വരും തലമുറയുടെ നിര്‍മാണത്തിന് ആവശ്യമായ നിര്‍ദേശങ്ങളാണ് നാം ഇവിടെ നല്‍കുന്നത്. നാഗരികത കെട്ടിപ്പടുക്കുന്നതിനും, ഉമ്മത്തിന്റെ നവോത്ഥാനം രൂപപ്പെടുത്തുന്നതിലും ആശ്രയമായി കാണുന്നത് വരുംതലമുറയെയാണ്. അതിനാല്‍ തന്നെ പ്രസ്തുത തലമുറയെ ശക്തിപ്പെടുത്തുന്ന എല്ലാ സൈദ്ധാന്തിക അടിത്തറകളും സമര്‍പ്പിക്കുകയെന്നത് നമ്മുടെ ബാധ്യതയാണ്. എങ്കില്‍ മാത്രമെ നാം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന നാഗരികത സുഭദ്രവും, ശക്തിയുള്ളതുമായി സമൂഹത്തില്‍ ശേഷിക്കുകയുള്ളൂ. എന്തുകൊണ്ടാണ് നമ്മുടെ ഉമ്മത്തിന് ഒന്നാംകിടയില്‍ പെട്ട പ്രഗല്‍ഭരായ നേതാക്കന്മാര്‍ വേണമെന്ന് പറയുന്നത്. അവരാണ് പ്രതിസന്ധിയില്‍ ഉമ്മത്തിനെ പ്രതിരോധിക്കുകയും, അധഃപതനത്തില്‍ നിന്ന് കൈപിടിച്ച് ഔന്നത്യത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നത്. അതിനാല്‍ തന്നെ നിലവിലുള്ള സാഹചര്യത്തില്‍ മുസ് ലിം ഉമ്മത്തിനെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമായ വിഷയമാണ് നേതൃത്വം എന്നത്. മഹാന്മാരായ നേതാക്കന്മാരെ എങ്ങനെ സൃഷ്ടിക്കാമെന്നത് വളരെ ഗൗരവമേറിയ ചര്‍ച്ചയാണ്.
നേതൃത്വം എന്നതിന്റെ ഏറ്റവും ചെറിയ നിര്‍വചനം ‘ലക്ഷ്യത്തിലേക്ക് ജനങ്ങളെ ചലിപ്പിക്കുന്ന പ്രവര്‍ത്തനം’ എന്നതാണ്. പ്രസ്തുത ലക്ഷ്യം ഐഹികമോ, പാരത്രികമോ എന്നത് അടിസ്ഥാനമല്ല. നേതാവിന് പ്രസ്തുത സ്ഥാനത്തിന് അര്‍ഹനാക്കുന്ന ചില പ്രത്യേക ഗുണങ്ങള്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ടതുണ്ട്. ആ സവിശേഷതകളാണ് ഒരു സംഘത്തിന്റെ നേതൃസ്ഥാനത്ത് ഇരിക്കുന്നതിനും ഉയര്‍ത്തിപ്പിടിക്കുന്ന ലക്ഷ്യത്തിലേക്ക്് അവരെ നയിക്കുന്നതിനും അയാളെ യോഗ്യനാക്കുന്നത്. ഈയര്‍ത്ഥത്തില്‍ ഒരു കുടുംബത്തിന്റെ നാഥന്‍ അതിന്റെ നേതാവാണ്. തന്റെ കുടുംബാംഗങ്ങളെ നന്മയിലേക്ക് നയിക്കുകയും അവരെ സല്‍ക്കര്‍മികളായി വളര്‍ത്തുകയും ചെയ്യുകയെന്നതാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തം. ഒരു സ്ഥാപനത്തിന്റെ പ്രസിഡന്റ് അതിന്റെ നായകനാണ്. ആ സ്ഥാപനത്തിന്റെ വളര്‍ച്ചക്കും, വിജയത്തിനും വേണ്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതും നടപ്പിലാക്കേണ്ടതും അദ്ദേഹമാണ്. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അധ്യാപകന്‍ ഉത്തരവാദിയാണ്. ഇപ്രകാരം ഒരു സമ്പൂര്‍ണമായ യൂണിറ്റായി, പരസ്പരം ഇഴചേര്‍ന്ന് വളരുകയാണ് ഒരു സമൂഹത്തിന് ആവശ്യം.
നേതൃത്വത്തിന്റെ പ്രാധാന്യം
ഒരു പ്രവര്‍ത്തനത്തിന് നേതാവുണ്ടായിരിക്കുകയെന്നത് വളരെയധികം പ്രാധാന്യമുള്ള കാര്യമാണ്. സാമ്പത്തികവും, വൈജ്ഞാനികവും, കച്ചവടപരവുമായ മേഖലകളില്‍ മുസ്‌ലിം ഉമ്മത്ത് പിന്നാക്കം നില്‍ക്കുന്നതിന്റെ മുഖ്യകാരണം അവ വ്യവസ്ഥപ്പെടുത്താന്‍ ആവശ്യമായ നേതാക്കന്മാര്‍ ഇല്ല എന്നത് തന്നെയാണ്. കപ്പിത്താനില്ലാതെ, വഴിയറിയാതെ, ദിശനിര്‍ണയിക്കാതെ എങ്ങനെയാണ് കപ്പല്‍ സമുദ്രത്തിലൂടെ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക?
