ദിവസങ്ങളും മാസങ്ങളും പിന്നിട്ട് പുതിയ ഒരു ഹിജ്‌റ വര്‍ഷത്തിന്റെ പടിവാതില്‍ക്കലാണ് നാം. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെയും സഹാബാക്കളുടെയും ജീവിതത്തിലെ അതിമഹത്തായ ഒരു സംഭവത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഓരോ ഹിജ്‌റ വര്‍ഷവും. പ്രവാചകന്‍ തിരുമേനിയും അനുചരന്‍മാരും മക്കയില്‍ നിന്ന് മദീനയിലേക്ക് നടത്തിയ പാലായനം (ഹിജ്‌റ) ചരിത്രത്തില്‍ തുല്യതയില്ലാത്ത അവിസ്മരണീയമായ സംഭവമാണ്. ലോകാവസാനം വരെയുള്ള വിശ്വാസികള്‍ക്ക് വിശ്വാസദാര്‍ഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും ദൈവിക സഹായത്തിന്റെയും അനശ്വരമായ ഗുണപാഠങ്ങളും ദൃഷ്ടാന്തങ്ങളും സമ്മാനിക്കുന്നുണ്ട് പ്രസ്തുത ഹിജ്‌റ.
ആസൂത്രണ പാടവം
ഹിജ്‌റയുടെ ഗുണപാഠങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് പ്രവാചന്‍ തിരുമേനിയുടെ ആസുത്രണ മികവായിരുന്നു. തിരുമേനി (സ) ഹിജ്‌റക്കുമുമ്പുതന്നെ പലായനത്തിനും, മദീനയിലെത്തിയാലുടന്‍ ഒരു രാഷ്ട്രം സ്ഥാപിക്കുന്നതിനും സൂക്ഷ്മമായി ആസൂത്രണം നടത്തിയിരുന്നു. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലേക്കുള്ള പ്രബോധനം പൂര്‍ണ്ണതയിലെത്തിക്കാന്‍ വരാനിരിക്കുന്ന ഒരു വര്‍ഷത്തേക്കുള്ള പദ്ധതി പ്രവാചകന്‍ (സ) ആവിഷ്‌കരിച്ചു. ഒരു വ്യക്തിയെയോ കുടുംബത്തേയോ ഗോത്രത്തേയോ മാത്രമല്ല, സ്ഥലകാലങ്ങള്‍ക്കപ്പുറമുള്ള സമൂഹങ്ങളിലേക്കും രാജ്യങ്ങളിലേക്കും ഈ ദൗത്യം വ്യാപിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
ഇസ് ലാമിക പ്രബോധനമെന്ന ദൗത്യനിര്‍വഹണത്തില്‍ മുസ്ലിംകള്‍ക്ക്, ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവാചകന്റെ ഇത്തരം പദ്ധതികളില്‍ തീര്‍ച്ചയായും മാതൃകയുണ്ട്. മുസ്ലിംകള്‍ ഒരു രാജ്യത്തിനോ സമൂഹത്തിനോ വേണ്ടി മുഴുനീള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നല്ല പറയുന്നത്, മറിച്ച് അവന്റ കുടുംബത്തിനും സ്വന്തത്തിനും വേണ്ടിയെങ്കിലും ചില പദ്ധതികള്‍ ആസൂത്രണം ചെയ്‌തേ പറ്റൂ.
ഒരു ചോദ്യം
എല്ലാ ദിവസവും എല്ലാ മണിക്കൂറിലും നിമിഷങ്ങളിലും നാം നമ്മോട് തന്നെ ചോദിക്കേണ്ട ഒരു ഒരു ചോദ്യമിതാണ്:
എന്താണ് നാം ചെയ്തുകൊണ്ടിരിക്കുന്നത് ? ഈ വര്‍ഷം നാം എന്ത് ചെയ്തു ? കഴിഞ്ഞ മാസം എങ്ങനെയാണ് വിനിയോഗിച്ചത് ? വരുന്ന വര്‍ഷം നാം എന്തു ചെയ്യണം?
ചില ആളുകള്‍ക്ക് അവര്‍ ചെയ്ത നന്മകളില്‍ ആനന്ദിക്കുന്നാണ്ടാവാം. എന്നാല്‍ അധികം ആളുകള്‍ക്കും അതിന് കഴിയുമോ ? നന്മകള്‍ ചെയ്യാന്‍ കഴിയുമായിരുന്ന, നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയുമായിരുന്ന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുമായിരുന്ന ആ നഷ്ടപ്പെട്ട അവസരങ്ങളില്‍ ഖേദിക്കുന്നവരായിരിക്കും അധിക പേരും .
പുതുവര്‍ഷത്തെ വരവേല്‍ക്കുന്നവരില്‍ അധിക പേരും, വരുവര്‍ഷത്തെയും എങ്ങനെ ഭൗതികവും സാമ്പത്തികവുമായ നേട്ടങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കാമെന്ന ചിന്തയിലായിരിക്കും. എന്നാല്‍ ഒരു മുസ് ലിമിനെ സംബന്ധിച്ചിടത്തോളം ആത്മസംസ്‌കരണമാണ് പ്രഥമ പരിഗണനീയം. അതിനാല്‍ തന്നെ, അവന്‍ ആസൂത്രണം തുടങ്ങേണ്ടത് സ്വന്തത്തില്‍ നിന്ന് തന്നെയാണ്.
