ഇസ്‌ലാം-Q&A

മുസ്‌ലിമല്ലാത്ത മാതാപിതാക്കളുമായുള്ള ബന്ധം

ചോദ്യം: ചില സുഹൃത്തുക്കള്‍ ഉന്നയിക്കുന്ന ചില ചോദ്യങ്ങളാണ് എന്റെ സംശയത്തിനാധാരം. ഒരു വ്യക്തി ഇസ്‌ലാം സ്വീകരിക്കുന്നതോടെ , മുസ്‌ലിംകളല്ലാത്ത തന്റെ ബന്ധുക്കളുമായി വേര്‍പിരിയേണ്ടതുണ്ടോ? മാതാപിതാക്കളുമായുള്ള ബന്ധം വിഛേദിക്കേണ്ടതുണ്ടോ? ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം അവരോടൊത്തുകഴിയുന്നതും , അവരുടെ പരിചരണവും ശുശ്രൂഷയുമെല്ലാം പുണ്യകരവും പ്രതിഫലാര്‍ഹവുമാണോ? അത്തരം ബന്ധുക്കള്‍ മരണപ്പെട്ടാല്‍ അവരുടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ പങ്കെടുക്കുന്നതിന്റെ വിധിയെന്താണ്? അവരോടുള്ള അനുസരണത്തിന്റെ മാനദണ്ഡം എന്താണ്?പ്രാമാണിക വിശദീകരണം പ്രതീക്ഷിക്കുന്നു.

ഉത്തരം: ഒരാള്‍ ഇസ്‌ലാം സ്വീകരിക്കുന്നതോടെ അയാള്‍ തന്റെ മാതാപിതാക്കളുമായി ബന്ധം വേര്‍പെടുത്തണമെന്നോ , കുടുംബത്തില്‍നിന്ന് ഇറങ്ങിപ്പോരണമെന്നോ ഇസ്‌ലാം ഒരിക്കലും പഠിപ്പിക്കുന്നില്ല. എന്നല്ല, ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് തങ്ങളുടെ കുടുംബത്തോടും മാതാപിതാക്കളോടും കൂടുതല്‍ കടപ്പാടും ഉത്തരവാദിത്തബോധവും ഉണ്ടായിത്തീരുകയാണ് വേണ്ടത്. ഇക്കാര്യം വിശുദ്ധഖുര്‍ആനിലൂടെ അല്ലാഹു തന്നെ പഠിപ്പിച്ചിട്ടുണ്ട്. ഖുര്‍ആന്റെ അവതരണകാലത്തുള്ള സമൂഹം മുച്ചൂടും ബഹുദൈവവിശ്വാസത്തില്‍ മൂടുറച്ചതായിരുന്നല്ലോ. അത്തരമൊരു സമൂഹത്തില്‍നിന്ന് ആരെങ്കിലും ഒരാള്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ വമ്പിച്ച പ്രത്യാഘാതങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടിവരും. അതിലേറ്റവും സങ്കീര്‍ണമായത് സ്വന്തം കുടുംബത്തിന്റെ നിലപാടുകള്‍ തന്നെയായിരുന്നു. ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ടതുപോലെ മാതാപിതാക്കളുടെ ശക്തമായ പ്രതിഷേധം നേരിടേണ്ടിവന്ന ഒരു സ്വഹാബിയുടെ ചരിത്രം മാത്രം ഇവിടെ ഉദ്ധരിക്കാം.

അല്‍അന്‍കബൂത് അധ്യായത്തിലെ 8-ാം സൂക്തത്തിന്റെയും ലുഖ്മാന്‍ 15-ാം സൂക്തത്തിന്റെയും അവതരണ കാരണമായി ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലും ഹദീഥ് ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയ സംഭവമാണിത്.

