ചോദ്യം:വീഡിയോ/മൊബൈല്‍ ഗെയിമുകള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന ഒരു കോഴ്‌സാണ് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ചിലരുടെ സന്ദേഹങ്ങളും വിമര്‍ശനങ്ങളുമാണ് ഈ ചോദ്യത്തിന് ആധാരം. മനുഷ്യരുടെയും പ്രകൃതിയിലെ ജീവജാലങ്ങളുടെയും ഡിജിറ്റല്‍ ചിത്രങ്ങള്‍(യഥാര്‍ഥം എന്ന് തോന്നുംവിധമുള്ളവ) ചെയ്യുന്നതില്‍ ഇസ്‌ലാമില്‍ വിലക്കുണ്ടോ? കൂടാതെ, നഗ്നതാ പ്രദര്‍ശനങ്ങളില്ലാതെ വെടിവെപ്പും കൊലപാതകവും ചിത്രീകരിക്കുന്ന ഗെയിമുകള്‍ ഉണ്ടാക്കുന്നത് അനുവദനീയമല്ലേ?
ഉത്തരം: ആളുകളെ അലസരും അധാര്‍മികളുമായി മാറ്റാത്തവിധം ആരോഗ്യകരമായ മാനസികോല്ലാസത്തിന് വേണ്ടി കളിക്കുന്നതും അതിനായി സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതും അനുവദനീയമാണ്. അത്തരം സാങ്കേതികവിദ്യകള്‍ സമ്മാനിക്കുന്ന വിനോദങ്ങളും ഗെയിമുകളും അതിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ദുഷ്ചിന്തകളും ദുര്‍വികാരങ്ങളും അക്രമവാസനകളും ജനിപ്പിക്കാത്തതായിരിക്കണം. ആ ഗെയിമുകള്‍ തയ്യാറാക്കുന്നത് അക്രമം, കൊലപാതകം, മോഷണം, ആത്മഹത്യ എന്നിവയെ നല്ലതും പ്രോത്സാഹജനകവും ആയി തെറ്റുധരിപ്പിക്കുംവിധം ആകരുത്.
ആശയവിനിമയത്തിന്റെ തികവിനെ മുന്‍നിര്‍ത്തി മനുഷ്യരടക്കം ജീവജാലങ്ങളെ ഒറിജിനലിനെ വെല്ലുംവിധം മികവോടെ ചിത്രീകരിക്കുന്നതില്‍ തെറ്റൊന്നുമില്ല. അങ്ങനെ ചിത്രീകരിക്കുമ്പോഴും അവ ബഹുദൈവത്വ ത്തിലേക്ക് വഴിനടത്തുന്നതോ അതിനെ മഹത്വവത്കരിക്കുന്നതോ ആകരുത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട താണ്.
ശൈഖ് അഹ്മദ് കുട്ടി
Add Comment