ലോകത്ത് നിലവിലുള്ള ഏത് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും അവയുടെ സാമൂഹിക പരിസരമുണ്ടാവും. തുര്‍ക്കിയിലെ ഇസ്‌ലാമിക ഗ്രൂപ്പുകള്‍ക്കും അവരുടേതായ ചരിത്രമുണ്ട്. ഇസ്‌ലാമിക ഖിലാഫത്തിന്റെ ആസ്ഥാനമെന്ന നിലയില്‍ ലോകമുസ്‌ലിംകളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു തുര്‍ക്കി. രാജ്യത്തെ ഇസ്‌ലാമിക പാരമ്പര്യങ്ങളെ അട്ടിമറിച്ച് 1923-ല്‍ തുര്‍ക്കി മതേതര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. ഇസ്‌ലാമിക ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതും, പള്ളികള്‍ നിര്‍മിക്കുന്നതും, ബാങ്ക് വിളിക്കുന്നതും രാജ്യത്ത് നിരോധിക്കപ്പെട്ടു. എന്നാല്‍ ഇസ്‌ലാമിനെതിരായ ഈ സാംസ്‌കാരിക യുദ്ധ പ്രഖ്യാപനം ഇസ്‌ലാമിക നജവാഗരണത്തിനാണ് തുര്‍ക്കിയില്‍ വഴിതെളിയിച്ചത്. ഇസ്‌ലാമിക പാരമ്പര്യങ്ങളുടെ പുനഃസ്ഥാപനത്തിനായി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മുന്നിട്ടിറങ്ങി. വിവിധ ത്വരീഖത്തുകളുടെ കേന്ദ്രമാണ് തുര്‍ക്കി. രാജ്യത്തെ വ്യവസ്ഥാപിത ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ആദ്യരൂപവും അതുതന്നെയാണ്. 1925-ല്‍ എല്ലാ ത്വരീഖത്തുകളും നിരോധിക്കപ്പെട്ടിരുന്നു.
ഏഷ്യയിലും യൂറോപ്പിലുമായി സ്ഥിതിചെയ്യുന്ന ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ് ഇന്ന് തുര്‍ക്കി. ഔദ്യോഗിക നാമം റിപ്പബ്ലിക് ഓഫ് തുര്‍ക്കി. രാജ്യത്ത് 98 ശതമാനം മുസ്‌ലിംകളും ബാക്കി ക്രൈസ്തവരുമാണ്. വളരെ പഴക്കം ചെന്ന ഒരു ചരിത്രപാരമ്പര്യത്തിന്റെ ഉടമകളാണ് തുര്‍ക്കികള്‍. ബി.സി 3000 മുതല്‍ത്തന്നെ രാജ്യത്ത് ശ്രദ്ധേയമായ സംസ്‌കാരവും കഴിവുറ്റ ഭരണാധികാരികളും ഉണ്ടായിരുന്നു. ബി.സി 1200-ലെ ഹെല്ലനിക് സംസ്‌കാരം പുരാതനസംസ്‌കാരങ്ങളില്‍ ശ്രദ്ധേയമാണ്. പഴയറോമാ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു തുര്‍ക്കി. ബി.സി 133-ലാണ് റോമാസാമ്രാജ്യം തുര്‍ക്കിയില്‍ സജീവമാകുന്നത്. അന്നത്തെ തലസ്ഥാനമായിരുന്ന ബൈസാന്റിയന്‍ എ.ഡി 330-ല്‍ കോസ്റ്റാന്റിനോപ്പിള്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ കാലത്താണ് തുര്‍ക്കി ഇസ്‌ലാമിക ഖിലാഫത്തിന്റെ ഭാഗമായത്. പിന്നീട് ഉമവികളും സല്‍ജൂഖികളും തുര്‍ക്കി ഭരിച്ചു. പതിമൂന്നാം നൂറ്റാണ്ടില്‍ ഉഥ്മാനികള്‍ രംഗപ്രവേശം ചെയ്തു. ഉഥ്മാനികള്‍ക്ക് കീഴില്‍ തുര്‍ക്കി ഏറ്റവും വലിയ ശക്തിയായിമാറി. അക്കാലത്ത് വിയന്ന തൊട്ട് ഇന്ത്യന്‍ മഹാസമുദ്രം വരെയും തുനീഷ്യ തൊട്ട് കാക്കസസ് വരെയുമുള്ള വലിയ ഭൂവിഭാഗത്തിന്റെ അധിപന്മാരായി തുര്‍ക്കികള്‍ മാറി. ഒന്നാം ലോകയുദ്ധത്തിലേറ്റ പരാജയം തുര്‍ക്കീ ഖിലാഫത്തിനെ ക്ഷയിപ്പിച്ചു. അതിന്റെ കീഴിലുണ്ടായിരുന്ന പ്രവിശാലമായ ഭൂപ്രദേശം ഫ്രാന്‍സും ബ്രിട്ടനും പങ്കിട്ടെടുത്തു.