‘മാതാപിതാക്കളോട് നന്‍മയോട് വര്‍ത്തിക്കാന്‍ നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. എന്നാല്‍ നിനക്കറിഞ്ഞുകൂടാത്ത വല്ലതിനെയും എന്റെ പങ്കാളിയായി കല്‍പിക്കാന്‍ അവര്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ നീ അവരെ അനുസരിക്കരുത്. നിങ്ങളൊക്കെയും എന്റെ സന്നിധിയിലേക്ക് തിരിച്ചുവരേണ്ടവരാകുന്നു. എന്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അപ്പോള്‍ നാം നിങ്ങള്‍ക്ക് വിവരിച്ചുതരും'(അല്‍അന്‍കബൂത് 8)

‘(നാം അവനെ ഉപദേശിച്ചു: ) എന്നോട് നന്ദിയുള്ളവനായിരിക്കുക; നിന്റെ മാതാപിതാക്കളോടും. നിനക്ക് എന്നിലേക്കുതന്നെ മടങ്ങേണ്ടതുണ്ട്. എന്നാല്‍, അവര്‍ നിനക്കറിവില്ലാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിച്ചാല്‍ , അതിന് നീ വഴങ്ങിപ്പോകരുത്. എന്നാല്‍, ഇഹലോകത്ത് അവരുടെ കൂടെ നല്ലനിലയില്‍ വര്‍ത്തിക്കേണം'(ലുഖ്മാന്‍ 14,15).

മഹാനായ സ്വഹാബി സഅ്ദുബ്‌നു അബീവഖ്വാസിനെക്കുറിച്ചാണ് ഈ സൂക്തം അവതരിച്ചതെന്ന് മുസ്‌ലിം, തിര്‍മിദി, അഹ്മദ്, അബൂദാവൂദ്, നസാഈ തുടങ്ങിയവര്‍ നിവേദനംചെയ്തിട്ടുണ്ട്. 18,19 വയസ്സുള്ളപ്പോഴാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. അബൂസുഫ്‌യാന്റെ മകള്‍ ഹംനയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. അവര്‍ മകന്റെ ഇസ്‌ലാം സ്വീകരണം അറിഞ്ഞപ്പോള്‍ ‘നീ മുഹമ്മദിനെ തള്ളിപ്പറയുന്നതുവരെ ഞാന്‍ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ തണലില്‍ ഇരിക്കുകയോ ഇല്ല’ എന്ന് ശപഥം ചെയ്തു. ‘മാതാവിനോട് കൂറുകാണിക്കുക എന്നത് ദൈവികശാസനയാണല്ലോ, നീ എന്നെ അനുസരിക്കുന്നില്ലെങ്കില്‍ ദൈവത്തെയും അനുസരിക്കുന്നില്ല ‘എന്നവര്‍ വാദിക്കുകയും ചെയ്തു. മാതാവിനോട് ഏറെ ബഹുമാനാദരവുകള്‍ ഉണ്ടായിരുന്ന സഅ്ദ് വിഷമസന്ധിയിലായി പരിഭ്രാന്തനായ സഅ്ദ് (റ) നബിയെ സമീപിച്ച് സ്ഥിതിഗതികള്‍ ബോധിപ്പിച്ചു. അപ്പോഴാണീ സൂക്തം അവതീര്‍ണമായത്. സൂക്തത്തിന്റെ താല്‍പര്യമിതാണ്: മനുഷ്യനെ സംബന്ധിച്ചിടത്തോളം തനിക്ക് സൃഷ്ടികളില്‍ ഏറ്റവും കടപ്പാടുള്ളത് സ്വന്തം മാതാപിതാക്കളോടാണ്. പക്ഷേ മാതാപിതാക്കള്‍ പോലും ബഹുദൈവാരാധനക്ക് നിര്‍ബന്ധിച്ചാല്‍ അതിന് വഴങ്ങിക്കൂടാ.

