ഇസ്‌ലാം-Q&A

മദ്ഹബ് പിന്തുടരല്‍: ശരിയായ രീതിയെന്ത് ?

ചോ: ഖുര്‍ആനിലും ഹദീസുകളിലും കാര്യമായ പിടിപാടില്ലാത്ത വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും ഒരു മദ്ഹബ് മാത്രം പിന്തുടര്‍ന്നാല്‍ മാത്രംമതിയോ ? അതോ തനിക്ക് ശരിയെന്ന് തോന്നുന്ന മദ്ഹബീ അഭിപ്രായങ്ങള്‍ സ്വീകരിച്ചാല്‍ കുഴപ്പമുണ്ടോ?

——————-

ഉത്തരം: താങ്കളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കുക സാധ്യമല്ല.  എങ്കിലും മദ്ഹബ് പിന്തുടരുന്ന രീതിയെ സംബന്ധിച്ച് ചില കാഴ്ചപ്പാടുകള്‍ ഇവിടെ അവതരിപ്പിക്കാം.

1. ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ പഠിപ്പിക്കുന്നതനുസരിച്ച് ഒരു വിശ്വാസി നിയമദാതാവായ അല്ലാഹുവിനെയല്ലാതെ മറ്റാരെയും പിന്തുടരാന്‍ ബാധ്യസ്ഥനല്ല. നമസ്‌കാരം , സകാത്, നോമ്പ്, ഹജ്ജ് എന്നിത്യാദി കാര്യങ്ങള്‍ അതിന് ഉദാഹരണമാണ്. അല്ലാഹുവിലക്കിയ സംഗതികള്‍ എന്തൊക്കെയാണ്  അതിന്റെ  പിന്നിലെ രഹസ്യമെന്ത് തുടങ്ങിയ കാര്യങ്ങള്‍ ഒരു വിദഗ്ധന്റെ ആവശ്യമില്ലാത്തവിധം കൃത്യമായി അടിസ്ഥാനപ്രമാണങ്ങളില്‍ നമുക്ക് കാണാനാകും.

2. കര്‍മശാസ്ത്രപരമായ, അടിസ്ഥാനപ്രമാണങ്ങളില്‍ പരാമര്‍ശിക്കപ്പെടാത്ത, നമ്മുടെ ജീവിതത്തില്‍ അത്രയൊന്നും സാധാരണമല്ലാത്ത വിഷയങ്ങളില്‍മാത്രമാണ് മദ്ഹബ് പിന്തുടരുന്ന വിഷയം കടന്നുവരുന്നത് . എങ്കില്‍പോലും കൃത്യമായി പ്രത്യേക മദ്ഹ്ബ് എന്നോ നിശ്ചിത പണ്ഡിതന്‍ എന്നോ നമുക്ക് ചൂണ്ടിക്കാട്ടാന്‍ സാധ്യമല്ല. സ്ഥലകാല സന്ദര്‍ഭത്തിനനുസരിച്ച് നാം പറ്റിയത് തെരഞ്ഞെടുക്കുകയെന്നേ അതെപ്പറ്റി പറയാനാകൂ.

 

3. ‘പാമരജനത്തിന് മദ്ഹബില്ല’ എന്ന് സാധാരണപറയാറുണ്ട്. കാരണം, അവന്റെ മുഫ്തിയോ, അധ്യാപകനോ ആണ്‍ അവന്റെ മദ്ഹബ് എന്നതിനാലാണത്. സംശയമുള്ള വിഷയങ്ങളില്‍ തന്നെക്കാള്‍ കൂടുതല്‍ വിവരമുള്ളയാളെ ആശ്രയിക്കുകമാത്രമേ അവന് ചെയ്യാനുള്ളൂ.  തനിച്ച് തീരുമാനമെടുക്കാന്‍മാത്രം വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്തതിനാല്‍ ഒരാള്‍ക്ക് തന്നെക്കാള്‍ അറിവുള്ളയാളെ ആശ്രയിക്കാം. ദീനിനെക്കുറിച്ച സാമാന്യപരിജ്ഞാനമോ  തീരുമാനശേഷിയോ ഇല്ലാത്ത ആളുകള്‍ താന്‍ ശാഫിഈ/ഹമ്പലീ/ മാലികീ മദ്ഹബുകാരനാണെന്ന് സ്വയം വിശേഷിപ്പിക്കാന്‍ പാടുള്ളതല്ല. വിവരമില്ലാത്ത ഒരാള്‍ താന്‍ ഡോക്ടറോ, എഴുത്തുകാരനോ, വക്കീലോ ആണെന്ന് പറയുംപോലുള്ളൊരു അസംബന്ധം അതിലുണ്ട്.

