മുഹമ്മദ് നബി- ലേഖനങ്ങള്‍

പ്രവാചകന്റെ ആകര്‍ഷണീയ വ്യക്തിത്വം

മറ്റുള്ളവരുടെ വികാരങ്ങളെ മുറിവേല്‍പിക്കുകയോ, അവരെ വെറുപ്പിക്കുകയോ ചെയ്യാതെ ശാന്തവും ആരോഗ്യകരവുമായ മാര്‍ഗത്തിലൂടെ ലക്ഷ്യം പൂര്‍ത്തീകരിച്ചിരുന്ന ഭദ്രവ്യക്തിത്വമായിരുന്നു തിരുമേനി(സ)യുടേത്. മറ്റുള്ളവരില്‍ ശാരീരികദണ്ഡനമോ പീഡകളോ കൂടാതെ തന്നെ തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി നിതാന്തപരിശ്രമം എന്നത് ആ വ്യക്തിത്വത്തിന്റെ സവിശേഷതയാണ്. എന്നല്ല, താന്‍ ആഗ്രഹിക്കുന്നത് മറ്റുള്ളവര്‍ക്ക് കൂടി ഉണ്ടാകണമെന്ന് കൊതിച്ചുകൊണ്ട് അവരുടെ മഹത്വവും പദവിയും കഴിയുന്നിടത്തോളം അംഗീകരിക്കുകയും ചെയ്തിരുന്നു അദ്ദേഹം. മനശ്ശാന്തി, ക്ഷമ, പരസ്പര ബന്ധം, ജന്മവാസന തുടങ്ങിയ വിശേഷണങ്ങളുടെ സമുച്ചയമാണ് ഭദ്രമായ വ്യക്തിത്വം.

അതേസമയം, ശത്രുതാപരമായ വ്യക്തിത്വത്തിനുടമയായവന്‍ തന്നിഷ്ടക്കാരനും, ആക്രമണോല്‍സുകനും ധിക്കാരിയുമായിരിക്കും. എല്ലായ്‌പ്പോഴും മറ്റുള്ളവരെ അടിച്ചമര്‍ത്തുകയും ആരെയും പരിഗണിക്കാതെ ലക്ഷ്യത്തിനായി എന്തുമാര്‍ഗവും അവലംബിക്കുകയും ചെയ്യും. മറ്റുള്ളവരെ അക്രമിച്ചോ, വേദനിപ്പിച്ചോ തന്റെ ലക്ഷ്യം അവന്‍ നേടിയെടുക്കും. മുസ്സോളിനി, ഹിറ്റ്‌ലര്‍, ഖദ്ദാഫി പോലുള്ള സ്വേഛാധിപതികള്‍ ഇതിന് ഉദാഹരണമാണ്. ഇവര്‍ക്ക് നേര്‍വിപരീതമാണ് ഒന്നിനെയും ചെറുക്കുകയോ പ്രതിരോധിക്കുകയോ ചെയ്യാതെ വിധേയപ്പെട്ട് കീഴൊതുങ്ങി ജീവിക്കുന്നവര്‍.

ചെറിയവനെന്നോ വലിയവനെന്നോ, ഉറ്റവനെന്നോ അകന്നവനെന്നോ ഭേദമില്ലാതെ എല്ലാവരെയും തിരുമേനി(സ) സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. വീട്ടില്‍ പ്രവേശിക്കുമ്പോഴൊക്കെ ‘എനിക്ക് നിന്നെ ഇഷ്ടമാണ്’ എന്ന് പറയുന്നതിന് പകരം സ്‌നേഹത്തെ കുറിക്കുന്ന എന്തെങ്കിലും പ്രകടനങ്ങള്‍ കാണിക്കുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. വിരിപ്പില്‍ നിന്ന് മാറിക്കിടന്ന ഉമ്മു സലമയെ തന്റെ പുതപ്പില്‍ ചേര്‍ത്ത് പിടിച്ച് കൊണ്ട് അദ്ദേഹം ചോദിച്ചു ‘നീ ആര്‍ത്തവക്കാരിയാണോ?’

