ഹജ്ജ്/ഉംറ-Q&A

രാഷ്ട്രത്തിന്റെ ചെലവില്‍ ഹജ്ജ് നിര്‍വഹിക്കാമോ?

ചോദ്യം:രാഷ്ട്രത്തിന്റെ വരുമാനങ്ങളില്‍ അവിഹിതമായ സ്രോതസ്സുകളില്‍നിന്നുള്ളതുമുണ്ടാവും. അതിനാല്‍ രാഷ്ട്രത്തിന്റെ ചെലവില്‍ ഹജ്ജ് ചെയ്യുന്നത് സാധുവല്ല എന്ന വാദം ചിലര്‍ ഉന്നയിക്കാറുണ്ട്. എന്താണിതിന്റെ സത്യാവസ്ഥ?

ഉത്തരം:
രാഷ്ട്രത്തിന്റെ മുഴുവന്‍ സ്വത്തും അവിഹിത സ്രോതസ്സില്‍നിന്നുള്ളതാവില്ല. ഹലാലും ഹറാമും കൂടിക്കലരുകയും അവയെ വേര്‍തിരിക്കുന്നത് പ്രയാസകരമാവുകയും ചെയ്താല്‍ അതില്‍നിന്ന് ധനം സ്വീകരിക്കുന്നതിന് വിരോധമില്ല. സ്വീകരിച്ചത് ഹലാലില്‍നിന്നുള്ളതാവാനും സാധ്യതയുണ്ടല്ലോ. നബി(സ) യഹൂദരില്‍നിന്നും ജിസ്‌യ സ്വീകരിച്ചിരിന്നു. അവരുടെ ധനം പലിശ, ഹറാമായ കച്ചവടങ്ങള്‍ എന്നിവയില്‍നിന്നുള്ള വരുമാനവും കൂടിച്ചേര്‍ന്നതായിരുന്നു. അതിനാല്‍ രാഷ്ട്രത്തിന്റെ ചെലവിലും വ്യത്യസത ഗവണ്‍മെന്റ് ഏജന്‍സികളുടെ ആഭിമുഖ്യത്തിലുമുള്ള പാക്കേജിന്റെ ഭാഗമായിട്ടൊക്കെ ഹജ്ജ് നിര്‍വഹിക്കുന്നത് സാധുവാണ്. ബാധ്യത വീടുന്നതുമാണ്. പണ്ടുതൊട്ടേ ഈ രീതി തുടര്‍ന്നു വരുന്നുണ്ട്. പണ്ഡിതന്‍മാര്‍ ആരും അതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ല.
ജനങ്ങളുടെ നികുതി പോലുള്ള വരുമാനങ്ങളാല്‍ നടത്തപ്പെടുന്ന പൊതുഖജനാവില്‍നിന്ന് നാം ശമ്പളവും പ്രതിഫലവും ഒക്കെ സ്വീകരിക്കാറുണ്ട്. ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അത് ഉപയോഗപ്പെടുത്താറുമുണ്ട്. പിന്നെ ഈ വിഷയത്തില്‍ മാത്രം സംശയിക്കുന്നതെന്തിന്?

അത്വിയ്യ സഖ്ര്‍

Topics