നേതൃത്വം അനിവാര്യമാണ്. ജീവിതം വ്യവസ്ഥപ്പെടുത്തുകയും, നീതി നടപ്പാക്കുകയും, ശക്തന്‍ ദുര്‍ബലനെ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് തടയിടുകയും ചെയ്യുന്നതിന് വേണ്ടിയാണ് അത്. പ്രവര്‍ത്തകരുടെ കഴിവും ശേഷിയും വര്‍ഗീകരിച്ച്, പൂര്‍ണമായ ആസൂത്രണത്തോടെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി അവ ഉപയോഗപ്പെടുത്തുകയാണ് നേതാവ് ചെയ്യുന്നത്. വ്യക്തികളിലും സംഘങ്ങളിലും പോസിറ്റീവായ ജീവിതശൈലികളും, ചിന്താരീതികളും സ്ഥാപിക്കാന്‍ നേതാവ് പരിശ്രമിക്കുന്നു. നെഗറ്റീവ് പ്രവണതകളെ ചെറുത്ത് തോല്‍പിക്കാന്‍ തന്റെ എല്ലാകഴിവും ശേഷിയും അദ്ദേഹം പുറത്തെടുക്കുന്നു. തല്‍ഫലമായി കര്‍മനൈരന്തര്യത്തിനും, ഉല്‍പാദനത്തിനും അനുഗുണമായ ഭൂമിക രൂപപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നു. ദിനചര്യകളില്‍ മുഴുകി, അവ പൂര്‍ത്തീകരിക്കുന്നതിനായി സമയം കളയുകയല്ല യഥാര്‍ത്ഥ നേതാവ് ചെയ്യുക. വരാനിരിക്കുന്ന ലോകത്തിനായി ഭാവിപദ്ധതികള്‍ ആസൂത്രണം ചെയ്യുകയും അവ വികസിപ്പിച്ചെടുക്കുകയും പ്രതീക്ഷിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുകയെന്നതാണ് അദ്ദേഹത്തിന്റെ മുഖ്യചുമതല.
സമൂഹത്തിലെ മാറ്റങ്ങളെ സൂക്ഷ്മമായി പഠിക്കുകയും അവലോകനം നടത്തുകയും അവയോട് ചേര്‍ന്ന് ജീവിക്കാന്‍ തന്റെ സ്ഥാപനത്തെ/ സംഘടനയെ തയ്യാറാക്കുകയും ചെയ്യുന്നവരാണ് നേതൃത്വത്തില്‍ വിജയിക്കുക. കഴിയുന്നിടത്തോളം പ്രസ്തുത മാറ്റങ്ങളില്‍ നിന്നും മറ്റും പ്രയോജനമെടുക്കാനും അവര്‍ ശ്രമിക്കുന്നു. സമൂഹത്തിലെ മാറ്റങ്ങളോട് ചേര്‍ന്ന് മുന്നോട്ട് പോവാന്‍ പ്രഥമമായി വേണ്ടത് പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും കഴിവുകള്‍ പോഷിപ്പിക്കുകയും അവരെ നിരന്തരമായ പരിശീലന പരിപാടികളിലൂടെ പരിചരിക്കുകയുമാണ്.
നാം വിസ്മരിക്കാന്‍ പാടില്ലാത്ത ഒരു സുപ്രധാന യാഥാര്‍ത്ഥ്യമുണ്ട്. നേതൃത്വത്തിന് ആവശ്യമായ ആസൂത്രണമോ, മാനസിക ഉയര്‍ച്ചയോ ഇല്ലാതെയാണ് ഭൂരിപക്ഷം ആളുകളും ഇന്ന് ജീവിച്ച് കൊണ്ടിരിക്കുന്നത്. നാം എങ്ങനെയാണ് അവരെ ആക്ഷേപിക്കുക! തങ്ങളുടെ ജീവിതം സുരക്ഷിതമാക്കാനും, കുഞ്ഞുങ്ങളുടെ ആവശ്യം പൂര്‍ത്തീകരിക്കാനുമുള്ള കഠിനശ്രമങ്ങളിലാണ് അവര്‍.
ഭൂമിയിലെ ഏറ്റവും വലിയ നേതൃത്വം ഏറ്റെടുത്തവരാണ് മനുഷ്യര്‍. പ്രപഞ്ചത്തിന്റെ നേതൃത്വം എന്ന അമാനത്ത് അല്ലാഹുവിങ്കല്‍ നിന്ന് മനുഷ്യന്‍ ഏറ്റെടുത്തു. ആകാശഭൂമികളും പര്‍വതങ്ങളും ഏറ്റെടുക്കാന്‍ വിസമ്മതിച്ച നേതൃത്വമായിരുന്നു അത്. ഈ മഹത്തായ, ഭാരമേറിയ ഉത്തരവാദിത്തം ലോകരക്ഷിതാവിന്റെ ഭാഗത്ത് നിന്ന് ചുമതലയുള്ള നേതാവെന്ന നിലക്ക് നമ്മെ ഒട്ടേറെ ചിന്തകള്‍ക്ക് പ്രേരിപ്പിക്കേണ്ടതുണ്ട്. ഭൂമിയെ പരിപാലിക്കുകയും സംസ്‌കരിക്കുകയും ചെയ്യുകയെന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്ന മഹാന്മാരായ നേതാക്കളായി മാറാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.
ഡോ. ത്വാരിഖ് സുവൈദാന്‍
Add Comment