സാമൂഹികം-ഫത്‌വ

സ്ത്രീയുടെ ശബ്ദവും പാട്ടും ?

ചോദ്യം: സ്ത്രീയുടെ ശബ്ദം ഔറത്താണോ ? പുരുഷന്‍മാര്‍ക്ക് സ്ത്രീയുടെ പാട്ട് ശ്രവിക്കാമോ ?

ഉത്തരം: വിശ്വാസികളുടെ മാതാക്കളായ പ്രവാചക പത്‌നിമാരെ സംബോധന ചെയ്തുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

പ്രവാചക പത്‌നിമാരേ, നിങ്ങള്‍ മറ്റു സ്ത്രീകളെപ്പോലെയല്ല. അതിനാല്‍ നിങ്ങള്‍ ദൈവഭക്തകളാണെങ്കില്‍ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അത് ദീനം പിടിച്ച മനസ്സുള്ളവരില്‍ മോഹമുണര്‍ത്തിയേക്കും. നിങ്ങള്‍ മാന്യമായി മാത്രം സംസാരിക്കുക. (ഖുര്‍ആന്‍ 33: 32).

സ്ത്രീകളുടെ ശബ്ദം ഔറത്തല്ലെന്ന് ഈ ഖുര്‍ആനിക വചനത്തിന് മനസ്സിലാക്കാവുന്നതാണ്. കാരണം, ഇവിടെ ഒരു പുരുഷന്‍മാരോടും നിങ്ങള്‍ സംസാരിക്കരുത് എന്നല്ല അല്ലാഹു കല്‍പിക്കുന്നത്. മറിച്ച്, സ്ത്രീകളോടും പുരുഷന്മാരോടും സംസാരിക്കുമ്പോള്‍ ഇസ് ലാമിക മര്യാദകള്‍ പാലിക്കണമെന്നും പുരുഷന്‍മാരില്‍ മോഹമുണര്‍ത്തുന്ന രീതിയിലുള്ള ശൈലിയോ ശബ്ദമോ ചേഷ്ടയോ സ്വീകരിക്കരുതെന്നുമാണ്.

പ്രവാചക കാലത്ത് അനുചരരിലെ സ്ത്രീ പുരുഷന്‍മാര്‍ പരസ്പരം ആശയവിനിമയം നടത്തിയതിന്റെയും, പ്രവാചക സദസ്സില്‍ സ്വഹാബിമാരുടെ സാന്നിദ്ധ്യമുണ്ടായിരിക്കെ തങ്ങളുടെ കുടുംബപ്രശ്‌നങ്ങളിലും മറ്റും അവര്‍ ചോദ്യങ്ങള്‍ ആരാഞ്ഞതിന്റെയും ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. ആയിശ (റ) സത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അധ്യാപനം നടത്തി. നൂറുകണക്കിന് സ്ത്രീ പുരുഷ അനുചരര്‍ അവരില്‍ നിന്ന് ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല, പ്രാവചകന് ശേഷം പ്രഭാഷണത്തില്‍ എറ്റവും മികച്ച വനിതയായിരുന്ന ആയിശ(റ)യെന്ന് സ്വഹാബാക്കളും മറ്റും സാക്ഷ്യപ്പെടുത്തുന്നു. അഥവാ, സ്ത്രീയുടെ ശബ്ദം ഇസ് ലാമില്‍ ഔറത്താണെന്നതിന് യാതൊരു അടിസ്ഥാനവുമില്ല.

ഇനി, സത്രീകള്‍ ആലപിക്കുന്ന വിഷയത്തില്‍ ഒരു വിഭാഗം പണ്ഡിതര്‍ അത് പൂര്‍ണമായി ഹറാമാണെന്ന വിധിയാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ പ്രമാണങ്ങളുടെ സൂക്ഷമ പരിശോധനയില്‍ ഈ അഭിപ്രായം പ്രബലമല്ല. പെണ്‍കുട്ടികള്‍ പാടിയ വിവാഹ ചടങ്ങില്‍ പ്രവാചകന്‍ (സ) പങ്കെടുത്തതായി വ്യക്തമായ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. സദസ്സിലെ പ്രവാചകന്റെ സാന്നിധ്യം ഉള്ളതിനാല്‍ അദ്ദേഹത്തെ ബഹുമാനിച്ച് പാട്ടിന്റെ വരികളില്‍ അവര്‍ ഇങ്ങനെയും ചേര്‍ത്തു: ‘ഭാവിയെക്കുറിച്ചറിയുന്ന ഒരു പ്രവാചകന്‍ ഞങ്ങള്‍ക്കിടയിലുണ്ട്’. എന്നാല്‍ ഇത് കേട്ടയുടനെ ആ വരികള്‍ തിരുത്താനും പാട്ട് തുടരാനും അദ്ദേഹം നിര്‍ദേശിച്ചു.

പുരുഷന്‍മാരുടെ സാന്നിധ്യത്തില്‍ സ്ത്രീകള്‍ക്ക് പാടാന്‍ അനുമതിയില്ലെങ്കില്‍ പ്രവാചകന്‍ ആ വിവാഹ സദസ്സില്‍ അങ്ങനെ നിര്‍ദേശിക്കുമായിരുന്നില്ല. മാത്രമല്ല, നബി (സ) പാട്ട് കൃത്യമായി ശ്രദ്ധിക്കുകയും അത് തിരുത്തിയെന്നതും സ്ത്രീകള്‍ക്ക് ആലപിക്കാമെന്നതിന്റെ സൂചനയാണ്.

എങ്കിലും, മറ്റുള്ളവരില്‍ അധാര്‍മിക വിചാരങ്ങള്‍ ഉണ്ടാക്കുന്ന രീതിയില്‍ സ്ത്രീകള്‍ കൊഞ്ചിക്കുഴഞ്ഞ് വര്‍ത്തമാനം പറയുന്നതും മുകളില്‍ സൂചിപ്പിച്ച ഖുര്‍ആന്‍ വചനത്തിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കപ്പെടേണ്ടതാണ്.

Topics