അമേരിക്കയും കാനഡയും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനമാണ് ഇക്‌ന. 1971-ല്‍ ജമാഅത്തെ ഇസ്‌ലാമി രൂപം നല്‍കിയ ഹല്‍ഖയില്‍ നിന്നാണ് ഇക്‌ന രൂപപ്പെടുന്നത്. രാഷ്ട്രീയരംഗത്ത് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് ഇക്‌നയുടേത്. അമേരിക്കയുടെതന്നെ കിരാതകൃത്യങ്ങള്‍ക്കെതിരെ അവിടുത്തെ ബുദ്ധിജീവികളെയും സമാനമനസ്‌കരെയും ഉള്‍ക്കൊള്ളിച്ച് വമ്പിച്ച പ്രതിഷേധപരിപാടികള്‍ നടത്താന്‍ സാധിക്കുകയുണ്ടായി. അതുപോലെത്തന്നെ മുസ്‌ലിംകളില്‍ നിന്ന് തന്നെയുള്ള തീവ്രവാദി ആക്രമണങ്ങള്‍, ലണ്ടന്‍ സ്‌ഫോടനം, മുബൈസ്‌ഫോടനം തുടങ്ങിയവയെ അപലപിക്കുന്നതിനും അവക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടി വിചാരണ ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതിനും ഇക്‌ന മുന്നില്‍ തന്നെയുണ്ടായിരുന്നു. ഇസ്‌ന (ISNA)യെക്കാള്‍ ചെറുതാണെങ്കിലും അതിനെ അപേക്ഷിച്ച് കൂടുതല്‍ സ്വീകാര്യതയും ജനകീയതയും ഇക്‌നക്കാണ് ഉള്ളത്. ഇക്‌നയുടെയും ഇസ്‌നയുടെയും പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്ത മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. സഹകരണമാണ് ഇവയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നത്. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ഫലസ്തീന്‍, ബൈറൂത്ത് തുടങ്ങിയ പ്രശ്‌നങ്ങളില്‍ മുസ്‌ലിംഭൂരിപക്ഷത്തിന്റെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് ഇക്‌നയാണ്. ഭീകരതക്കെതിരെ (അമേരിക്കയുടെയും മുസ്‌ലിംനാമധാരികളുടെയും) ശക്തമായ പ്രചാരണ പരിപാടികള്‍ നടത്തുന്നു. ഇസ്‌നയുടെ അവസാനത്തെ കാമ്പയിന്‍ തലക്കെട്ട് ‘ഇസ്‌ലാമായി ജീവിക്കുക മാനവതയെ സ്‌നേഹിക്കുക’ എന്നതായിരുന്നു. (Living Islam Loving Humantiy) എന്നതായിരുന്നു. അമേരിക്കയിലും കാനഡയിലും വളരെയധികം ഇസ്‌ലാം ശ്രദ്ധാകേന്ദ്രമാകാനും സംഘടന അറിയപ്പെടാനും ഈ കാമ്പയിന്‍ വഴിയൊരുക്കി. കൂടാതെ, ഗ്വാണ്ടനാമോയിലെ മനുഷ്യത്വവിരുദ്ധ പീഡനങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതില്‍ ഇക്‌നയുടെ പങ്ക് വലുതാണ്.
