യൂറോപിന്റെ ഇരുളടഞ്ഞ ചരിത്രത്തിനും അറേബ്യന്‍ ഉപദ്വീപിന്റെ ജാഹിലിയ്യാ കാലഘട്ടത്തിനും ശേഷം അറേബ്യയുടെ സാമൂഹിക നിലവാരം ഉയര്‍ത്തുന്നതിലും, അതിനെ നാഗരിക വല്‍ക്കരിക്കുന്നതിലും തിരുമേനി(സ)ക്ക് നിര്‍ണായകമായ പങ്കാണുള്ളത്. അറബ് ഗോത്രങ്ങളെ ചേര്‍ത്ത് ഒരു ഉമ്മത്തിനെ രൂപപ്പെടുത്താന്‍ തിരുമേനി(സ)ക്ക് സാധിച്ചു. ഏഫ്‌ലീന്‍ കോപല്‍ട്ട് പറയുന്നു: ‘ മുഹമ്മദ്(സ)യുടെ നിയോഗിത്തിന് മുമ്പ് യാതൊരു പരിഗണനയും ലഭിക്കാത്ത സമൂഹമായിരുന്നു അറബികള്‍. അവിടത്തെ ഗോത്രങ്ങളെയും, സമൂഹത്തെയും ആരും വില കല്‍പിച്ചിരുന്നില്ല. എന്നാല്‍ ഈ സമൂഹത്തെ തീര്‍ത്തും പുനര്‍ജീവിപ്പിക്കുകയായിരുന്നു മുഹമ്മദ് ചെയ്‌തത്. അമാനുഷികതയോട് ചേരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ലോകം തലകീഴ്‌മേല്‍ മറിഞ്ഞു. അല്‍ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ മുഹമ്മദിന് സാധിച്ചു. ധിക്കാരികളും കഠിനരുമായ അറേബ്യന്‍ സമൂഹം ബിംബങ്ങള്‍ വലിച്ചെറിയുകയും ഏകദൈവ വിശ്വാസം സ്വീകരിക്കുകയും ചെയ്‌തു. അറേബ്യന്‍ സമൂഹം പുതിയ സമൂഹമായി രൂപാന്തരപ്പെട്ടു. അവര്‍ അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് കടന്ന് വന്നു’.
പ്രവാചക നിയോഗത്തിന് മുമ്പ് ഗോത്ര സമ്പ്രദായമായിരുന്നു അറേബ്യയിലെ സാമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥ നിര്‍ണയിച്ചിരുന്നത്. ഓരോ അറബിയും തന്റെ ഗോത്രത്തിലേക്കായിരുന്നു ചേര്‍ന്നിരുന്നത്. ഗോത്രങ്ങളെ പരസ്‌പരം യോജിപ്പിക്കുന്ന ഒരു സംവിധാനവും അവിടെയുണ്ടായിരുന്നില്ല. മാത്രമല്ല, പരസ്‌പരം കഴുത്തറുക്കുന്ന, യുദ്ധം ചെയ്യുന്നവയായിരുന്നു അവര്‍.
ഈയര്‍ത്ഥത്തില്‍ തിരുമേനി(സ)ക്ക് സാധിച്ച വിപ്ലവം അറേബ്യന്‍ സമൂഹത്തില്‍ ശക്തമായി വേരൂന്നിയ ഒന്നായിരുന്നു. പരസ്‌പരം ശത്രുക്കളായിരുന്ന ഗോത്രങ്ങളെ യോജിപ്പിക്കാനും ഒരു ഉത്തമ സമൂഹത്തെ രൂപപ്പെടുത്താനും തന്റെ രാഷ്ട്രീയ പോരാട്ടത്തിലൂടെ മുഹമ്മദ്(സ)ക്ക് സാധിക്കുകയുണ്ടായി.
മുഹമ്മദ്(സ) സ്ഥാപിച്ച മുസ്‌ലിം ഉമ്മത്ത് വളരെ ഭദ്രവും ശക്തവുമായ ഒന്നായിരുന്നു. തദടിസ്ഥാനത്തിലാണ് നൂറ്റാണ്ടുകളോളം ലോകം ഭരിക്കാന്‍ അവര്‍ക്ക് സാധിച്ചത്.
ജര്‍മന്‍ ചിന്തകനായ റൂഡി പാര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് : ‘ അറേബ്യന്‍ ഉപദ്വീപില്‍ നൂറ്റാണ്ടുകളോളം കലഹമുണ്ടാക്കി ഗ്രാമീണരായി ജീവിക്കുന്നവരായിരുന്നു അറബികള്‍. മുഹമ്മദ്(സ) വരികയും അവരെ ഏകദൈവ വിശ്വാസത്തിലേക്ക് നയിക്കുകയും തദടിസ്ഥാനത്തില്‍ ഐക്യപ്പെടുത്തുകയും ചെയ്‌തു ‘.
