മുഹമ്മദ് നബി- ലേഖനങ്ങള്‍

പ്രവാചകനെക്കുറിച്ച് എഴുതുമ്പോള്‍

‘ആദിയില്‍ മനുഷ്യരാശി ഒരൊറ്റ സമുദായമായിരുന്നു. അപ്പോള്‍ അവര്‍ക്ക് ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു'(അല്‍ബഖറ 213).
ഇങ്ങനെയായിരുന്നു ജനങ്ങളുടെ അവസ്ഥ. അവര്‍ അന്ധകാരത്തിലും അജ്ഞതയിലും ഭൗതികതയിലും നിഷേധത്തിലും ഒരൊറ്റ ജനതയായിരുന്നു. തങ്ങളുടെ പഞ്ചേന്ദ്രിയങ്ങളുടെ പരിധിയില്‍ വരുന്നവ മാത്രമായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. ആമാശയവും വികാരപൂര്‍ത്തീകരണവുമായിരുന്നു അവരുടെ ആകെയുള്ള ആഗ്രഹങ്ങള്‍. പിന്നീട് അവര്‍ക്ക് വേദഗ്രന്ഥങ്ങള്‍ അവതരിച്ചു. അപ്പോള്‍ വിശ്വാസികളെന്നും അല്ലാത്തവരെന്നുമായി അവര്‍ ചിദ്രിച്ചു. അവര്‍ ഒട്ടേറെ വിഭാഗങ്ങളായി മാറി.
ആദം പ്രവാചകന്‍ മുതല്‍ നൂഹ്, ഇബ്‌റാഹീം, യഅ്ഖൂബ്, ഇസ്ഹാഖ്, ഇസ്മാഈല്‍, മൂസാ, ഈസാ, മുഹമ്മദ്(സ) വരെയുള്ള ചരിത്രം ഇപ്രകാരമായിരുന്നു. പിന്നീട് നൂറ്റാണ്ടുകള്‍ കഴിഞ്ഞുപോയി. മതങ്ങളുടെ സ്ഥാനം ദുര്‍ബലപ്പെട്ടു തുടങ്ങി. അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ച അതേസ്ഥാനത്തേക്ക് കാലം പഴയരൂപത്തില്‍ മടങ്ങി. ജാഹിലിയ്യത്ത് സമൂഹത്തിലേക്ക് കടന്നുവന്നു. ജനങ്ങള്‍ അന്ധകാരത്തില്‍ ആപതിച്ചു. പക്ഷേ പൂര്‍വകാല ജാഹിലിയ്യത്തിലേതിനേക്കാള്‍ പതിന്മടങ്ങ് ശക്തിയിലായിരുന്നു അതെന്ന് മാത്രം.. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ജാഹിലിയ്യത്ത് ഭൗതിക ശാസ്ത്രത്തിന്റെ മനോഹര വസ്ത്രത്തില്‍ വേഷപ്രഛന്നനായാണ് നമ്മെ തേടിയെത്തിയത്. ജനങ്ങള്‍ അതിനെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്തു. അംബരചുംബികളായ കെട്ടിടങ്ങളുള്ള, ചന്ദ്രന്റെ പരപ്പില്‍ കാല്‍വെച്ച് നടന്ന, സമുദ്രാന്തരങ്ങളിലേക്ക് ഊളിയിട്ട, മരുഭൂമിയെ പച്ചപുതപ്പിച്ച, ടെസ്റ്റ്ട്യൂബുകളില്‍ ഭ്രൂണം നട്ട് വളര്‍ത്തിയ നേട്ടങ്ങളുമായാണ് അവര്‍ എത്തിയത്. ഇവയെല്ലാം തങ്ങളുടെ മിടുക്ക് കൊണ്ട് നേടിയെടുത്തതാണെന്ന് അവര്‍ കരുതി. അവര്‍ക്ക് തെല്ലൊരു അഹങ്കാരം തന്നെ തോന്നിത്തുടങ്ങി. മരണത്തെ പരാജയപ്പെടുത്തുകയാണ് അടുത്ത ലക്ഷ്യമെന്ന് അവര്‍ പ്രഖ്യാപിച്ചു. ശാശ്വതികത്വം കൂടി നേടിയാല്‍ ഇനി വിശ്രമിക്കാമല്ലോ!

