നമുക്ക് ഇഷ്ടകരമല്ലാത്തതോ, നാം ആഗ്രഹിക്കാത്തതോ ആയ മാര്‍ഗത്തില്‍ ജീവിതത്തെ പാഴാക്കുകയെന്നത് യുക്തിസഹമല്ല. നാം പുതുമയുള്ള പല കാര്യങ്ങളും പരീക്ഷിച്ചുനോക്കുകയോ, സ്ഥിരംപരിപാടികള്‍ക്ക് ബദല്‍ കണ്ടെത്തുകയോ ചെയ്യേണ്ടതുണ്ട്. ഒരേ കാര്യം സ്ഥിരമായി ആവര്‍ത്തനവിരസതയോടെ ചെയ്യുന്നതാണ് നമ്മെ നിരാശ വലയംചെയ്യുന്നതിനുള്ള കാരണം. സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശനം ലഭിക്കാതെ വന്നപ്പോള്‍ എന്റെ കൂട്ടുകാരന്‍ ഗണിതശാസ്ത്രത്തിലേക്ക് തിരിഞ്ഞു. പാഠ്യപദ്ധതി മറികടക്കുന്നതിന് അവന്‍ ഒട്ടേറെ പ്രയാസങ്ങള്‍ അനുഭവിച്ചു. ഒരു ശ്രമത്തില്‍ വിജയിച്ചാല്‍ രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുന്ന ക്ലേശകരമായ അവസ്ഥയില്‍ അവന്‍ രണ്ട് വര്‍ഷം പഠനവുമായി മുന്നോട്ട് നീങ്ങി.
ഒരു ദിവസം ക്ലാസ് കട്ടുചെയ്ത് മുങ്ങുന്നതിനിടയില്‍ പിന്നില്‍ നിന്ന് ഉയര്‍ന്ന് കേട്ട പൊട്ടിച്ചിരി അവനെ ചിന്തിപ്പിച്ചു. താന്‍ ഇതുവരെ കേള്‍ക്കാത്ത ആ ചിരിയുടെ രഹസ്യമെന്താണെന്ന് അവന്‍ ഒരു വിദ്യാര്‍ത്ഥിയോട് ചോദിച്ചു. തങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ബ്രിട്ടീഷ് അധ്യാപകന്‍ അവര്‍ക്ക് ചില രസകരമായ സംഭവങ്ങള്‍ വിവരിച്ച് കൊടുക്കുകയായിരുന്നുവത്രെ. പക്ഷേ ഈ മറുപടിയില്‍ അവന്‍ തൃപ്തനായില്ല. ഇംഗ്ലീഷ് ഭാഷയില്‍ പഠനം നടത്തുന്ന മറ്റൊരു വിദ്യാര്‍ത്ഥിയോട് ബ്രിട്ടീഷുകാരനായ അധ്യാപകനെക്കുറിച്ച് അവന്‍ ചോദിച്ചറിഞ്ഞു. അവന്‍ അദ്ദേഹത്തെക്കുറിച്ച എല്ലാ കാര്യങ്ങളും വിവരിച്ചുകൊടുത്തു. അധ്യാപനത്തിലെ ആകര്‍ഷക ശൈലിയിലൂടെ ഒട്ടേറെ വിദ്യാര്‍ത്ഥികളുടെ കഴിവ് പരിപോഷിപ്പിക്കുന്നതില്‍ ആ അധ്യാപകന് അസാമാന്യവിരുതുതന്നെയുണ്ടെന്ന് അവന്‍ മനസ്സിലാക്കി. തന്റെ വ്യക്തിപരമായ സവിശേഷ നിലപാടുകളും രീതികളും കൊണ്ട് വേറിട്ട അധ്യാപനമായിരുന്നുവത്രെ അദ്ദേഹത്തിന്റേത്. തങ്ങളുടെ പരീക്ഷണങ്ങളുടെ ഫലവും മറ്റും സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിവരിക്കുന്നത് അദ്ദേഹം പ്രോല്‍സാഹിപ്പിക്കുന്നു.
തന്റെ കൂട്ടുകാരനില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അവന്റെ ഹൃദയത്തില്‍ തറച്ചു. അടുത്ത ദിവസം തന്നെ കോളേജ് മേലധികാരിയെ കണ്ട് തന്റെ ഡിപ്പാര്‍ട്ട്‌മെന്റ് മാറുകയാണെന്ന് അറിയിച്ചു. പക്ഷെ, അതിന് അനുവാദമില്ല എന്നായിരുന്നു അവിടെ നിന്ന് ലഭിച്ച മറുപടി. ഇംഗ്ലീഷ് വിഷയത്തില്‍ നിലവില്‍ ലഭിച്ച മാര്‍ക്ക് പോരെന്നും, കൂടുതല്‍ ഉയര്‍ന്ന മാര്‍ക്കുണ്ടെങ്കിലേ അതിന് അവസരമുള്ളൂ എന്നും പ്രധാനാധ്യാപകന്‍ അറിയിച്ചു.