4. മേല്‍പറഞ്ഞതുപോലെ പറയണമെങ്കില്‍ അതിന് യോഗ്യതയുള്ളവനായിരിക്കണം എന്ന് ഇമാം ശാഹ്‌വലിയുല്ലാ ദഹ്‌ലവി പറഞ്ഞിട്ടുണ്ട്.ലോകത്തിന്റെ വ്യത്യസ്തഭാഗങ്ങളില്‍ ഇസ്‌ലാം പ്രചരിച്ചത് പണ്ഡിതരിലൂടെയും ഹനഫീ, ശാഫിഈ, മാലികീ തുടങ്ങി ചിന്താസരണികളിലൂടെയാണ്. ഉദാഹരണത്തിന് തെക്കേഇന്ത്യ(പ്രത്യേകിച്ചും കേരളത്തില്‍)യില്‍ ആളുകള്‍ തങ്ങളെ ശാഫിഈ മദ്ഹബുകാരായി കാണുന്നു. എന്നാല്‍ വടക്കേ ഇന്ത്യയില്‍ ഉള്ളവര്‍ തങ്ങളെ ഹനഫികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്(അക്കൂട്ടത്തില്‍ പെടാത്തവര്‍ തീര്‍ച്ചയായും ആ നാടുകളിലുണ്ടെന്നത് മറക്കുന്നില്ല).

5. ഫിഖ്ഹ് അഥവാ കര്‍മശാസ്ത്രപഠനത്തിലൂടെയാണ് യഥാര്‍ഥത്തില്‍ ഒരാളുടെ മനോമുകുരത്തില്‍ മദ്ഹബ് കടന്നുവരുന്നത്.  അവ്വിഷയകമായി താരതമ്യപഠനംതുടങ്ങുംമുമ്പ് എല്ലാവരും ഏതെങ്കിലും പ്രത്യേകചിന്താസരണിയെ ആസ്പദമാക്കിയാണ് അറിവ് നേടാന്‍ തുടങ്ങുന്നത്. അതുകൊണ്ടുതന്നെ അത്തരമൊരാള്‍ക്ക് മറ്റൊരുചിന്താസരണിയെ തെരഞ്ഞെടുക്കാനോ അടുത്തറിയാനോ അവസരം ലഭിക്കാറില്ല.

6. ഏതെങ്കിലും ഒരു ചിന്താസരണിയെ കേന്ദ്രീകരിച്ചുമാത്രം കര്‍മശാസ്ര്തവിജ്ഞാനം സ്വായത്തമാക്കുന്നവനെ  അതിലെ വിദഗ്ധന്‍ എന്നുവിശേഷിപ്പിക്കാനാകില്ല. അതെപ്പറ്റിയുള്ള പൊതുവര്‍ത്തമാനം ഇതാണ്: ‘ഫിഖ്ഹിന്റെ വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകളെ അറിയാത്തവന്‍ ഫിഖ്ഹിന്റെ വാസനപോലും അനുഭവിക്കാത്തവനാണ്.’ ചുരുക്കിപ്പറഞ്ഞാല്‍ ഫിഖ്ഹ്  അറിയുകയെന്നുപറഞ്ഞാല്‍, അതിലെ വ്യത്യസ്തചിന്താസരണികളെ തെളിവുകളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കുക എന്നതാണ്.

