മുസ്അബ് ബിന്‍ സഅദ്(റ) തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പ്രവാചകനോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരെ, ആരാണ് ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുക? തിരുദൂതര്‍(സ) പറഞ്ഞു ‘പ്രവാചകന്‍മാര്‍, പിന്നീട് മഹാന്മാരും, അവര്‍ക്ക് സമാനമായവരും’. ഓരോരുത്തരും തങ്ങളുടെ വിശ്വാസത്തിന്റെ തോതനുസരിച്ച് പരീക്ഷിക്കപ്പെടുന്നതാണ്. വിശ്വാസം ദൃഢമാണെങ്കില്‍ പരീക്ഷണം കഠിനമായിരിക്കും. അതല്ല വിശ്വാസം ദുര്‍ബലമാണെങ്കില്‍ അതിനനുസരിച്ചുള്ള പരീക്ഷണമേ അവന്‍ നേരിടുകയുള്ളൂ. ഒരു പാപം പോലുമില്ലാതെ ഭൂമിയില്‍ നടക്കാന്‍ വഴിയൊരുക്കുന്ന വിധത്തില്‍ അടിമയെ പരീക്ഷണം പിടികൂടിക്കൊണ്ടേയിരിക്കുന്നതാണ്’.
തിരുമേനി(സ) എത്രയാണ് പീഢനത്തിനും പരീക്ഷണത്തിനും വിധേയമായത്! പ്രവാചകന്‍(സ) അഭിമുഖീകരിച്ച പരീക്ഷണങ്ങള്‍ എത്ര കഠിനമായിരുന്നു! മറ്റ് കര്‍മങ്ങളിലെന്ന പോലെ തന്നെ പരീക്ഷണങ്ങളുടെ കാര്യത്തിലും അദ്ദേഹം നമുക്ക് മാതൃക തന്നെയായിരുന്നു. ഇരുപതിലധികം പരീക്ഷണങ്ങള്‍ക്ക് അദ്ദേഹം വിധേയമായി. അദ്ദേഹം അവയൊക്കെയും നേരിടുകയും സഹിക്കുകയും ചെയ്തു.
മനുഷ്യനെ നാം പരീക്ഷിക്കുന്നതാണ് എന്ന് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. നൈരന്തര്യത്തെയും ഭാവിയെയും സൂചിപ്പിക്കുന്ന വര്‍ത്തമാനകാല ക്രിയകളാണ് പ്രസ്തുത പ്രയോഗത്തിനായി വിശുദ്ധ ഖുര്‍ആന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മാത്രമല്ല പ്രസ്തുത ക്രിയകളോട് ചേര്‍ന്ന് ടി ആശയത്തെ ശക്തിപ്പെടുത്തുകയും അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്ന ഭാഷാപ്രയോഗങ്ങള്‍ കൂടി ചേര്‍ക്കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമെന്നും അവ വിട്ടൊഴിഞ്ഞ് കൊണ്ട് ജീവിക്കാന്‍ സാധിക്കുകയില്ലെന്നും പറഞ്ഞ് നമ്മെ പരിഭ്രാന്തരാക്കുന്നതിനല്ല, അവയെ തന്റേടത്തോടും ക്രിയാത്മകമായും സമീപിക്കുന്നതിന് വേണ്ടിയാണ് ഖുര്‍ആന്‍ ഇക്കാര്യം ഇത്രയധികം ആവര്‍ത്തനങ്ങളിലൂടെ വ്യക്തമാക്കുന്നത്. ‘ഭയം, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക. ഏതൊരു വിപത്ത് വരുമ്പോഴും അവര്‍ പറയും ‘ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്ക് തന്നെ തിരിച്ച് ചെല്ലേണ്ടവരും’. (അല്‍ബഖറ 155-156).
‘നിശ്ചയമായും നാം നിങ്ങളെ പരീക്ഷിക്കുന്നതാണ്. നിങ്ങളിലെ പോരാളികളും ക്ഷമപാലിക്കുന്നവരും ആരെന്ന് വേര്‍തിരിച്ച് അറിയുകയും നിങ്ങളുടെ വൃത്താന്തങ്ങള്‍ പരിശോധിച്ച് നോക്കുകയും ചെയ്യുന്നത് വരെ'(മുഹമ്മദ് 31).
തുടക്കത്തില്‍ ഉദ്ധരിച്ച പ്രവാചകവചനത്തെ ഈ രണ്ട് ആയത്തുകളോട് ചേര്‍ത്തുവെച്ചാല്‍ നമ്മുടെ മനസ്സില്‍ ഇതുസംബന്ധിച്ച ചിത്രം വ്യക്തമാകുന്നതാണ്. സല്‍ക്കര്‍മിയായ അടിമയുടെ വിശ്വാസം അധികരിക്കുംതോറും അദ്ദേഹത്തിന് നേരെയുള്ള ദൈവിക പരീക്ഷണങ്ങള്‍ ശക്തിപ്പെടുകയാണ് ചെയ്യുകയെന്ന് ഹദീഥ് വ്യക്തമാക്കുന്നു.