അധികം വൈകാതെത്തന്നെ രാജ്യത്ത് സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടു. സൈനിക കമാന്ററായിരുന്ന മുസ്തഫാ കമാല്‍ പാഷയായിരുന്നു നായകന്‍. ഫ്രാന്‍സിനെയും ബ്രിട്ടനെയും ഗ്രീസിനെയും ആട്ടിയോടിച്ച് രാജ്യത്തെ സ്വതന്ത്രമാക്കി. 1923-ല്‍ തുര്‍ക്കി സ്വതന്ത്രറിപ്പബ്ലിക്കായി. 1950 വരെ തുര്‍ക്കി സ്വേഛാധിപത്യത്തിനു കീഴിലായിരുന്നു. രാജ്യത്തെ ഇസ്‌ലാമിക പാരമ്പര്യങ്ങളെ തച്ചുടച്ചുകൊണ്ടാണ് തുര്‍ക്കി മതേതരവത്കരണം പൂര്‍ത്തിയാക്കിയത്. പ്രസിഡന്റിനും പട്ടാളത്തിനുമാണ് തുര്‍ക്കിയിലെ പരമാധികാരം. 399 അംഗങ്ങളുള്ള പാര്‍ലമെന്റ് തുര്‍ക്കിയില്‍ നിലവിലുണ്ട്. 1946-ല്‍ ബഹുകക്ഷി സംവിധാനത്തിന് അനുമതി ലഭിച്ചതോടെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സഖ്യത്തിലേര്‍പ്പെടാനും, സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങാനും തുടങ്ങി. തുര്‍ക്കികളുടെ മനസ്സ് ഇസ്‌ലാമിലും ശരീരം യൂറോപ്പിലുമായിരുന്നു. പള്ളികള്‍ കുറയുകയും ക്ലബ്ബുകള്‍ വര്‍ദ്ധിക്കുകയും ചെയ്തു. മദ്രസകള്‍ ഇല്ലാതാവുകയും ഇംഗ്ലീഷ് മീഡിയങ്ങള്‍ അധികമാവുകയും ചെയ്തു. ഖുര്‍ആന്‍ ഭരണഘടനയാക്കിയ ഒരു രാജ്യത്ത് ഖുര്‍ആന്‍ ചവിട്ടിത്തെറിപ്പിക്കുന്ന പട്ടാളക്കാര്‍ക്ക് ആധിപത്യം ലഭിച്ചു. യൂറോപ്പില്‍ പോലും ലഭിച്ചിരുന്ന സ്വകാര്യമതേതര അവകാശങ്ങള്‍ പോലും തുര്‍ക്കിയില്‍ ലഭിക്കാതെ വന്നു. തുര്‍ക്കിയില്‍ അക്ഷരാര്‍ഥത്തില്‍ ഭരണം നടത്തിയത് ചെങ്കിസ്ഖാനും നെപ്പോളിയനും അലക്‌സാണ്ടറും ചേര്‍ന്ന ആധിപത്യത്തിന്റെ പ്രതീകങ്ങളായിരുന്നു. ജനങ്ങളില്‍ രൂഢമൂലമായിരിക്കുന്ന മതേതരത്വത്തിന്റെ അംശങ്ങള്‍ അലിയിച്ചു കളയാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവന്നു. 1961-ല്‍ ഭരണഘടന അനുവദിച്ച പൗരാവകാശങ്ങളുടെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിക സംഘടനകള്‍ക്കും തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചു. സാങ്കേതികമായി അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അപ്പോഴും നിരോധം നിലനിന്നിരുന്നു. 1970-ല്‍ നജ്മുദ്ദീന്‍ അര്‍ബകാന്‍ നാഷണല്‍ ഓര്‍ഡര്‍ പാര്‍ട്ടി (ച.ഛ.ജ) ക്ക് രൂപം നല്‍കുന്നതുവരെ ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെ വാലായോ അണിയറയില്‍ അടഞ്ഞിരുന്നോ ആയിരുന്നു മുസ്‌ലിം സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നത്. തുര്‍ക്കിയിലെ ഇസ്‌ലാമിസ്റ്റുകള്‍ സ്വന്തം കാലില്‍നിന്നുകൊണ്ട് പടുത്തുയര്‍ത്തിയ ആദ്യത്തെ സംഘടനയായിരുന്നു എന്‍. ഒ. പി. സുന്നിവിഭാഗം മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള അനാത്തോലിയന്‍ മേഖലയില്‍ എന്‍. ഒ. പി ക്ക് വമ്പിച്ച ഗതിവേഗം ലഭിച്ചു.