7. ഫിഖ്ഹിന്റെ വ്യത്യസ്തചിന്താസരണികളെ അടുത്തറിയുകയും അവയുടെ താരതമ്യപഠനം നടത്തുകയുംചെയ്ത ആള്‍ക്ക്  ഏതെങ്കിലും ഒരു ചിന്താസരണി പിന്തുടരേണ്ട നിര്‍ബന്ധമില്ല. പ്രത്യേകസാഹചര്യത്തില്‍ ഏറ്റവും ബലവത്തായ, യുക്തിപൂര്‍ണമായ,അനുഗുണമായ, മറ്റെവിടെനിന്നും ഉപദേശം സാധ്യമല്ലാത്തഘട്ടത്തില്‍ പരിഹാരമാര്‍ഗം നിര്‍ദ്ദേശിക്കുന്നതായ ഒരു അഭിപ്രായം അയാള്‍ക്ക് പിന്തുടരാം. എന്നാല്‍തന്നെയും  പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുള്ളത് ഇപ്രകാരമാണ്:’ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ള തെളിവിനെക്കുറിച്ച് തീര്‍ച്ചയില്ലാത്തവന്‍ ഞങ്ങളുടെ വിധിപ്രസ്താവത്തെ കൂട്ടുപിടിച്ച് ഫത്‌വ നല്‍കരുത്.’

8. ഇതൊക്കെ പറയുമ്പോഴും ഒരു തെറ്റുധാരണ നീക്കംചെയ്യേണ്ടതുണ്ട്. ഇനി ഒരാള്‍ മേല്‍പറഞ്ഞ നിലയില്‍ മദ്ഹബുകളെ പിന്തുടര്‍ന്നാല്‍ തന്നെയും  കൃത്യമായ വിവരത്തെ ആസ്പദമാക്കി അത് ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്. ഒരു വിഷയത്തിലെ വ്യത്യസ്തവീക്ഷണങ്ങളെ സംബന്ധിച്ച്  ബോധ്യമുള്ള  ആള്‍ക്ക്  സ്വകീയമായ നിഗമനങ്ങളില്‍ ആത്മവിശ്വാസക്കുറവ് ബോധ്യമായാല്‍  മറ്റു ഫത്‌വകളെ അവയുടെ സാധുത വിലയിരുത്തി ഇതരവ്യക്തികള്‍ക്ക് നിര്‍ദ്ദേശിക്കാവുന്നതാണ്.

9. കര്‍മശാസ്ത്രവിശകലനഗ്രന്ഥങ്ങളിലും മറ്റും ശേഖരിച്ചുവെച്ചിട്ടുള്ള  ഫത്‌വകളെ  അവയുടെ പശ്ചാത്തലമോ, അവയുണ്ടായ സാമൂഹികചുറ്റുപാടോ ജനതയോ പരിഗണിക്കാതെ വെറുതെ ഉദ്ധരിക്കുന്നവനാണ് പണ്ഡിതന്‍ എന്നുവന്നാല്‍ അത്തരക്കാരെ ശരീഅത്തിനെ വികൃതമാക്കുന്നവരെന്നേ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാനാകുക. ഇമാം ഇബ്‌നുല്‍ ഖയ്യിം പറയുന്നത് കാണുക: തന്റെ ചുറ്റുപാടുമുള്ള ജനതയെയും സാമൂഹികപരിതസ്ഥിതിയെയും സമയപരികല്‍പനയെയും കണക്കിലെടുക്കാതെ വാല്യക്കണക്കായ പുസ്തകങ്ങളില്‍നിന്ന് ആളുകള്‍ക്ക് വിധിപറയുന്നവന്‍ സ്വയം വഴിതെറ്റിയവനും മറ്റുള്ളവരെ വഴിതെറ്റിക്കുന്നവനുമാണ്. രോഗിയുടെ ശരീരപ്രകൃതിയോ, ചുറ്റുപാടോ,സമയമോ, കാലാവസ്ഥയോ കണക്കിലെടുക്കാതെ തടിച്ച മെഡിക്കല്‍ ഗ്രന്ഥങ്ങള്‍ മറിച്ചുനോക്കി സമാനമായ പ്രത്യേകതകളുള്ള രോഗികള്‍ക്ക് നല്‍കുംപോലെ മരുന്നുകുറിക്കുന്ന ഡോക്ടറെക്കാള്‍ വലിയ കുറ്റകൃത്യമാണ് പണ്ഡിതനെന്ന്ചമയുന്ന ആ വ്യക്തി മതത്തിനെതിരെ ചെയ്യുന്ന കുറ്റം.  വിവരംകെട്ട ‘നിയമോപദേഷ്ടാവ്’ അങ്ങേയറ്റം അപകടംപിടിച്ചവനായിരിക്കും.

 

Topics