‘മറവി’ കാരണം ഒട്ടേറെ പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാന്‍. പലപ്പോഴും എന്നെ വലിയ വലിയ പ്രശ്നങ്ങളില്‍ അകപ്പെടുത്തുന്നതിന് അത് വഴിയൊരുക്കാറുണ്ട്. റിയാദിലെ മലിക് ഖാലിദ് എയര്‍പോര്‍ട്ടില്‍ വെച്ച് ഒരാള്‍ എന്നെ കണ്ടുമുട്ടി. എനിക്ക് വളരെ സുപരിചിതമായ മുഖമായിരുന്നു അയാളുടേത്. അദ്ദേഹം എന്നോട് ചോദിച്ചു ‘നിങ്ങള്‍ക്കെന്നെ മനസ്സിലായോ?’ പിന്നെ മനസ്സിലാവാതെ, താങ്കള്‍ എനിക്ക് പ്രിയപ്പെട്ടവനല്ലേ? എന്ന് ഞാന്‍ ഉത്തരം നല്കി. അത്രയും സമയം അയാളുടെ പേരും നാടും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. ‘എങ്കില്‍ പറയൂ, ഞാന്‍ ആരാണ്? എന്ന അദ്ദേഹത്തിന്റെ അടുത്ത ചോദ്യം കൂടി വന്നപ്പോള്‍ ഞാന്‍ നന്നെ വിഷമത്തിലായി. ഒടുവില്‍ നിവൃത്തിയില്ലാതെ ഞാന്‍ അദ്ദേഹത്തോട് ക്ഷമ ചോദിച്ചു. കാരണം ഞാന്‍ അദ്ദേഹത്തെ ഓര്‍ത്തെടുക്കുന്നതിനേക്കാള്‍ വേഗത്തിലായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ഒരു കാര്യത്തെ സ്മരിക്കാനും ഓര്‍മിക്കാനുമുള്ള കഴിവ് തീര്‍ത്തും ആപേക്ഷികമാണ്. അതേസമയം തന്നെ ചില സംഭവങ്ങള്‍ അവയുടെ സൂക്ഷ്മമായ വിശദാംശങ്ങളോട് കൂടി, ഒരു ചലചിത്രം കണക്കെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നതായി കാണാവുന്നതാണ്. മറ്റ് ചിലപ്പോള്‍ ഒട്ടേറെ തവണ നാം സന്ദര്‍ശിച്ച ഒരു സ്ഥലത്തെ ശരിക്കും ഓര്‍ത്തെടുക്കാനോ, അതിന്റെ അടയാളങ്ങള്‍ കുറിക്കാനോ നമുക്ക് സാധിച്ചെന്ന് വരില്ല.
ഞാന്‍ ചിലപ്പോള്‍ എന്റെ സുഹൃത്ത് ഫൗസി യഹ്യായെ ഫോണില്‍ വിളിക്കാറുണ്ട്. അങ്ങേയറ്റത്തെ ഓര്‍മശക്തിയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഞാന്‍ മുമ്പ് അദ്ദേഹത്തിന് വിവരിച്ച് കൊടുത്ത ചില സംഭവങ്ങളുടെയും, ചരിത്രങ്ങളുടെയും വിശദാംശങ്ങളായിരുന്നു ഞാന്‍ അദ്ദേഹത്തില്‍ നിന്ന് തേടിയിരുന്നത് എന്നതാണ് രസകരം. കാരണം ഞാന്‍ പറഞ്ഞുകൊടുത്ത സംഭവങ്ങളിലധികവും എന്നില്‍നിന്ന് വിസ്മൃതമായിയെന്നത് തന്നെ!
നമ്മുടെ ജീവിതവുമായി അങ്ങേയറ്റം ബന്ധമുള്ള കാര്യമാണ് ‘മറവി’യെന്നത്. നാം ഓര്‍ക്കുന്നത് മുഖേന നമുക്ക് ഒരുപാട് ദുഖവും വേദനയും സമ്മാനിക്കുന്ന ഒട്ടേറെ കാര്യങ്ങളില്‍ നിന്ന് നമ്മെ അകറ്റുന്നത് ‘മറവി’യാണ്. നമ്മുടെ ഹൃദയം വ്യവസ്ഥാപിതമായി ചലിക്കുന്നതിന് ‘മറവി’ ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അബ്ദുര്‍റഹ്മാന്‍ മുനീഫ് പറഞ്ഞത് ഇപ്രകാരമാണ് :’ജീവിതത്തിനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ് മറവി’.
