ചോദ്യം: “ലോകതലത്തില്‍ മുസ്ലിം നാടുകളില്‍ പരിതാപകരമായ പിന്നാക്കാവസ്ഥ പ്രകടമാണ്. ഇന്ത്യയിലെ മുസ്ലിംകളും ഇവിടത്തെ ഇതര ജനവിഭാഗങ്ങളെ അപേക്ഷിച്ച് വളരെ പിറകിലാണ്. ഇസ്ലാം പുരോഗതിക്ക് തടസ്സവും പിന്നാക്കാവസ്ഥയ്ക്ക് കാരണവുമാണെന്നല്ലേ ഇത് തെളിയിക്കുന്നത് ?”
മാനവസമൂഹം സ്വായത്തമാക്കിയ വളര്‍ച്ചയിലും പുരോഗതിയിലും ഇസ്ലാമും മുസ്ലിംകളും വഹിച്ച പങ്ക് പറഞ്ഞറിയിക്കേണ്ടതില്ലാത്തവിധം വ്യക്തവും വിവാദാതീതവുമാണ്. ഗാഢനിദ്രയിലായിരുന്ന അറേബ്യന്‍ സമൂഹത്തെ ഇസ്ലാം തൊട്ടുണര്‍ത്തി. അവരുടെ അജ്ഞതയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കും അറുതിവരുത്തി.
മുഴുജീവിത മേഖലയിലുംഅതവരെ പുരോഗതിയിലേക്കും ഔന്നത്യത്തിലേക്കും നയിച്ചു. അങ്ങനെ അവര്‍ ലോകത്തിന്റെ നേതാക്കളും ജേതാക്കളുമായി മാറി. സത്യം, സമത്വം, സാഹോദര്യം, സഹിഷ്ണുത, ധര്‍മം, നീതി തുടങ്ങിയ ഉല്‍കൃഷ്ട ഗുണങ്ങളുടെ കാര്യത്തില്‍ മാത്രമല്ല കല, സാഹിത്യം, ശാസ്ത്രം, സാങ്കേതിക വിദ്യ, വിജ്ഞാനം, നഗര സംവിധാനം, ഭരണനിര്‍വഹണം പോലുള്ള എല്ലാ മണ്ഡലങ്ങളിലും ദീര്‍ഘകാലം ലോകത്തിന് നേതൃത്വം നല്‍കിയത് മുസ്ലിംകളാണ്. ഇന്ന് ലോകത്ത് മികച്ചുനില്‍ക്കുന്നത് പാശ്ചാത്യരാണല്ലോ. അതിനവരെ സജ്ജരാക്കിയതും പടിഞ്ഞാറന്‍ നാഗരികതയ്ക്ക് കളിത്തൊട്ടിലൊരുക്കിയതും ഇസ്ലാമും മുസ്ലിംകളുമാണ്. നിഷ്പക്ഷരായ എല്ലാ ചരിത്രകാരന്മാരും സാമൂഹിക ശാസ്ത്രജ്ഞരും ഈ സത്യം സുതരാം വ്യക്തമാക്കിയിട്ടുണ്ട്. റോബര്‍ട്ട് ബ്രിഫോള്‍ട്ട് എഴുതുന്നു: “പതിനഞ്ചാം നൂറ്റാണ്ടില്‍ പുഷ്പിച്ചു നിന്ന അറബ് – മൂറിഷ് നാഗരികതകളുടെ സ്വാധീനമാണ് നവോത്ഥാനത്തിന് ജന്മം നല്‍കിയത്. ഇറ്റലിയല്ല, സ്പെയിനായിരുന്നു യൂറോ പ്പിന്റെ പുനര്‍ജന്മത്തിന്തൊട്ടിലായി വര്‍ത്തിച്ചത്. സാരസന്‍ സാമ്രാജ്യത്തിലെ നഗരങ്ങളായ കൈറോയും കൊര്‍ഡോവയും ബഗ്ദാദും ടോളിഡോയും സംസ്കാരത്തിന്റെയും വിചാര വ്യാപാരത്തിന്റെയും കേന്ദ്രങ്ങളായി വളര്‍ന്നപ്പോള്‍, പ്രാകൃതത്വത്തില്‍ മൂക്കറ്റം മുങ്ങിയ യൂറോപ്പ് അജ്ഞതയുടെയും അധഃപതനത്തിന്റെയും ഘനാന്ധകാരത്തില്‍ ആണ്ടു കിടക്കുകയായിരുന്നു. മനുഷ്യപരിണാമത്തിന്റെ നവീനദശയായി വളര്‍ന്ന പുതിയ ജീവിതം രൂപംകൊണ്ടത് അവിടങ്ങളിലായിരുന്നു. അവരുടെ നാഗരികതയുടെ സ്വാധീനം അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണ് ഒരു പുതിയ ജീവിതത്തിന്റെ ബഹിര്‍ഗമനമാരംഭിച്ചത്…” “അറബികളില്ലായിരുന്നുവെങ്കില്‍ ആധുനിക യൂറോപ്യന്‍ സംസ്കാരം തന്നെ ജന്മമെടുക്കുമായിരുന്നില്ലെന്ന യാഥാര്‍ഥ്യം തികച്ചും വിശ്വസനീയമത്രെ. പരിണാമത്തിന്റെ പ്രാചീന ദശകങ്ങളെയെല്ലാം കവച്ചു വയ്ക്കത്തക്ക സ്വഭാവ വൈശിഷ്ട്യവും മുസ്ലിംകളുടെ അഭാവത്തിലവര്‍ക്ക് സമ്പാദിക്കാന്‍ സാധിക്കുമായിരുന്നില്ല. യൂറോപ്പിന്റെ വളര്‍ച്ചയുടെ ചെറിയ അംശങ്ങളില്‍പോലും ഇസ്ലാമിന്റെ സ്വാധീനം കാണപ്പെടാതിരിക്കില്ല” ( The Making of Humanity, Page 183-190 ).
യൂറോപ്പ് ഇന്നനുഭവിക്കുന്ന സുഖ സൌകര്യങ്ങള്‍ക്കെല്ലാം പൂര്‍ണമായും കടപ്പെട്ടത് ഇസ്ലാമിനോടും മുസ്ലിംകളോടുമാണെന്ന് പ്രസിദ്ധ ചരിത്രകാരനായ ജോണ്‍ വില്യം തന്റെ Intellectual Development of Europe എന്ന ഗ്രന്ഥത്തില്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. “വൈജ്ഞാനിക രംഗത്ത് മുസ്ലിംകള്‍ തുടങ്ങിവെക്കാത്ത ഒന്നും തങ്ങള്‍ക്ക് പൂര്‍ത്തീകരിക്കേണ്ടതായിട്ടില്ലെ”ന്ന് എച്ച്.ജി. വെല്‍സ് തന്റെ ‘ലോകചരിത്ര സംഗ്രഹ’ത്തിലും തുറന്നുപറഞ്ഞിട്ടുണ്ട്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു തന്റെ Glimpses of World History യില്‍ എഴുതുന്നു: “പ്രാചീനര്‍ക്കിടയില്‍ ഈജിപ്തിലോ ഇന്ത്യയിലോ ചൈനയിലോ ശരിയായ ശാസ്ത്രീയ സമ്പ്രദായം നാം കാണുന്നില്ല. അതിന്റെ ചെറിയൊരു ശകലം പുരാതന ഗ്രീസില്‍ ദൃശ്യമാണ്. റോമില്‍ അതുണ്ടായിരുന്നതേയില്ല. എന്നാല്‍ അറബികളില്‍ ഈ ശാസ്ത്രീയമായ അന്വേഷണബുദ്ധി പ്രകടമായിരുന്നു. അതുകൊണ്ടുതന്നെ ആധുനിക ശാസ്ത്രത്തിന്റെ പിതാക്കള്‍ മുസ്ലിംകളാണെന്ന് പറയാവുന്നതാണ്.” അദ്ദേഹം തന്നെ എഴുതുന്നു: “ഗ്രീക്കുകാര്‍ ആരംഭിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത കേവല ജ്ഞാനത്തിന്റെ ക്രമാനുഗതമായ വികസനത്തെ, അറബി മനസ്സ് ഒരു പുതിയ കാഴ്ചപ്പാടോടും ചൈതന്യത്തോടും കൂടി