ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍

അന്നഹ്ദ (തുനീഷ്യ)

ആഫ്രിക്കയുടെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണ് തുനീഷ്യ. റിപ്പബ്ലിക് ഓഫ് തുനീഷ്യ എന്നാണ് ഔദ്യോഗിക നാമം. ജനതയില്‍ 99% മുസ്‌ലിംകളാണ്. കൂടാതെ ക്രൈസ്തവരുമുണ്ട്. അറബിയാണ് ഔദ്യോഗിക ഭാഷ. ലോകത്ത് ഏറ്റവും കൂടുതല്‍ ഒലീവെണ്ണ ഉല്‍പ്പാദിപ്പിക്കുന്നത് തുനീഷ്യയിലാണ്. സാമ്പത്തിക രംഗത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് തുനീഷ്യ. ക്രിസ്തുവര്‍ഷം ആറാം നൂറ്റാണ്ടിലെ ബൈസന്റിയന്‍ സാമ്രാജ്യത്തിന്റെ ആധിപത്യത്തോടെയാണ് തുനീഷ്യയുടെ ആധുനിക ചരിത്രം ആരംഭിക്കുന്നത്. ഏഴാം നൂറ്റാണ്ടില്‍ ബൈസന്റിയന്‍ സാമ്രാജ്യത്തെ തുരത്തി തുനീഷ്യയുടെ നിയന്ത്രണം അമവീ ഖലീഫ ഏറ്റെടുത്തു. അങ്ങനെ തുനീഷ്യ വഴി മെഡിറ്ററേനിയന്‍ തീരങ്ങളില്‍ ഇസ്‌ലാം പ്രചരിച്ചു. പത്തൊമ്പതാം നൂറ്റാണ്ടില്‍ മുന്നൂറ് വര്‍ഷം ഭരിച്ച ഉഥ്മാനികളെ തുരത്താനുള്ള ശ്രമങ്ങള്‍ കൊളോണിയല്‍ ശക്തികള്‍ തുടങ്ങി വെച്ചു. 1883-ല്‍ തുനീഷ്യ ഫ്രഞ്ച് അധിനിവേശത്തിന് കീഴിലായി. തുനീഷ്യന്‍ ജനതയുടെ ഇഷ്ടാനിഷ്ടങ്ങള്‍ തീരെ ഗൗനിക്കാതെയുള്ള ഭരണം അധികകാലം നീണ്ടുനിന്നില്ല. ഫ്രഞ്ച് ദുര്‍ഭരണത്തിനെതിരെ പോരാട്ടങ്ങള്‍ ആരംഭിച്ചു. സ്ഥിതിഗതികള്‍ വഷളായപ്പോള്‍ ഫ്രഞ്ച് പ്രധാനമന്ത്രി നേരിട്ടുവന്ന് കാര്യങ്ങള്‍ മനസ്സിലാക്കുകയും രാജ്യത്തിന് സ്വാതന്ത്ര്യം നല്‍കാന്‍ സമ്മതിക്കുകയും ചെയ്തു. 1956-ല്‍ തുനീഷ്യ പൂര്‍ണമായും സ്വതന്ത്രമായി. സ്വാതന്ത്ര്യ സമരത്തില്‍ കത്തിനിന്നിരുന്ന യങ് പാര്‍ട്ടി നേതാവ് ബോന്‍ജിബായി പ്രഥമ പ്രസിഡണ്ടായി സ്ഥാനമേറ്റു.

