വിശ്വാസം-ലേഖനങ്ങള്‍

സത്യവിശ്വാസി പ്രതിസന്ധികളില്‍ തളരില്ല

മനുഷ്യസമൂഹത്തില്‍ അങ്ങേയറ്റം ക്ഷമാശീലരാണ് യഥാര്‍ഥവിശ്വാസികള്‍. പ്രതിസന്ധിഘട്ടത്തില്‍ അവര്‍ സ്ഥിരചിത്തരായിരിക്കും. ദുരന്തവേളകളില്‍ അവര്‍ സംതൃപ്തരായിരിക്കും. ഇത് താഴെപറയുന്നവയുടെ വെളിച്ചത്തില്‍ മനസ്സിലാക്കാം.

ജീവിതം ഹ്രസ്വമാണ്

ശാശ്വതമായ പരലോകജീവിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ഭൗതികജീവിതം ഹ്രസ്വമാണെന്ന യാഥാര്‍ഥ്യം അവര്‍ തിരിച്ചറിഞ്ഞു. അതിനാല്‍ തന്നെ വിശാലമായ സ്വര്‍ഗത്തിനുപകരം നശ്വരവും ഹ്രസ്വവുമായ ഭൗതികജീവിതത്തെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല.”ഐഹിക ജീവിതവിഭവം നന്നെ നിസ്സാരമാണ്. അല്ലാഹുവെ സൂക്ഷിക്കുന്നവര്‍ക്ക് പരലോകമാണ് കൂടുതലുത്തമം. അവിടെ നിങ്ങളോട് തീരേ അനീതി ഉണ്ടാവുകയില്ല’.(അന്നിസാഅ് 77)
‘ഐഹികജീവിതം ചതിക്കുന്ന ചരക്കല്ലാതൊന്നുമല്ല ‘(ആലുഇംറാന്‍ 185).

പ്രവാചകമാതൃക

അല്ലാഹുവിന്റെ പ്രവാചകന്‍മാരും ദൂതന്‍മാരും ഇഹലോകത്ത് ഏറ്റവും കൂടുതല്‍ കഷ്ടപ്പാടുകളും പ്രയാസങ്ങളും അനുഭവിച്ചവരാണെന്ന് ജീവിതചരിത്രത്തില്‍നിന്ന് വിശ്വാസികള്‍ മനസ്സിലാക്കി. അതേ സമയം ആ ദൈവദാസന്‍മാര്‍ ഇവിടത്തെ ഐഹികവിഭവങ്ങള്‍ ആസ്വദിക്കാന്‍ തരിമ്പും താല്‍പര്യംകാട്ടിയിരുന്നില്ല.
അതിനാല്‍ യഥാര്‍ഥവിശ്വാസികള്‍ പ്രവാചകന്‍മാര്‍ക്ക് ലഭിച്ചിരുന്ന ഇഹലോകവിഭവങ്ങളേക്കാള്‍ കൂടുതല്‍ ആഗ്രഹിച്ചില്ല. മറിച്ച്, അല്ലാഹുവിന്റെ കല്‍പനയനുസരിച്ച് പ്രവാചകന്‍മാരെ തങ്ങളുടെ മാതൃകയായി സ്വീകരിച്ചു. ‘അല്ല; നിങ്ങളുടെ മുന്‍ഗാമികളെ ബാധിച്ച ദുരിതങ്ങളൊന്നും നിങ്ങള്‍ക്കു വന്നെത്താതെതന്നെ നിങ്ങള്‍ സ്വര്‍ഗത്തിലങ്ങ് കടന്നുകളയാമെന്ന് കരുതുന്നുണ്ടോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിച്ചു. ദൈവദൂതനും കൂടെയുള്ള വിശ്വാസികളും ‘ദൈവ സഹായം എപ്പോഴാണുണ്ടാവുക’യെന്ന് വിലപിക്കേണ്ടിവരുമാറ് കിടിലംകൊള്ളിക്കുന്ന അവസ്ഥ അവര്‍ക്കുണ്ടായി. അറിയുക: അല്ലാഹുവിന്റെ സഹായം അടുത്തുതന്നെയുണ്ടാകും'(അല്‍ബഖറ 214).

ദൈവികനിശ്ചയത്തില്‍ പൂര്‍ണവിശ്വാസം

തങ്ങള്‍ക്കുമേലുള്ള എല്ലാ പരീക്ഷണങ്ങളും യാതനകളും യാദൃശ്ചികമല്ലെന്നും അവയെല്ലാം കൃത്യമായ ആസൂത്രണത്തിന്റെയും മുന്‍തീരുമാനത്തിന്റെ ഭാഗമാണെന്നും അവര്‍ തിരിച്ചറിഞ്ഞു. അതിനാല്‍തന്നെ തങ്ങള്‍ക്ക് വന്നുഭവിക്കുന്നതൊന്നും മറ്റാര്‍ക്കും തടയാനാകില്ലെന്നും വിധിച്ചതല്ലാതെ സംഭവിക്കുന്നില്ലെന്നും അവര്‍ മനസ്സിലാക്കി. ‘ഭൂമിയിലോ നിങ്ങളിലോ ഒരു വിപത്തും വന്നുഭവിക്കുന്നില്ല; നാമത് മുമ്പേ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വച്ചിട്ടല്ലാതെ. അത് അല്ലാഹുവിന് ഏറെ എളുപ്പമുള്ള കാര്യമാണല്ലോ'(അല്‍ഹദീദ് 22).

