ഇസ്‌ലാം-Q&A

നക്ഷത്രഫലം നോക്കല്‍: ഒരു ഇസ് ലാമിക വിശദീകരണം

മിക്ക പത്രങ്ങളും മനുഷ്യന്റെ ഭാവികാര്യങ്ങളുടെ ഗുണ ദോഷങ്ങള്‍ കാണിക്കുന്ന നക്ഷത്രഫലം പ്രസിദ്ധീകരിക്കുന്നു. മനുഷ്യരുടെ ജനനത്തിയതി നക്ഷത്രങ്ങളുമായി ബന്ധപ്പെടുത്തി അവരുടെ ഭാവി എഴുതിവിടുന്നു. ചിലര്‍ അതൊക്കെ വിശ്വസിക്കുന്നു. സന്തോഷകരമായ വിവരം കേട്ടാല്‍ അവര്‍ സന്തോഷിക്കും. ദുഃഖകരമായ വിവരം കേട്ടാല്‍ ദുഃഖിക്കും; നിരാശപ്പെടും ഒരിക്കല്‍ അത് യാഥാര്‍ഥ്യമായി ഭവിച്ചാല്‍ പിന്നെ എന്നും അവരത് വിശ്വസിക്കും. ചിലര്‍ക്ക് വിശ്വാസമില്ലെങ്കിലും ഒരാശ്വാസത്തിന് അവരത് വായിക്കും. ഈ വിഷയത്തില്‍ ഇസ് ലാമികമായ ഒരു വിശദീകരണം ലഭിക്കാനാഗ്രഹിക്കുന്നു.

എല്ലാവിധ അന്ധവിശ്വാസങ്ങളില്‍നിന്നും അസത്യ ധാരണകളില്‍നിന്നും മനുഷ്യനെ സ്വതന്ത്രനാക്കാനാണ് ഇസ്ലാം ആഗതമായത്. എല്ലാ അന്ധവിശ്വാസങ്ങളെയും അന്ധവിശ്വാസം വില്‍പനച്ചരക്കാക്കുന്നവരെയും ഇസ്ലാം ശക്തിയായി എതിര്‍ക്കുന്നു. മന്ത്രവാദം, പ്രശ്നം വെക്കല്‍, ലക്ഷണം പറയല്‍, ജ്യോതിഷം, അദൃശ്യകാര്യങ്ങള്‍ അറിയുമെന്ന് വാദിക്കല്‍ എല്ലാം അതില്‍പെടുന്നു. അത് നക്ഷത്രങ്ങള്‍ മുഖേനയോ ജിന്ന് സേവ മുഖേനയോ നിലത്ത് കളം വരച്ചോ ഏതായാലും ശരി.അതെല്ലാം തെറ്റും അസത്യവുമാണ്. അല്ലാഹു പറയുന്നു: “(നബിയേ) പറയുക: അല്ലാഹുവിനല്ലാതെ ആകാശഭൂമികളിലാര്‍ക്കുംതന്നെ അദൃശ്യകാര്യം അറിയുകയില്ല.” (അന്നംല്: 65).  “(നബിയേ) പറയുക: ഞാന്‍ എനിക്കുതന്നെ ഉപകാരമോ ഉപദ്രവമോ വരുത്താന്‍ കഴിയാത്തവനാണ്. അല്ലാഹു ഉദ്ദേശിച്ചതുമാത്രം നടക്കുന്നു. എനിക്ക് അദൃശ്യകാര്യം അറിയുമായിരുന്നെങ്കില്‍ ഞാന്‍ എനിക്കുതന്നെ ധാരാളം ഗുണം നേടിയെടുക്കുമായിരിന്നു. ദോഷങ്ങള്‍ എന്നെ ബാധിക്കുമായിരുന്നില്ല. എന്നാല്‍ ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനത്തിന് സന്തോഷമറിയിക്കുന്നവനും മാത്രമാണ്.”(അല്‍ അഅ്റാഫ്: 188). “അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം ആര്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട് അംഗീകരിച്ച ദൂതന്നൊഴികെ.”(അല്‍ജിന്ന്: 26, 27) തിരുമേനി പറഞ്ഞു: “ഒരാള്‍ ഗണിതക്കാരനെ സമീപിച്ച് ഒരു പ്രശ്നത്തെക്കുറിച്ച് ചോദിക്കുകയും അയാള്‍ പറയുന്നത് വിശ്വസിക്കുകയും ചെയ്താല്‍ അവന്റെ നാല്‍പത് ദിവസത്തെ നമസ്കാരം സ്വീകരിക്കുകയില്ല.” (മുസ്ലിം) “ഒരാള്‍ ഒരു പ്രശ്നം വെക്കുന്നവനെ സമീപിക്കുകയും അയാള്‍ പറയുന്നത് വിശ്വസിക്കുകയും ചെയ്താല്‍ അയാള്‍ മുഹമ്മദ് നബിക്കവതിരിച്ചതില്‍ അവിശ്വസിച്ചു.” (ബസ്സാര്‍).