ആഫ്രിക്കന്‍ കോളനികളെ ഗ്രസിച്ച ചില ദുഃസ്വാധീനങ്ങളില്‍നിന്ന് തുനീഷ്യന്‍ ഭരണകൂടവും മുക്തരായിരുന്നില്ല. അധിനിവേശ ശക്തികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും വിധം ഭരണകാര്യങ്ങള്‍ നടപ്പിലാക്കുക, സമൂഹത്തെ മതേതരവത്കരിക്കുക, ഇസ്‌ലാമിനെ കേവല മതമായി പരിഗണിക്കുക, സ്വാതന്ത്ര്യപോരാട്ടങ്ങളില്‍ വരെ ഇസ്‌ലാമികാവേശം ആവാഹിച്ചവര്‍ ഭരണം ഏറ്റെടുക്കുമ്പോള്‍ ഇസ്‌ലാമിന്റെ ശത്രുക്കളാവുക തുടങ്ങിയ കോളനിവല്‍കൃത പ്രതിഭാസങ്ങളില്‍ നിന്നും മുക്തമാവാന്‍ സ്വാതന്ത്ര്യാനന്തര തുനീഷ്യക്കും സാധിച്ചില്ല. രാജ്യത്ത് ആഭ്യന്തര കലഹങ്ങള്‍ പതിവായി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്വാതന്ത്ര്യാനന്തരം ആഭ്യന്തര കലാപങ്ങളുടെ മുഖ്യഹേതു അവിടത്തെ റിപ്പബ്ലിക്കുകളായിരുന്നു. 1972-ല്‍ അല്‍ജമാഅത്തുല്‍ ഇസ്‌ലാമിയ്യയായും പിന്നീട് ഇസ്‌ലാമിക് ട്രന്റ് മൂവ്‌മെന്റായും 1988-ല്‍ റാശിദുല്‍ ഗനൂശിയുടെ നേതൃത്വത്തില്‍ അന്നഹ്ദയായും ഇസ്‌ലാമിസ്റ്റുകള്‍ സംഘടിച്ചു. രാജ്യത്തെ കലുഷിതമായ രാഷ്ട്രീയ അരാജകത്വം, സോഷ്യലിസം, ദേശീയത, മതേതരത്വപ്രവണത എന്നിവക്ക് ഫലപ്രദമായ ബദല്‍ സമര്‍പ്പിക്കുവാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനു സാധിച്ചു. മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഇസ്‌ലാമിക വത്കൃത സമൂഹത്തെ സൃഷ്ടിക്കാനും അന്നഹ്ദക്ക് സാധിച്ചു. രാജ്യത്തെ നിരന്തരം കലാപത്തിലേക്ക് നയിച്ച ഇടതുധാരയെ ഒതുക്കുവാനും അവരോട് ക്രിയാത്മകമായി സംവദിക്കാനും ഭരണകൂടം ഇസ്‌ലാമിസ്റ്റുകളെ ഉപയോഗപ്പെടുത്തി. അക്കാലത്ത് തുനീഷ്യയില്‍ ആധിപത്യം നേടിയിരുന്നത് മൂന്ന് ധാരകളായിരുന്നു. തുര്‍ക്കിയിലെ കമാല്‍ അത്താതുര്‍ക്കില്‍ ആകൃഷ്ടരായ മതേതരധാര, ഈജിപ്തിലെ ജമാല്‍ അബ്ദുല്‍ നാസറിനാല്‍ സ്വാധീനിക്കപ്പെട്ട അറബ് ദേശീയത. ഇറാനിലെ ഇസ്‌ലാമിക മുേന്നറ്റത്തില്‍ ആകൃഷ്ടരായ ഇസ്‌ലാമിസ്റ്റ് സംഘം. ഇതിലൊന്നും ഉള്‍പ്പെടാത്ത എന്നാല്‍ ഇസ്‌ലാമികാഭിനിവേശമുള്ള താഴെത്തട്ടിലുള്ള ജനവിഭാഗം എന്നിവരായിരുന്നു തുനീഷ്യയിലെ ജനശക്തി. ഒരേ സമയം മതേതരവത്കരണത്തിന് കിണഞ്ഞു ശ്രമിക്കുന്ന ഭരണകൂടത്തെയും യുവതലമുറയെ സമൂലം ഗ്രസിച്ച അറബ് ദേശീയതയെയും സോഷ്യലിസത്തെയും പ്രതിരോധിക്കാനും സാധാരണ ജനവിഭാഗത്തിലുള്ള ഇസ്‌ലാമിക ത്വരയെ മൂര്‍ത്തമായ സംഘടിത ക്രമത്തില്‍ വികസിപ്പിക്കുവാനും അന്നഹ്ദക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്നു. സ്വേഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്കും, ജനാധിപത്യത്തില്‍നിന്ന് ജനപ്രാതിനിധ്യത്തിലേക്കുമുള്ള ക്രമപ്രവൃദ്ധമായ രാഷ്ട്രീയ നയങ്ങളാണ് അന്നഹ്ദ ആവിഷ്‌കരിച്ചത്.

