വിശ്വാസം-ലേഖനങ്ങള്‍

പ്രതീക്ഷയോടെ വിജയമാര്‍ഗത്തില്‍ മുന്നേറുക

ചില കാര്യങ്ങളെ വളരെ നിസ്സാരവും, പ്രയോജനതാല്‍പര്യമില്ലാതെയുമാണ് നാം മിക്കവാറും സമീപിക്കാറുള്ളത്. പക്ഷെ തിരുമേനി(സ) നട്ടുവളര്‍ത്താന്‍ കല്‍പിച്ച തൈയ്യായിരിക്കാം അത്. ‘അന്ത്യനാള്‍ ആസന്നമാവുന്ന സമയത്ത് നിങ്ങളിലാരുടെയെങ്കിലും കയ്യില്‍ ഒരു തൈയ്യുണ്ടെങ്കില്‍ അവന്‍ അത് നട്ടു കൊള്ളട്ടെ’. (അഹ്മദ്, ബുഖാരി)

വഴിയെല്ലാം അടക്കപ്പെട്ടിരിക്കുന്നു എന്ന് കരുതുന്ന സാഹചര്യത്തില്‍ വേഗത്തില്‍ കാര്യം നിര്‍വഹിക്കണമെന്ന് പഠിപ്പിക്കുന്ന പ്രവാചക അധ്യാപനമാണ് ഇത്. ഓരോരുത്തരും തനിക്ക് കഴിയുന്ന വൃത്തത്തില്‍ നിന്നുകൊണ്ട് വല്ലതും ചെയ്യുന്ന പക്ഷം അല്‍ഭുതകരമായ ഫലമുള്ള, അനുകൂലമായ ഒരു ലോകത്തെ നമുക്ക് സൃഷ്ടിക്കാന്‍ സാധിക്കുന്നതാണ്.

വ്യക്തികള്‍ ആത്മ-സുഹൃത് സംസ്‌കരണത്തിലൂടെ കാര്യങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നുവെങ്കില്‍ ഇന്ന് നമ്മുടെ യുവാക്കളുടെയും യുവതികളുടെയും അവസ്ഥ ഇതാകുമായിരുന്നില്ലല്ലോ. ഇതിന് സാധിക്കാത്ത കാലത്തോളം നാം എങ്ങനെയാണ് മാറ്റത്തെക്കുറിച്ച് സ്വപ്‌നം കാണുക?

നമ്മുടെ നാട്ടിലെ ദൈവിക ഭവനങ്ങളെ നമസ്‌കാരവും സേവനവും കൊണ്ട് ജീവിപ്പിക്കാന്‍ സാധിക്കാത്ത നമുക്ക് എങ്ങനെയാണ് മസ്ജിദുല്‍ അഖ്‌സ്വാ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുക? നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥിയും, ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനും വിശ്വസ്തത പുലര്‍ത്തുന്ന കച്ചവടക്കാരനും ഉന്നത സ്വഭാവത്തില്‍ സന്താനങ്ങളെ വളര്‍ത്തുന്ന മാതാവും തന്റെ ഉത്തരവാദിത്തം സഹനത്തോടെ നിര്‍വഹിക്കുന്ന ഡോക്ടറുമെല്ലാം ദൈവിക ഭവനങ്ങളെ മോചിപ്പിക്കുന്നതില്‍ പങ്കുകൊള്ളുന്നവരാണ്. 

നേടാന്‍ സാധിക്കുന്നവ നേടിയെടുക്കാനായി സഹനം സുപ്രധാനമാണ്. പരിഹാരം കാണാന്‍ കഴിയായത്ത പ്രശ്‌നങ്ങളുടെ കാര്യത്തിലും ക്ഷമക്ക് മഹത്തായ സ്ഥാനമുണ്ട്. യഹൂദരാണ് നമ്മുടെ പിന്നാക്കാവസ്ഥക്ക് കാരണമെന്നല്ല നാം വിശ്വസിക്കേണ്ടത്. മറിച്ച് നമ്മുടെ പിന്നാക്കാവസ്ഥയാണ് സയണിസ്റ്റുകള്‍ക്ക് മുന്നില്‍ നാം പരാജയപ്പെടാന്‍ കാരണമെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. 

