അതിനാല്‍ അവര്‍ സന്തോഷിച്ചുകൊള്ളട്ടെ. അതാണവര്‍ നേടിക്കൊണ്ടിരിക്കുന്നതിനെക്കാളെല്ലാം ഉത്തമം’ (യൂനുസ് 58)
വിശ്വാസി തന്റെമേല്‍ അല്ലാഹു ചൊരിയുന്ന അനുഗ്രഹങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കുകയാണ് ചെയ്യുക. എന്തുതന്നെയായാലും, തനിക്ക് ലഭിക്കാത്തതിനെച്ചൊല്ലി അവന്‍ ദുഃഖിച്ചിരിക്കുകയില്ല. അല്ലാഹു പറയുന്നു:’ നിങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തിന്റെ പേരില്‍ ദുഃഖിക്കാതിരിക്കാനും നിങ്ങള്‍ക്ക് അവന്‍ തരുന്നതിന്റെ പേരില്‍ സ്വയം മറന്നാഹ്ലാദിക്കാതിരിക്കാനുമാണത്'(അല്‍ ഹദീദ് 23).
ഇഹലോകവിഭവങ്ങളില്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നുന്നുവെങ്കില്‍ ഈ ലോകം അവസാനിക്കുന്നതാണെന്ന കാര്യം മറക്കാതിരിക്കുക. നിങ്ങള്‍ക്ക് ആവശ്യമേതുമില്ലാത്ത സംഗതികള്‍ നല്‍കപ്പെടാത്തതില്‍ ദുഃഖിക്കാതിരിക്കാനാണ് നിങ്ങള്‍ക്ക് മതിയായത്ര വിഭവങ്ങള്‍ അല്ലാഹു നല്‍കി അനുഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് തിന്നാനും കുടിക്കാനും താമസിക്കാനും മതിയായത് ലഭിക്കുന്നുണ്ടെങ്കില്‍ ആ അനുഗ്രഹത്തിന് നന്ദിപ്രകാശിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ ആവശ്യത്തിന് മതിയായത് നല്‍കുകയും വിനാശത്തിന് കാരണമായേക്കാവുന്നത് വിലക്കുകയും ചെയ്യുകവഴി നിങ്ങള്‍ക്ക് ഗുണകരമായത് ചെയ്തിരിക്കുകയാണ് അല്ലാഹു. കാരണം അവനാണല്ലോ ഏറ്റവും നന്നായി അറിയുന്നവന്‍. അതിനാല്‍ ഇപ്പോഴുള്ളതില്‍ നിങ്ങള്‍ സംതൃപ്തിയടയുകയാണ് വേണ്ടത്.
വിവ:റിസ്‌വാന്‍ ചെറായി
അസ്ഹറുല്‍ ഉലൂം വിദ്യാര്‍ഥി
Add Comment