ജനങ്ങളെ ഇസ്‌ലാമിക പാരമ്പര്യങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയും മതേതര മതനിരാസ പാശ്ചാത്യ പ്രവണതകളില്‍നിന്ന് അവരെ തടയുകയുമായിരുന്നു എന്‍.ഒ.പി യുടെ പ്രാഥമിക ലക്ഷ്യം. പ്രാദേശികനിവാസികളില്‍ പകുതിപ്പേരും ഇസ്‌ലാമിക പ്രതിബദ്ധതയുള്ളവരായിരുന്നു. ഗ്രാമവാസികളിലധികവും ചെറുകിട കച്ചവടക്കാരായിരുന്നു. അവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ അത്താതുര്‍ക്കിന്റെ മതേതര വികസനവത്കരണത്തിന് സാധിച്ചിരുന്നില്ല. അനാത്തോലിയന്‍ മേഖലയില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ഇസ്‌ലാമിക പ്രസ്ഥാനം പിടിമുറുക്കിയപ്പോള്‍ അധികാരികള്‍ അസ്വസ്ഥരായി. അങ്ങനെ 1971 മെയ് 20-ന് ഭരണഘടനാകോടതി എന്‍.ഒ.പി യുടെ പ്രവവര്‍ത്തനങ്ങള്‍ നിരോധിച്ചു. ഭരണഘടനാ തത്ത്വങ്ങള്‍ ലംഘിക്കുന്നു എന്ന് ആരോപിച്ച് സൈന്യം നടപടിക്കായി കോടതിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. നിരോധിക്കപ്പെട്ട എന്‍.ഒ.പി യുടെ സ്ഥാനത്ത് സലാമത്ത് പാര്‍ട്ടി എന്ന നാഷണല്‍ സാല്‍വേഷന്‍ പാര്‍ട്ടി് (ച.ട.ജ) 1972-ല്‍ രൂപീകരിച്ചു. പ്രവിശ്യകളിലെ കച്ചവടക്കാരെയും നഖ്ശബന്ദികളും നൂര്‍സികളും അടങ്ങുന്ന അനൗദ്യോഗിക സംഘടിത മതഗ്രൂപ്പുകളെയും കൂടെക്കൂട്ടി 1973-ലെ പൊതുതിരഞ്ഞെടുപ്പില്‍ സാല്‍വേഷന്‍ പാര്‍ട്ടി 11.8% വോട്ട് നേടി. മധ്യവടക്കുകിഴക്കന്‍ അനാത്തോലിയയാരുന്നു അവരുടെ മുഖ്യ വോട്ടുബാങ്ക്. തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായി നിലവില്‍വന്ന മിക്ക ഭരണകൂടങ്ങളിലും എന്‍.എസ്.പി പങ്കാളികളായി. ആദ്യമായി അവര്‍ കൂട്ടുചേര്‍ന്നത് ശുദ്ധമതേതരവാദിയായ ബുലന്ദ് അജാവീദിന്റെ പീപ്പിള്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായാണ്. അതുവഴി ലഭിച്ച വകുപ്പുകളിലും ഉദ്യോഗസ്ഥ തലങ്ങളിലും മറ്റും വേണ്ട അഴിച്ചുപണികള്‍ നടത്താന്‍ അവര്‍ക്ക് സാധിച്ചു. മതപാഠശാലകള്‍ക്ക് സെക്കന്ററി സ്‌കൂള്‍ പദവി നല്‍കുകയും സാധാരണ ബിരുദധാരികളെപ്പോലെ അവിടെ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം ഉറപ്പുവരുത്തുകയും ചെയ്യുന്ന ബില്‍ പാസ്സാക്കിയത് ഈ സര്‍ക്കാറായിരുന്നു. ഇതുമുഖേന വിദ്യാഭ്യാസ മേഖലയില്‍ ഇസ്‌ലാമിസ്റ്റുകളുടെ സ്വാധീനം വ്യാപിക്കുകയും ക്യാമ്പസുകളില്‍ ഇസ്‌ലാമിക വികാരം ശക്തമാവുകയും ചെയ്തു. 80-കളിലും 90-കളിലും അഭ്യസ്തവിദ്യരായ പലരും ഇസ്‌ലാമിസ്റ്റുകളായി അധികാരത്തില്‍ വന്നു. ഇസ്താംബൂള്‍ മേയറായും ഒടുവില്‍ രാഷ്ട്രനായകനായും രംഗത്തുവന്ന റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഉദാഹരണം. തുര്‍ക്കി സൈപ്രിയോട്ടുകളുടെ സുരക്ഷ മുന്‍നിര്‍ത്തി സൈപ്രസില്‍ നടത്തിയ സൈനിക നീക്കത്തെ തുടര്‍ന്ന് അജാവീദ് സര്‍ക്കാര്‍ 1974 ജൂലൈയില്‍ നിലംപൊത്തി.
എന്നാല്‍ 1975 മാര്‍ച്ച് 31-ന് പുതിയ നാഷണല്‍ ഫ്രണ്ട് അധികാരത്തിലെത്തിയപ്പോള്‍ സാല്‍വേഷന്‍ അതിലും പങ്കാളിയായി. സുലൈമാന്‍ ദമിറേലിന്റെ ജസ്റ്റിസ് പാര്‍ട്ടിയായിരുന്നു പ്രസ്തുത മുന്നണി നയിച്ചത്. എന്നാല്‍ 1977-ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് കടുത്ത പ്രഹരമേറ്റു. 8.6% മാത്രം വോട്ടാണ് അവര്‍ക്ക് നേടാന്‍ സാധിച്ചത്. 1978-ല്‍ അജാവീദിന്റെ രണ്ടാമൂഴമായിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറ്റുകയും ഇടത് വലത് പാര്‍ട്ടികള്‍ തമ്മിലും സുന്നി, ശീഅ വിഭാഗങ്ങള്‍ക്കിടയിലും പൊട്ടിപ്പുറപ്പെടുന്ന സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യും എന്ന വാഗ്ദാനത്തോടെയായിരുന്നു അജാവീദിന്റെ വരവ്. 1979-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജസ്റ്റിസ് പാര്‍ട്ടി നേടിയ ഭൂരിപക്ഷത്തില്‍ ഭരിക്കാനുള്ള അര്‍ഹത അജാവീദിന് നഷ്ടമായി. തുടര്‍ന്ന് ദമിറലിന്റെ ന്യൂനപക്ഷ സര്‍ക്കാര്‍ എന്‍.എ.പി യുടെയും, സാല്‍വേഷന്‍ പാര്‍ട്ടിയുടെയും പിന്തുണയോടെ നിലവില്‍വന്നു. വൈകാതെ സാല്‍വേഷന്‍ പാര്‍ട്ടി മന്ത്രിസഭയില്‍ ചേര്‍ന്നു. സാല്‍വേഷന്‍ പാര്‍ട്ടിയുടെ മുഖ്യവോട്ടുകള്‍ താഴേക്കിടയിലുള്ള ജനവിഭാഗങ്ങളില്‍നിന്നും ചെറുകിട വ്യവസായികളില്‍നിന്നുമായിരുന്നു. ജനങ്ങളുടെ ഇടയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വര്‍ദ്ധിച്ച സ്വാധീനം മനസ്സിലാക്കിയ സൈന്യം കെനാന്‍ ഇറാന്റെ നേതൃത്വത്തില്‍ 1982-ല്‍ അട്ടിമറിനടത്തുകയും സാല്‍വേഷന്‍ പാര്‍ട്ടിയെ നിരോധിക്കുകയും ചെയ്തു.