വീട്ടില്‍ അദ്ദേഹം നേതാവോ, രാഷ്ട്രനായകനോ അല്ല, നല്ല തികഞ്ഞ ഭര്‍ത്താവായിരുന്നു. ഭാര്യമാര്‍ തിരുമേനി(സ)യില്‍നിന്ന് അകലം പാലിച്ചപ്പോള്‍ ഉമര്‍(റ) അവരെ ശകാരിക്കുകയും ഉപദേശിക്കുകയുമുണ്ടായി. ഇതുകേട്ട ഉമ്മു സലമ(റ) ഉമറിനോട് പറഞ്ഞത് ഇപ്രകാരമായിരുന്നു : ‘താങ്കളുടെ ഉപദേശങ്ങളെക്കാള്‍ ഞങ്ങളെ സ്വാധീനിക്കുന്നത് അല്ലാഹുവിന്റെ ദൂതരുടെ സമീപനങ്ങളാണ്. അദ്ദേഹത്തില്‍ നിന്ന് പഠിച്ചത് അനുസരിച്ചാണ് ഞങ്ങള്‍ അദ്ദേഹത്തോട് വര്‍ത്തിക്കുന്നത്. അദ്ദേഹം ഞങ്ങളോട് ഒരു കാര്യം നിരോധിച്ചാല്‍ പിന്നെ ഞങ്ങളത് ചെയ്യുകയില്ല’.

അദ്ദേഹത്തിന്റെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ മല്‍സരിച്ച അനുചരന്മാര്‍ ‘താങ്കള്‍ക്ക് ഏറ്റവും പ്രിയം ആരെയാണ്? എന്ന് ചോദിക്കാറുണ്ടായിരുന്നു. തിരുമേനി(സ) ഹസന്‍, ഹുസൈന്‍(റ) എന്നിവരെക്കുറിച്ച് പറഞ്ഞു: ‘നാഥാ, ഞാന്‍ അവരെ രണ്ട് പേരെയും ഇഷ്ടപ്പെടുന്നു, അതിനാല്‍ നീയവരെ ഇഷ്ടപ്പെട്ടാലും ‘. ഉസാമ(റ) തിരുദൂതര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു.

തന്റെ പ്രതിയോഗികളുടെയും ശത്രുക്കളുടെയും നിലപാടുകളെ അദ്ദേഹം പരിവര്‍ത്തിപ്പിച്ചത് സ്‌നേഹത്തിലൂടെയായിരുന്നു. സ്വഫ്‌വാന്‍ പറയുന്നു : ‘മുഹമ്മദ് ജനങ്ങളില്‍ വെച്ച് എനിക്ക് ഏറ്റവും വെറുപ്പുള്ളവനായിരുന്നു. എല്ലാ ജനങ്ങളിലുംവെച്ച് എനിക്കേറ്റവും പ്രിയപ്പെട്ടവനാകും വരെ അദ്ദേഹം എനിക്ക് തന്നുകൊണ്ടേയിരുന്നു’.

ആത്മീയവും ഭൗതികവുമായ ദാനം നല്‍കലാണ് സ്‌നേഹം വ്യാപിപ്പിക്കുന്നതിനുള്ള മാര്‍ഗം. ശത്രുക്കളെപ്പോലും കീഴ്‌പെടുത്താവുന്ന ആയുധമാണ് അത്.
അദ്ദേഹം അബൂത്വാലിബിനെ ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ സന്മാര്‍ഗത്തിനായി പരിശ്രമിച്ചു. അപ്പോഴാണ് അല്ലാഹു വിശുദ്ധ വചനം അവതരിപ്പിച്ചത് : ‘താങ്കള്‍ക്ക് പ്രിയപ്പെട്ടവരെ സന്മാര്‍ഗത്തിലാക്കാന്‍ താങ്കള്‍ക്ക് കഴിയില്ല’ (അല്‍ഖസ്വസ്വ് 56). ഹൃദയങ്ങള്‍ കീഴ്‌പ്പെടുത്തുകയെന്നതിനാണ് അദ്ദേഹം പ്രാധാന്യം കൊടുത്തത്. പ്രസ്തുത മാര്‍ഗത്തില്‍ അദ്ദേഹം തന്റെ വാല്‍സല്യവും വികാരവും, സമ്പത്തും ചെലവഴിച്ചു.

