പ്രണയത്തിന്റെ കണ്ണുകള്‍ക്ക് അന്ധത ബാധിച്ചിരിക്കുന്നുവെന്ന് സാധാരണ പറയാറുണ്ട്. പ്രസ്തുത വിഷയത്തില്‍ ഒട്ടേറെ അബദ്ധങ്ങളില്‍ നമ്മുടെ യുവതീ-യുവാക്കള്‍ ചെന്നു ചാടാറുണ്ട്. ഒരിക്കല്‍ പ്രസ്തുത കെണിയില്‍ അകപ്പെട്ടാല്‍ പിന്നീട് രക്ഷ നേടാന്‍ വളരെ പ്രയാസമാണ്. കുടുംബാംഗങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ധിക്കരിച്ച് തനിക്ക് പ്രിയപ്പെട്ട യുവതിയെ/യുവാവിനെ വിവാഹം കഴിച്ച വ്യക്തി തനിക്ക് യോജിച്ച കുടുംബാംഗങ്ങളല്ല/മാതാപിതാക്കളല്ല കുടുംബത്തിലുള്ളത് എന്ന് വിശ്വസിക്കുന്നു. അവരുടെ വിദ്യാഭ്യാസം, സാമൂഹിക നിലവാരം, പ്രായം, പെരുമാറ്റം, സഹിക്കാന്‍ കഴിയാത്ത ന്യൂനതകള്‍ തുടങ്ങിയവയെല്ലാം തങ്ങളുടേതായ കാഴ്ചപ്പാടിന് വിരുദ്ധമാണെന്ന് നവതലമുറയിലെ യുവതീ-യുവാക്കള്‍ വിലയിരുത്തുന്നു. അണിഞ്ഞൊരുങ്ങി, പുറത്തിറങ്ങി ആഘോഷിച്ച് ജീവിക്കുന്ന ഇവര്‍ക്ക് ജീവിതാനുഭവമോ, കൃത്യമായ ജീവിതവീക്ഷണമോ ഇല്ല. അവരെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായത് പ്രണയം തന്നെയാണ്. അതിന്റെ കാരണമോ, അതിലേക്ക് നയിക്കുന്ന സാഹചര്യമോ അവര്‍ക്ക് വിഷയമല്ല. അതിന്റെ പേരില്‍ തന്റെ ചുറ്റുമുള്ള ലോകത്തോട് തന്നെ യുദ്ധം ചെയ്യാന്‍ അവര്‍ തയ്യാറാണ്. തന്റെ ലക്ഷ്യത്തിന് (വിവാഹം) മുന്നില്‍ തടസ്സമായി നില്‍ക്കുന്ന ആരെയും അവര്‍ ബഹിഷ്‌കരിക്കുന്നു. എന്ത് തന്നെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വന്നാലും താന്‍ സ്‌നേഹിച്ചവനെ/സ്‌നേഹിച്ചവളെ മാത്രമെ വിവാഹം കഴിക്കുകയുള്ളൂ എന്നതാണ് അവരുടെ തീരുമാനം. ഇതൊന്നും ഒരു വ്യക്തിയുടെ സുപ്രധാനമായ ന്യൂനതയായി വിലയിരുത്താവതല്ല. അതിന്റെ പേരില്‍ പോറ്റിവളര്‍ത്തിയ മാതാപിതാക്കളെയും, സഹോദരീ-സഹോദരന്‍മാരെയും ഉപേക്ഷിക്കുകയും അവരുടെ ശരിയായ അഭിപ്രായത്തെ അവഗണിക്കുകയും ചെയ്യുന്നതാണ് ഏറ്റവും ഗുരുതരമായ പാപം. കുടുംബാംഗങ്ങള്‍ക്കിടയില്‍ അതിഭീമമായ വിടവ് സൃഷ്ടിക്കുകയും, വര്‍ഷങ്ങളോളം പിണക്കത്തിലും കലഹത്തിലും ജീവിക്കുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്.