1983 ജൂലൈ 19-ന് അലിതുര്‍കുമാന്റെ നേതൃത്വത്തില്‍ വെല്‍ഫെയര്‍പാര്‍ട്ടി(റഫാഹ് പാര്‍ട്ടി) രൂപംകൊണ്ടു. നിരോധിത സാല്‍വേഷന്‍ പാര്‍ട്ടിക്ക് ബദലായിരുന്നു ഇത്. നജ്മുജ്ദ്ദീന്‍ അര്‍ബക്കാന് രാഷ്ട്രീയരംഗത്ത് വിലക്കുള്ളതിനാല്‍ മറ്റൊരാളെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പിന്നീട് അര്‍ബക്കാന്‍ രംഗത്തെത്തി. പാര്‍ട്ടിയുടെ നേതൃത്വമേറ്റെടുത്തു. 1987 നവംബറില്‍ അര്‍ബകാന്റെ നേതൃത്വത്തില്‍ ആദ്യതിരഞ്ഞെടുപ്പിനെ നേരിട്ട് പാര്‍ട്ടി 7.2% വോട്ടു നേടി. 1989-ല്‍ തദ്ദേശ സ്വയംഭരണ സമിതികളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ട് 9.8 ശതമാനമായി ഉയര്‍ന്നു. ഇസ്തംബൂള്‍ കോര്‍പ്പറേഷനും പല ജില്ലകളിലെയും മുനിസിപ്പാലിറ്റികളും പാര്‍ട്ടി പിടിച്ചെടുത്തു. 1991 ഒക്‌ടോബറിലെ തിരഞ്ഞെടുപ്പില്‍ മുന്നണിയുണ്ടാക്കി മത്സരിച്ച വെല്‍ഫയര്‍ പാര്‍ട്ടി 16.7% വോട്ടു നേടി. ഇസ്‌ലാമിസ്റ്റുകളുടെ അംഗീകാരവൃത്തം വിപുലമാക്കുന്നതിന്റെ പ്രകടമായ ലക്ഷണമായിരുന്നു ഇത്. ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് റഫാഹ് പാര്‍ട്ടി സ്വാധീനമുറപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന് വോട്ടിംഗ് നില വ്യക്തമാക്കി. അഭ്യസ്തവിദ്യരും പൗരപ്രമുഖരുമൊക്കെ അഭിമാനപൂര്‍വം പാര്‍ട്ടിയില്‍ അണിചേരാന്‍ രംഗത്തെത്തിയത് മതേതരപാര്‍ട്ടികളെ അമ്പരപ്പിച്ചു. നഗരവാസികളുടെ കൂടി ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ സാധിച്ചതായിരുന്നു വെല്‍ഫയര്‍ പാര്‍ട്ടിയുടെ വിജയം. കലാശാലാ വിദ്യാര്‍ഥികള്‍, പ്രൊഫഷനലുകള്‍, കച്ചവടക്കാര്‍, കടക്കാര്‍, തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ സംഘടനയില്‍ ഭാഗവാക്കായി. അഗതി-അനാഥ സംരക്ഷണം, സ്‌കോളര്‍ഷിപ്പും മറ്റുമായി വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം, തൊഴിലന്വേഷകരെ സഹായിക്കുന്ന എംപ്ലോയ്‌മെന്റ് ബ്യൂറോ, ബിസിനസുകാര്‍ക്കും വ്യവസായികള്‍ക്കും വായ്പാ പദ്ധതികള്‍ തുടങ്ങി പലതരത്തിലുള്ള സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനും അവരുടെ അഭിലാഷങ്ങള്‍ക്കൊത്ത് ഉയരാനും അര്‍ബക്കാന്റെ പാര്‍ട്ടിക്ക് സാധിച്ചു. 80-കളില്‍ പ്രവിശ്യകളിലെ കൊച്ചു പട്ടണങ്ങളില്‍നിന്ന് വന്‍നഗരങ്ങളിലേക്ക് കുടിയേറിയ വ്യാപാരികളും മറ്റും ചേര്‍ന്ന് പുതിയൊരു ഇടത്തരം കച്ചവടവിഭാഗം ഉയര്‍ന്നുവന്നു. തട്ടുകടകളും പെട്ടിക്കടകളും മറ്റുമായി ചില്ലറ ബിസിനസുകള്‍ നടത്തി ഇവരുടെ പുതുതലമുറക്ക് നഗരത്തില്‍ വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ചു. പ്രധാനമന്ത്രി തുര്‍ഗത് ഒസാല്‍ നടപ്പിലാക്കിയ കയറ്റുമതി-ഇറക്കുമതി നിയമങ്ങള്‍ ഇവര്‍ക്കനുകൂലമായി. അനാത്തോലിയന്‍ പ്രദേശങ്ങളിലായിരുന്നു ഇവരില്‍ ഭൂരിഭാഗവും കഴിഞ്ഞുകൂടിയത്.