ലക്ഷ്യവും നയവും
ദീനിനെ വ്യക്തിജീവിതം തൊട്ട് രാഷ്ട്രതലം വരെ സംസ്ഥാപിക്കുക എതാണ് ഇക്‌നയുടെ ലക്ഷ്യം. ഇതിനാവശ്യമായ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ ഇക്‌ന രൂപീകരിച്ച് നടപ്പിലാക്കുന്നുണ്ട്. മുസ്‌ലിം ഐക്യം, മാനുഷിക പ്രശ്‌നങ്ങളില്‍ ഇടപെടല്‍ തുടങ്ങിയ ഉപലക്ഷ്യങ്ങള്‍ കൂടി തങ്ങളുടെ നിഘണ്ടുവില്‍ അവര്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. മുസ്‌ലിംകള്‍ക്കിടയിലുള്ള സാംസ്‌കാരികമായ അകലങ്ങള്‍ ഭാഷാപരവും വേഷാപരവുമായ അന്തരങ്ങള്‍ ഇവ യോജിപ്പിക്കുന്നതിനും പുരോഗമനപരമായി ചിന്തിക്കാന്‍ അവരെ പര്യാപ്തമാക്കുന്നതിനും ഇക്‌ന ശ്രദ്ധ ചെലുത്തുന്നുണ്ട്. ദഅ്‌വാ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ ഊന്നല്‍ നല്‍കുന്നു. സെമിനാറുകള്‍, സംവാദങ്ങള്‍, പൊതുപരിപാടികള്‍, വെബ്‌സൈറ്റുകള്‍, ഇവ ഉപയോഗിച്ച് പ്രബോധനപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. അംഗങ്ങളുടെ ധാര്‍മികമായ ഉന്നതി ഉദ്ദേശിച്ച് ‘തര്‍ബിയത്ത്’ പ്രവര്‍ത്തനങ്ങളും ഇക്‌ന നടത്തുന്നുണ്ട്. ‘നൈബര്‍ നെറ്റ്‌സ്’ (Nighbour Nets) എന്ന പേരിലുള്ള എട്ടംഗ ഉസ്‌റകള്‍ രൂപീകരിച്ചാണ് സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേന്ദ്രം മുതല്‍ ചാപ്റ്റര്‍ വരെയുള്ള മുഴുവന്‍ പ്രവര്‍ത്തകരും ഇതിലംഗങ്ങളായിരിക്കും. നേതൃപരിശീലന ക്യാമ്പുകള്‍, സ്റ്റഡീസര്‍ക്കിളുകള്‍ (Learning by Doing) എന്ന തത്വത്തോട് അടുപ്പം പുലര്‍ത്തുന്ന രീതിയില്‍ രൂപീകരിച്ചിരിക്കുന്നു. സമകാലിക പ്രശ്‌നങ്ങളില്‍ പ്രസ്ഥാനനിലപാടുകള്‍ വ്യക്തമാക്കാനും ആസൂത്രിതമായ മീഡിയാ ആക്രമണങ്ങള്‍ക്ക് ബദല്‍ നല്‍കുവാനും കഴിവുള്ള കേഡര്‍മാരെ വാര്‍ത്തെടുക്കാന്‍ ‘ടുലമസലൃ െഎീൃൃൗാ’ രൂപീകരിച്ചിട്ടുണ്ട്. അംഗങ്ങളുടെ വൈവിധ്യമാര്‍ന്ന നൈസര്‍ഗിക ഗുണങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ഇക്‌ന വളരെയധികം ശ്രദ്ധിക്കുന്നു. സാമ്പത്തിക സമത്വം ഉറപ്പുവരുത്തുതിന് സകാത് സംവിധാനം കാര്യക്ഷമമായ അര്‍ഥത്തില്‍ ഉപയോഗിക്കുന്നു. ജനസേവന കാര്യങ്ങളും അനാഥ-അഗതിസംരക്ഷണത്തിലും സാംസ്‌കാരിക സംവാദ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനും ഇക്‌ന കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. ഒരുഅമേരിക്കന്‍ സാമ്പത്തിക വിദഗ്ധര്‍ക്ക് ഇസ്‌ലാമിന്റെ പലിശരഹിത സാമ്പത്തിക വ്യവസ്ഥിതി പരിചയപ്പെടുത്തുന്നതിലും ഇക്‌ന വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ലോകത്തെ ദരിദ്രരാഷ്ട്രങ്ങളെ സഹായിക്കുന്നതിനും തങ്ങളുടെ സകാത് ഫണ്ട് അവര്‍ ഉപയോഗിക്കുന്നു. ഇക്‌നയുടെ ഇപ്പോഴത്തെ പ്രസിഡന്റ് നഈം ബൈഗ് ആണ്.