ഇപ്രകാരം നടത്തപ്പെടുന്ന വിവാഹങ്ങള്‍ വളരെ വേഗത്തില്‍ തന്നെ മോചനത്തിലേക്കും, ഖേദത്തിലേക്കും വഴിമാറുകയാണ് ചെയ്യാറെന്നതിന് നമ്മുടെ ചുറ്റുപാടിലെ സംഭവവികാസങ്ങള്‍ സാക്ഷിയാണ്. മറ്റുള്ളവരുടെ സുബദ്ധാഭിപ്രായങ്ങള്‍ അവഗണിച്ചതിന്റെ പേരില്‍ വിരല്‍കടിക്കുന്ന സാഹചര്യം രൂപപ്പെടാന്‍ അധികകാലം വേണ്ടി വരില്ല എന്നത് തന്നെയാണ് അനുഭവ സാക്ഷ്യം. പക്ഷെ, ഖേദമോ, ആക്ഷേപമോ യാതൊരു അനുകൂല ഫലവും ചെയ്യുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഭാവനാ സമ്പുഷ്ടമായ സിനിമകളും, ആകര്‍ഷകമായ സീരിയലുകളും, ആനന്ദം പരത്തുന്ന ഗാനരംഗങ്ങളും കണ്ട് ജീവിതത്തെ വിലയിരുത്തിയ ഇവര്‍ക്ക് ജീവിതയാഥാര്‍ത്ഥ്യത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയുന്നില്ല എന്നത് തന്നെയാണ് ഇതിനുള്ള കാരണം.
വൈവാഹിക ജീവിതത്തിന്റെ ആദ്യകാലത്ത് യോജിക്കാത്തത് നാളുകള്‍ക്കകം പരിഹരിക്കപ്പെടുമെന്ന മിഥ്യാധാരണയും ഇവര്‍ക്കുണ്ട്. എന്നാല്‍ ദിവസങ്ങളല്ല, വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഇത്തരം തുണകള്‍ക്കിടയില്‍ പൂര്‍ണയോജിപ്പ് കടന്ന് വരികയില്ല. മാത്രമല്ല, പരസ്പരമുള്ള അകല്‍ച്ച വര്‍ധിക്കുകയും മുറിവ് കൂടുതല്‍ പഴുക്കുകയും വേദനിക്കുകയും മനസ്സ് തകര്‍ന്ന് പോവുകയുമാണ് ചെയ്യുക.
തങ്ങളുടെ പ്രണയചാപല്യങ്ങളുടെ മാര്‍ഗത്തില്‍ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച എത്രയെത്ര യുവതീ-യുവാക്കള്‍ നമ്മുടെ സമൂഹത്തിലുണ്ട്! മക്കളുടെ ക്രൂരമായ ചെയ്തികളില്‍ മനസ്സ് വേദനിച്ച്, ശരീരം തളര്‍ന്ന്, മറ്റുള്ളവരുടെ പരിചരണം തേടി രോഗശയ്യയിലായിരിക്കുന്നു അവര്‍. വേദനകളില്‍ അവര്‍ക്ക് ആശ്വാസം നല്‍കാന്‍, വിശക്കുമ്പോള്‍ അന്നം നല്‍കാന്‍, ആവശ്യമായ പരിചരണം നല്‍കാന്‍ കഷ്ടപ്പെട്ട് വളര്‍ത്തിയ സന്താനങ്ങള്‍ കൂടെയില്ല! മാതാപിതാക്കളുടെ മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ അവരെ അവസാനമായി യാത്രയയക്കാന്‍ പോലും എത്തി നോക്കാത്തവര്‍ നമുക്കിടയിലുണ്ട്.
എന്ത് കൊണ്ട് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് കൂടി ചെവി കൊടുക്കാന്‍ നമ്മുടെ യുവതീ-യുവാക്കള്‍ തയ്യാറാവുന്നില്ല? നമ്മുടേതിന് വിരുദ്ധമായ അഭിപ്രായങ്ങളോട് സമാധാനപൂര്‍വം സംവദിക്കാനും, ചര്‍ച്ച ചെയ്യാനും എന്ത് കൊണ്ട് അവര്‍ മുന്നോട്ട് വരുന്നില്ല?
ഹനാഅ് അല്‍മദ്ദാഹ്
Add Comment