നിഷേധത്തിലും ദൈവധിക്കാരത്തിലും ആദ്യകാല ജാഹിലിയ്യത്തിലേക്ക് മടങ്ങുകയാണ് ജനങ്ങള്‍. നമസ്‌കരിക്കുകയും നോമ്പെടുക്കുകയും ചെയ്യുന്നവരെ കണ്ടാല്‍ പരിഹാസത്തോടെ ചിരിക്കുകയാണ് അവര്‍. ‘ഇവനൊരു വിഢ്ഢി തന്നെ… ആരെയാണ് ഇവന്‍ നമസ്‌കരിക്കുന്നത്?’ അദൃശ്യങ്ങളിലുള്ള വിശ്വാസം അവിവേകമാണെന്ന് അവര്‍ വിചാരിക്കുന്നു. ഇത്തരം കഥകളും പുരാണങ്ങളും ഉപേക്ഷിക്കുന്നതാണ് തന്റേടവും വിവേകവുമെന്ന് അവര്‍ ധരിക്കുന്നു.

ഇക്കാലത്ത് പുതിയ തരം പ്രവാചക ചരിതങ്ങള്‍ രംഗത്ത് വന്നിരിക്കുന്നു. കാലഘട്ടത്തിന്റെ പ്രവണതയോട് ചേര്‍ത്ത് പാകപ്പെടുത്തിയവയാണ് അവ. ദൈവികവും അദൃശ്യപരവുമായ കാര്യങ്ങളില്‍ നിന്ന് തിരുമേനി(സ)യെ അകറ്റി നിര്‍ത്തുന്നവയാണ് പ്രസ്തുത രചനകള്‍. ഹിറാഗുഹയില്‍ തിരുമേനി(സ) ധ്യാനത്തില്‍ മുഴുകിയത് ദൈവത്തോട് സംവദിക്കാനായിരുന്നില്ല, ഖുറൈശികളുടെ ദാരുണമായ അവസ്ഥയെക്കുറിച്ച് ചിന്തിക്കാനായിരുന്നുവെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. പുതിയ ഒരു ശരീഅത്ത് കൊണ്ട് എങ്ങനെയെങ്കിലും ഖുറൈശികളെ ഗോത്രനേതൃത്വങ്ങളുടെ പീഢനങ്ങളില്‍ നിന്ന് രക്ഷിക്കേണ്ടതുണ്ട് എന്നതായിരുന്നു അദ്ദേഹത്തെ അലട്ടിയിരുന്ന ചിന്തയത്രെ. ജിബ്‌രീല്‍, വഹ്‌യ്, വിശുദ്ധ ഖുര്‍ആന്‍ അവതരണം, ഇസ്‌റാഅ്, മിഅ്‌റാജ് ഇവയെല്ലാം മാറ്റി നിര്‍ത്തി പ്രവാചക ചരിത്രത്തെയും ഇസ്‌ലാമിനെയും സമര്‍പ്പിക്കുകയാണ് ഇവര്‍. അതുമുഖേന ഇസ്‌ലാമിക ദര്‍ശനത്തെ സേവിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അവര്‍ കരുതുന്നു. നിഷേധികളോട് കാലഘട്ടത്തിന്റെ ഭാഷയില്‍ സംസാരിക്കുകയാണത്രെ. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല. അവര്‍ നിഷേധികളെ മയപ്പെടുത്തുകയും, അവരെ സോപ്പിടുകയും, അതിന് വേണ്ടി വ്യാജവും, നുണയും എഴുതിച്ചേര്‍ക്കുകയുമാണ് ചെയ്യുന്നത്. തങ്ങളുടെ പ്രവാചകനെയും കൊണ്ട് വൃത്തികെട്ട രാഷ്ട്രീയക്കാരുടെ അടവുനയം പ്രയോഗിക്കാനാണ് ഇത്തരക്കാരുടെ ശ്രമം.

