സാമൂഹികം-ഫത്‌വ

കൈക്കൂലി കൊടുക്കാതെ രക്ഷയില്ലെന്നുവന്നാല്‍ ?

ചോദ്യം: കൈക്കൂലി കൊടുക്കലും ഇസ് ലാമില്‍ വന്‍പാപമാണെന്ന് എനിക്കറിയാം. പക്ഷേ എന്റെ നിവിലെ സാഹചര്യത്തില്‍ കൈക്കൂലി കൊടുത്താലല്ലാതെ മുന്നോട്ട് പോവാനാവില്ല. എന്റെ ബിസിനസ്സ് മേഖലയില്‍ കൈക്കൂലി നല്‍കിയാലല്ലാതെ മുന്നോട്ട് പോവാനാവില്ലെന്ന് സ്ഥിതി വന്നിരിക്കുന്നു. ഈ ബിസിനസ്സില്ലാതെ എനിക്ക് കുടുംബത്തെ പോറ്റാന്‍ കഴിയാത്തതിനാല്‍ ഇക്കാര്യത്തില്‍ എനിക്ക് എന്താണ് ചെയ്യാന്‍ കഴിയുക. ഒരു മറുപടി പ്രതീക്ഷിക്കുന്നു

ഉത്തരം: താങ്കള്‍ കരുതുന്നത് പോലെ കൈക്കൂലി കൊടുക്കലും വാങ്ങലും ഇസ് ലാമില്‍ വലിയ പാപം തന്നെയാണ്. അല്ലാഹുവിന്റെ കോപവും ശിക്ഷയും ലഭിക്കുന്ന ഒരു പ്രവൃത്തി തന്നെയാണത്. കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും നബി (സ) ശപിച്ചിരിക്കുന്നുവെന്നാണ് ഒരു ഹദീസില്‍ വന്നിട്ടുള്ളത്. കാരണം, ഈ പ്രവൃത്തിയുടെ നെഗറ്റീവ് ഫലങ്ങള്‍ അത് ചെയ്തവരെ മാത്രമല്ല ബാധിക്കുന്നത്, മറിച്ച് സമൂഹത്തിലെ എല്ലാവരെയും അത് പ്രതികൂലമായി ബാധിക്കുന്നു. അതിനാല്‍ അതിനെ വളരെ ശക്തമായി തന്നെ വിമര്‍ശിക്കുകയും അല്ലാഹുവിന്റെയും ശാപം ലഭിക്കുന്ന കൃത്യമായി കാണുകയും ചെയ്യുന്നു. 

എന്നാല്‍, കൈക്കൂലിയില്ലാത്തതിന്റെ പേരില്‍ ഒരാള്‍ അനീതിക്ക് വിധേയമാവുന്നുവെങ്കില്‍, കൈക്കൂലി അല്ലാതെ വേറെ മാര്‍ഗമൊന്നും അയാളുടെ പക്കലില്ലെങ്കില്‍ അയാള്‍ക്ക് അത് ചെയ്യാവുന്നതാണ്. പക്ഷേ, അതിലെ പാപം കൈക്കൂലി സ്വീകരക്കുന്നവന്റെ ഭാഗത്തായിരിക്കുമെന്ന് മാത്രം.

അല്‍ ഹലാല്‍ വല്‍ ഹറാം ഫില്‍ ഇസ് ലാം എന്ന തന്റെ ഗ്രന്ഥത്തില്‍ ശൈഖ് യൂസുഫുല്‍ ഖറദാവി പറയുന്നു: കൈക്കൂലി ജനങ്ങളുടെ ധനം അന്യായമായി വിഴുങ്ങുന്ന ഒരു ദുഷ്‌കൃത്യമാണ്. ഒരു കാര്യം നേടിയെടുക്കാനോ അനുകൂല തീരുമാനം സാധിച്ചെടുക്കാനോ മറ്റൊരാളുടെ കാര്യം തടസപ്പെടുത്താനോ പൊതുമേഖലാ ഉദ്യോഗസ്ഥര്‍ക്കും ന്യായാധിപര്‍ക്കും നല്‍കുന്ന എന്തിനെയും നമുക്ക് കൈക്കൂലിയെന്ന് പറയാം. ഇസ് ലാം ഇക്കാര്യത്തില്‍ വെക്കുന്ന വ്യവസ്ഥയിതാണ്. ഒരു മുസ് ലിം കൈക്കൂലിയുമായി ഒരു ഉദ്യേഗസ്ഥനെയും സമീപിക്കാന്‍ പാടില്ല. കൈക്കൂലി ലഭിച്ചയാള്‍ അ്ത് വാങ്ങാനും പാടില്ല. കാരണമത് ഇസ് ലാം അതിശക്തമായി വിലക്കിയിരിക്കുന്നു. ഇനി മൂന്നാമതൊരു കക്ഷി ഇക്കാര്യത്തില്‍ ഏജന്റായി നിലകൊള്ളാനും പാടില്ല.