ഇവിടെ ബഹുദൈവാരാധന(ശിര്‍ക്ക്) ചെയ്യാന്‍ കല്‍പിച്ചാല്‍ അതു അനുസരിക്കാന്‍ പാടില്ല എന്നുണര്‍ത്തിയശേഷം അല്ലാഹു പറയുന്നത്, നാം ചര്‍ച്ച ചെയ്യുന്ന വിഷയത്തിലെ പ്രധാന കാരണമായതിനാല്‍ പ്രത്യേകം ശ്രദ്ധേയമാണ്. ഇവിടെ അവരുമായി ഈ ലോകത്ത് നല്ല നിലയില്‍ മര്യാദാപൂര്‍വം വര്‍ത്തിക്കണമെന്നാണ് അല്ലാഹു കല്‍പിക്കുന്നത്. ഇതേക്കുറിച്ച് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞത് വായിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. ഉദാഹരണമായി ഇമാം ഇബ്‌നു കസീര്‍ പറയുന്നത് കാണുക:
‘അവര്‍ മുശ്‌രിക്കുകളാണെങ്കില്‍ പോലും അവരെ ബഹുമാനാദരവുകളോടെ സ്‌നേഹിക്കാന്‍ കല്‍പിച്ചിരിക്കുകയാണ്… അവരുടെ മതം തന്നെ അനുധാവനം ചെയ്യാന്‍ വേണ്ടി അവര്‍ എത്ര മാത്രം കൊതിച്ചാലും അത് സ്വീകരിക്കാന്‍ പാടില്ല. എന്നുവെച്ച് അവരുമായി സഹവസിക്കുന്നതില്‍നിന്നോ, അവര്‍ക്ക് ഗുണം ചെയ്യുന്നതില്‍നിന്നോ, അതൊരിക്കലും തന്നെ നിന്നെ തടയാന്‍ പാടില്ല'(ഇബ്‌നു കസീര്‍: സൂറത്തു ലുഖ്മാന്‍)

മറ്റൊരു പ്രമുഖ പണ്ഡിതന്‍ ശൈഖ് ശഅറാവി എഴുതുന്നു: ‘ഖുര്‍ആനിന്റെ ശൈലിയുടെ മാഹാത്മ്യം ശ്രദ്ധിക്കുക. എന്തെങ്കിലും നന്‍മ ചെയ്യൂ എന്നല്ല പറഞ്ഞത്, പ്രത്യുത അവരെ കൂടെത്തന്നെ നില്‍ക്കാനും അവരുടെ കാര്യങ്ങള്‍ നിരന്തരം ശ്രദ്ധിക്കാനുമാണ് ആഹ്വാനം. അങ്ങനെ അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയാനും, അവര്‍ ഇങ്ങോട്ട് ചോദിക്കും മുമ്പ് അങ്ങോട്ട് ചെയ്തുകൊടുക്കാനും, ചോദിക്കുന്നതിന്റെ കുറച്ചില്‍ അവര്‍ക്ക് ഉണ്ടാകാതിരിക്കാനുമാണ് അങ്ങനെ പറഞ്ഞത്. ഇതുതന്നെയും വലിയൊരു ഔദാര്യമാണ്'(തഫ്‌സീര്‍ ശഅറാവി, സൂറത്തു ലുഖ്മാന്‍)

പ്രമുഖ സലഫീ പണ്ഡിതനായ ശൈഖ് ശന്‍ഖീത്വി തന്റെ തഫ്‌സീറില്‍ പറയുന്നു: ‘മുസ്‌ലിംകളോട് യുദ്ധത്തിലേര്‍പ്പെട്ടിട്ടില്ലാത്ത, എന്നാല്‍ ശിര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നവരോട് പോലും ഔദാര്യം ചെയ്യാനും സുകൃതം ചെയ്യാനും ഉദ്‌ബോധിപ്പിക്കുന്ന മഹത്തായ സംസ്‌കൃതിയാണിത്. മാതാപിതാക്കളുടെ അവകാശത്തിന് നല്‍കപ്പെട്ട മുന്‍ഗണനയാണിത്; അവര്‍ സത്യനിഷേധം വെച്ചുപുലര്‍ത്തുകയും ശിര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നവരാണെങ്കില്‍ പോലും'(അദ് വാഉല്‍ ബയാന്‍: 8/96)

ചുരുക്കത്തില്‍ ബഹുദൈവാരാധകരാണെന്ന് മാത്രമല്ല, ശിര്‍ക്ക് ചെയ്യാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുക കൂടി ചെയ്യുന്നവരാണെങ്കില്‍ പോലും അവരോടൊപ്പം സഹവസിക്കുകയും അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കുക കൂടി ചെയ്യണമെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