ഏറ്റെടുത്തു. ലാറ്റിനിന്റെ വഴികളിലൂടെയല്ല, അറബികളിലൂടെയായിരുന്നു ആധുനിക ലോകത്തിന് പ്രകാശത്തിന്റെയും ശക്തിയുടെയും അനുഗ്രഹങ്ങള്‍ ലഭിച്ചത്.” ഈ പുരോഗതിക്കൊക്കെയും വഴിവച്ചത് ഇസ്ലാമിക വിശ്വാസമത്രെ. Intellectual Development of Europe എന്ന ഗ്രന്ഥത്തിലെഴുതുന്നു: “ശാസ്ത്രീയ ഗവേഷണങ്ങളുടെ പ്രചോദനശക്തി, അല്ലാഹു സൃഷ്ടിച്ചതുപോലെ നിലനില്‍ക്കുന്ന പ്രപഞ്ചത്തെപ്പറ്റി അഗാധമായ അറിവ് നേടാനുള്ള അദമ്യമായ ആഗ്രഹമായിരുന്നു. ഭൌതികപ്രപഞ്ചം ആത്മീയപ്രപഞ്ചം പോലെത്തന്നെ പ്രധാനമാണെന്ന അംഗീകാരവും അറബി മനസ്സിന്റെ വികാരാതീത പ്രകൃതത്തെ ശരിക്കും പ്രതിഫലിപ്പിക്കുന്ന സത്യാന്വേഷണത്വരയും അവരുടെ അദമ്യമായ ജിജ്ഞാസയും യോഗാത്മകാനുഭൂതിയും മറ്റു പ്രേരകങ്ങളത്രെ. മാതൃവാത്സല്യം മുതല്‍ മാരകരോഗങ്ങള്‍ വരെയുള്ളതെല്ലാം ദൈവം സൃഷ്ടിച്ച പ്രപഞ്ചത്തിലുള്‍പ്പെടുന്നവയാണ്. അവയോരോന്നും അവന്റെ ശക്തിയുടെ നിദര്‍ശനങ്ങളാണ്; അതുകൊണ്ടുതന്നെ പഠനാര്‍ഹങ്ങളും. ഇസ്ലാമില്‍ മതവും ശാസ്ത്രവും ഭിന്നവഴികളല്ല പിന്തുടരുന്നത്. മതം യഥാര്‍ഥത്തില്‍ ശാസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രചോദന ശക്തിയാണ്.” കുരിശു യുദ്ധത്തിലൂടെ മുസ്ലിം നാടുകളെ കീഴ്പ്പെടുത്തിയ ക്രൈസ്തവ സമൂഹം അക്കാലത്തും തുടര്‍ന്നും അറബികള്‍ ആര്‍ജിച്ച വൈജ്ഞാനിക നേട്ടങ്ങളെയും ഭൌതികവളര്‍ച്ചയെയും കൈവശപ്പെടുത്താന്‍ തീവ്രശ്രമം നടത്തി. വിവിധ വിജ്ഞാന ശാഖകളിലുള്ള അറബിഗ്രന്ഥങ്ങള്‍ തങ്ങളുടെ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി. അങ്ങനെയാണ് യൂറോപ്പില്‍ പുരോഗതിയുടെ ആദ്യ ചലനങ്ങള്‍ പ്രകടമാകാന്‍ തുടങ്ങിയത്. കൊര്‍ഡോവ, ഗ്രാനഡെ, ടോളിഡോ, ബഗ്ദാദ്, ഡമസ്കസ്, കൈറോ, അലക്സാണ്ട്റിയ പോലുള്ള പ്രമുഖ നഗരങ്ങളിലെ ഗ്രന്ഥാലയങ്ങളിലുണ്ടായിരുന്ന പുസ്തകങ്ങളില്‍ ശ്രദ്ധേയമായവയെല്ലാം ലാറ്റിന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും പിന്നീട് അവ ഉപയോഗിച്ച് ഗവേഷണ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. അങ്ങനെയാണ് പാശ്ചാത്യര്‍ പുരോഗതിയുടെ പടവുകള്‍ ചവിട്ടിക്കയറിയത്.