ലക്ഷ്യവും നയവും: തുനീഷ്യയെ പൂര്‍ണമായും ഇസ്‌ലാമികവത്കരിക്കുക, ആധുനികലോകം അനുഭവിക്കുന്ന അരാജകത്വത്തിന് ബദല്‍ ഇസ്‌ലാമിക രാഷ്ട്രമീമാംസയാണെന്ന് ജനങ്ങളെ ബോധവത്കരിക്കുക. രാജ്യത്ത് നടമാടിക്കൊണ്ടിരിക്കുന്ന സ്വേഛാധിപത്യ പ്രവണതകള്‍ക്കെതിരെ ജനകീയ മുന്നേറ്റം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് വിവിധ നയനിലപാടുകളും പ്രതിരോധങ്ങളും അന്നഹ്ദ സ്വീകരിച്ചുവരുന്നുണ്ട്. ഇസ്രായേല്‍ അധിനിവേശത്തിനെതിരെ ഭരണകൂടത്തെപോലും രംഗത്തിറക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് സാധിച്ചു. അവഗണിക്കപ്പെട്ടുപോന്ന ജനാഭിപ്രായങ്ങള്‍ക്ക് സംഘടിതരൂപം നല്‍കാനും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും അന്നഹ്ദ മുന്നിട്ടിറങ്ങി. അതോടൊപ്പം ദരിദ്രകര്‍ഷകരെ സഹായിക്കാനും കാര്‍ഷികവിളകളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാനും ഇറക്കുമതി തടയാനുമായി ഗവണ്‍മെന്റിന്റെ സാമ്പത്തിക ഉദാരനയങ്ങള്‍ക്കെതിരെ പ്രതിഷേധ ബോധവല്‍ക്കരണ പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ അന്നഹ്ദക്ക് സാധിച്ചു. അക്കാരണത്താല്‍ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ആഫ്രിക്കന്‍ രാജ്യമായി തുനീഷ്യ മാറുകയും ചെയ്തു. ഭരണകൂടത്തിനും അധികാരികള്‍ക്കും വ്യക്തമായ നയങ്ങളില്ലാത്ത രാജ്യവികസനത്തെ സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാനും അടിസ്ഥാനവര്‍ഗ്ഗങ്ങളുടെ ഉത്ഥാനം അതിലൂടെ സാക്ഷാല്‍ക്കരിക്കാനും അന്നഹ്ദക്ക് സാധിച്ചു. റാശിദ് ഗനൂശിയുടെ മൂര്‍ത്തമായ ഗവേഷണങ്ങള്‍ ഇതിന് ഏറെ സഹായകരമായി. രാജ്യത്തെ മതേതര ലോബിയും അത്താതുര്‍ക്കിന്റെ ആരാധകവൃന്ദവും ഇസ്‌ലാമിസ്റ്റുകളുടെ ആസൂത്രിതമായ മുന്നേറ്റത്തെ ഭയപ്പെട്ടു. ഇസ്‌ലാമിക പ്രസ്ഥാനത്തിന് രാഷ്ട്രീയ വിലക്ക് ഏര്‍പ്പെടുത്താനും നേതാക്കളെ തുറങ്കിലടക്കാനും പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്താനും ഭരണകൂടം തയ്യാറായി. സൈന്യത്തിന്റെയും മീഡിയകളുടെയും കായിക-ബൗദ്ധിക ആക്രമണങ്ങള്‍ക്ക് അന്നഹ്ദ വിധേയമായി. റാഷിദുല്‍ ഗനൂശിയെ തുനീഷ്യയില്‍ നിന്ന് പുറത്താക്കി. മറ്റു പല നേതാക്കളെയും തുറങ്കിലടച്ചു. അന്നഹ്ദയുടെ വര്‍ധിച്ചു വരുന്ന ജനപ്രീതിയും സ്വാധീനവും അട്ടിമറിക്കാന്‍ തെരഞ്ഞെടുപ്പുകള്‍ നീട്ടിവെച്ചു.
സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ പ്രീണനവും പീഡനവും നിരന്തരമായി ഇസ്‌ലാമിസ്റ്റുകളെ വേട്ടയാടി. രാഷ്ട്രീയ വിലക്കിനെ അതിജീവിക്കാന്‍ രഹസ്യപ്രവര്‍ത്തനങ്ങളും, സ്വതന്ത്രമായ രാഷ്ട്രീയ ഇടപെടലുകളും അന്നഹ്ദ പരീക്ഷിച്ചു. ജനങ്ങളില്‍ ഇസ്‌ലാമികാഭിനിവേശം അണയാതെ നിലനിര്‍ത്താന്‍ ഈ സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍ സഹായകമായി. രാഷ്ട്രീയ പ്രഹസനമായ ഹിതപരിശോധനയിലൂടെ ബിന്‍ അലി തന്റെ അധികാരക്കസേര സൂക്ഷിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഇസ്‌ലാമിക വേഷം നിരോധിച്ചു. അധികാരമേഖലകളിലെല്ലാം മോഡേണിസ്റ്റുകളെ നിയോഗിച്ചു. പുതിയ വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് ശറഫി കോളേജുകളില്‍നിന്നും യൂണിവേഴ്‌സിറ്റികളില്‍നിന്നും ഇസ്‌ലാമികാധ്യാപനങ്ങള്‍ മുഴുവന്‍ നീക്കം ചെയ്തു. റാഷിദ് ഗനൂശിയുടെ പ്രവാസം അന്നഹ്ദയുടെ മുന്നോട്ടുള്ള ഗമനത്തിന് തടസ്സമാവുകയും ചെയ്തു.

എന്നാല്‍ അധികം വൈകാതെ അറബ്-മുസ്ലിം ലോകത്തെയാകമാനം ഇളക്കിമറിച്ച മുല്ലപ്പൂ വിപ്ലവത്തിന് തുനീഷ്യയില്‍ തുടക്കം കുറിച്ചു. തന്റെ തട്ടുകട കണ്ടുകെട്ടുകയും വരുമാനമാര്‍ഗം ഇല്ലാതാക്കുകയും ചെയ്ത ഭരണകൂടനടപടിയില്‍ പ്രതിഷേധിച്ച് മുഹമ്മദ് ബൂഅസീസി എന്ന യുവാവ് ശരീരത്തില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതാണ് വിപ്ലവത്തിന്റെ തുടക്കം. പൊതുജനങ്ങളുടെ മുന്നില്‍ വെച്ച് യുവാവിനെ തല്ലിച്ചതക്കുകയാണ് ബിന്‍ അലിയുടെ പോലീസ് ചെയ്തത്. അടുത്ത ദിവസം അഥവാ 2010-ഡിസംബര്‍ പതിനെട്ടിന് പൊതുജനം ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി വമ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. തുനീഷ്യന്‍ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും സാമൂഹിക നീതിയുടെ അഭാവവുമാണ് അവരെ രോഷാകുലരാക്കിയത്. അധികം വൈകാതെ തന്നെ പ്രസ്തുത പ്രകടനങ്ങള്‍ ജനകീയ വിപ്ലവങ്ങളായി രൂപാന്തരപ്പെട്ടു. സൈനികരുമായുള്ള പോരാട്ടത്തെ തുടര്‍ന്ന് ഒട്ടേറെ പേര്‍ കൊല്ലപ്പെടുകയും മുറിവേല്‍പിക്കപ്പെടുകയും ചെയ്തു. തീ കൊളുത്തിയ യുവാവ് മരണപ്പെട്ടതോടെ പ്രക്ഷോഭങ്ങള്‍ അതിന്റെ പരകോടിയിലെത്തി. ഒടുവില്‍ 23 വര്‍ഷക്കാലമായി തുനീഷ്യ ഭരിച്ച് കൊണ്ടിരിക്കുന്ന സൈനുല്‍ ആബിദീന്‍ ബിന്‍ അലി താഴെ ഇറങ്ങാന്‍ നിര്‍ബന്ധിതനായി. തുനീഷ്യയില്‍ നിന്ന് ഓടി രക്ഷപ്പെട്ട അദ്ദേഹം ഫ്രാന്‍സില്‍ അഭയംചോദിച്ചെങ്കിലും നിരസിച്ചതിനെ തുടര്‍ന്ന് സൗദിയില്‍ താമസമാക്കുകയാണ് ചെയ്തത്.

