ചോ: പരിപാടികളിലും കലാസ്വാദനവേളയിലും പ്രോത്സാഹനാര്‍ഥം നല്‍കുന്ന കയ്യടിയും സന്തോഷപ്രകടനാര്‍ഥമുള്ള ഡാന്‍സും ഇസ്‌ലാമില്‍ അനുവദനീയമാണോ?
——————–
ഉത്തരം: ഇസ്‌ലാമികനിയമങ്ങള്‍ നാട്ടുസമ്പ്രദായങ്ങളെയും ആരാധനാരീതികളെയും വേറിട്ടുതന്നെയാണ് കാണുന്നത്. നാട്ടുസമ്പ്രദായങ്ങളെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഇസ്‌ലാമിലെ അടിസ്ഥാനതത്ത്വങ്ങള്‍ക്ക് വിരുദ്ധമായി വരാത്തിടത്തോളം കാലം അതനുവദനീയമാണ്.
കയ്യടി വിലക്കപ്പെട്ടതായിത്തീരുന്നത് ബഹുദൈവവിശ്വാസികള്‍ക്കുള്ളതുപോലെ മതാചാരത്തിന്റെ ഭാഗമായി അത് മാറുമ്പോഴാണ്. അല്ലാഹു അക്കൂട്ടരെക്കുറിച്ച് പറയുന്നത് കാണുക: ‘ആ ഭവനത്തിങ്കല്‍ അവരുടെ പ്രാര്‍ഥന വെറും ചൂളംവിളിയും കൈകൊട്ടുമല്ലാതൊന്നുമല്ല'(അല്‍ അന്‍ഫാല്‍ 35). അതിനാല്‍ ആരാധനാനുഷ്ഠാനത്തിന്റെ ഭാഗമായി കയ്യടി ഇസ്‌ലാമില്‍ അനുവദനീയമല്ല. നബിതിരുമേനി (സ)പറഞ്ഞു:’ആരെങ്കിലും ഈ മതത്തില്‍ പുതുതായി എന്തെങ്കിലും കൊണ്ടുവന്നാല്‍ അത് തള്ളപ്പെടേണ്ടതാണ്.'(അബൂദാവൂദ്)
മതാനുഷ്ഠാനങ്ങളുടെ ഭാഗമായി അത്തരത്തിലുള്ള ഒന്ന് വന്നാല്‍ അതിനെ വിലക്കുകയെന്നതാണ് പൊതുതത്ത്വം; മറിച്ചുള്ളതിന് തെളിവില്ലെങ്കില്‍ എന്ന് പണ്ഡിതനായ ഇബ്‌നുതൈമിയ്യ പറഞ്ഞിരിക്കുന്നു. അതിനാല്‍ നാട്ടുസമ്പ്രദായം എന്ന നിലക്ക് അനുവാദം എന്നതാണ് ഉത്തരം. കാരണം അതനുവദനീയമല്ല എന്നതിന് തെളിവില്ല. അതിനാല്‍ ആരെയെങ്കിലും സ്വീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോ ആണ് കയ്യടിയെങ്കില്‍ അത് അനുവദനീയമാണ്. കാരണം, അങ്ങനെ ചെയ്യുന്നതിന് ഇസ്‌ലാമില്‍ വിലക്ക് കാണുന്നില്ല.
ഡാന്‍സിനെപ്പറ്റി പറയുകയാണെങ്കില്‍ ലൈംഗികതയും അശ്ലീലതയും പ്രോത്സാഹിപ്പിക്കുംവിധം ആണും പെണ്ണും ഇടചേര്‍ന്നുകൊണ്ടുള്ളവ അനുവദനീയമല്ല. ആണുങ്ങള്‍ തനിച്ചോ പെണ്ണുങ്ങള്‍ തനിച്ചോ ഡാന്‍സ് പക്ഷേ ഹറാമല്ല. നബിതിരുമേനി തന്നെ സന്ദര്‍ശിക്കാന്‍ വന്ന ഏതോപ്യക്കാരുടെ വില്ലും കുന്തവുമേറ്റിക്കൊണ്ടുള്ള നൃത്തത്തിന് അനുവാദം കൊടുത്തിട്ടുണ്ട്. അത് ഏതെങ്കിലും മതാചാരത്തിന്റെ ഭാഗമായിരുന്നില്ലെന്ന് പ്രത്യേകമോര്‍ക്കണം. അത് അന്നത്തെ സമൂഹത്തില്‍ സര്‍വസാധാരണമായിരുന്ന സംഗതിയായിരുന്നു.
Add Comment