റഷ്യന്‍ ഗവേഷകനായ ആര്‍നോള്‍ഫ് പറയുന്നു : ‘ ഫലസ്‌തിനിനോട് ചേര്‍ന്ന അറേബ്യന്‍ ഉപദ്വീപില്‍ പുതിയ മതം പ്രത്യക്ഷപ്പെട്ടു. ദൈവത്തിന്റെ ഏകത്വമാണ് അതിന്റെ അടിസ്ഥാനം. മുഹമ്മദിയ്യ എന്നും, അതിന്റെ അനുയായികള്‍ ഇസ്‌ലാം എന്നും അതിനെ വിളിക്കുന്നു. വളരെ വേഗത്തിലാണ് പ്രസ്‌തുത മതം വ്യാപിച്ചത്. അറബിയായ മുഹമ്മദ്(സ) ആണ് അതിന്റെ സ്ഥാപകന്‍. തന്റെ സമൂഹത്തിന്റെ ബിംബാരാധന അദ്ദേഹം ഇല്ലാതാക്കി. അറേബ്യന്‍ സമൂഹത്തെ യോജിപ്പിച്ചു. അവരുടെ സ്വഭാവം സംസ്‌കരിക്കുകയും, ഹൃദയത്തെ നിര്‍മലമാക്കുകയും ഔന്നത്യത്തിലേക്ക് അവരെ കൈപിടിച്ച് ഉയര്‍ത്തുകയും ചെയ്‌തു’.
മുഹമ്മദ്(സ) നിര്‍വഹിച്ച മഹത്തായ കര്‍മങ്ങള്‍ അദ്ദേഹം മഹാന്മാരായ പരിഷ്‌കര്‍ത്താക്കളുടെ ഗണത്തിലാണെന്ന് തെളിയിക്കുന്നു. മനുഷ്യന് അസാധ്യമായ നേട്ടമായിരുന്നു അദ്ദേഹത്തിന്റേത്. പ്രശോഭിതമായ ചിന്തയും, ഉള്‍ക്കാഴ്‌ചയും, നേതൃപാഠവും അദ്ദേഹത്തിനുണ്ടായിരുന്നു. വിനയം, സല്‍പെരുമാറ്റം തുടങ്ങിയവ അദ്ദേഹത്തിന്റെ ഗുണങ്ങളായിരുന്നു. നാല്‍പത് വര്‍ഷത്തോളം മുഹമ്മദ്(സ) തീര്‍ത്തും ശാന്തിയോടും സമാധാനത്തോടും കൂടി ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു. ബന്ധുക്കള്‍ അദ്ദേഹത്തെ അഗാധമായി സ്‌നേഹിച്ചിരുന്നു. നാട്ടിലുള്ളവര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. കാരണം അദ്ദേഹത്തിന് മൂല്യവും ധര്‍മവുമുണ്ടായിരുന്നു).
അറേബ്യന്‍ സമൂഹത്തില്‍ മുഹമ്മദ്(സ) നിര്‍വഹിച്ച പങ്ക് തിട്ടപ്പെടുത്താനാകില്ല. ജാഹിലിയ്യത്തില്‍ നിന്ന് അദ്ദേഹം അവരെ പ്രകാശത്തിലേക്ക് വഴി നടത്തി.
മുഹമ്മദ്(സ) അറബികളുടെ ഹൃദയത്തില്‍ ഏകദൈവത്വം മാത്രമല്ല നാഗരികതയും മര്യാദയും കൂടി നട്ടുവളര്‍ത്തുകയുണ്ടായെന്ന് പ്രമുഖ ഓറിയന്റലിസ്‌റ്റായ ഹെന്റി സെര്‍വി പറയുന്നു. അമേരിക്കന്‍ ഗവേഷകനായ ജോര്‍ജ് ഡി ടോള്‍ഡ്‌സ് പറയുന്നത് ഇപ്രകാരമാണ് : ‘ അറേബ്യയുടെ ഉദ്ധാരണത്തില്‍ മുഹമ്മദി(സ)ന്റെ പങ്കിന് നേരെ കണ്ണടക്കുകയെന്നത് ഏറ്റവും വലിയ അക്രമമാണ്. അദ്ദേഹം കടന്ന് വരുന്നത് വരെ അവര്‍ വന്യതയിലായിരുന്നു ജീവിച്ചിരുന്നത്. പിന്നീട് അദ്ദേഹം പ്രവാചകത്വം പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ മാറി. അദ്ദേഹം കൊണ്ട് വന്ന ഇസ്‌ലാം ലക്ഷക്കണക്കിന് ഹൃദയങ്ങളെ പ്രകാശിതമാക്കി ‘.
പ്രവാചകന്‍(സ) എങ്ങനെയാണ് ആ സമൂഹത്തെ മാറ്റിയെടുത്തത്? മനസ്സിലുറച്ച വിശ്വാസവും, കൃത്യമായ ശിക്ഷണവും, അമൂല്യവമായ വ്യക്തിത്വും കൊണ്ടായിരുന്നു അദ്ദേഹം സമൂഹത്തെ മാറ്റിമറിച്ചത്. അറബികളുടെ മാത്രമല്ല ലോകത്തിന്റെ തന്നെ പുരോഗതിയിലും മുന്നേറ്റത്തിലും തിരുമേനി(സ)ക്ക് നിര്‍ണായക പങ്കാണുള്ളത്. ദൈവബോധത്തിലും ധാര്‍മികതയിലും ഊന്നിയ സാമൂഹിക സംസ്‌കാരം ആധുനിക ലോകത്തിന് പഠിപ്പിച്ചത് അദ്ദേഹമായിരുന്നു.
Add Comment