ഇസ്ലാമിക സംസ്കാരത്തിന്റെയും നാഗരികതയുടെയും കേന്ദ്രമായിരുന്ന സ്പെയിനിലെ നേട്ടങ്ങളൊക്കെയും സ്വന്തമാക്കിയ ഇസ്ലാമിന്റെ ശത്രുക്കള്‍ 1492-ല്‍ ആ രാഷ്ട്രത്തെ അധീനപ്പെടുത്തുകയും അവിടെയുണ്ടായിരുന്ന ഗ്രന്ഥങ്ങളെല്ലാം ചുട്ടെരിക്കുകയും ചെയ്തു. അര നൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും ഒരൊറ്റ മുസ്ലിമും അവിടെ അവശേഷിക്കാത്തവിധം എല്ലാവരെയും നിര്‍ബന്ധമായി മതം മാറ്റുകയും വഴങ്ങാത്തവരെ നിര്‍ദയം വധിക്കുകയും ചെയ്തു. അതോടെയാണ് മുസ്ലിം നാടുകളുടെ പിന്നാക്കാവസ്ഥയും തകര്‍ച്ചയും സംഭവിച്ചത്. ഈ വസ്തുത പ്രശസ്ത ആംഗല ചരിത്രകാരനായ ലെയിന്‍ പൂള്‍ തന്നെ വ്യക്തമാക്കുന്നു: “നൂറ്റാണ്ടുകളോളം സ്പെയിന്‍ നാഗരികതയുടെ കേന്ദ്രവും കലാവിദ്യയുടെയും ഭൌതികശാസ്ത്രത്തിന്റെയും എന്നുവേണ്ട വിശിഷ്ടമായ എല്ലാതരം വിജ്ഞാനത്തിന്റെ ഇരിപ്പിടവുമായിരുന്നു. യൂറോപ്പിലെ മറ്റൊരു രാജ്യവും അന്നോളം അറബികളുടെ പരിഷ്കൃതരാജ്യത്തിന്റെ അടുത്തെങ്ങുമെത്തിയിരുന്നില്ല. ഫെര്‍ഡിനാന്റിന്റെയും ഇസബെല്ലയുടെയും ചാള്‍സിന്റെയും സാമ്രാജ്യങ്ങള്‍ക്ക് ഇത്തരം ശാശ്വതമായ യാതൊരൌന്നത്യവും ലഭിച്ചില്ല. മുസ്ലിംകളെ അവര്‍ പുറത്താക്കി. തെല്ലിട ക്രൈസ്തവ സ്പെയിന്‍ ചന്ദ്രനെപ്പോലെ കടം വാങ്ങിയ വെളിച്ചം കൊണ്ട് പ്രകാശിച്ചു. ക്ഷണത്തില്‍ ഗ്രഹണം വന്നു. പിന്നീട് ഇന്നോളം സ്പെയിന്‍ അന്ധകാരത്തില്‍ തപ്പിത്തടയുകയാണ്.” സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റത്തോടെ മുസ്ലിം നാടുകളുടെ തകര്‍ച്ച പൂര്‍ണമാവുകയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലുമായി സാമ്രാജ്യശക്തികള്‍ മുഴുവന്‍ മുസ്ലിം നാടുകളും പങ്കിട്ടെടുത്തു. അങ്ങനെ മുസ്ലിം രാജ്യങ്ങളും സമൂഹങ്ങളും പാശ്ചാത്യ സാമ്രാജ്യശക്തികളുടെ അധീനതയിലായി. അവര്‍ മുസ്ലിം നാടുകളെ തീര്‍ത്തും കൊള്ളയടിക്കുക മാത്രമല്ല, മുസ്ലിംകളെ അവരുടെ ആദര്‍ശ വിശ്വാസങ്ങളില്‍നിന്നും വിശുദ്ധമായ ജീവിതരീതികളില്‍നിന്നും വ്യതിചലിപ്പിക്കുകയും ചെയ്തു. അതോടെ ആ നാടുകളും നാട്ടുകാരും പെട്ടെന്നൊന്നും