സാമൂഹികം-ഫത്‌വ

പേരിടുന്നതിലെ ഇസ് ലാമികത ചോര്‍ന്നുപോകുമ്പോള്‍ ?

നബി(സ) നിര്‍ദേശിച്ച ഏതാനും പേരുകള്‍ ഒഴിച്ചാല്‍ ഇസ് ലാമികനിയമപ്രകാരം പേരില്‍ പ്രത്യേകിച്ചൊന്നുമില്ലെന്ന് കാണാം. എങ്കിലും അനറബികളായ നമ്മെസംബന്ധിച്ചിടത്തോളം പണ്ട് മുതല്‍ക്കേ മുസ് ലിമിനെയും അമുസ് ലിമിനെയും വേര്‍തിരിക്കുന്നതില്‍ പേരിന്ന് നല്ല പങ്കുണ്ടായിരുന്നു. എന്നാല്‍, ഇന്ന് അവസ്ഥ മാറി. പലരും അഞ്ജല, ഷീബ പോലുള്ള പേരുകളിടാന്‍ തുടങ്ങിയിരിക്കുന്നു. ഇത് പ്രശ്‌നമല്ലേ ?

പേരുകള്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് ജാഹിലിയ്യാ സംസ്‌കാരവുമായി ബന്ധപ്പെട്ട അബ്ദുല്‍ കഅ്ബ, അബ്ദുല്‍ ഉസ്സാ പോലുള്ള പേരുകള്‍ നബി(സ) നിരോധിച്ചത്  മുസ് ലിംകളും അമുസ് ലിംകളും ഇടകലര്‍ന്നുജീവിക്കുന്ന സമൂഹങ്ങളില്‍ മുസ് ലിംകളുടെ വ്യക്തിത്വവും ഇസ് ലാമികസംസ്‌കാരത്തിന്റെ തനിമയും പരിരക്ഷിക്കുന്നതില്‍ പരമ്പരാഗതമുസ് ലിംപേരുകള്‍ പ്രധാനപങ്കുവഹിക്കുന്നുണ്ട്.

‘ഒരു ജനസമൂഹത്തോട് സദൃശ്യരാവാന്‍ ശ്രമിക്കുന്നവന്‍ അവരില്‍പെട്ടവനാണ്’ എന്ന നബിവചനത്തിന്റെ പ്രസക്തി ഇത്തരം സന്ദര്‍ഭത്തിലാണ്. കര്‍മശാസ്ത്രവീക്ഷണത്തില്‍ തെറ്റെന്ന് പറയാനാകില്ലെങ്കിലും അമുസ് ലിം പേരുകള്‍ മുസ് ലിം കുട്ടികള്‍ക്കിടുന്നതും ഒരര്‍ഥവുമില്ലാത്ത വെറും ശബ്ദങ്ങള്‍കൊണ്ട് നാമകരണം ചെയ്യുന്നതും നല്ല കാര്യമല്ല. വിശുദ്ധഖുര്‍ആന്റെ ഭാഷയായ അറബിയില്‍ മുസ്‌ലിംകുട്ടികള്‍ക്ക് പേരുകളിടുന്നത് പുതുമാഭ്രമമത്തിന്റെ പേരില്‍ മോശമായി കാണേണ്ടതുമില്ല.

അവലംബം: (ഇസ് ലാം, ഇസ് ലാമികപ്രസ്ഥാനം: ചോദ്യങ്ങള്‍ക്ക് മറുപടി. ഒ. അബ്ദുര്‍ഹ്മാന്‍)

Tags

Topics