വിജയം എങ്ങനെ എത്തിപ്പിടിക്കാമെന്ന് അറിയണമെങ്കില്‍ എന്തുകൊണ്ട് പരാജയം സംഭവിച്ചുവെന്ന് തിരിച്ചറിയണം. പ്രയാസങ്ങള്‍ എങ്ങനെയുണ്ടായി എന്നറിഞ്ഞാലെ അതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം കണ്ടെത്താന്‍ കഴിയുകയുള്ളൂ. മറ്റുള്ളവരുടെ കര്‍മങ്ങള്‍ അവ എത്ര തന്നെ ചെറുതാണെങ്കിലും നാം നിസ്സാരവല്‍ക്കരിക്കരുത്. മിണ്ടാതിരിക്കുന്നവരോട് നാം പറയും ‘എത്ര കാലമാണ് നിശബ്ദമായിരിക്കുക?’ ആരെങ്കിലും സംസാരിച്ചാല്‍ നാം പറയുക ഇപ്രകാരമാണ് ‘സംസാരം കൊണ്ട് പ്രത്യേകിച്ച് ഫലമൊന്നുമില്ല’. ആരെങ്കിലും ഗ്രന്ഥം വായിച്ചാല്‍ ‘ഇത് വായനയുടെ സമയമാണോ’ എന്നായി നമ്മള്‍. നിരാശയിലേക്കും പരാജയത്തിലേക്കും നയിക്കുന്ന വര്‍ത്തമാനങ്ങളാണ് അവ. എന്ത് കൊണ്ട് നമുക്ക് എല്ലാ നന്മയും പ്രോല്‍സാഹിപ്പിച്ച് കൂടാ? ജീവിതത്തില്‍ എല്ലാം ആവശ്യമുണ്ടെന്ന് നമുക്കറിയില്ലേ. ‘ദൈവിക മാര്‍ഗത്തില്‍ പടയാളിയെ ഒരുക്കുന്നവന്‍ യുദ്ധം ചെയ്തിരിക്കുന്നു. ദൈവിക  മാര്‍ഗത്തില്‍ പുറപ്പെട്ട സൈന്യത്തില്‍ ചേരാതെ ന്യായമായി പിന്തിനിന്നവനും യുദ്ധം ചെയ്തിരിക്കുന്നു’. 

അനുകൂലമായ ഭാവനകള്‍ ഇല്ലാത്ത ജീവിതം നിരാശയിലും പ്രയാസത്തിലും മുങ്ങിയതായിരിക്കും. അല്ലാഹുവിന്റെ ദൂതര്‍(സ) സത്യം ചെയ്ത് പറഞ്ഞ കാര്യം ‘അല്ലാഹുവാണ, അവന്‍ ഇക്കാര്യം -ദീന്‍- പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും’ എന്നാണ്. അധിനിവേശക്കാരുടെ കയ്യില്‍  നിന്ന് മോചിപ്പിക്കപ്പെട്ട് അതിന്റെ ആളുകളിലേക്ക് മടക്കപ്പെട്ട വിശുദ്ധ ഭൂമിയാണ് നാം സ്വപ്‌നം കാണേണ്ടത്. എല്ലായിടത്തും സന്തോഷം, ആനന്ദകാവ്യങ്ങള്‍ അന്തരീക്ഷത്തില്‍ ഉയരുന്നു. പരിമളം വീശി വാര്‍ത്ത ലോകത്ത് പടര്‍ന്നെത്തുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ അതിന്റെ വിശദീകരണങ്ങള്‍ ഇഴകീറി ചര്‍ച്ച ചെയ്യുന്നു. വിമോചന വാര്‍ത്തക്ക് മേല്‍ ഒരു ശബ്ദവും ഉയരുകയില്ല. തങ്ങള്‍ സ്വപ്‌നത്തിലാണോ, അതല്ല യഥാര്‍ത്ഥ ജീവിതത്തിലാണോ എന്ന് കണ്ണുതുറന്ന്് പരിശോധിക്കുന്ന കാഴ്ചക്കാര്‍. 

എങ്ങനെ എന്ന് ചോദിക്കുന്നതിനെയാണ് നാം സൂക്ഷിക്കേണ്ടത്. ആയിരക്കണക്കിന് മാര്‍ഗങ്ങളെക്കുറിച്ച അജ്ഞതയില്‍ നിന്നുള്ള ചോദ്യമാണ് അത്. അല്ലാഹുവിന്റെ അപാരമായ കഴിവിനെക്കുറിച്ച അവിശ്വാസത്തില്‍ നിന്നുയരുന്ന ചോദ്യമാണത്. എപ്പോഴാണ് എന്നതാണ് നമ്മുടെ ചോദ്യമെങ്കില്‍ അതിനുള്ള ഉത്തരം ഇതാണ് ‘വളരെ അടുത്തുതന്നെ അത് സംഭവിച്ചേക്കാവുന്നതാണ്’. (ഇസ്‌റാഅ് 51)

Topics