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഊര്‍ജ്ജവും ഇക്കൂട്ടരായിരുന്നു. അവര്‍ വാണിജ്യമേഖല ഇസ്തംബൂളില്‍ നിന്ന് അനാത്തോലിയയിലേക്ക് വ്യാപിപ്പിക്കുകയും തലസ്ഥാന നഗരിയില്‍ ചേക്കേറി പുതിയൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്തു. ‘അനാത്തോലിയന്‍ സിംഹങ്ങള്‍’ എന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. തുര്‍ക്കിയിലെ വന്‍കിട കമ്പനികള്‍ക്ക് പങ്കാളിത്തമുള്ള ടര്‍ക്കിഷ് ബിസിനസ് മെന്‍സ് ആന്റ് ഇന്റസ്ട്രിയലിസ്റ്റ്‌സ് അസോസിയേഷന്‍ (TUSIAD) ആയിരുന്നു തുര്‍ക്കിയിലെ പ്രമുഖ വാണിജ്യസംഘടന. അതിന് ബദലായി ഇസ്‌ലാമിസ്റ്റ് അനുകൂലികള്‍ ചേര്‍ന്ന് ഇന്റിപെന്‍ഡന്റ് ഇന്‍ഡ്രസ്ട്രിയലിസ്റ്റ്‌സ് ആന്റ് ബിസിനസ് മെന്‍ അസോസിയേഷന്‍ (MUSIAD) ന് രൂപം നല്‍കി. 1991-ല്‍ 400 ആയിരുന്നു ഇതിന്റെ അംഗബലം 1993-ല്‍ 1700 ഉം 1998-ല്‍ 3000 വുമായി ഉയര്‍ന്നു. ഇവരുടെ വാര്‍ഷിക വരുമാനം 2.79 ബില്യന്‍ യുഎസ് ഡോളറായിരുന്നു. രാജ്യത്തെ പ്രത്യേക സാഹചര്യങ്ങള്‍ പലപ്പോഴും ഇസ്‌ലാമിസ്റ്റുകള്‍ക്ക് ഗുണകരമായി ഭവിച്ചു. തുര്‍ക്കിയുടെ കേന്ദ്രഭരണം നിയന്ത്രിച്ചിരുന്നത് സൈനിക ഓഫീസര്‍മാരും ഉദ്യോഗസ്ഥവൃന്ദവും വ്യവസായപ്രമുഖരുമായിരുന്നു. ജനങ്ങളിലെ ഭൂരിഭാഗമായ സാധാരണക്കാര്‍ക്ക് നാട്ടിലെ വരേണ്യവര്‍ഗവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഇവരുടെ ദുഃഖം ഏറ്റെടുത്തുകൊണ്ടാണ് ഇസ്‌ലാമിക പ്രസ്ഥാനം മുന്നോട്ടുവന്നത്. ഇവരുടെ തൊഴിലുകളെയും ചെറുകിട വ്യവസായങ്ങളെയും കാര്‍ഷികവൃത്തികളെയും വളര്‍ത്തിക്കൊണ്ടുവന്നത് വെല്‍ഫയര്‍ പാര്‍ട്ടിയായിരുന്നു. അതുകൊണ്ടുതന്നെ വെല്‍ഫയര്‍ പാര്‍ട്ടിയുടെ ജനകീയ പിന്തുണയും തുര്‍ക്കിയിലെ ഇസ്‌ലാമിക വികാരവും അടിക്കടി വര്‍ദ്ധിക്കുവാന്‍ തുടങ്ങി. അതോടെ സൈന്യം രംഗത്തുവന്ന് ആധിപത്യം പിടിച്ചെടുത്ത് പാര്‍ട്ടിപ്രവര്‍ത്തനത്തിനുതന്നെ നിരോധനം ഏര്‍പ്പെടുത്തി. 1999-ല്‍ ഇസ്‌ലാമിസ്റ്റുകള്‍ വിര്‍ച്യു (ഫദീലത്ത്) പാര്‍ട്ടി രൂപീകരിക്കുകയും തെരഞ്ഞെടുപ്പുകളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റം അമ്പതുകളില്‍ ഗ്രാമീണദാരിദ്ര്യത്തെ നഗരദാരിദ്ര്യമായി വ്യാപിപ്പിച്ചു. കുടിയേറ്റക്കാര്‍ക്ക് നഗരത്തില്‍ മതിയായ ജീവിത സൗകര്യങ്ങള്‍ ലഭ്യമായില്ല. സാമ്പത്തിക നേട്ടങ്ങള്‍ ആര്‍ജിക്കാനാവാതെ സാംസ്‌കാരികമായി പിറകോട്ടടിച്ച്, രാഷ്ട്രീയമായി ഒറ്റപ്പെട്ട നിലയിലായിരുന്നു അവര്‍. അവരുടെ രോഷം മുതലെടുക്കാന്‍ എഴുപതുകള്‍ മുതല്‍ ഇടതു വിപ്ലവപാര്‍ട്ടികള്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. അതിനാല്‍ ഇസ്‌ലാമിക പ്രസ്ഥാനം സജീവമായപ്പോള്‍ ഈ വിഭാഗം തങ്ങളുടെ പിന്തുണ വിര്‍ച്യു പാര്‍ട്ടിക്ക് പതിച്ചുനല്‍കുകയായിരുന്നു. 