പരിഹരിക്കാനാവാത്ത പിന്നാക്കാവസ്ഥക്ക് അടിപ്പെട്ടു. അതോടൊപ്പം പുരോഗതിയുടെയും നവോത്ഥാനത്തിന്റെയും ചാലകശക്തിയായി വര്‍ത്തിക്കുന്ന ആദര്‍ശവിശ്വാസങ്ങള്‍ക്കും ജീവിതവീക്ഷണങ്ങള്‍ക്കും മങ്ങലേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളില്‍ ഈ നാടുകള്‍ സ്വാതന്ത്യ്രം നേടിയെങ്കിലും അവക്കൊന്നും മുതുക് നിവര്‍ത്താന്‍ പറ്റാത്ത സ്ഥിതിയാണുണ്ടായിരുന്നത്. സ്വാതന്ത്യ്രം നല്‍കിയപ്പോള്‍ സാമ്രാജ്യശക്തികള്‍ അവിടങ്ങളിലെല്ലാം തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന, ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിലൊട്ടും താല്‍പര്യമില്ലാത്ത, രാജ്യപുരോഗതിയെ സംബന്ധിച്ച ശരിയായ കാഴ്ചപ്പാടോ ദീര്‍ഘവീക്ഷണമോ തീരേ ഇല്ലാത്ത ഏകാധിപതികളെയും രാജാക്കന്മാരെയും സുല്‍ത്താന്‍മാരെയും കുടിയിരുത്തുകയായിരുന്നു. തദ്ദേശീയരുടെ അഭിപ്രായങ്ങളോ താല്‍പര്യങ്ങളോ ഒട്ടും പരിഗണിക്കാതെയാണവര്‍ ഇന്നോളം ഭരണം നടത്തിപ്പോന്നത്. അതുകൊണ്ടുതന്നെ പാശ്ചാത്യ സാമ്രാജ്യശക്തികള്‍ക്ക് കോളനിവാഴ്ചക്കാലത്തെന്നപോലെ തുടര്‍ന്നും ആ നാടുകളെ കൊള്ളയടിക്കാന്‍ അനായാസം സാധിച്ചു. ഇന്നും അതേ സ്ഥിതി തുടരുകയാണ്. നാടിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും പുരോഗതിക്കും വഴിയൊരുക്കുന്ന ഇസ്ലാമിക വ്യവസ്ഥ നടപ്പാക്കാനായി യത്നിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങളെ സാമ്രാജ്യ ശക്തികളുടെ സഹായത്തോടെ തദ്ദേശീയരായ സ്വേഛാധിപതികള്‍ ക്രൂരമായി അടിച്ചമര്‍ത്തുകയും ചോരയില്‍ മുക്കിക്കൊല്ലുകയുമാണ്. അവിടങ്ങളില്‍ ജനഹിതം നടപ്പിലാക്കപ്പെടുന്നതും ജനാധിപത്യം സ്ഥാപിതമാകുന്നതും പാശ്ചാത്യ സാമ്രാജ്യശക്തികള്‍ ഇഷ്ടപ്പെടുന്നില്ല. അവരുടെ ചൂഷണവും മുസ്ലിം നാടുകളുടെ പിന്നാക്കാവസ്ഥയും അവിരാമം തുടരാന്‍ അതനിവാര്യമാണല്ലോ. മുസ്ലിം സമൂഹങ്ങളും രാഷ്ട്രങ്ങളും ഇസ്ലാമിനെ യഥാവിധി പിന്തുടര്‍ന്നപ്പോള്‍ പുരോഗതിയുടെ പാരമ്യത പ്രാപിക്കുകയും അതിനെ കൈയൊഴിച്ചപ്പോള്‍ പിന്നാക്കാവസ്ഥയുടെ പാതാളത്തില്‍ പതിക്കുകയുമാണുണ്ടായത്.