പ്രവാചകന്റെ ജനനം തന്നെ അനാഥത്വത്തിലായിരുന്നു. ഒരു കുഞ്ഞിന് തന്റെ പിതാവ് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. വിശിഷ്യ, അറേബ്യന്‍ സമൂഹത്തില്‍. തിരുമേനി(സ)യുടെ ജീവിതത്തില്‍ അവിടന്നങ്ങോട്ട് പരീക്ഷണങ്ങള്‍ ഒന്നിന് പിറകെ മറ്റൊന്നായി വന്നുചേരുകയായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ മാതാവിനെയും അദ്ദേഹത്തിന് നഷ്ടപ്പെട്ടു. പിന്നീട് പിതാമഹന്‍ അബ്ദുല്‍മുത്ത്വലിബിന്റെ തണലിലായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. അധികം താമസിയാതെ അദ്ദേഹവും പ്രവാചകനെ വിട്ടുപിരിഞ്ഞു. പിന്നീട് പിതൃവ്യന്‍ അബൂത്വാലിബിന്റെ കൂടെയായി ജീവിതം. വളരെ ചെറുപ്രായത്തില്‍ തന്നെ ഉറ്റവരുടെ വേര്‍പാടിനാല്‍ ബന്ധുക്കളോടൊത്ത് ജീവിക്കേണ്ടി വന്ന മുഹമ്മദ്(സ) അനുഭവിച്ച പ്രയാസം എത്ര കഠിനമായിരുന്നു!
മാതാപിതാക്കളുടെ സ്‌നേഹ വാല്‍സല്യം നുകര്‍ന്ന്, മധുരിതമായി ജീവിച്ച്, അനുഗ്രഹത്തിന്റെ മടിത്തട്ടില്‍ വളര്‍ന്നവനല്ല പ്രവാചകന്‍ ആവേണ്ടത് എന്നത് അല്ലാഹുവിന്റെ നിശ്ചയമായിരിക്കാം. അനാഥത്വത്തിന്റെ മാനസിക സംഘര്‍ഷവും ദൗര്‍ബല്യവും അനുഭവിച്ച്, ജീവിതത്തിന്റെ കയ്പുനീര്‍ കടിച്ചിറക്കി വളര്‍ന്ന വ്യക്തിക്ക് മാത്രമെ സമൂഹത്തിന്റെ ഭാരം ചുമലേറ്റാന്‍ സാധിക്കുകയുള്ളൂ എന്നതാണ് പ്രവാചകന്റെ കുട്ടിക്കാലം വിളിച്ചോതുന്നത്.
ചരിത്രകാരന്മാര്‍ ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. തന്റെ ഒട്ടകം വഴി തെറ്റിയപ്പോള്‍ അതിനെ അന്വേഷിച്ച് കണ്ട് പിടിക്കാന്‍ അബ്ദുല്‍ മുത്ത്വലിബ് പ്രവാചകന്‍(സ)യെ അയച്ചുവത്രെ. പക്ഷേ, സമയമൊത്തിരി കഴിഞ്ഞിട്ടും മുഹമ്മദ്(സ) തിരിച്ച് വന്നില്ല. അബ്ദുല്‍ മുത്ത്വലിബ് അങ്ങേയറ്റം ദുഖിച്ചു. ഒടുവില്‍ വളരെ വൈകി തിരുമേനി(സ) ഒട്ടകവുമായി മടങ്ങി വന്നു. ഇനി ഒരു ആവശ്യത്തിനും മുഹമ്മദി(സ)നെ അയക്കുകയില്ല എന്ന് ആ നിമിഷം അബ്ദുല്‍ മുത്ത്വലിബ് സത്യം ചെയ്തുവത്രെ.
ശേഷം അബൂത്വാലിബ് വളരെ സ്‌നേഹത്തോടും ശ്രദ്ധയോടും കൂടി അദ്ദേഹത്തെ വളര്‍ത്തി. മുഹമ്മദ്(സ) തന്റെ കൂടെയില്ലാതെ അദ്ദേഹം ഉറങ്ങാറുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കൂടെയായിരുന്നു അബൂത്വാലിബ് പുറത്തേക്കിറങ്ങിയിരുന്നത്. പ്രവാചകന് വേണ്ടി വിശിഷ്ടമായ ഭക്ഷണം തന്നെ അദ്ദേഹം തയ്യാറാക്കാറുണ്ടായിരുന്നു. മുഹമ്മദ്(സ)ന് പ്രവാചകത്വം ലഭിക്കുകയും സ്വന്തം ജനത അദ്ദേഹത്തെ തള്ളിപ്പറയുകയും ചെയ്തപ്പോഴും അദ്ദേഹത്തിന്റെ സംരക്ഷനായി അബൂത്വാലിബ് നിലകൊള്ളുകയുണ്ടായി.
പക്ഷേ ലഭിക്കാതെ പോയ മാതൃവാല്‍സല്യത്തിനും, പിതാവിന്റെ കാരുണ്യത്തിനും പകരമാവില്ലല്ലോ അവയൊന്നും. തന്റെ മാതാവിന്റെ ഖബ്ര്‍ സന്ദര്‍ശിക്കാന്‍ തിരുമേനി(സ) അല്ലാഹുവിനോട് അനുവാദം തേടുകയുണ്ടായി. അല്ലാഹു അദ്ദേഹത്തെ അനുവദിക്കുകയും ചെയ്തു. തിരുമേനി(സ) തന്റെ മാതാവിന്റെ ഖബ്ര്‍ സന്ദര്‍ശിക്കുകയും പൊട്ടിക്കരയുകയും ചെയ്തു. ചുറ്റും കൂടിയവര്‍ പോലും ഇത് കണ്ട് കരഞ്ഞുവത്രെ. പ്രവാചകത്വത്തിന്റെ പ്രകാശകിരണങ്ങള്‍ ലഭിച്ചശേഷവും പ്രിയപ്പെട്ട മാതാവിനോടുള്ള സ്‌നേഹത്താല്‍ തിരുമേനി(സ) പൊട്ടിക്കരഞ്ഞുവെന്ന് ഹദീഥ് വ്യക്തമാക്കുന്നു.
അബ്ദുല്‍ ഖാദിര്‍ അഹ്മദ് അബ്ദില്‍ ഖാദിര്‍
Add Comment