നൈറോബി മുതല്‍ ജക്കാര്‍ത്ത വരെയും ദക്ഷിണാഫ്രിക്ക മുതല്‍ കുസ്താനിയ വരെയും വ്യാപിച്ചുകിടക്കുന്ന ഏഷ്യന്‍, ആഫ്രിക്കന്‍ വന്‍കരകളില്‍ ഇസ്‌ലാമിക നവജാഗരണത്തിന്റെ നവീനവും പരിപക്വവുമായ തരംഗം രൂപപ്പെട്ടുവരികയാണ്. ഇറാന്‍ വിപ്ലവത്തില്‍ പ്രകടമായതു പോലെ സമഗ്രമാണീ തരംഗം. വ്യക്തിയുടെ ആത്മീയോല്‍ക്കര്‍ഷം, ബൗദ്ധികം, സാംസ്‌കാരികം തുടങ്ങി ഏതാനും പരിമിതമേഖലകളില്‍ അത് ഒതുങ്ങി നില്‍ക്കുന്നില്ല. പ്രത്യുത, സമൂഹത്തെ ആപാദചൂഢം ചൂഴ്ന്നു നില്‍ക്കുന്ന പുനഃസൃഷ്ടിയുടെ സൂചനകളാണ് ഇതില്‍ ദര്‍ശിക്കപ്പെടുന്നത്. വ്യാപകമായ ഈ നവജാഗരണം ഉത്തേജനമാര്‍ജിച്ചത് ആശയപ്പാപ്പരത്തം നേരിടുന്ന ദേശീയവാദം, (വിശിഷ്യാ അറബ് നാഷണലിസം) ആഫ്രിക്കന്‍ സോഷ്യലിസം തുടങ്ങിയവ സൃഷ്ടിച്ച ശൂന്യതയില്‍നിന്നാണ്. കോളനിമുക്ത ദേശീയ ഭരണകൂടങ്ങള്‍ക്ക് സാമ്രാജ്യത്വ വാദികളെ പുറന്തള്ളുകയെന്നതില്‍ കവിഞ്ഞ അജണ്ടയുണ്ടായിരുന്നില്ല. ആ ലക്ഷ്യം നേടിക്കഴിഞ്ഞതോടെ അസ്ഥിരതയും അരക്ഷിതാവസ്ഥയും വര്‍ദ്ധിച്ചു. ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ അവരുടെ പക്കല്‍ ഒന്നുമുണ്ടായിരുന്നില്ല. അങ്ങനെ സാമ്രാജ്യത്വവാദികളായ പാശ്ചാത്യര്‍ക്കെതിരെ അവര്‍ ബദലായിക്കണ്ടത് സോഷ്യലിസത്തെയാണ്. ഇന്ന്, മറ്റാരെയുംപോലെ ഇസ്‌ലാമിക ലോകവും സോഷ്യലിസ്റ്റ് വ്യാമോഹങ്ങളില്‍നിന്ന് മുക്തമാണ്.
ദക്ഷിണേഷ്യ, അറബ്‌ലോകം, ഇറാന്‍ എന്നിവിടങ്ങളില്‍ ഇസ്‌ലാമിക നവജാഗരണം ഉടലെടുത്തുതുടങ്ങിയത് 1950-കളിലാണ്. 1970-കളായപ്പോഴേക്ക് ഭരണപങ്കാളിത്തം നേടുന്നിടം വരെ വളര്‍ന്നു. ഭാഷാപരമായ പരിമിതികളാലോ ഇസ്‌ലാമിക സ്രോതസ്സുമായി നേര്‍ബന്ധം പുലര്‍ത്തുന്നതിലെ മാര്‍ഗതടസ്സങ്ങളാലോ ഇസ്‌ലാമിക ചിന്താസരണി ഉത്തരാഫ്രിക്കയിലെത്താന്‍ കാലവിളംബം നേരിട്ടു. അത് സഹാറയുടെ തെക്കുഭാഗങ്ങളിലെത്താന്‍ പിന്നെയും വൈകി. ഗള്‍ഫ്‌യുദ്ധം യഥാര്‍ഥ ശത്രുവാരെന്ന് അറിയിക്കുന്നതിലും അത് മനസ്സിലാക്കുന്നതിലും സഖ്യകക്ഷികളെയും മുസ്‌ലിംകളെയും ഒരുപാട് സഹായിച്ചു. ഇസ്‌ലാമികലോകത്ത് ‘ജനഹിതം’, ‘ഭൂരിപക്ഷ വികാരം’എന്നിവ ഇസ്‌ലാമും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായി മാറി. അരാജകത്വത്തിന് ബദല്‍ നിര്‍ദേശിക്കുന്ന മൂല്യസംഹിതയായി ഇസ്‌ലാമെന്ന പ്രത്യയശാസ്ത്രത്തെ ലോകം പരിചയപ്പെട്ടതിന് പിന്നില്‍ പ്രയത്‌നിച്ചത് ഇസ്‌ലാമിക പ്രസ്ഥാനങ്ങളായിരുന്നു. വ്യക്തിയില്‍, കുടുംബത്തില്‍, സമൂഹത്തില്‍, സമ്പദ്ഘടനയില്‍, രാഷ്ട്രീയത്തില്‍, പരിസ്ഥിതിയില്‍ ഇസ്‌ലാമിന്റെ നിലപാടുകളെ വ്യക്തമായി വിവരിക്കാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ലോകം കാത്തിരിക്കുന്ന ഒരു ജനകീയ ബദലായി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അതത് രാജ്യങ്ങളില്‍ സ്ഥാനം നിര്‍ണയിച്ചു കഴിഞ്ഞു. സമൂഹത്തെ രചനാത്മകമായി പരിവര്‍ത്തിപ്പിക്കാനും സര്‍ഗാത്മക വിപ്ലവം സാധിച്ചെടുക്കാനും അതിലൂടെ നീതിപൂര്‍വമായ ഒരു ലോകത്തെ സൃഷ്ടിക്കാനും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഇസ്‌ലാമിനെ ജനങ്ങള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു.
Add Comment