രാഷ്ട്രീയം-ലേഖനങ്ങള്‍

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ചെയ്യാനുള്ളത്

മുസ്‌ലിംകള്‍ ഏകദൈവവിശ്വാസം മുറുകെപ്പിടിക്കുന്നതുകൊണ്ടും ഇതരസംസ്‌കാരങ്ങളിലെ ദൈവവിരുദ്ധമായ വശങ്ങള്‍ സ്വാംശീകരിക്കാന്‍ കഴിയാത്തതുകൊണ്ടും എന്നും ഇതരസമൂഹങ്ങളിലെ അവിവേകികളുടെയും തീവ്രവലതുപക്ഷചിന്താഗതിക്കാരുടെയും വിദ്വേഷത്തിനും അസൂയക്കും ഇരയായിരുന്നു. ഏതുകാലഘട്ടത്തിലും സമൂഹത്തിലും അത് അങ്ങനെത്തന്നെയായിരുന്നു. ഇസ്‌ലാമോ ഫോബിയയുടെ ഈ പോസ്റ്റ്ട്രൂത് കാലഘട്ടത്തിലും അതിന് വ്യത്യാസമൊന്നുമില്ല. അത്തരമൊരു ഘട്ടത്തില്‍ സാഹചര്യത്തിന്റെ പ്രതികൂലാവസ്ഥകളെക്കുറിച്ചുമാത്രം ആലോചിച്ച് വിഷണ്ണനാകാതെ തികച്ചും പോസിറ്റീവ് ആയി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.

ദേശദ്രോഹത്തിന്റെയും ഭീകരതയുടെയും ചാപ്പകുത്തുമ്പോള്‍ തന്നെയും ന്യൂനപക്ഷസമുദായത്തെ മുസ്‌ലിം ആണെന്ന ഒറ്റ കാരണത്താല്‍ മാത്രം വേട്ടയാടുന്നതാണെന്ന യാഥാര്‍ഥ്യം ബഹുഭൂരിപക്ഷം ദേശവാസികള്‍ക്കുമുണ്ട്. അത്തരംചിന്താഗതിക്കാര്‍ വളരെ നിര്‍ണായഘട്ടത്തില്‍ മുസ്‌ലിംസമൂഹത്തെ സംരക്ഷിക്കാന്‍ മുന്‍പന്തിയില്‍ തന്നെയാണ്.
മുസ്‌ലിംകളുടെ സുഹൃത്തുക്കള്‍, ഗുണകാംക്ഷികള്‍, ശത്രുക്കള്‍ ആരെന്നത് ഏറ്റവും നന്നായി മനസ്സിലാക്കാന്‍ കഴിയുന്ന സന്ദര്‍ഭമാണിത്. അതോടൊപ്പം ഇസ്‌ലാമിനൊപ്പമാണെന്ന നാട്യത്തില്‍ ഭരണകൂടത്തിന് ഒറ്റുകൊടുക്കുകയും അവരുടെ അച്ചാരം കൈപ്പറ്റുകയുംചെയ്യുന്ന, അവരുടെ അനീതിക്കെതിരില്‍ പ്രതികരിക്കാത്ത, അബ്ദുല്ലാഹിബ്‌നുഉബയ്യുബ്‌നു സുലൂലിന്റെ പാത പിന്തുടരുന്ന കപടവിശ്വാസികളും കൂട്ടത്തിലുള്ളത് മുസ്‌ലിംകള്‍ക്ക് തിരിച്ചറിയാം. വിശ്വാസിസമൂഹത്തിന്റെ ഭാവി പദ്ധതികള്‍ക്കും ആസൂത്രണങ്ങള്‍ക്കും ഇത് വളരെ പ്രയോജനംചെയ്യും.

നീതിയുടെയും നന്‍മയുടെയും സ്വാതന്ത്ര്യത്തിന്റെയും പൗരാവകാശത്തിന്റെയും പക്ഷത്ത് നില്‍ക്കുന്ന അനേകായിരങ്ങള്‍ സെക്യുലര്‍- മതവിശ്വാസികളുടെ പക്ഷത്തുണ്ടെന്ന യാഥാര്‍ഥ്യം വിശ്വാസികള്‍ തിരിച്ചറിയണം. അതിനാല്‍ മുസ്‌ലിംസമുദായം നീതിയുടെയും സത്യത്തിന്റെയും ധാര്‍മികതയുടെയും പരജീവിസ്‌നേഹത്തിന്റെയും വക്താക്കളാണെന്ന യാഥാര്‍ഥ്യം ഊട്ടിയുറപ്പിക്കുംവിധം തങ്ങളുടെ ആദര്‍ശജീവിതത്തിന്റെ വെളിച്ചം വീശേണ്ടതാണ്.

തന്റെ ആളുകളുടെ അനീതിക്കും അക്രമത്തിനും എതിരെ സംസാരിച്ച മുത്ഇമുബ്‌നു അദിയ്യിന്റെ നവലോകപ്പതിപ്പുകള്‍ എല്ലാ രാജ്യത്തുമുള്ളതുപോലെ ഈ നാട്ടിലുമുണ്ടെന്ന ബോധ്യം ഉണ്ടാവണം. അക്രമത്തില്‍നിന്നും സാമ്പത്തികഉപരോധത്തില്‍നിന്നും പരിചയെന്നോണം നിലകൊണ്ട അബൂത്വാലിബിന്റെ പിന്‍ഗാമികള്‍ ചരിത്രത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഉഹുദ് യുദ്ധത്തില്‍ മുഹമ്മദ് നബിയോടൊപ്പം പോരാടി രക്തസാക്ഷിയായ യഹൂദറബ്ബിയായ മുഖൈരിഖിനെപ്പോലുള്ള ആളുകള്‍ എന്നുമുണ്ടാകും(താന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടാല്‍ തന്റെ സമ്പത്ത് മുഹമ്മദിനുള്ളതാണെന്ന് ധനികനായ മുഖൈരിഖ് അനുയായികളോട് അറിയിക്കുകയുണ്ടായി).

ഇതരമതസ്ഥരുടെയും പ്രത്യയശാസ്ത്രക്കാരുടെയും നേരെ പുലര്‍ത്തുന്ന വിയോജനനിലപാടുകള്‍ പ്രതിസന്ധിഘട്ടത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ട കാര്യമില്ലെന്ന് ചരിത്രത്തിലൂടെ നാം പഠിക്കേണ്ടതുണ്ട്. അബൂത്വാലിബ് വിഗ്രഹാരാധകനാണെന്നതല്ല, മറിച്ച് അദ്ദേഹം ഇസ്‌ലാമികസമൂഹത്തിനായി ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചുവെന്ന സംഗതിയാണ് നാം ഉയര്‍ത്തിപ്പിടിക്കേണ്ടത്. അതുപോലെ മുഖൈരിഖിന്റെ യഹൂദവിശ്വാസത്തെയല്ല, അദ്ദേഹം ഉഹുദില്‍ നബിയെ പിന്തുണച്ചുവെന്നതാണ് നമ്മെ സംബന്ധിച്ച് പ്രധാനം.
അവസാനമായി എല്ലാവിധത്തിലുമുള്ള സഹായങ്ങള്‍ ആവശ്യമുള്ളവരാണ് നാം. അല്ലാഹുവാണ് എല്ലാ സഹായങ്ങളുടെയും ഉടമസ്ഥനെന്ന് തിരിച്ചറിയുക.

Topics