ചില സംഭവങ്ങള്‍ നാം പരസ്പരം മറന്നേ പറ്റൂ. എങ്കിലെ ജീവിതം ഉത്തമമായ വിധത്തില്‍ മുന്നോട്ട് പോവുകയുള്ളൂ. മറവി ഈയര്‍ത്ഥത്തില്‍ അനുഗ്രഹമാണ്. ഏറ്റവും വേദനാജനകമായ നിമിഷങ്ങളില്‍ നിന്നും മറവി നമ്മെ അകറ്റി നിര്‍ത്തുന്നു. പരേതനായ ഗാസി അല്ഖസ്വീബി പറയുന്നത് നോക്കൂ :’കൂടുതല്‍ മറവിയില്ല എന്നതാണ് എന്റെ പരാതി. എല്ലാം പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നുവെന്നതാണ് എന്റെ യഥാര്‍ത്ഥ പ്രശ്നം’.
പുതിയ ഒരു അധ്യായം തുറക്കുന്നതിന് മുമ്പ് പഴയ അധ്യായങ്ങള്‍ മറക്കേണ്ടിയിരിക്കുന്നു. ബോധപൂര്‍വമുള്ള മറവി ജീവിതത്തെ നിയന്ത്രിക്കാന്‍ ആവശ്യമായ ചിന്താരീതി തന്നെയാണ്. ഭൂതകാല സംഭവങ്ങളുമായുള്ള കെട്ടുപാടുകള്‍ അഴിക്കാനും, ഭാവിയിലെ അവസരങ്ങള്‍ക്ക് നേരെ കണ്ണുതുറന്നുപിടിക്കാനും അത് നമ്മെ സഹായിച്ചേക്കും. അതിനാലാണ് ‘മറവി എന്നത് സ്വാതന്ത്ര്യത്തിന്റെ ഒരു രൂപമാണ് ‘എന്ന് ഖലീല്‍ ജിബ്രാന് വ്യക്തമാക്കിയത്. തന്റെ ഭാവിയെ കൂടുതല്‍ സ്വതന്ത്രമാക്കണമെന്ന് ആഗ്രഹിക്കുന്നവന് തന്റെ ഭൂതകാലത്തെ മറക്കുകയാണ് വേണ്ടത്.
നന്മയും, മൂല്യവും വിസ്മരിക്കുകയെന്നതാണ് ഏറ്റവും മോശപ്പെട്ട മറവി. ഓര്മക്ക് അത്യാവശ്യം വേണ്ട പരിചരണം നല്‍കാത്തതിന്റെ ഫലമാണ് അത്. തന്റെ ഉത്തരവാദിത്തങ്ങള്‍ മറന്നുകളയുകയും അവകാശങ്ങള്‍ നന്നായി ഓര്‍ത്തെടുക്കുകയും ചെയ്യുന്നതാണ് അതിന്റെ രീതി. അതിനാലാണ് പരസ്പരം വിയോജിക്കുന്ന രണ്ടാളുകളില്‍ നിന്നും സംഭവത്തിന്റെ പകുതി, അതായത് പറയുന്നവന്റെ താല്പര്യങ്ങളെ സേവിക്കുന്നവ മാത്രം നമുക്ക് കേള്‍ക്കേണ്ടി വരുന്നത്.
പ്രതികാരം പോലുള്ള പ്രതിലോമകരമായ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്ന സംഭവങ്ങളെ മറന്നുകളയുന്നത്് പ്രശംസിക്കപ്പെടേണ്ട ഗുണമാണ്. അതേസമയം തന്നെ നല്ല കാര്യങ്ങളെ മറക്കുകയെന്നത് മോശത്തരവും, ചീത്തകാര്യങ്ങളെ മറക്കുകയെന്നത് നല്ലതുമാണെന്ന് നാം മനസ്സിലാക്കുക.
Add Comment