2011 ജനുവരിയില്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലി നാടുവിട്ടതിനെ തുടര്‍ന്ന് തുനീഷ്യന്‍ റിപ്പബ്ലിക്കിന്റെ താല്‍കാലിക ചുമതല മുഹമ്മദ് അല്‍ഗനൂശിയില്‍ വന്നുചേര്‍ന്നു. അദ്ദേഹമാവട്ടെ, ബിന്‍ അലിയുടെ ഗവണ്‍മെന്റ് അന്നഹ്ദക്ക് മേല്‍ ചുമത്തിയിരുന്ന നിരോധനം നീക്കുകയും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു. ഇരുപത്തൊന്ന് വര്‍ഷത്തെ പ്രവാസത്തിന് ശേഷം റാഷിദുല്‍ ഗനൂശി സ്വന്തം നാട്ടില്‍ മടങ്ങിയെത്തി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ 217-ല്‍ 89 സീറ്റിന്റെ ഭൂരിപക്ഷം നേടിയ അന്നഹ്ദ മറ്റ് രണ്ട് പാര്‍ട്ടികളുടെ കൂടെ ചേര്‍ന്ന് തൂക്ക് സഭയിലൂടെ അധികാരത്തിലേറി. നിലവില്‍ തുനീഷ്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി അന്നഹ്ദ സജീവമായി നിലകൊള്ളുന്നു.

അന്നഹ്ദയുടെ സംഘടനാരീതി: സുഡാനിലെയും അള്‍ജീരിയയിലെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സ്വീകരിച്ച പ്രായോഗിക ഘടനാരീതി തന്നെയാണ് അന്നഹ്ദയും സ്വീകരിച്ചിരിക്കുന്നത്. പ്രവിശ്യകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയും സംഘടനാ പ്രവര്‍ത്തനം പ്രാദേശികമായി വളര്‍ത്തുകയും ചെയ്യുക എന്നതാണ് അതിന്റെ ഉദ്ദേശ്യം. രാജ്യത്തെ വളരെ ന്യൂനപക്ഷമായ മോഡേണിസ്റ്റുകളെ പ്രതിരോധിക്കാന്‍ കൂടുതല്‍ ഉചിതമായ പ്രായോഗിക നടപടികളും പ്രവിശ്യകള്‍ മുഖേനയാണ് ആവിഷ്‌കരിക്കുന്നത്. നിലനില്‍ക്കുന്ന മോഡേണ്‍ ജനാധിപത്യ (സ്വേഛാധിപത്യം)ത്തെ മറികടക്കാന്‍ ജനകീയ മുന്നേറ്റങ്ങളാണ് അന്നഹ്ദ ഉന്നം വെച്ചത്. അതിന്റെ ഫലമായിരുന്നു സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ ഒളിച്ചോട്ടവും, അന്നഹ്ദയും മുന്നേറ്റവും. നിലവില്‍ ബിജി സൈദ്‌സബ്‌സി തുനീഷ്യയുടെ പ്രസിഡന്റ് പദം അലങ്കരിക്കുന്നത്.

Topics