നല്ല സാമൂഹിക ബന്ധം കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം വിജയിക്കുകയുണ്ടായി. ഏതൊരു സാമൂഹിക ബന്ധവും വിജയിക്കുന്നതിന്റെ അടിസ്ഥാനം സല്‍പെരുമാറ്റമാണ്. ജനങ്ങള്‍ക്ക് സന്ദേശം എത്തിക്കാന്‍ നിയോഗിക്കപ്പെട്ടവന്‍ എന്ന അര്‍ത്ഥത്തില്‍ തിരുമേനി(സ)യുടെ ജീവിതം നല്ല സുദൃഢ ബന്ധങ്ങളുടേതായിരുന്നു. ഏറ്റവും നല്ല ശൈലിയിലായിരുന്നു അദ്ദേഹം ജനങ്ങളോട് വര്‍ത്തിച്ചതും, സംവദിച്ചതും.

മറ്റുള്ളവര്‍ക്ക് സലാം ചൊല്ലി, പുഞ്ചിരിയോടെ ഹസ്തദാനംചെയ്ത് ആ ഹൃദയങ്ങളില്‍ പ്രവേശിക്കാന്‍ തിരുമേനി(സ)ക്ക് സാധിച്ചിരുന്നു. അതിനാല്‍ ജനങ്ങള്‍ അദ്ദേഹത്തോട് അടുക്കുകയും അങ്ങനെ അവരുടെ മുന്നില്‍ വളരെ വ്യക്തവും നിര്‍മലവുമായ ഭാഷയില്‍ തന്റെ സന്ദേശം വിശദീകരിക്കുകയും ചെയ്തു അദ്ദേഹം.

രോഗിയെ സന്ദര്‍ശിക്കുക, ജനാസഃ അനുഗമിക്കുക, സഹപ്രവര്‍ത്തകരെ വീട്ടില്‍ ചെന്ന് കാണുക, അവരുടെ പരിപാടികളില്‍ പങ്കെടുക്കുക തുടങ്ങിയവയെല്ലാം അദ്ദേഹം ചെയ്തിരുന്നു. ചിലപ്പോള്‍ നവജാത ശിശുക്കളെ അദ്ദേഹം മടിയിലെടുക്കുകയും, വായയില്‍ ഈത്തപ്പഴം തേച്ച് കൊടുക്കുകയും പേരിടുകയും ചെയ്യാറുണ്ടായിരുന്നു.

ശത്രുക്കളുമായി അദ്ദേഹം മുദ്രവെച്ച എഴുത്തുകുത്തുകള്‍ നടത്തിയിരുന്നു. കിസ്‌റാ, മുഖൗഖിസ്, നജ്ജാശി തുടങ്ങി വിവിധ രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ക്ക് അദ്ദേഹം കത്തെഴുതുകയുണ്ടായി. ഉഥ്മാന്‍(റ)നെ സന്ധി ചെയ്യാന്‍ മക്കയിലേക്ക് അയച്ച് അവിടത്തെ ബഹുദൈവരാധകരോടുള്ള ബന്ധവും അദ്ദേഹം കാത്ത് സൂക്ഷിച്ചിരുന്നു.

ഡോ. സല്‍മാന്‍ ബിന്‍ ഫഹദ് ഔദഃ

Topics