ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍

ആസ്‌ത്രേലിയന്‍ ഫെഡറേഷന്‍ ഓഫ് ഇസ്‌ലാമിക് കൗണ്‍സില്‍സ്

ലോകത്തിലെ ഏറ്റവും ചെറിയതും ജനവാസം കുറഞ്ഞതുമായ വന്‍കരയില്‍പെട്ട ആസ്‌ത്രേലിയയിലെ മുസ്‌ലിംകള്‍, അന്നാട്ടിലെ നിര്‍ണായക ശക്തിയായി മാറിയിരിക്കുന്നു. ഒട്ടകങ്ങളെ മേക്കാനായി അഫ്ഗാനില്‍നിന്ന് വന്നവരാണ് ആദ്യകാലമുസ്‌ലിംകള്‍. 1880-ലാണ് ഇവര്‍ ഇവിടെയെത്തിയത്. രണ്ടാം ലോകയുദ്ധത്തിനുശേഷം തുര്‍ക്കി, ലബനാന്‍, ഈജിപ്ത്, അല്‍ബേനിയ എന്നിവിടങ്ങളില്‍നിന്ന് കുടിയേറിയ മുസ്‌ലിംകളാണ് ഈ വന്‍കരയിലെ ഏറ്റവും ശക്തമായ മതവിഭാഗമായി പരിണമിച്ചത്. ഇന്ന് ആസ്‌ത്രേലിയയിലെ ഏറ്റവും വലിയ വിഭാഗമാണ് മുസ്‌ലിംകള്‍. സിഡ്‌നിയിലാണ് ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ ഉള്ളത്.
1963-ല്‍ തന്നെ ആസ്‌ത്രേലിയന്‍ മുസ്ലിം സമൂഹം അവിടത്തെ ഇസ്‌ലാമിക മുന്നേറ്റം മുന്നില്‍ കണ്ട് ഒരു സംഘടനാ സംവിധാനത്തിന് രൂപം നല്‍കിയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനും, ആരാധനാ സൗകര്യങ്ങള്‍ നേടിയെടുക്കാനും വേണ്ടിയായിരുന്നു അത്. പള്ളി നിര്‍മിക്കുക, മതവിദ്യാഭ്യാസം നല്‍കുക തുടങ്ങിയവക്കാണ് അവ മുന്‍ഗണന നല്‍കിയത്.

1975-ല്‍ തന്നെ ആസ്‌ത്രേലിയയില്‍ മുസ്‌ലിംകള്‍ വന്‍സ്വാധീന ശക്തിയായി മാറി. സാംസ്‌കാരിക-സാമ്പത്തിക മേഖലകളില്‍ മുസ്‌ലിംകള്‍ അങ്ങേയറ്റം പുരോഗതി പ്രാപിച്ചു. ഇതിന്റെ ഫലമായി രൂപീകൃതമായ മുസ്‌ലിം കൂട്ടായ്മയാണ് ആസ്‌ത്രേലിയന്‍ ഫെഡറേഷന്‍ ഓഫ് ഇസ്‌ലാമിക് കൗണ്‍സില്‍സ്. സിഡ്‌നിയിലെ ന്യൂ സൗത് വെയില്‍സാണ് ഇതിന്റെ ആസ്ഥാനം. ആസ്‌ത്രേലിയന്‍ നിയമങ്ങളുടെ ചട്ടക്കൂടില്‍ നിന്ന് തന്നെ സമൂഹത്തിന് ഇസ്ലാമിക അധ്യാപനം നല്‍കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കാനും മതപരമായ സ്വാതന്ത്ര്യം അനുവദിക്കാനും ഇസ്‌ലാമിക് കൗണ്‍സില്‍ ബഹുജനസമരം സംഘടിപ്പിക്കുകയുണ്ടായി. ഇസ്‌ലാമിക പ്രബോധനപ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക സംരംഭങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കല്‍, ഹലാല്‍ ഭക്ഷണം പരിശോധിക്കല്‍ തുടങ്ങിയവയില്‍ ഇസ്‌ലാമിക് കൗണ്‍സില്‍സ് അതീവ ജാഗ്രത പുലര്‍ത്തുന്നു. ഭരണകൂടത്തിന്റെ സാമ്രാജ്യത്വ അനുകൂല നിലപാട്, മുസ്‌ലിംകളോടുള്ള വിവേചനം, ആദിവാസികളോടുള്ള അവഗണന തുടങ്ങിയ നെറികേടുകള്‍ക്കെതിരെ ഇസ്‌ലാമിക് കൗണ്‍സില്‍സ് നിരവധി സമരപരിപാടികള്‍ നടത്തിയിട്ടുണ്ട്. വര്‍ണവിവേചനത്തിന്റെയും വംശമേധാവിത്വത്തിന്റെയും തേരിലൂടെയാണ് ആസ്‌ത്രേലിയന്‍ ഭരണകൂടം സഞ്ചരിക്കുന്നത്. 1990-ല്‍ അവതരിപ്പിക്കപ്പെട്ട പുതിയ ബില്‍ പ്രകാരം മുസ്‌ലിംകള്‍ക്ക് മതപ്രബോധന സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടെങ്കിലും അത് ഏടുകളില്‍ മാത്രം ഒതുങ്ങി.