ഇസ്ലാം സമൂഹത്തില്‍ സൃഷ്ടിക്കുന്ന സ്വാധീനം എന്താണെന്ന് ഈ ചരിത്രവസ്തുത സുതരാം വ്യക്തമാക്കുന്നു. പാശ്ചാത്യ അധിനിവേശം വരെ ഇന്ത്യയിലെ മുസ്ലിംകള്‍ ഇതര ജനവിഭാഗങ്ങളെ അപേക്ഷിച്ച് ഒട്ടും പിന്നിലായിരുന്നില്ല. എന്നല്ല, കലാസാഹിത്യ സാംസ്കാരിക മേഖലകളില്‍ ഏറെ മികവ് പുലര്‍ത്തുകയും ചെയ്തിരുന്നു. ഭാരതത്തിന്റെ ബഹുമുഖമായ പുരോഗതിയില്‍ ഇസ്ലാം വഹിച്ച മഹത്തായ പങ്ക് സുവിദിതമാണ്. നമ്മുടെ നാടിന്റെ സാംസ്കാരിക പൈതൃകങ്ങളും നാഗരികാവശിഷ്ടങ്ങളും പരിശോധിക്കുന്ന ഏവര്‍ക്കുമത് ബോധ്യമാകും. ഇന്ത്യയുടെ ചരിത്രം കുറിച്ചിട്ട നിഷ്പക്ഷരായ ചരിത്രകാരന്മാരെല്ലാം ഇസ്ലാമിന്റെ സാന്നിധ്യം സമ്മാനിച്ച അനര്‍ഘമായ നേട്ടങ്ങളെ നന്ദിയോടെ സ്മരിക്കുകയും വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പിന്നീട് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യമുറപ്പിച്ചപ്പോള്‍ അതിനെ ഏറ്റവും ശക്തമായി എതിര്‍ത്തതും നേരിട്ടതും മുസ്ലിംകളായിരുന്നു. തങ്ങള്‍ക്കെതിരെ കലാപം തുടങ്ങിവച്ചത് മുഹമ്മദീയരാണെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ജെയിംസ് ഔട്ട്റാമും, മുഹമ്മദന്‍പട്ടാളക്കാരും ജനങ്ങളുമായിരുന്നു ഹിന്ദുക്കളേക്കാള്‍ ശത്രുത പുലര്‍ത്തിയതെന്ന്പ ഞ്ചാബ് കമീഷണര്‍ സര്‍ ജോണ്‍ ലോറന്‍സും പറയാനുള്ള കാരണവും അതുതന്നെ.( History of Indian Mutiny Vol. 11 P: 355 ). അതിനാല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ മുസ്ലിംകളോട് ശത്രുതാപരമായ നിലപാട് സ്വീകരിച്ചു. മതസ്ഥാപനങ്ങളുടെ നടത്തിപ്പിനുവേണ്ടി നല്‍കപ്പെട്ടിരുന്ന സ്വത്തുക്കള്‍ കോണ്‍വാലീസ് പ്രഭുവിന്റെ ശാശ്വത നികുതി വ്യവസ്ഥ വന്നതോടെ മുസ്ലിംകള്‍ക്ക് നഷ്ടപ്പെട്ടു. ബ്രിട്ടീഷുകാര്‍ പേര്‍ഷ്യന്‍ ഭാഷയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ശരീഅത്ത് വ്യവസ്ഥ നിര്‍ത്തലാക്കുകയും ചെയ്തു. വഖ്ഫ് സ്വത്തുക്കള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് മതസ്ഥാപനങ്ങളെ പ്രതികൂലമായി ബാധിച്ചു. ഇത്തരം പ്രയാസങ്ങളും പ്രതിസന്ധികളും മുസ്ലിംകളുടെ മനോവീര്യം കെടുത്തുന്നതില്‍ അനല്‍പമായ പങ്കുവഹിച്ചു. അതോടൊപ്പം