ഇസ്‌ലാം-Q&A

മുസ്‌ലിംകള്‍ക്ക് ഇപ്പോഴും ഹിജ്‌റ നിര്‍ബന്ധമാണോ ?

ചോ: മക്കാവിജയത്തിനുശേഷം മുസ്‌ലിംകള്‍ക്ക് ഹിജ്‌റ നിര്‍ബന്ധമാണോ? ജീവസമ്പാദനമാര്‍ഗത്തിനായി പാശ്ചാത്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയ മുസ്‌ലിംകളെ മുഹാജിറുകളായി കണക്കാക്കാനാകുമോ?

ഉത്തരം : തന്റെ സ്വദേശത്ത് ഇസ്‌ലാമികനിയമങ്ങളനുസരിച്ച് ഒരു മുസ്‌ലിമിന് ജീവിക്കാന്‍ കഴിയാതെ വരികയും ആദര്‍ശത്തിന്റെ പേരില്‍ പീഡനം അനുഭവിക്കേണ്ടിവരികയും അത് അസഹനീയമാകുകയുംചെയ്താല്‍ അയാള്‍ക്ക് ഹിജ്‌റ നിര്‍ബന്ധമാണ്. അതേസമയം മുസ്‌ലിംകള്‍ എവിടെയൊക്കെ വസിക്കുന്നുവോ അവിടെയെല്ലാം ഇസ്‌ലാമികനിയമപ്രകാരമുള്ള ഭരണകൂടം സംസ്ഥാപിക്കുന്നതിനായി പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും അതിന്റെ പേരില്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ സഹിക്കുകയുംവേണം. നബി(സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു:'(അല്ലാഹുവിന്റെ ദീന്‍ സ്ഥാപിക്കാനുള്ള)ജിഹാദ് പുനരുത്ഥാനനാള്‍വരേക്കുമുള്ള വിശ്വാസിയുടെ ബാധ്യതയാണ്.’

മക്ക ഇസ്‌ലാമികനിയമങ്ങള്‍ക്ക് വഴങ്ങിയതോടെ അവിടെനിന്ന് മദീനയിലേക്കോ ഇതരദേശങ്ങളിലേക്കോ ഹിജ്‌റയില്ല. ജീവിതായോധനത്തിനായുള്ള പലായനത്തെ അതനുസരിച്ചുമാത്രമേ വിലയിരുത്താനാകൂ. നബിതിരുമേനി(സ) ഇപ്രകാരം പറഞ്ഞു:’കര്‍മങ്ങളെല്ലാം ഉദ്ദേശ്യശുദ്ധിയനുസരിച്ചാണ്. ഉദ്ദേശ്യശുദ്ധിയനുസരിച്ചാണ് അവ തീരുമാനിക്കപ്പെടുക. ആരെങ്കിലും അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ഹിജ്‌റചെയ്താല്‍ ആ ഹിജ്‌റ അല്ലാഹുവിനും ദൂതനുമുള്ളതായി കണക്കാക്കപ്പെടും. ആരെങ്കിലും ഭൗതികനേട്ടങ്ങള്‍ക്കോ വിവാഹംകഴിക്കാനോ ആണ് ഹിജ്‌റ ചെയ്തതെങ്കില്‍ അത് അതിനുവേണ്ടിയുള്ള ഹിജ്‌റയായിരിക്കും.’

ഇതുപറയുമ്പോള്‍തന്നെ ആരെങ്കിലും ജീവിതായോധനത്തിനായി വരികയും പിന്നീട് മനസ്സ് അല്ലാഹുവിന് കീഴൊതുങ്ങിജീവിക്കാനും ഇസ്‌ലാമിന്റെ പ്രതിനിധിയായി മറ്റുള്ളവരുടെ മുന്നില്‍ മാതൃകസമര്‍പ്പിക്കാനും കണക്കാക്കി പരിവര്‍ത്തിപ്പിച്ചാല്‍ അതിനുള്ള പ്രതിഫലം പ്രത്യേകമായി അല്ലാഹുനല്‍കുന്നതാണ്.
അല്ലാഹുവാണ് ഏറ്റം നന്നായി അറിയുന്നവന്‍.

ശൈഖ് അഹ്മദ് കുട്ടി

Topics