ഏതൊന്നിനെക്കുറിച്ച് ശരിയായി ചിന്തിച്ചാല്‍ അതുമുഖേന ശരീഅത്ത് വിധികളിലെത്തിച്ചേരുന്നുവോ അതിനാണ് ഉസ്വൂലികളുടെ ഭാഷയില്‍ സാങ്കേതികമായി തെളിവ് (ദലീല്‍) എന്നു പറയുന്നത്. ഭൂരിപക്ഷം മുസ്ലിംകളുടെയും അംഗീകാരമുള്ള തെളിവുകള്‍ നാലെണ്ണമാണ്. 1. ഖുര്‍ആന്‍, 2. സുന്നത്ത്, 3. ഇജ്മാഅ്, 4. ഖിയാസ്. ഈ നാല് തെളിവുകളും ശരീഅത്തിന്റെ വിധികള്‍ക്കുള്ള തെളിവുകളായി സ്വീകരിക്കണമെന്നതിനുള്ള പ്രാമാണികത സൂറഃ അന്നിസാഇലെ ‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക, (അവന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. വല്ലകാര്യങ്ങളിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക’ എന്ന സൂക്തമാണ്.
ഇമാം ബഗവി ഉദ്ധരിച്ച മുആദ്ബ്നു ജബല്‍(റ)ന്റെ ഹദീസാണ് സുന്നത്തില്‍ നിന്നും ഇതിനുള്ള തെളിവ്. മുആദ്ബ്നുജബല്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: അദ്ദേഹത്തെ നബി(സ) യമനിലേക്ക് നിയോഗിച്ചപ്പോള്‍ ‘നിനക്ക് മുമ്പില്‍ ഒരു പ്രശ്നം വന്നാല്‍ നീ അതില്‍ എങ്ങനെ വിധികല്‍പിക്കും’ എന്ന് ചോദിക്കുകയുണ്ടായി. അദ്ദേഹം മറുപടി നല്‍കി: “ഞാന്‍ അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ട് വിധികല്‍പിക്കും. അതില്‍ വിധി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഞാന്‍ തിരുമേനിയുടെ സുന്നത്തിനെ അവലംബിക്കുന്നതാണ്. അതിലും വിധി കണ്ടെത്തിയില്ലെങ്കില്‍ ഞാന്‍ ആ വിഷയത്തില്‍ ഇജ്തിഹാദ് നടത്തി വിധി കണ്ടെത്തുവാന്‍ ശ്രമിക്കുന്നതാണ്”. അതുകേട്ട് നബി(സ) പറഞ്ഞു: “അല്ലാഹുവിന്റെ ദൂതന്റെയും അവന്റെ ദൂതന്റെ ദൂതന്റെയുമിടയില്‍ ഒരേ കാഴ്ചപ്പാടുണ്ടാക്കിയ അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും”.
പണ്ഡിതന്മാരുടെ ഏകോപിതാഭിപ്രായമില്ലാത്ത മറ്റു തെളിവുകളുമുണ്ട്. ഇസ്തിഹ്സാന്‍, മസ്ലഹ മുര്‍സല, ഇസ്തിസ്വ്ഹാബ്, ഉര്‍ഫ്, മദ്ഹബുസ്സ്വഹാബ, ശര്‍ഉമന്‍ ഖബ്ലനാ എന്നിവയാണ് അവയില്‍ പ്രസിദ്ധമായവ.ഇവയെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണമാണ് ചുവടെ:
Add Comment