“ഒരാള്‍ ലക്ഷണം നോക്കുന്നവനെയോ മാരണക്കാരനെയോ പ്രശ്നം വെക്കുന്നവനെയോ സമീപിക്കുകയും അയാള്‍ പറഞ്ഞത് വിശ്വസിക്കുകയും ചെയ്താല്‍ അയാള്‍ മുഹമ്മദ് നബിക്കവതരിച്ചതില്‍ അവിശ്വസിച്ചു.” (ത്വബ്റാനി). ലക്ഷണം നോക്കുന്നവനും പ്രശ്നം വെക്കുന്നവനും ജോത്സ്യനുമെല്ലാം ഒരേ വര്‍ഗത്തില്‍ പെട്ടവരാണ്. ജിന്നിന്റെയും നക്ഷത്രങ്ങളുടെയും സഹായത്തോടെ തങ്ങള്‍ക്ക് അദൃശ്യകാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്ന് വാദിക്കുന്നവരാണവര്‍. മിക്ക സമുദായങ്ങളിലും നക്ഷത്രങ്ങളെയും പ്രപഞ്ചത്തില്‍ അവയുടെ സ്വാധീനങ്ങളെയും കുറിച്ച് കുറെ ധാരണകള്‍ ഉണ്ടായിരുന്നു. അവരില്‍ ചിലര്‍ അവയെ ദൈവമാക്കി. പൂജിക്കുക കൂടി ചെയ്തു. അല്ലെങ്കില്‍ അല്ലാഹുവിന്റെ പങ്കുകാരായി മനസ്സിലാക്കി. ചിലര്‍ അവയെ നേരിട്ട് ആരാധിച്ചില്ലെങ്കിലും അവക്ക് ആരാധ്യന്റെ സ്ഥാനം നല്‍കി വന്ദിച്ചു. ഭൂലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും ഉപരിലോകത്തെ നക്ഷത്രങ്ങളുമായി ബന്ധമുണ്ടെന്നാണവരുടെ വിശ്വാസം. വിജയവും പരാജയവും സന്തോഷവും ദുഃഖവും യുദ്ധവും സമാധാനവുമെല്ലാം നക്ഷത്രങ്ങളുടെ ചലനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നവര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസത്തെ ഇസ്ലാം തീര്‍ത്തും നിരാകരിക്കുന്നു. നക്ഷത്രങ്ങള്‍ ഈ പ്രവിശാല പ്രപഞ്ചത്തില്‍ അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഒരംശംമാത്രമാണ്. അവയൊക്കെ നമ്മുടെ സേവനത്തിനുവേണ്ടിയുള്ള സൃഷ്ടികള്‍ മത്രമാണ്. അല്ലാഹു പറയുന്നു: “കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിങ്ങള്‍ക്ക് വഴിയറിയാന്‍ നക്ഷത്രങ്ങളെ സൃഷ്ടിച്ചതും അവന്‍തന്നെ. മനസ്സിലാക്കുന്ന ആളുകള്‍ക്ക് നാമിതാ ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചുതരുന്നു.” (അല്‍അന്‍ആം: 97).