90-കളില്‍ പ്രകടമായി കണ്ട സാമ്പത്തികാസമത്വം സുന്നി-ശിയാ വിഭാഗങ്ങള്‍ക്കിടയിലുള്ള രാഷ്ട്രീയ സംഘര്‍ഷമായി മാറി. ഈ രാഷ്ട്രീയ മാറ്റങ്ങളിലൂന്നിയാണ് ഇസ്‌ലാമിസ്റ്റുകള്‍ നില ഭദ്രമാക്കിയത്. ഓരോ പാര്‍ട്ടിയുടെയും ജയവും പരാജയവും പഠിച്ച് വിലയിരുത്തിയതിന് ശേഷമാണ് ഇസ്‌ലാമിസ്റ്റുകള്‍ തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുന്നത്. 1994 മുതലാണ് ഇസ്‌ലാമിസ്റ്റുകള്‍ തുര്‍ക്കിയിലെ ഭരണക്രമത്തില്‍ അനിവാര്യഘടകമായതും സ്വാധീനശക്തിയായി പരിണമിച്ചതും, ഒറ്റക്ക് നില്‍ക്കാനുള്ള ഭൂമിക ഉണ്ടായതും. 1994-ല്‍ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ വെല്‍ഫയര്‍ പാര്‍ട്ടി തകര്‍പ്പന്‍ ജയം നേടി.
28 മേയര്‍ സ്ഥാനങ്ങള്‍, 6 മെട്രോപൊളിറ്റന്‍ കേന്ദ്രങ്ങള്‍, 327 സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഇസ്‌ലാമിസ്റ്റുകളുടെ കീഴിലായി. വെല്‍ഫയര്‍ പാര്‍ട്ടിയുടെ മേയര്‍മാര്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ തുര്‍ക്കിയുടെ മതേതരസ്വഭാവത്തിന് വിരുദ്ധമാണെന്നും അര്‍ബകാന് ലിബിയന്‍ നേതാവ് ഖദ്ദാഫിയുമായുള്ള രഹസ്യഇടപാട് തുര്‍ക്കിയെ പ്രതികൂലമായി ബാധിക്കുമെന്നൊക്കെയുള്ള പ്രചരണങ്ങള്‍ മാധ്യമങ്ങളും സൈന്യവും നിരന്തരം അഴിച്ചുവിട്ടുകൊണ്ടിരുന്നു. ഇറാനുമായി പ്രതിരോധകരാറില്‍ ഒപ്പുവെക്കാന്‍ ശ്രമം നടത്തിയത്, കലാശാലാ വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കിയത്, ഇസ്തംബൂളിലെ തസ്‌കീം സ്‌ക്വയറില്‍ പള്ളിനിര്‍മിക്കാന്‍ നീക്കം നടത്തിയത്, പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള അങ്കാറയിലെ സിഞ്ചാന്‍ പ്രദേശത്ത് ഇറാന്‍ പിന്തുണയോടെ ജറൂസലേം നൈറ്റ് നടത്തിയത്, അങ്ങനെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും അനുഗുണമെന്നു തോന്നിക്കുന്ന സര്‍വനീക്കങ്ങളെയും തീവ്രമതേതര വാദികള്‍ ശക്തിയുക്തം എതിര്‍ത്തു. സൈന്യമാവട്ടെ, അത് പരമാവധി മുതലെടുക്കുകയും ചെയ്തു. മതേതരവാദികള്‍ക്ക് അര്‍ബകാന്റെ ഒരു നീക്കവും പൊറുപ്പിക്കാനായില്ല. രാജ്യത്തിന്റെ മതേതര സ്വഭാവത്തെ ഇല്ലാതാക്കുകയാണ് അര്‍ബകാന്‍ ചെയ്യുന്നതെന്ന് അവര്‍ ആരോപിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കുകയാണെന്നും പാര്‍ട്ടി പത്രങ്ങളായ ‘അകിതും, യേനിസഫ്കും’ രാജ്യവിരുദ്ധമാധ്യമങ്ങളാണെന്നും അവര്‍ കുറ്റപ്പെടുത്തി. അങ്ങനെ സൈന്യവും പാര്‍ട്ടിയും തമ്മിലുള്ള സംഘര്‍ഷം വളര്‍ന്നു. 