സാമൂഹിക സഹവര്‍ത്തിത്വത്തിലൂടെ ലോകത്തിന് സ്രഷ്ടാവിനെ പരിചയപ്പെടുത്തുക, ലോകസമൂഹത്തിന് മുന്നില്‍ സത്യസാക്ഷ്യം വഹിക്കുകയെന്ന ഉത്തരവാദിത്ത നിര്‍വഹണത്തിന് മുസ്‌ലിം സമൂഹത്തെ പ്രാപ്തമാക്കുക, അതിന് സന്നദ്ധതയുള്ളവരെ ഇക്‌നയുടെ ഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, ഇസ്‌ലാമിക വിജ്ഞാനം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ പരിശീലന മത്സരങ്ങള്‍ സംഘടിപ്പിക്കുക, എല്ലാ തരത്തിലുള്ള അധാര്‍മിക പ്രവണതകളെയും എതിര്‍ക്കുക, മുസ്‌ലിം സമൂഹത്തിന്റെ ഐക്യത്തിന് വേണ്ടി മറ്റ് സംഘടനകളോടും പ്രസ്ഥാനങ്ങളോടും ചേര്‍ന്നുപ്രവര്‍ത്തിക്കുക തുടങ്ങിയ മാര്‍ഗങ്ങളെല്ലാം ഇക്‌ന അവലംബിക്കുന്നു.
ഇന്ത്യാഉപഭൂഖണ്ഡത്തിലെ സുപ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതനായിരുന്ന സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ചിന്തകളാല്‍ ഇക്‌ന സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്ന് ഹുസൈന്‍ നസ്‌റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. മാത്രമല്ല സയ്യിദ് മൗദൂദി രൂപം നല്‍കിയ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രാസ്ഥാനികഘടന തന്നെയാണ് ഇക്‌നക്കുമുള്ളത്. ജമാഅത്തെ ഇസ്‌ലാമിയുമായി ഇക്‌നക്ക് ബന്ധമുണ്ടെന്ന് ജോണ്‍ എസ്‌പോസിറ്റോ കുറിക്കുകയുണ്ടായി.
അമേരിക്കയിലെ 70% സ്റ്റേറ്റുകളിലും ഇക്‌നയുടെ പ്രാതിനിധ്യമുണ്ട്. മൂന്നു പോഷകസംഘടനകളാണ് ഇക്‌നക്കുള്ളത്. ഇക്‌നയുടെ തന്നെ ഘടനയിലാണ് അവയും പ്രവര്‍ത്തിക്കുന്നത്. വനിതകള്‍ക്കുള്ള ഇക്‌ന സിസ്‌റ്റേസ് വിങ് വിദ്യാര്‍ഥികള്‍ക്കുള്ള ഇക്‌ന യങ് മുസ്‌ലിംസ്, വിദ്യാര്‍ഥിനികള്‍ക്ക് ഇക്‌ന യങ് മുസ്‌ലിം സിസ്റ്റേഴ്‌സ് എന്നിവയും നിലവിലുണ്ട്. 1990-കളിലാണ് വിദ്യാര്‍ഥി വിങുകള്‍ക്ക് ഇക്‌ന രൂപം നല്‍കുന്നത്. യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇവ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, ഇസ്‌നയിലെ വിദ്യാര്‍ഥി വിഭാഗമായ എം.എസ്.എ യുടെ അത്ര വിദ്യാര്‍ഥി സ്വാധീനം നേടിയെടുക്കാന്‍ ഇവര്‍ക്കു സാധിച്ചിട്ടില്ല. ഇക്‌നയുടെ കര്‍മപരത പോഷകസംഘടനകളെ ഹൈജാക് ചെയ്തിട്ടുണ്ട് എന്ന ആരോപണവും നിലനില്‍ക്കുന്നു. അമേരിക്കയുടെ 30 വര്‍ഷത്തെ ചരിത്രത്തില്‍ ഇക്‌നയുടെ ഇടപെടലുകള്‍, പ്രതിഷേധങ്ങള്‍, പ്രക്ഷോഭങ്ങള്‍ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലെ വരേണ്യവര്‍ഗത്തെപ്പോലും സ്വാധീനിച്ചിട്ടുണ്ട് ഇക്‌നയുടെ പ്രവര്‍ത്തനങ്ങള്‍ എന്നതാണ് വസ്തുത. അതിനാല്‍ ലോകത്തെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ അഭൂതപൂര്‍വമായ നവജാഗരണത്തില്‍ ഇക്‌നയുടെ പങ്ക് വിസ്മരിക്കാന്‍ സാധ്യമല്ല.
Add Comment