വിശുദ്ധ ഖുര്‍ആനില്‍ നിന്ന് തന്നെ അവര്‍ തെളിവെടുക്കുന്നു: ‘പ്രവാചകരേ, പറയുക. തീര്‍ച്ചയായും ഞാന്‍ നിങ്ങളെപ്പോലുള്ള മനുഷ്യന്‍ തന്നെയാണ്’ (അല്‍കഹ്ഫ് 110). പക്ഷേ അവര്‍ മനസ്സിലാക്കാത്ത ഒരു യാഥാര്‍ത്ഥ്യമുണ്ട്. മുഹമ്മദ്(സ) നമ്മെപ്പോലുള്ള മനുഷ്യനാണ്. എന്നാല്‍ നാം അദ്ദേഹത്തെപ്പോലുള്ള മനുഷ്യരല്ല. അദ്ദേഹത്തിന് അല്ലാഹുവിങ്കല്‍ നിന്ന് ദിവ്യബോധനം അവതരിച്ചിരുന്നു. നമുക്ക് അതില്ല താനും. നാം കൂടുതലും ഗവേഷണങ്ങള്‍ നടത്തിയാണ് തീരുമാനമെടുക്കുക. നമ്മുടെ ചിന്തകളും വിജ്ഞാനവുമാണ് നമ്മുടെ അഭിപ്രായത്തെ രൂപപ്പെടുത്തുന്നത്.

ഇത് വളരെ സൂക്ഷ്മമായ വ്യത്യാസമാണ്. എന്നാല്‍ ഇത് തന്നെയാണ് പ്രവാചകത്വത്തിന്റെ രഹസ്യവും. ജിബ്‌രീലിനെ കണ്‍മുന്നില്‍ കണ്ടിട്ടുണ്ട് അദ്ദേഹം. നാം ഇവിടെ ഭൂമിയിലാണ്. കേവലം മനുഷ്യരായി, ഈ ഉന്നത സംഭാഷണങ്ങളില്‍ നിന്ന് തടയപ്പെട്ടവരായി ജീവിക്കുന്നു. ദൃശ്യത്തിനും അദൃശ്യത്തിനും ഇടയിലെ ബര്‍സഖ് ആണത്.

നാം ദൃശ്യ-അനുഭവ ലോകത്തിന്റെ തീരത്താണ്. നാം മറ്റൊരു കരയിലേക്ക് ഇത് വരെ ചെന്നെത്തിയിട്ടില്ല. സ്വപ്‌നത്തിലോ, ഭ്രാന്താവസ്ഥയിലോ മാത്രമേ നമുക്കതിന് കഴിയുകയുള്ളൂ. ഇതാണ് ഒരു പ്രവാചകനും മറ്റൊരു മനുഷ്യനും തമ്മിലുള്ള വ്യത്യാസം.

പ്രവാചകന്‍ ദൈവികസുപ്രയില്‍നിന്ന് ദിവ്യവചനങ്ങളും ശരീഅത്തും ഏറ്റുവാങ്ങുന്നവനാണ്. അദ്ദേഹം പാപസുരക്ഷിതനാണ്. തോന്നിയത് പോലെ സംസാരിക്കുന്നവനുമല്ല. എന്നാല്‍ നാം സ്വന്തം അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നവരും തോന്നിയത് പറയുന്നവരുമാണ്. നമുക്ക് ശരി സംഭവിക്കാം, അതിലേറെ തെറ്റുപറ്റിയേക്കാം.

എന്നിരിക്കെ ഈ ദൈവികബന്ധത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ എന്ത് പ്രവാചകനാണ് അവശേഷിക്കുന്നത്? അദൃശ്യം മാറ്റിവെച്ചാല്‍ പിന്നെ ദീനില്‍ എന്താണുള്ളത്? വിശ്വാസികളെ അദൃശ്യത്തില്‍ വിശ്വസിക്കുന്നവര്‍ എന്നല്ലേ വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്? വിശ്വാസത്തിന്റെ നിബന്ധനയാണ് അദൃശ്യത്തിലുള്ള വിശ്വാസമെന്നത്. കാലഘട്ടത്തിനനുസരിച്ച് പ്രവാചകനെ മുറിച്ച് അവതരിപ്പിക്കുമ്പോള്‍ മറ്റാരെയോ പ്രവാചകന്റെ പേരില്‍ സമര്‍പിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. പ്രവാചകത്വത്തിന്റെ അടിസ്ഥാനമാണ് ദൈവവുമായുള്ള ബന്ധവും അദൃശ്യവിവരണങ്ങളും. അവ മുറിച്ച് മാറ്റിയുള്ള പ്രവാചകന്‍ ഇസ്‌ലാമിന് തീര്‍ത്തും അപരിചിതമാണ്.

ഡോ. മുസ്ത്വഫാ മഹ്മൂദ്

Topics