1997 മെയില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുടെ നീക്കങ്ങള്‍ക്കെതിരെ കോടതിയില്‍ പരാതി എത്തി. 1998 ജനുവരിയില്‍ വെല്‍ഫയര്‍ പാര്‍ട്ടിയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും അര്‍ബകാനെ രാഷ്ട്രീയ പ്രവര്‍ത്തങ്ങളില്‍നിന്ന് വിലക്കുകയും ചെയ്തു. കോടതിവിധിക്ക് ഒരു ചരിത്രപ്രാധാന്യവുമില്ലെന്നും അത് കോടതിക്കെതിരെ തിരിച്ചടിക്കുമെന്നും തുറന്നടിച്ച അര്‍ബകാനെതിരെ 1998 ജൂണ്‍ 28-ന് ഭരണഘടനാ കോടതി അപകീര്‍ത്തി കേസും ചുമത്തി. പാര്‍ട്ടി പിരിച്ചുവിട്ടതോടെ പാര്‍ലമെന്റിലെ നൂറിലേറെ സീറ്റുകളും നൂറുകണക്കിന് പ്രാദേശിക ഭരണസ്ഥാപനങ്ങളും ശൂന്യമായി. വെല്‍ഫയര്‍ പാര്‍ട്ടിയുടെ നിരോധം മുന്നില്‍ കണ്ട് റജായ് കതാന്റെ നേതൃത്വത്തില്‍ റഫാഹ് പാര്‍ട്ടിയുടെ 33 മുന്‍ഡെപ്യൂട്ടികള്‍ ചേര്‍ന്ന് വിര്‍ച്യു പാര്‍ട്ടിക്ക് രൂപം നല്‍കി. പാര്‍ട്ടിയുടെ നിയന്ത്രണം നജ്മുദ്ദീന്‍ അര്‍ബകാന്റെ കീഴില്‍ തന്നെയായിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഇസ്തംബൂള്‍ മേയറായിരുന്ന റജബ്ത്വയ്യിബ് ഉറുദുഗാനെ തിരഞ്ഞെടുത്തു. 1999-ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വിര്‍ച്യു പാര്‍ട്ടി ഘടന കൂടുതല്‍ ശക്തമാക്കി. നിരോധിക്കപ്പെട്ട പാര്‍ട്ടിക്ക് ബദലായി മറ്റൊരു പാര്‍ട്ടി വരുമ്പോള്‍ പഴയ അംഗങ്ങളില്‍ 50% പേരെ ഒഴിവാക്കി പുതിയ അംഗങ്ങളെ കണ്ടെത്തണമൊണ് തുര്‍ക്കിയുടെ നിയമം. ഇക്കാര്യത്തില്‍ പഴയ മെമ്പര്‍മാരെ നിലനിര്‍ത്തി 60% അംഗങ്ങളെ പുതുതായി ചേര്‍ത്ത് പാര്‍ട്ടി സര്‍ക്കാറിനെ വെല്ലുവിളിച്ചു. അതോടൊപ്പം സ്ത്രീവിരുദ്ധം, ജനാധിപത്യ വിരുദ്ധം തുടങ്ങിയ ആരോപണങ്ങളുന്നയിക്കുവര്‍ക്കുള്ള മറുപടിയെന്നോണം ഉന്നത വിദ്യാഭ്യാസം നേടിയ ഒട്ടേറെ സ്ത്രീകള്‍ സംഘടനയില്‍ മെമ്പര്‍മാരായി. തസ്‌ലീന ലിസ, പ്രൊ: ഇയാ അഗോനിച്ച്, ഗുല്‍താന്‍ സെലിക് എന്നീ മൂന്ന് വനിതകളെ പാര്‍ട്ടിയിലെ കേന്ദ്രകൂടിയാലോചനാ സമിതിയിലേക്ക് തെരഞ്ഞെടുത്തു. വിര്‍ച്യു പാര്‍ട്ടി സ്വീകരിച്ച നയനിലപാടുകള്‍ മതേതര കപടബുദ്ധിജീവികളുടെ വായടപ്പിച്ചു. യൂറോപ്യന്‍ യൂനിയനില്‍ അംഗമാവാന്‍ തീരുമാനിച്ചതും സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യമായ ജനസേവന, മനുഷ്യാവകാശ, വ്യക്തി സ്വാതന്ത്ര്യ സംരക്ഷണം ഉയര്‍ത്തിപ്പിടിച്ചതും അവര്‍ക്ക് പ്രഹരമേല്‍പ്പിച്ചു.
