വഴിയോരത്തുള്ള ആ ചെറിയ കടയില്‍ എന്നും രാവിലെ അയാള്‍ എത്താറുണ്ടായിരുന്നു. അവിടെ നിന്ന് തനിക്കിഷ്ടമുള്ള ദിനപത്രം വാങ്ങി, അതിന്റെ പൈസയുംകൊടുത്ത് മടങ്ങിപ്പോകും. ഇതായിരുന്നു അയാളുടെ പതിവ്. ആ ചെറിയ കടയിലെ കച്ചവടക്കാരനോട് സലാം ചൊല്ലിയാണ് അദ്ദേഹം എന്നും രാവിലെ അങ്ങോട്ട് വന്നിരുന്നത്. പക്ഷേ, ഒരിക്കല്‍ പോലും ആ കച്ചവടക്കാരന് അയാള്‍ക്ക് മറുപടി നല്‍കിയതായി കണ്ടില്ല. എല്ലാ ദിവസവും രാവിലെ നമ്മുടെ ഈ കഥാപാത്രം വരുന്ന അതേ സമയത്തുതന്നെ മറ്റൊരാളും ആ കടയില്‍ എത്താറുണ്ടായിരുന്നു. അയാളും പൈസ കൊടുത്ത് പത്രം വാങ്ങി കക്ഷത്തില്‍വെച്ച് മടങ്ങുകയായിരുന്നു ചെയ്തിരുന്നത്. അവര്‍ക്ക് രണ്ടുപേര്‍ക്കും പരസ്പരം പരിചയമൊന്നും ഉണ്ടായിരുന്നില്ല.
ഇപ്രകാരം ഈ രണ്ടുപേരും എന്നും വരികയും കണ്ടുമുട്ടുകയും തങ്ങള്‍ക്ക് വേണ്ട പത്രവും വാങ്ങി തിരികെപോവുകയും ചെയ്തു. രണ്ടാമത്തെയാള്‍ ഒരിക്കല്‍ പോലും സംസാരിക്കുന്നതായി നമ്മുടെ കഥാപാത്രം കേട്ടതുപോലുമില്ല. ഒരു പക്ഷെ അയാള്‍ ഊമയായിരിക്കാം എന്നുകരുതി ഇദ്ദേഹം.
ഒരു ദിവസം ആ മനുഷ്യന് നമ്മുടെ കഥാപാത്രത്തിന്റെ അടുത്തുവന്ന് കാതില്‍ മന്ത്രിച്ചു. ‘ഈ കച്ചവടക്കാരനോട് താങ്കള്‍ എന്തിനാണ് സലാം പറയുന്നത്? കഴിഞ്ഞ കുറെ ആഴ്ചകളായി ഞാന്‍ താങ്കളുള്ളപ്പോള്‍ ഇവിടെ വരുന്നു. പക്ഷേ, ഒരിക്കല്‍ പോലും അയാള്‍ താങ്കളുടെ സലാം മടക്കിയതായി ഞാന്‍ കേട്ടിട്ടില്ല. മറുപടി പറയാന്‍ താല്പര്യമില്ലാത്ത ഇയാളോട് പിന്നെയെന്തിന് സലാം പറയണം? നമ്മുടെ കഥാപാത്രം അയാളോട് ചോദിച്ചു ‘താങ്കളുടെ അഭിപ്രായത്തില്‍ അദ്ദേഹം എന്തുകൊണ്ടാണ് മറുപടി പറയാത്തത്? അദ്ദേഹം പറഞ്ഞു ‘എനിക്ക് സംശയമില്ല, അദ്ദേഹത്തിന്റെ മര്യാദകേട് തന്നെ. അയാളോട് സലാം പറയാനേ പാടില്ല’. ഇതുകേട്ട നമ്മുടെ കഥാപാത്രം ചോദിച്ചു ‘അപ്പോള്‍ പിന്നെ, നാം അദ്ദേഹത്തിന്റെ മര്യാദകേട് പഠിക്കുകയാണോ, അതല്ല അദ്ദേഹത്തിന് മര്യാദ പഠിപ്പിക്കുകയാണോ വേണ്ടത്? കഥാപാത്രത്തിന്റെ ചോദ്യം അദ്ദേഹം പ്രതീക്ഷിച്ചതായിരുന്നില്ല. അദ്ദേഹം അല്പനേരം മൗനിയായി. കഥാപാത്രം തുടര്‍ന്നു ‘സുഹൃത്തേ, അയാള്‍ സലാം മടക്കാത്തതിന്റെ കാരണം എന്തുതന്നെയാവട്ടെ, നമ്മുടെ നിയന്ത്രണം നമ്മുടെ കൈകളില്‍ തന്നെയുണ്ടായിരിക്കണം. നാം അത് മറ്റാരെയും ഏല്പിക്കാന് പാടുള്ളതല്ല. അതിനുപകരം അദ്ദേഹത്തിന്റെ മര്യാദകേട് നമ്മിലേക്ക് പകരുകയും നാം ഏറ്റെടുക്കുകയും ചെയ്താല്‍ സമൂഹത്തില്‍ പ്രചരിക്കുക ഇത്തരം വൃത്തികേടുകളായിരിക്കും. നാം നമ്മുടെ മൂല്യം മുറുകെ പിടിക്കുന്നതോടെ അദ്ദേഹത്തെപ്പോലുള്ളവര്‍ ഉടനെയോ, അല്പം വൈകിയോ അവ സ്വീകരിക്കാനുള്ള സാധ്യതയേറെയാണ്’.