ഇസ്‌ലാമിക് കൗണ്‍സിലിന്റെ കീഴില്‍ ധാരാളം പള്ളികളും മതവിദ്യാലയ കേന്ദ്രങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ലക്ഷത്തോളം മുസ്‌ലിംകള്‍ താമസിക്കുന്ന സിഡ്‌നിയിലെ ഇസ്‌ലാമിക് സെന്റര്‍ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. ഇസ്‌ലാമിക് കൗണ്‍സിലിന്റെ കീഴില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നു. വിദ്യാഭ്യാസം, വ്യക്തിത്വവികസനം, ഭൗതിക വിദ്യാര്‍ഥികള്‍ക്ക് മതപ്രബോധനം, തൊഴില്‍ പരിശീലനം മുതലായവയാണ് കൗണ്‍സില്‍ നടത്തുന്ന പ്രമുഖ പ്രവര്‍ത്തനങ്ങള്‍. അതോടൊപ്പം മുസ്‌ലിംസ് ആസ്‌ത്രേലിയ എന്ന പേരില്‍ ഒരു മാഗസിന്‍ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. സംഘടനയിലെ ഭൂരിഭാഗം പ്രവര്‍ത്തകരും ശരാശരി പ്രതിശീര്‍ഷ വരുമാനത്തിന് താഴെയുള്ളവരാണ്. സമ്പന്ന ഗള്‍ഫ് രാജ്യങ്ങളുടെ സഹായം കൊണ്ടാണ് സംഘടനയുടെ പ്രവര്‍ത്തനം തുടര്‍ന്നുപോവുന്നത്. സംഘടനയിലെ ഭൂരിഭാഗം മെമ്പര്‍മാരും തദ്ദേശീയരായതുകൊണ്ട് പ്രതിഷേധ പരിപാടികള്‍ ആവിഷ്‌കരിക്കാനും മണ്ണറിഞ്ഞ് പ്രവര്‍ത്തിക്കാനും സാധിക്കുന്നുണ്ട്. ആസ്‌ത്രേലിയയിലെ മറ്റു ഇസ്‌ലാമിക സംഘടനകളുമായി സഹകരിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും നിരവധി പ്രവര്‍ത്തനങ്ങള്‍ കൗണ്‍സില്‍ നടത്തി വരുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ആസ്‌ത്രേലിയയില്‍ അറിയപ്പെട്ട ഏക സംഘടന എന്ന ഖ്യാതിയും അവര്‍ക്കുണ്ട്.

Topics