ഖുര്‍ആന്‍, ശരീഅത്തിന്റെ അടിസ്ഥാന സ്രോതസ്സാണ്. തീര്‍ത്തും ആധികാരികത അവകാശപ്പെടുന്ന രൂപത്തിലാണ് അത് തലമുറകളാല്‍ കൈമാറ്റം ചെയ്യപ്പെട്ട് നമ്മിലേക്കെത്തിച്ചേര്‍ന്നത്. യാതൊരു കൈകടത്തലിനും അത് വിധേയമായിട്ടില്ല. മാത്രമല്ല, അന്ത്യനാള്‍ വരെയും ഖുര്‍ആന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിട്ടുമുണ്ട്. ഖുര്‍ആനിലെ നിയമങ്ങളെ മൂന്നായി തരം തിരിക്കാം. (1) വിശ്വാസവുമായി ബന്ധപ്പെട്ട നിയമങ്ങള്‍. (2) സ്വഭാവവുമായി ബന്ധപ്പട്ടവ. (3) കര്‍മ്മവുമായി ബന്ധപ്പെട്ടവ. ഇവയില്‍ മൂന്നാമത്തേത് മാത്രമാണ് ഫിഖ്ഹിലും ഉസ്വൂലിലും പ്രതിപാദിക്കുന്നത്. കര്‍മപരമായ വിധികള്‍ രണ്ട് രൂപത്തിലുണ്ട്. (1) ആരാധനാ നിയമങ്ങള്‍: സ്രഷ്ടാവും മനുഷ്യനും തമ്മിലുള്ള ബന്ധം ഉദ്ദേശിച്ചുള്ളതാണിവ. നമസ്കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയവ ഈ ഗണത്തില്‍പ്പെടുന്നു. (2) ഇടപാടുകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍: മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളെ ഉദ്ദേശിച്ചുള്ളതാണിവ. വ്യക്തിഗതവും സാമൂഹികവുമായ നിയമങ്ങള്‍ ഇതിന്റെ പരിധിയില്‍ വരുന്നതാണ്.
ആധുനിക കാലഘട്ടത്തിന്റെ ഭാഷയില്‍ നിയമങ്ങളെ വീണ്ടും തരം തിരിച്ചിട്ടുണ്ട്. (1) കുടുംബവുമായി ബന്ധപ്പെട്ട നിയമങ്ങള്‍. (2) വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടവ. ഉദാ: കച്ചവടം, കടം, പണയം, പലിശ. (3) കോടതിയുമായി ബന്ധപ്പെട്ടവ. സാക്ഷി, തെളിവ്, സത്യം, വിധി തുടങ്ങിയ നീതിന്യായ നിയമങ്ങള്‍ ഇവയുടെ പരിധിയില്‍ വരുന്നതാണ്. (4) കുറ്റവും ശിക്ഷയുമായി ബന്ധപ്പെട്ടവ. ക്രമിനില്‍ നിയമങ്ങള്‍ എന്നറിയപ്പെടുന്ന ഇത്തരം നിയമങ്ങള്‍ ജനങ്ങളുടെ ധനവും അഭിമാനവും സംരക്ഷിക്കുകയും സാമൂഹിക സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുന്നു. (5) ഭരണവ്യവസ്ഥയുമായി ബന്ധപ്പെട്ടവ. ഭരണീയരും ഭരണാധികാരികളും തമ്മിലുള്ള ബന്ധം, രണ്ടുകൂട്ടരുടെയും അവകാശങ്ങളും ബാധ്യതകളും തുടങ്ങിയവ കൈകാര്യം ചെയ്യുന്ന നിയമങ്ങളാണിവ. (6) രാഷ്ട്രാന്തരീയ നിയമങ്ങള്‍: രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍, യുദ്ധം, സമാധാനം തുടങ്ങിയവയാണ് ഇവ ചര്‍ച്ച ചെയ്യുന്നത്. (7) സാമ്പത്തിക നിയമങ്ങള്‍: രാഷ്ട്രത്തിന്റെ വരവ്, ചെലവ്, സമ്പന്നരുടെ സ്വത്തില്‍ സാധുക്കളുടെ അവകാശം തുടങ്ങിയ വിഷയങ്ങളാണിത് കൈകാര്യം ചെയ്യുന്നത്.
ഇവയില്‍ ആരാധനാകാര്യങ്ങള്‍, അനന്തരാവകാശ നിയമങ്ങള്‍ പോലെയുള്ള വ്യക്തിനിയമങ്ങളില്‍, കാലഘട്ടത്തിനും ചുറ്റുപാടിനുമനുസരിച്ച് മാറ്റം വരാത്തതും ബുദ്ധിക്ക് യാതൊരിടപെടലും നല്‍കാത്തതുമായ നിയമങ്ങള്‍ ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിക്കുന്നു. അതേസമയം, പൊതുജനന•ക്കും കാലഘട്ടത്തിനുമനുസരിച്ച് മാറ്റങ്ങള്‍ സാധിക്കുന്നവ ചില തത്വങ്ങളും പൊതുനിയമങ്ങളുമായി വളരെ സംക്ഷിപ്തമായാണ് പ്രതിപാദിക്കുന്നത്.
Add Comment