തെഹ്റാന്: മുഖംകാണാത്ത വിധം പ്രവാചകന് മുഹമ്മദ് നബിയെ ചിത്രീകരിക്കുന്ന ഇറാന് സിനിമ ‘മുഹമ്മദ്, മെസഞ്ചര്‍ ഓഫ് ഗോഡ്’നെതിരെ യാഥാസ്ഥിതിക വിഭാഗങ്ങളുടെ വിമര്‍ശനം. എന്നാല്‍, എതിര്‍പ്പ് വകവെയ്ക്കാതെ പ്രവാചകന്റെ ജീവിതവും സന്ദേശവും ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് ലോക പ്രശസ്ത ഇറാനിയന്‍ സംവിധായകന് മജീദ് മജീദി വ്യക്തമാക്കി.
മുഹമ്മദുര്‍റസൂലുല്ലാഹി എന്ന അറബി വാചകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമായ മുഹമ്മദ്, മെസഞ്ചര്‍ ഓഫ് ഗോഡ് (മുഹമ്മദ്, ദൈവദൂതന്) എന്നതാണ് ചിത്രത്തിന്റെ പേര്. പ്രശസ്ത അമേരിക്കന്‍ സംവിധായകനും നിര്‍മാതാവുമായ സെസില്‍ ബി. ഡെമില്ലെയാണ് ചിത്രം ഒരുക്കുന്നത്. ഇറാന് സിനിമാ ചരിത്രത്തില്‍ ഏറ്റവും സാമ്പത്തികച്ചെലവില്‍ തയാറാക്കുന്ന ചിത്രം ഇതിനകം വന്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.
തലസ്ഥാന നഗരമായ തെഹ്റാനില്‍ നിന്ന് 70 കി.മീ അകലെ അല്ലഹയാര് എന്ന കുഗ്രാമത്തില്‍ വിശുദ്ധ കഅ്ബ ഉള്‍പ്പെടുന്ന മക്കയുടെ ആറാം നൂറ്റാണ്ടിലെ മാതൃക തയാറായിക്കഴിഞ്ഞു. പ്രവാചകന്റെ മുഖം കാണിക്കാതെ തന്നെ പ്രവാചകന്റെ ബാല്യകാലത്തില്‍ കേന്ദ്രീകരിച്ചുള്ള ചിത്രം 190 മിനുട്ട് ദൈര്‍ഘ്യമുള്ളതാണ്.
1976ല്‍ സിറിയന്‍ അമേരിക്കന്‍ ഡയരക്ടറും നിര്‍മാതാവുമായ മുസ്തഫ അഖാദിന്റെ ‘ദി മെസ്സേജ്’ (സന്ദേശം) എന്ന സിനിമക്കു ശേഷം പ്രവാചക ചരിത്രം സിനിമയാക്കാനുള്ള പ്രധാന ഉദ്യമമാണ് മജീദിയുടേത്. ദി മെസ്സേജില്‍ പ്രവാചകനെ ചിത്രീകരിക്കുന്നതിന് സംവിധായകന് ധൈര്യപ്പെട്ടിരുന്നില്ല.
എന്നാല്‍, ദൈവവിളി ലഭിക്കുന്നതിനു മുമ്പുള്ള പ്രവാചകന്റെ കുട്ടിക്കാലം ഉള്‍പ്പെടെ ചിത്രീകരിക്കുന്ന ‘മുഹമ്മദ്, മെസഞ്ചര്‍ ഓഫ് ഗോഡ്’ വന്‍ വിമര്‍ശനങ്ങളാണ് നേരിടുന്നത്. എന്നാല്‍, പ്രവാചക ചരിത്രം ജനങ്ങളിലെത്തിക്കാന്‍ മറ്റെന്തു വഴിയാണുള്ളതെന്നാണ് മജീദ് മജീദിയുടെ ചോദ്യം. ‘പിന്നെയെങ്ങനെയാണ് നമ്മുടെ പ്രവാചകനെ നാം പരിചയപ്പെടുത്തേണ്ടത്. പലരും സിനിമയിലൂടെയും ചിത്രങ്ങളിലൂടെയുമാണ് തങ്ങളുടെ സന്ദേശം ലോകത്തിന് എത്തിക്കുന്നത്’ മജീദ് മജീദി പറഞ്ഞു.
Add Comment