അന്നുമുതല്‍ ഇംഗ്ലീഷ് ഭാഷയുടെ വിവിധ കോഴ്‌സുകളില്‍ ചേര്‍ന്ന് അവന്‍ പഠിച്ചു തുടങ്ങി. ശേഷം പുതിയ ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേരാനായി അവന്‍ തിരിച്ചുവന്നു. പരീക്ഷയില്‍ വിജയിച്ച് കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്ന ധാരണയില്‍ പ്രധാനാധ്യാപകന്‍ അവന് അനുവാദം നല്‍കി. ഇത് അവനെ കൂടുതല്‍ ഊര്‍ജ്ജസ്വലനാക്കുകയാണ് ചെയ്തത്.
ഇംഗ്ലീഷ് ഡിപ്പാര്‍ട്‌മെന്റിലേക്ക് മാറിയതിന് ശേഷം ആ ബ്രിട്ടീഷ്അധ്യാപകനെ അവന്‍ ഓഫീസില്‍ ചെന്ന് സന്ദര്‍ശിച്ചു. അദ്ദേഹത്തെക്കുറിച്ച് കേട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറിയതെന്ന് അറിയിച്ചു. അവിടെ ചേരുന്നതിന് അവന്‍ അനുഭവിച്ച പ്രയാസങ്ങളും അദ്ദേഹത്തിന് മുന്നില്‍ വിശദീകരിച്ച് കൊടുത്തു. അധ്യാപകന്‍ അവന്റെ കരം ഗ്രഹിച്ച് തന്നാലാവുന്നതെല്ലാം ചെയ്തു തരാമെന്ന് ഉറപ്പുനല്‍കി.
എന്റെ കൂട്ടുകാരന്‍ ഇപ്പോള്‍ ബ്രിട്ടനിലെ അറിയപ്പെടുന്ന സര്‍വകലാശാലയില്‍ ഡോക്ടറേറ്റ് പൂര്‍ത്തീകരിക്കാനിരിക്കുകയാണ്. അവന്‍ തന്റെ ഡിപ്പാര്‍ട്‌മെന്റ് മാറിയില്ലായിരുന്നുവെങ്കില്‍ എന്തായിരിക്കും അവന്റെ സ്ഥിതിയെന്ന് എനിക്ക് ആലോചിക്കാനേ വയ്യ. പ്രാധാനാധ്യാപകന്‍ നിരാശപ്പെടുത്തിയിട്ട് പോലും പിന്മാറാതെ മുന്നിട്ടിറങ്ങിയ അവന്റെ കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണ് നാം കണ്ടത്.
തെറ്റായ ദിശയില്‍ തന്നെ സഞ്ചരിക്കുന്നതില്‍ ശാഠ്യം പിടിക്കുന്ന ചില കൂട്ടുകാരെ കാണുമ്പോള്‍ എനിക്ക് വല്ലാതെ ദുഖം വരാറുണ്ട്. അവര്‍ തീകൊളുത്തി ആത്മഹത്യ ചെയ്യുന്നവരാണ്. സ്വന്തം പ്രതീക്ഷകളെ തൂക്കിലേറ്റി, സ്വപ്‌നങ്ങളെ തകര്‍ക്കുന്നവരാണ് അവര്‍.
നാം പുതിയ കാര്യങ്ങള്‍ പരീക്ഷിക്കേണ്ടതുണ്ട്. ജീവിതത്തില്‍ വിജയവും പ്രകാശവും പരത്താന്‍ അവക്ക് സാധിച്ചേക്കും. നമുക്ക് ചുറ്റും മനോഹരമായ എത്രയോ വിഷയങ്ങളുണ്ട്. പക്ഷേ, അവയുടെ മാസ്മരികത നമുക്കറിയില്ലെന്ന് മാത്രം. കാരണം അവ ആസ്വദിക്കാനുള്ള സന്നദ്ധത പലപ്പോഴും നമുക്കില്ല. ഒന്നും രുചിച്ച് നോക്കാത്തവന് പിന്നെ എങ്ങനെയാണ് ആസ്വാദനം ലഭിക്കുക?
അബ്ദുല്ലാഹ് അല്‍മഗ്‌ലൂഥ്
Add Comment