പ്രവാചകനെ വധിക്കാന്‍ വരെ തന്ത്രം മെനയുകയും ഇസ്‌ലാമിനെതിരെ ഗൂഢാലോചന നടത്തുകയും ശത്രുക്കള്‍ക്ക് ഒറ്റുകൊടുക്കുകയുമൊക്കെ ചെയ്തിരുന്ന കൊടിയ ശത്രുവായിരുന്നു അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സലൂല്‍. അദ്ദേഹത്തിന്റെ പുത്രനായ അബ്ദുല്ല പക്ഷേ, പ്രവാചകന്റെ ഉത്തമ ശിഷ്യന്‍മാരിലൊരാളായിരുന്നു. ഒരിക്കല്‍ തന്റെ പിതാവ് പ്രവാചകനെ വളരെ മോശമായി അധിക്ഷേപിച്ചു എന്നറിഞ്ഞ അബ്ദുല്ല തിരുസന്നിധിയിലെത്തി ഇങ്ങനെ പറഞ്ഞു: ‘താങ്കളെ ആദരിക്കുകയും താങ്കള്‍ക്ക് മേല്‍ വേദഗ്രന്ഥം ഇറക്കി അനുഗ്രഹിക്കുകയും ചെയ്തവനാണ് സത്യം. താങ്കള്‍ ഉദ്ദേശിക്കുന്ന പക്ഷം, അദ്ദേഹത്തിന്റെ ശിരസ് വെട്ടിയെടുത്ത് ഞാന്‍ അങ്ങയുടെ മുമ്പില്‍ കൊണ്ടുവരാം’. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ (റ) പറഞ്ഞു: ‘അരുത്, മറിച്ച് നീ നിന്റെ പിതാവിന് നന്‍മ ചെയ്യുക, അദ്ദേഹത്തോടൊപ്പം നല്ല നിലയില്‍ സഹവസിക്കുകയും ചെയ്യുക.'(ഇബ്‌നു ഹിബ്ബാന്‍ 428, ഇത് ഹസനാണെന്ന് ശൈഖ് അല്‍ബാനി രേഖപ്പെടുത്തിയിട്ടുണ്ട്).

അബൂബക്‌റി(റ)ന്റെ പുത്രി അസ്മാഅ്(റ) പറയുന്നു: ‘പ്രവാചകന്റെ കാലത്ത് എന്റെ മാതാവ് എന്റെയടുത്ത് വരികയുണ്ടായി. അവരപ്പോള്‍ ബഹുദൈവാരാധകയായിരുന്നു. ഞാന്‍ തിരുദൂതരോട് ഉമ്മ വന്നിട്ടുണ്ട്, എന്റെ സഹായം അവര്‍ക്കാവശ്യവുമുണ്ട്. എനിക്കവരുമായി കുടുംബബന്ധം പുലര്‍ത്താമോ എന്ന് ചോദിച്ചു. അവിടുന്ന് പറഞ്ഞു: അതേ, തീര്‍ച്ചയായും, നീ നിന്റെ മാതാവുമായി ബന്ധം ചാര്‍ത്തുക'(ബുഖാരി 5979).
ഇതിന്റെ വിശദീകരണത്തില്‍ ഇമാം ഖത്ത്വാബി പറഞ്ഞു:
‘മുസ്‌ലിംകളായ ബന്ധുക്കളെ പോലെ തന്നെ, പണവും മറ്റും നല്‍കിക്കൊണ്ടുതന്നെ വിശ്വാസികളല്ലാത്ത രക്തബന്ധുക്കളുമായി കുടുംബബന്ധം പുലര്‍ത്തണമെന്നതിന് ഇതില്‍ തെളിവുണ്ട്. അതുപോലെ വിശ്വാസികളല്ലാത്ത പിതാവിന്റെയും മാതാവിന്റെയും ചെലവ് നിര്‍ബന്ധമായും വഹിക്കേണ്ട ബാധ്യത മുസ്‌ലിമാണെങ്കില്‍പോലും മകനുണ്ട് എന്നും ഇതില്‍നിന്ന് മനസ്സിലാക്കാം'(ഫത്ഹുല്‍ ബാരി: 2427).

ഇല്‍യാസ് മൗലവി

Topics