‘മര്യാദകെട്ട പ്രവര്‍ത്തനം വിഷത്തിന് സമാനമാണ്. നാം വിഷത്തിന് മേല്‍ വിഷം ചൊരിഞ്ഞാല്‍ അത് അധികരിക്കുകയാണ് ചെയ്യുക. നാം തീയിലേക്ക് വിറക് വെക്കുന്ന പക്ഷം തീ ആളിക്കത്തുകയാണ് ചെയ്യുക. നാം നമ്മുടെ മൂല്യങ്ങളില്‍ സ്വതന്ത്രമായി നിലകൊള്ളുകയെന്നത് തന്നെയാണ് യഥാര്‍ത്ഥ ശക്തി. അതില്‍ നിന്ന് വിപരീതമായി ഇത്തരം ആളുകളാല്‍ നാം സ്വാധീനിക്കപ്പെട്ടാല്‍ അവരുടെ വിഷവും, മര്യാദകേടും സ്വീകരിക്കുന്നതിന് തുല്യമാണ് അത്. നാം അവരില്‍ വെറുക്കുന്ന കാര്യം നമ്മില്‍ സൃഷ്ടിക്കാന്‍ മാത്രമെ അത് ഉപകരിക്കുകയുള്ളൂ. നന്മയും തിന്മയും തമ്മിലുള്ള ദൈനംദിന പോരാട്ടത്തില്‍ വിജയം അവരിലേക്ക് വഴിമാറാന്‍ അത് വഴിയൊരുക്കുന്നു.
‘മുഹമ്മദ്, ആ സമൂഹത്തിന്റെ മേല്‍ ഞാന്‍ രണ്ട് പര്വതങ്ങളെയെറിഞ്ഞു നശിപ്പിക്കട്ടെ’ എന്ന് മാലാഖ തിരുമേനി(സ)യോട് ചോദിച്ചപ്പോള്‍ അദ്ദേഹം നല്കിയ മറുപടി നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതുണ്ട് ‘വേണ്ട, അവരുടെ വരുംതലമുറകളില്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നവരെ അല്ലാഹു കൊണ്ടുവരുന്നതാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അല്ലാഹുവേ, എന്റെ സമൂഹത്തെ സന്മാര്ഗത്തിലേക്ക് നയിച്ചാലും, അവര്‍ വിവരമില്ലാത്തവരാണ്’. പ്രവാചകന്റെ ജനത അദ്ദേഹത്തോട് ചെയ്ത എല്ലാ വൃത്തികേടുകള്‍ക്ക് പോലും അദ്ദേഹത്തെ ശരിയില്‍ നിന്ന് വ്യതിചലിപ്പിക്കുവാന് സാധിച്ചില്ല എന്നത് ഇവിടെ വ്യക്തം. വേദനയും ദുഖവും മാനസിക സംഘര്‍ഷവും അനുഭവിച്ചിരുന്ന പച്ച മനുഷ്യന് തന്നെയായിരുന്നല്ലോ അദ്ദേഹവും. പക്ഷേ അദ്ദേഹത്തിന്റെ മനസ്സ് മുറുകെ പിടിച്ചിരുന്ന വിട്ടുവീഴ്ച മനോഭാവമായിരുന്നു ഇത്. ജനങ്ങളുടെ പ്രവര്‍ത്തനം എത്ര തന്നെ മോശവും വൃത്തികെട്ടതുമായാലും താന്‍ ശരിയില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന പ്രഖ്യാപനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
ഡോ. മുയസ്സറഃ ത്വാഹിര്‍
Add Comment