Youth

ആത്മവിശ്വാസം വീണ്ടെടുക്കുക

നിലവിലെ മുസ്‌ലിം ഉമ്മത്തിന്റെ അവസ്ഥയിലേക്ക് കണ്ണോടിക്കുന്നവന്‍ ഒരുപക്ഷേ നാം അല്‍ഭുതപരതന്ത്രനായേക്കാം. മാനവകുലത്തെ മുന്നില്‍ നിന്ന് നയിച്ചിരുന്ന, പതാകകളില്‍ പ്രതാപം ചേര്‍ത്തുകെട്ടിയിരുന്ന സമൂഹത്തിന്റെ മേനിയില്‍ ഛിദ്രതയുടെ അണുക്കള്‍ വിഷം കുത്തിവെച്ചിരിക്കുന്നു. നമ്മുടെ അസ്തിത്വം പോലും സംരക്ഷിക്കാന്‍ കഴിയാത്ത ദുരവസ്ഥയിലാണ് നാമുള്ളത്. എന്നാല്‍ ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തം കേവലം നേതാക്കന്മരുടെ തലയില്‍ കെട്ടിവെക്കുന്നത് തീര്‍ത്തും ചരിത്രപരമായ വിഡ്ഢിത്തം മാത്രമായിരിക്കും.

സുശക്തമായ തീരുമാനങ്ങള്‍ എടുക്കാനോ, അവയില്‍ അടിയുറച്ച് നില്‍ക്കാനോ സാധിക്കുന്നില്ലെന്നതാണ് മുസ്‌ലിം ഉമ്മത്ത് നിലവില്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. നമ്മെ പിടിച്ച് കുലുക്കുന്ന ഭൂകമ്പത്തെ മറികടക്കുംവിധമുള്ള ദൃഢനിശ്ചയങ്ങളോ, വെല്ലുവിളികളെ അതിജയിക്കാനുള്ള ത്വരയോ നമ്മുടെ ഭാഗത്ത് നിന്ന് പ്രകടമാകുന്നില്ല. ധിക്കാരികളായ ലോകരാഷ്ട്രങ്ങളുടെ പിടിയില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉദാഹരണം. അവയ്ക്ക് നേരെ മാധ്യമങ്ങളിലൂടെയും മറ്റും വളരെ ശക്തവും മൂര്‍ച്ചയേറിയതുമായ ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അവയുടെ വിശ്വാസത്തെയും ആദര്‍ശത്തെയും സുരക്ഷയെയും ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളാണ് അവ. പ്രസ്തുത രാഷ്ട്രങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളും മറ്റും ഇസ്‌ലാമിന്റെ ശത്രുക്കളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു. ഈ രാഷ്ട്രങ്ങള്‍ ഇസ്‌ലാമിക ശരീഅത്ത് മുറുകെപിടിക്കുന്നതും, മറ്റ് രാഷ്ട്രങ്ങളില്‍ നിന്ന് ഭിന്നമായി തങ്ങളുടെ സ്വത്വം കാത്ത് സൂക്ഷിക്കാന്‍ പരിശ്രമിക്കുന്നതും ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് ഒരിക്കലും പ്രിയമുള്ള കാര്യമല്ല.

ആഭ്യന്തരവും വൈദേശികവുമായ രാഷ്ട്രീയത്തില്‍ സ്വീകരിക്കുന്ന കൃത്യമായ നയങ്ങളും നിലപാടുകളുമാണ് രാഷ്ട്ര സുരക്ഷയെ ഊട്ടിയുറപ്പിക്കുന്നത് എന്നതിനാല്‍ തന്നെ, ഇക്കാര്യത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നത് ശരി തന്നെയാണ്. രാഷ്ട്രത്തിലെ ധൈഷണിക നേതൃത്വത്തിന്റെയും, ഉത്തമപൗരന്മാരുടെയും ആത്മവിശ്വാസവും ഇതിനോട് ചേര്‍ന്ന് വരേണ്ട ഘടകമാണ്. ഉമ്മത്തിന്റെ സ്ഥാനത്തെ നിര്‍ണയിക്കുന്നതിലും, ആദര്‍ശത്തെ പ്രതിരോധിക്കുന്നതിലും, പൊതുതാല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിലും അവര്‍ക്ക് മഹത്തായ സ്ഥാനമാണ് ഉള്ളത്.