വൈദേശികാധിപത്യത്തോടുള്ള അതിശക്തമായ വെറുപ്പും വിരോധവും കാരണമായി പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ നേരെ മുസ്ലിം സമുദായം പുറം തിരിഞ്ഞുനിന്നു. ഇംഗ്ളീഷ് ഭാഷ പഠിക്കുന്നതിനെ മതനേതൃത്വം കണിശമായി വിലക്കി. അത് നിഷിദ്ധമാണെന്ന് പണ്ഡിതന്മാര്‍ വിധിച്ചു. ഈ സമീപനം ദേശീയ സ്വാതന്ത്യ്രബോധത്താല്‍ പ്രചോദിതമായിരുന്നുവെങ്കിലും മുസ്ലിംകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ബഹുദൂരം പിന്നിലാകാന്‍ അത് കാരണമായി. ബ്രിട്ടീഷുകാരുടെ പ്രതികാര നടപടികളും മുസ്ലിംകളുടെ ബ്രിട്ടീഷ്വിരോധവും ഒത്തുചേര്‍ന്നപ്പോള്‍ ദീര്‍ഘകാലം രാജ്യഭരണം നടത്തിയ സമൂഹം അധഃപതനത്തിലേക്ക് ആണ്ടുപോവുകയായിരുന്നു. ബ്രിട്ടീഷുകാര്‍ നാടുനീങ്ങിയതോടെ ഇന്ത്യ വിഭജിക്കപ്പെടുകയും ഇവിടത്തെ മുസ്ലിം വ്യാപാരികളും വ്യവസായികളും ഉദ്യോഗസ്ഥരും നേതാക്കളും പണ്ഡിതന്മാരും സമ്പന്നരുമെല്ലാം പാകിസ്താനിലേക്ക് പോവുകയും തദ്ഫലമായി ഫലത്തില്‍ ഇന്ത്യയിലെ മുസ്ലിംകള്‍ തീര്‍ത്തും അനാഥരാവുകയും ചെയ്തു. സ്വതന്ത്രേന്ത്യയില്‍ അടിക്കടിയുണ്ടായ വര്‍ഗീയ കലാപങ്ങളും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ അവഗണനയും സര്‍വോപരി യോഗ്യമായ സമുദായനേതൃത്വത്തിന്റെ അഭാവവും മുസ്ലിംകളെ കൂടുതല്‍ അധഃസ്ഥിതരും പിന്നാക്കക്കാരുമാക്കി. ഇന്നും ഈ നില തുടരുകയാണ്. ചരിത്രപരമായ കാരണങ്ങളാല്‍ സംഭവിച്ച ഈ പതിതാവസ്ഥയില്‍ ഇസ്ലാമിന് ഒരു പങ്കുമില്ലെന്നും ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഒടുങ്ങാത്ത മോഹവും യത്നവും സ്വാതന്ത്ര്യവേളയിലുണ്ടായ രാജ്യവിഭജനവുമാണ് യഥാര്‍ഥ കാരണമെന്നും ഏവര്‍ക്കും ഏറെയൊന്നും വിശകലനം ചെയ്യാതെ തന്നെ മനസ്സിലാക്കാവുന്ന വസ്തുതയത്രെ. ഇസ്ലാമിനെ സമഗ്രമായും യഥാതഥമായും ഉള്‍ക്കൊള്ളുമ്പോഴാണ് മുസ്ലിംകള്‍ മുഴുജീവിത മേഖലകളിലും വളര്‍ച്ചയും പുരോഗതിയും നേടുകയെന്നും അതിനെ കൈയൊഴിക്കുമ്പോഴാണ് തകര്‍ച്ചയെയും പിന്നാക്കാവസ്ഥയെയും അഭിമുഖീകരിക്കുകയെന്നും കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകാലത്തെ ചരിത്രം വിലയിരുത്തുന്ന ഏവര്‍ക്കും ബോധ്യമാകും.
Add Comment