“ഞാന്‍ രാപ്പകലുകളെയും സൂര്യചന്ദ്രന്മാരെയും നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നു. നക്ഷത്രങ്ങളും അവന്റെ കല്‍പനയാല്‍ വിധേയമാക്കപ്പെട്ടിരിക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.” (അന്നഹ്ല്‍: 12) “തൊട്ടടുത്തുള്ള ആകാശത്തെ നാം വിളക്കുകളാല്‍ അലങ്കരിച്ചു. അവയെ നാം പിശാചുക്കളെ എറിഞ്ഞോടിക്കാനുള്ളവയാക്കിയിരിക്കുന്നു.” (അല്‍മുല്‍ക്: 5). ജ്യോതിഷം മുഖേന അദൃശ്യകാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്ന വാദം തനി ജാഹിലിയ്യാ വിശ്വാസമാണെന്നും അത് സിഹ്റിന്റെ ഇനത്തില്‍ പെട്ടതാണെന്നും അതുകൊണ്ടുതന്നെ അത് നിരസിക്കപ്പെടേണ്ടതാണെന്നും മനസ്സിലാക്കാം. തിരുമേനി പറഞ്ഞു: “ആരെങ്കിലും ജ്യോതിഷത്തില്‍നിന്ന് ഒരംശം സ്വീകരിച്ചാല്‍ അയാള്‍ സിഹ്റില്‍നിന്ന് ഒരംശം സ്വീകരിച്ചു.”(അബൂദാവൂദ്) ജ്യോതിഷത്തില്‍ നിരാകരിക്കേണ്ടത്, ജ്യോതിഷികള്‍ തങ്ങള്‍ക്ക് ഭാവികാര്യങ്ങള്‍ അറിയാന്‍ കഴിയും എന്ന് വാദിക്കുന്നതിനെയാണ്. വിലക്കയറ്റം, യുദ്ധം മുതലായ കാര്യങ്ങള്‍ നക്ഷത്രങ്ങള്‍ ചലിക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്നതാണ് എന്നാണവരുടെ വാദം. ഇതാകട്ടെ അല്ലാഹുവിന്റെ സ്വകാര്യമായ അറിവാകുന്നു. എന്നാല്‍ നക്ഷത്രങ്ങളെ നിരീക്ഷിച്ച് കാലാവസ്ഥയും ഖിബ്ലയുടെ ദിശയും അറിയാന്‍ ഉപയോഗപ്പെടുത്തുന്നത് ഇതില്‍ പെടുന്നില്ല. നമ്മുടെ പണ്ഡിതന്മാര്‍ ഈ രംഗത്ത് ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

മനുഷ്യന്റെ ജനനത്തിയതിയും നക്ഷത്രങ്ങളുടെ ചലനങ്ങളും ബന്ധിപ്പിച്ച് തങ്ങളുടെ ഭാവികാര്യങ്ങള്‍ അറിയാന്‍ കഴിയും എന്ന് പറയുന്നത് തീര്‍ത്തും അനിസ്ലാമിക ചിന്താഗതിയാണ്. ബുദ്ധിയോ പ്രമാണമോ അതിനെ പിന്തുണക്കുന്നില്ല. മതത്തിന്റെയും ശാസ്ത്രത്തിന്റെയും പിന്‍ബലവുമില്ല. വാസ്തവത്തില്‍ ഈ ചിന്താഗതി രൂപപ്പെടുകയും പ്രചരിക്കുകയും പത്രങ്ങള്‍ അതിന് വലിയ പ്രാധാന്യം നല്‍കുകയും ജനങ്ങള്‍ അത് വായിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നത് ചില കാരണങ്ങള്‍ കൊണ്ടാണ്:

1. ആധുനിക കാലത്ത് മനുഷ്യജീവിതത്തില്‍ കാണുന്ന ശുന്യത. മനസ്സിലും ചിന്തയിലും വലിയ ശൂന്യതയുണ്ട്. വിശ്വാസപരവും ആത്മീയവുമായ ശൂന്യത. ശൂന്യത ഏതെങ്കിലും വിധത്തില്‍ നികത്തപ്പെടണം. ‘ഒരാള്‍ തന്റെ മനസ്സിനെ നന്മയില്‍ വ്യാപൃതമാക്കിയില്ലെങ്കില്‍ മനസ്സ് അയാളെ തിന്മയില്‍ വ്യാപൃതമാക്കും’ എന്നു പറയാറുണ്ടല്ലോ.

2. മാനസികമായ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും. ഇതാണിപ്പോള്‍ ലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത്. ഭൌതികവും ശാസ്ത്രീയവുമായ എല്ലാ ജീവിത സൌകര്യങ്ങളും ലഭിച്ചവര്‍ക്ക് പിരിമുറുക്കവും അസ്വസ്ഥതയും അരക്ഷിതാവസ്ഥയുമാണുള്ളത്.

3. ഈ അസ്വസ്ഥതയും അരക്ഷിതാവസ്ഥയുമൊക്കെ മനുഷ്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം നഷ്ടപ്പെട്ടത് കൊണ്ടുണ്ടായതാണ്. അതാണ് വിശ്വാസം. വിശ്വാസമാണ് സ്വസ്ഥതയുടെയും സുരക്ഷാബോധത്തിന്റെയും ഉത്ഭവസ്ഥാനം. അല്ലാഹു പറയുന്നു: “വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തെ വികലധാരണകളാല്‍ വികൃതമാക്കാതിരിക്കുകയും ചെയ്തവര്‍ക്കാണ് നിര്‍ഭയത്തമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍.” (അല്‍അന്‍ആം: 82) “വിശ്വസിക്കുകയും അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മകൊണ്ട് മനസ്സുകള്‍ ശാന്തമാവുകയും ചെയ്യുന്നവരാണവര്‍. അറിയുക: അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മകൊണ്ടത്രെ മനസ്സുകള്‍ ശാന്തമാകുന്നത്.” (അര്‍അ്ദ്: 28)

4. മറ്റൊരു കാരണം, യഥാര്‍ഥ മതബോധമില്ലാത്തതാണ്. അതായത്, ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍നിന്നുരുത്തിരിയുന്ന യഥാര്‍ഥ മതബോധം. ഈ ബോധമുണ്ടാകുമ്പോള്‍ മനസ്സ് ശാന്തമാകും. അരാധനകള്‍ക്ക് അര്‍ഥമുണ്ടാകും. ബുദ്ധി പ്രകാശിക്കും. ജീവിതത്തിന് നവോന്മേഷമുണ്ടാക്കും. അദൃശ്യകാര്യങ്ങള്‍ അല്ലാഹുവിന് മാത്രമാണ് അറിയുക. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാള്‍ക്കും അറിയുകയില്ല, ഭാവി കാര്യങ്ങള്‍ അറിയും എന്നു പറയുന്നത് ഒരുതരം സത്യനിഷേധമാണ്. അങ്ങനെ വിശ്വസിക്കുന്നത് ദുര്‍മാര്‍ഗമാണ്. പ്രശ്നം നോക്കുന്നവരും ഗണിതക്കാരും ജ്യോത്സ്യന്മാരും എല്ലാം കളവുപറയുന്നവരാണ് തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ഈ തിന്മയുടെ ചന്തയില്‍ കച്ചവടം നടക്കുമായിരുന്നില്ല. അത് എഴുതുന്നവരും വായിക്കുന്നവരും

Topics