ചോദ്യം: “ഇസ്ലാം നല്ലതും ഫലപ്രദവുമാണെങ്കില്‍ ലോകത്ത് നൂറുകോടിയോളം മുസ്ലിംകളും അമ്പതിലേറെ മുസ്ലിംരാഷ്ട്രങ്ങളുമുണ്ടായിട്ടും അതെന്തുകൊണ്ട് നടപ്പാക്കപ്പെടുന്നില്ല ? അതിന്റെ സദ്ഫലങ്ങള്‍ എന്തുകൊണ്ട് കാണപ്പെടുന്നില്ല?”
വൈയക്തികവും സാമൂഹികവും രാഷ്ട്രീയവുമായ നേട്ടങ്ങളോടൊപ്പം മരണാനന്തരജീവിത വിജയം ഉറപ്പുവരുത്തുന്ന ദൈവിക ജീവിതവ്യവസ്ഥയാണ് ഇസ്ലാം. വ്യക്തിജീവിതത്തിലെ കൊടുംചൂടില്‍ തണലേകുന്ന കുടയായും കൂരിരുട്ടില്‍ വെളിച്ചമേകുന്ന വിളക്കായും വീഴ്ചകളില്‍ താങ്ങാവുന്ന തുണയായും വിജയവേളകളില്‍ നിയന്ത്രണം നല്കുന്ന കടിഞ്ഞാണായും വിഷാദനിമിഷങ്ങളില്‍ ആശ്വാസ സന്ദേശമായും വേദനകളില്‍ സ്നേഹസ്പര്‍ശമായും അത് വര്‍ത്തിക്കുന്നു.
ജീവിതത്തില്‍ വ്യക്തമായ ദിശാബോധം നല്‍കുന്നു. അങ്ങനെ അലക്ഷ്യതയ്ക്ക് അറുതിവരുത്തുന്നു. അസ്വസ്ഥതകള്‍ക്ക് വിരാമമിടുന്നു. കുടുംബജീവിതത്തില്‍ സ്വൈരവും ഭദ്രതയും ഉറപ്പുവരുത്തുന്നു.