പ്രതിസന്ധികളില്‍ പൊതുജനത്തിന്റെ കൈപിടിച്ച് മുന്നോട്ട് നയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം രാഷ്ട്രപ്രതിനിധികളുടേതാണ്. അല്ലാഹു അവരെ ഏല്‍പിച്ച ഏറ്റവും ഭാരമേറിയ അമാനത്താണ് അത്. ഇസ് ലാമിക പ്രമാണങ്ങളുടെ തേട്ടവും മുസ്‌ലിം ഉമ്മത്തിന്റെ പ്രായോഗിക താല്‍പര്യവും പരിഗണിച്ചാണ് അവര്‍ തങ്ങളുടെ നിലപാടുകള്‍ രൂപപ്പെടുത്തേണ്ടത്.

നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യേണ്ട പണ്ഡിതവര്യന്‍മാര്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒരു നിമിഷത്തേക്ക് പോലും പിന്‍വാങ്ങരുത്. ശര്‍ഈ വിജ്ഞാനം ആര്‍ജ്ജിച്ച മഹാന്മാരായ പണ്ഡിതന്മാര്‍ തന്നെയാണ് ഇതിന് നേതൃത്വം നല്‍കേണ്ടത്. തീവ്രവാദത്തിന്റെയോ, അലംഭാവത്തിന്റെയോ വഴിയിലേക്ക് തെറ്റാതെ സമൂഹത്തെ സന്തുലിതമായി സംരക്ഷിക്കുകയാണ് അവര്‍ വേണ്ടത്. വിലകുറഞ്ഞ താല്‍പര്യങ്ങളിലേക്ക് കാല്‍തെറ്റി വീഴുന്നതിനെതൊട്ട് ജാഗ്രത്തായിരിക്കണം അവര്‍.

അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള ക്ഷണം ഇക്കാലത്ത് വളരെയധികം പ്രതിസന്ധികള്‍ നിറഞ്ഞ ഉദ്യമമാണ്. വളരെ ആസൂത്രിതവും മൂര്‍ച്ചയേറിയതുമായ ആക്രമണങ്ങള്‍ അവക്ക് നേരെ നടന്നുകൊണ്ടിരിക്കുന്നു. സയണിസ്റ്റുകളും ഇവാഞ്ചലിസ്റ്റുകളും ഒരുപോലെ ഇസ്‌ലാമിക പ്രബോധനത്തിന് മുന്നില്‍ വിഘ്‌നം സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. എല്ലാ വിധ ആത്മവിശ്വാസത്തോടും കൂടി അവയെ നേരിടാത്ത പക്ഷം പ്രബോധന പ്രയാണം കാലിടറാന്‍ സാധ്യതയേറെയാണ്. ഉമ്മത്തിലെ പണ്ഡിതരും, പള്ളി ഇമാമുമാരും, ഇസ്‌ലാമിക വിദ്യാര്‍ത്ഥികളും തുടങ്ങി എല്ലാവരും ഈ ഉത്തരവാദിത്ത നിര്‍വഹണം ഏറ്റെടുക്കാന്‍ ബാധ്യസ്ഥരാണ്. ഇസ്‌ലാമിക ദര്‍ശനത്തെ സംരക്ഷിക്കുകയെന്ന പൂര്‍വസൂരികള്‍ പൂര്‍ത്തീകരിച്ച ഭാരിച്ച, മഹത്തായ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന ബോധം നമ്മുടെ ഹൃദയത്തില്‍ അടിയുറച്ചേ പറ്റൂ.

ഖാലിദ് ബിന്‍ സഊദ് അല്‍ഹലീബി

Topics