ഈമാനില്‍ ഉണര്‍വ്വുണ്ടാക്കുക
അല്ലാഹുവുമായുള്ള എന്റെ ഇപ്പോഴത്തെ ബന്ധമെങ്ങനെ, കഴിഞ്ഞ നാളുകളില്‍ എങ്ങനെയായിരുന്നു, ഈയവസ്ഥയില്‍ തുടര്‍ന്നു പോകണമെന്നാണോ അതല്ല, ഇനിയും കൂടുതല്‍ അല്ലാഹുവുലേക്ക് അടുക്കണമെന്നാണോ താന്‍ ആഗ്രഹിക്കുന്നത് എന്നൊക്കെ വിശ്വാസി ആദ്യം ആലോചിക്കണം.
അല്ലാഹുമായുള്ള ബന്ധം സുദൃഢമാക്കാനാണ് തീരുമാനമെങ്കില്‍ പരിശുദ്ധ ഖുര്‍ആനുമായി ഹൃദയബന്ധം സ്ഥാപിക്കുകയാണ് പ്രാഥമികമായി വേണ്ടത്. ഒപ്പം, രാത്രി നമസ്‌കാരവും തഹജ്ജുദും ദിക്‌റുകളും അധികരിപ്പിക്കണം. ജമാഅത്ത് നമസ്‌കാരങ്ങളില്‍ നിഷ്ഠ പുലര്‍ത്തുകയും സുന്നത്ത് നമസ്‌കാരങ്ങള്‍ നിലനിര്‍ത്തുകയും വേണം. സര്‍വ്വോപരി പാപമോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയും ചെയ്യണം.
വൈജ്ഞാനിക മുന്നേറ്റം
മുസ്ലിംകള്‍ എല്ലാവരും സാങ്കേതിമായി വിദ്യാര്‍ത്ഥികളല്ല. എന്നാല്‍ എല്ലാ മുസ്ലിംകളും മരണം വരെ വിദ്യാര്‍ത്ഥികളായിരിക്കണം. അറിവിന്റെ വൃത്തം വലുതാക്കാനുള്ള ദൃഢനശ്ചയം ഓരോ പുതുവര്‍ഷത്തിലും നമുക്കുണ്ടാവണം.
സാംസ്‌കാരിക ഔന്നത്യം
സാംസ്‌കാരിക ഔന്നത്യം വൈജ്ഞാനിക മേഖലയേക്കാള്‍ വിശാലമാണ്. ഇസ് ലാമിക സംസ്‌കാരത്തിന്റെ എല്ലാ ഗുണഗണങ്ങളും ജീവിതത്തിന്റെ മുഴു മേഖലകളിലും കാത്തു സൂക്ഷിക്കലാണ് സാംസ്‌കാരിക ഔന്നത്യം. ആധുനികത കൊണ്ടുവന്ന മിക്ക സംസ്‌കാരങ്ങളും ഇസ് ലാമിക മൂല്യങ്ങളുടെ കടക്കല്‍ കത്തിവെക്കുന്നവയാണ്. അതിനെ തിരിച്ചറിയാന്‍ കഴിയുമാറ് ഇസ് ലാമിക സംസ്‌കാരത്തെ കുറിച്ച് അവബോധമുണ്ടായിരിക്കണം ഒരു മുസ് ലിമിന്.
ആരോഗ്യ- സാമ്പത്തിക മേഖല
ആരോഗ്യ സംരക്ഷണ രംഗത്ത് ഇസ്ലാം നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ ഉന്നമനത്തിന് ആരോഗ്യ സംരക്ഷണം അനിവാര്യമാണ്. അനാരോഗ്യ ചുറ്റുപാടുകളില്‍ നിന്ന് എല്ലായ്‌പ്പോഴും അകലം പാലിക്കണം ഒരു വിശ്വാസി.
സാമ്പത്തിക രംഗത്തും ഇസ്ലാം അച്ചടക്കം പഠിപ്പിക്കുന്നുണ്ട്. ഇസ് ലാമിന്റെ അത്തരം നിര്‍ദേശങ്ങളെ പഠിച്ച് വരുന്ന വര്‍ഷം സാമ്പത്തിക രംഗത്തും ഒരു മാറ്റത്തിന് നാം തയാറാവണം.
ധാരാളം സമ്പത്തുണ്ടാവുക എന്നത് ഒരിക്കലും ജീവിതവിരക്തി(സുഹ്ദ്)ക്ക് എതിരല്ല. ദുന്‍യാവില്‍ നേടാനാവുന്നതൊക്കെ നാം കരസ്ഥമാക്കണം. റസൂല്‍ (സ) പറഞ്ഞല്ലോ: ‘നല്ല സമ്പത്ത് നല്ല മനുഷ്യര്‍ക്കുള്ളതാണ്’. എന്നാല്‍ ദുന്‍യാവ് നമ്മുടെ ഹൃദയത്തില്‍ കയറിക്കൂടരുത്.
അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക
എല്ലാ ആസൂത്രണത്തിന് പിന്നിലും അല്ലാഹുവിലുള്ള ഭരമേല്‍പ്പിക്കല്‍ വിശ്വാസിയുടെ ബാധ്യതയാണ്. കാര്യങ്ങളുടെ പര്യവസാനം അവന്റെ അടുക്കലാണ്. മനുഷ്യന്‍ അവന്റെ കഴിവനുസരിച്ച് പരിശ്രമിക്കുകയും നന്മകള്‍ ഉണ്ടാകാന്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുക. വരുന്ന വര്‍ഷം ആത്മീയമായും ഭൗതികമായും ഉയര്‍ച്ചയുടെ വര്‍ഷമാക്കുവാന്‍ സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍
Add Comment