ഇനിയൊരാള്‍ തനിക്കെതിരെയുണ്ടായ ഒരനീതി തടുക്കുന്നതിനോ, അവകാശം നേടിയെടുക്കുന്നതിനോ സാധ്യമായ എല്ലാമാര്‍ഗങ്ങളും അവലംബിച്ച് ഗത്യന്തരമില്ലാതെ കൈക്കൂലി കൊടുക്കാന്‍ തന്നെ തീരുമാനിച്ചാല്‍ തന്നെയും അയാള്‍ ഒരുനിമിഷം അല്ലാഹുവില്‍ നിന്നുള്ള വിടുതല്‍മാര്‍ഗത്തിനായി കാത്തിരിക്കണം. എന്നിട്ടും മാര്‍ഗം തെളിഞ്ഞില്ലെങ്കില്‍ അയാള്‍ക്ക് കൈക്കൂലിയുടെ വഴി സ്വീകരിക്കാവുന്നതാണ്. എന്നാല്‍ അതിന്റെ പാപം മുഴുവന്‍ അത് വാങ്ങിച്ചയാളില്‍ നിക്ഷപ്തമായിരിക്കും;  കൊടുത്തയാള്‍ കൈക്കൂലിയല്ലാത്ത തനിക്ക് ലഭ്യമായ എല്ലാ മാര്‍ഗങ്ങളും അയാള്‍ അവലംബിച്ചിരിക്കണമെന്ന ഉപാധിയുണ്ടുവിടെ. ഒപ്പം ഇങ്ങനെ അവകാശം നേടിയെടുക്കുമ്പോള്‍ അന്യന്റെ അവകാശങ്ങള്‍ ഹനിക്കുന്ന അവസ്ഥയുണ്ടാവാനും പാടില്ല. യാചന സ്ഥിരമാക്കിയ ചിലര്‍ക്ക് അവര്‍ അര്‍ഹിക്കാതെ തന്നെ പ്രവാചകന്‍ (സ) സദഖ ചെയ്ത സംഭവമാണ് ഇത്തരമൊരു വിധിക്ക് ആധാരമായി പണ്ഡിതന്‍മാര്‍ ഉദ്ധരിക്കുന്നത്. ഉമര്‍ (റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ പ്രവാചകന്‍ (സ) പറഞ്ഞതിങ്ങനെയാണ്: ആര്‍ എന്റെ കയ്യില്‍നിന്ന് സദഖ സ്വീകരിച്ചുവോ സത്യത്തില്‍ അവനത് നരകത്തിലെ തീയാണ്. അപ്പോള്‍ ഉമര്‍ (റ) ചോദിച്ചു: അവനത് നരകത്തിലെ തീയാണെന്നറിഞ്ഞുകൊണ്ട് താങ്കളെങ്ങനെയാണ് അതവര്‍ക്ക് നല്‍കുക ?

അദ്ദേഹം പറഞ്ഞു: ഞാനെങ്ങനെ ചെയ്യാതിരിക്കും ? അവര്‍ യാചന സ്ഥിരമാക്കിയിരിക്കുന്നു. അല്ലാഹുവാണെങ്കില്‍ എനിക്ക് ലുബധ് നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു.

യാചന തൊഴിലാക്കിയവര്‍ക്ക്, നരകത്തീയായി മാറിയേക്കാവുന്ന ധനം നല്‍കാന്‍ പ്രവാചകന്‍ (സ) നിര്‍ബന്ധിതനായെങ്കില്‍ തനിക്കെതിരെയുള്ള ഒരനീതി തടുക്കാനും അവകാശം നേടിയെടുക്കാനും ഒരാള്‍ കൈക്കൂലി കൊടുക്കാന്‍ നിര്‍ബന്ധിതനായാല്‍ അതിലയാള്‍ക്ക് പാപമുണ്ടാവാനിടയില്ല.

അതിനാല്‍ സഹോദരാ, താങ്കള്‍ കൈക്കൂലയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുക. ഒന്നും സാധ്യമായില്ലെങ്കില്‍ കൈക്കൂലിയെന്ന് ദുഷിച്ച കര്‍മത്തിന് മുതിരാവന്നതാണ്. അതിന്റെ പാപം മുഴുവന്‍ അത് വാങ്ങുന്നയാളില്‍ നിക്ഷപ്തമായിരിക്കുമെന്ന് മാത്രം.

 

Topics