ശിരോവസ്ത്രനിരോധത്തെ മതവിഷയമായി കൈകാര്യം ചെയ്യുന്നതിനു പകരം മനുഷ്യാവകാശ ലംഘനത്തിന്റെ പ്രശ്‌നമായിട്ടാണ് അവര്‍ അവതരിപ്പിച്ചത്. കുര്‍ദുകളുടെ പ്രശ്‌നത്തില്‍ വിര്‍ച്യു പാര്‍ട്ടി സ്വീകരിച്ച മനുഷ്യാവകാശ പക്ഷപാതരഹിത നിലപാട് വമ്പിച്ച സ്വീകാര്യത നേടി. തുര്‍ക്കിയിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമായി വിര്‍ച്യു പാര്‍ട്ടി വളര്‍ന്നു. ഒടുവില്‍ തുര്‍ക്കിയുടെ ഭരണാധികാരം ജനങ്ങള്‍ വിര്‍ച്യുവിന്റെ കൈയില്‍ ഏല്‍പ്പിക്കുകയും ചെയ്തു. തീവ്രമതേതരവത്കരണത്തിന്റെ വക്താക്കളായ സൈന്യത്തിന്റെയും മര്‍ക്കടമുഷ്ടിയുള്ള ഭരണഘടനാ കോടതിയുടെയും ഇടയില്‍നിന്നുകൊണ്ട് ഉറുദുഗാന്‍ മനോഹരമായി തുര്‍ക്കിയെ മുന്നോട്ടു കൊണ്ടു പോകുന്നു. ചുരുക്കത്തില്‍ തുര്‍ക്കിയിലെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക രംഗങ്ങളിലെ അസമത്വവും തുടര്‍ന്നുളവായ അസംതൃപ്തിയും മുതലെടുത്ത് ഇസ്‌ലാമിസ്റ്റുകള്‍ രംഗം കൈയടക്കി ശക്തി പ്രാപിക്കുകയായിരുന്നു. ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തെ ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം സാഹചര്യങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ചതും സാമൂഹിക വിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ വ്യക്തമായ നിലപാടെടുത്ത് ഇടപെടാന്‍ സാധിച്ചതുമാണ് വെല്‍ഫെയര്‍ എന്ന റഫാഹ് പാര്‍ട്ടിയുടെ, അഥവാ വിര്‍ച്യു എന്ന ഫദീലത് പാര്‍ട്ടിയുടെ വിജയം.
ഫദീലത്ത് പാര്‍ട്ടിയുടെ ഘടനാ രീതി:
പ്രസിഡന്റിനാണ് കേന്ദ്രസ്ഥാനം. അദ്ദേഹം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയില്ല. കേന്ദ്ര കൂടിയാലോചനാ സമിതിയുടെ കണ്‍വീനര്‍ ആയിരിക്കും തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. കൂടിയാലോചനാ സമിതിയിലെ അംഗങ്ങള്‍ക്ക് ഇലക്ഷനില്‍ പങ്കെടുക്കാം. വ്യാപാര സംഘടന, കര്‍ഷക സംഘടന, വനിതാവിംഗ് തുടങ്ങിയവയില്‍നിന്നും നിര്‍ണിതമായ പ്രാധിനിത്യം കേന്ദ്ര എക്‌സിക്യൂട്ടീവ് കൗണ്‍സിലിന് ഉണ്ടായിരിക്കും. വിദ്യാഭ്യാസ വിചക്ഷണര്‍, ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, മതപണ്ഡിതര്‍ തുടങ്ങിയവരും കൗണ്‍സിലില്‍ ഉണ്ടായിരിക്കും. കേന്ദ്രത്തിലെ അധികാര വികേന്ദ്രീകരണം തന്നെയാണ് പ്രവിശ്യകള്‍ പിന്തുടരുന്നത്. പ്രസിഡന്റ,് അദ്ദേഹത്തിന്റെ കീഴില്‍ പ്രവിശ്യാ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍, അതിലെ കണ്‍വീനര്‍, മേയര്‍ സ്ഥാനാര്‍ഥി ഇങ്ങനെയായിരിക്കൂം പ്രവിശ്യാസമ്പ്രദായങ്ങള്‍. രാഷ്ട്രീയ പാര്‍ട്ടികൂടിയായതിനാല്‍ മെമ്പര്‍മാര്‍ പല വിഭാഗങ്ങളില്‍നിന്നും ഉണ്ടാകും. മത്സരത്തിന് പാര്‍ട്ടിയുടെ കേഡര്‍മാരായിരിക്കും നിയോഗിക്കപ്പെടുന്നത്.
ലോകത്തിലാദ്യമായി ഭരണത്തിലേറിയ ഇസ്‌ലാമിക പ്രസ്ഥാനമാണ് തുര്‍ക്കിയിലേത്. അര്‍ബക്കാന്റെ ശിഷ്യന്മാരിലൊരാളായ ഉറുദുഗാന്‍ ഭരണകൂടത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. ഭരണകൂടത്തിന്റെ നയരൂപീകരണങ്ങളുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തു. പ്രത്യേകിച്ച് ഭരണകൂടത്തിന്റെ വിദേശ ബന്ധം, ഇസ്‌റായേലിനെ അംഗീകരിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇത് മൂര്‍ഛിച്ചതിന്റെ ഫലമായി രണ്ട് പാര്‍ട്ടികള്‍ നിലവില്‍വന്നു- അര്‍ബകാന്റെ നേതൃത്വത്തില്‍ സആദ പാര്‍ട്ടിയും ഉറുദുഗാന്റെ നേതൃത്വത്തില്‍ എ.കെ പാര്‍ട്ടിയും. ലോകത്ത് അതിവേഗം സഞ്ചരിച്ച ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഈ വഴിമാറ്റം മുസ്‌ലിം ലോകത്ത് കനത്ത നിരാശക്ക് കാരണമായി. ഉറുദുഗാന്റെ രാഷ്ട്രീയ നീക്കുപോക്കുകള്‍ ഏറ്റവും പ്രശോഭിതമായ സ്വാധീനങ്ങള്‍ രാജ്യത്തിനും ഇസ്‌ലാമിക പ്രസ്ഥാനത്തിനും നേടിക്കൊടുക്കുന്നു എന്നാണ് തുര്‍ക്കിയിലെ സമകാലിക സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.
Add Comment