അല്ലാഹുവിന്റെ കാരുണ്യവലയം

അല്ലാ കാരുണ്യത്തിന്റെ ആവരണമിട്ടിരിക്കുന്നുവെന്ന് വിശ്വാസികള്‍ മനസ്സിലാക്കുന്നു. സര്‍വോന്നതനായ അവന്‍ ആരെയെങ്കിലും പരീക്ഷണത്തിലകപ്പെടുത്തിയാല്‍ അവരുടെ വേദനയില്‍ ആശ്വാസം പകരുകയും ലഘൂകരണം നല്‍കുകയുംചെയ്യുന്നു. ‘തീര്‍ച്ചയായും എന്റെ രക്ഷിതാവ് താനുദ്ദേശിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രേ. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു'(യൂസുഫ് 100).
തങ്ങളുടെ ജീവിതത്തില്‍ വന്നുഭവിക്കുന്ന ദൗര്‍ഭാഗ്യങ്ങളും ദുരിതങ്ങളും അല്ലാഹുവില്‍നിന്നുള്ള കാരുണ്യവും ദയയുമാണെന്ന് വിശ്വാസികള്‍ പഠിച്ചിട്ടുണ്ട്. കാരണം അവയെല്ലാം തങ്ങളുടെ ആദര്‍ശത്തിനും ജീവിതത്തിനും വലിയ സംഭാവനകള്‍ അര്‍പ്പിക്കുംവിധം വിലയേറിയ അനുഭവങ്ങളാണെന്ന് അവര്‍ക്കറിയാം.

പ്രയാസങ്ങള്‍ മഹത്ത്വമേറ്റുന്നു
വിഷമതകളുടെയും പീഢകളുടെയും ഇത്തരം പാഠങ്ങളിലൂടെയും ഉദാഹരണങ്ങളിലൂടെയും തങ്ങളുടെ ആത്മാവുകള്‍ ശുദ്ധീകരിക്കപ്പെടുന്നുവെന്നും വിശ്വാസം ഊതിക്കാച്ചിയെടുക്കപ്പെടുന്നുവെന്നും ഹൃദയങ്ങളിലെ തുരുമ്പുകള്‍ നീക്കംചെയ്യപ്പെടുന്നുവെന്നും വിശ്വാസികള്‍ മനസ്സിലാക്കുന്നു. നബി തിരുമേനി (സ) ഇപ്രകാരം അരുളിയതായി കാണാം:
‘ ശരീരത്തില്‍ മുള്ളുതറക്കുന്നതടക്കം ഉപദ്രവങ്ങളും പ്രയാസങ്ങളും ഒരു വിശ്വാസിയെബാധിക്കുന്നില്ല; അത് മരത്തില്‍നിന്നും ഇലപൊഴിഞ്ഞുവീഴുംപോലെ പാപങ്ങള്‍ പൊറുത്തുകൊടുത്തിട്ടല്ലാതെ ‘(ബുഖാരി).

അതിനാല്‍ , ഒരു വിശ്വാസിക്ക് വിശ്വാസം ജീവിതത്തില്‍ സന്തുലിതാവസ്ഥ നേടിക്കൊടുക്കുന്നുവെന്ന് പറയാനാകും. ഓരോ മനുഷ്യനും തങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചും തങ്ങള്‍ക്ക് വന്നുഭവിച്ചതുമായ കാര്യങ്ങളെക്കുറിച്ചും വ്യത്യസ്തമായ കണക്കുകൂട്ടലുകള്‍ ഉണ്ടാകാം. എന്നാല്‍ വിധി എന്ന നിലക്ക് അല്ലാഹുവിന് അവന്റേതായ തീരുമാനങ്ങള്‍ ഉണ്ടായിരിക്കും എന്നതാണ് വസ്തുത. തന്റെ സൃഷ്ടിപ്പിലും പരിപാലനത്തിലും അവന്‍ അതനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ടുനീക്കുന്നത്.
‘അല്ലാഹു മനുഷ്യര്‍ക്ക് അനുഗ്രഹത്തിന്റെ വല്ല കവാടവും തുറന്നു കൊടുക്കുകയാണെങ്കില്‍ അത് തടയാന്‍ ആര്‍ക്കും സാധ്യമല്ല. അവന്‍ എന്തെങ്കിലും തടഞ്ഞുവെക്കുകയാണെങ്കില്‍ അതു വിട്ടുകൊടുക്കാനും ആര്‍ക്കുമാവില്ല. അവന്‍ പ്രതാപിയും യുക്തിമാനുമാണ് ‘(ഫാത്വിര്‍ 2).

വിവ: മുനീബ് കുട്ടമശ്ശേരി
(അസ്ഹറുല്‍ ഉലൂം വിദ്യാര്‍ഥി)

Topics