വിശ്വാസം-ലേഖനങ്ങള്‍

സ്വയം പരിവര്‍ത്തിതരാവാം

വളരെ കയ്‌പേറിയ സാഹചര്യമാണ് -വിശിഷ്യാ അവസാനത്തെ നൂറ് വര്‍ഷങ്ങളില്‍- മുസ്‌ലിം ഉമ്മത്ത് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഒട്ടേറെ വിപത്തുകള്‍. ധാര്‍മികമായ തകര്‍ച്ചയുടെയും ശാസ്ത്രീയ പിന്നാക്കാവസ്ഥയുടെയും കൂടെ അല്ലാഹുവില്‍ നിന്ന് അകന്നു എന്നതാണ് ഇതില്‍ ഏറ്റവും പ്രയാസകരമായത്. ഈ ദുരന്തങ്ങളുടെയെല്ലാം ഫലം എന്തായിരുന്നു? നിരാശ, വിഷാദം, അസ്വസ്ഥത തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ക്ക് നമ്മുടെ യുവാക്കള്‍ ഇരയായിത്തീര്‍ന്നു. നമുക്ക് നമ്മിലുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടു. പാശ്ചാത്യര്‍ നമുക്ക് ദിവ്യബോധനത്തിന്റെ സ്ഥാനത്തായിത്തീര്‍ന്നു. എല്ലാ കാര്യത്തിലും നാം അവരെ അനുകരിക്കുന്നു. നടത്തം മുതല്‍ ഭക്ഷണം കഴിക്കുന്നതില്‍ വരെ. നമുക്ക് ദൗര്‍ബല്യവും, പരാജയവും അനുഭവപ്പെട്ടുതുടങ്ങി.

നമുക്ക് എന്തുകൊണ്ട് സ്വയം പരിവര്‍ത്തിതരായിക്കൂടാ! ‘ഒരു ജനതയും സ്വയം മാറുന്നത് വരെ അല്ലാഹു അവരെ മാറ്റുകയില്ല’ (അര്‍റഅ്ദ് 11)
എങ്ങനെയാണ് മാറേണ്ടത് എന്ന് നിങ്ങള്‍ പരസ്പരം ചോദിച്ചേക്കാം. എന്തു മാറ്റമാണ് നാം ഉദ്ദേശിക്കുന്നത്?നിലവിലുള്ള അവസ്ഥയില്‍ നിന്ന് അതിനേക്കാള്‍ ഉത്തമമായതിലേക്കുള്ള മാറ്റമാകണം നാം ലക്ഷ്യമിടുന്നത്. പൂര്‍വകാലത്തേക്ക് നാം മടങ്ങുന്നതിന് വേണ്ടിയാണ് അത്. ലോകത്തെ ഏറ്റവും വലിയ സമൂഹമാണ് നമ്മുടേത്. നമുക്ക് ബാധിച്ച ദുരന്തങ്ങള്‍ മറ്റേതെങ്കിലും സമൂഹത്തിനാണ് ബാധിച്ചിരുന്നതെങ്കില്‍ അത് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായേനെ. എന്നാല്‍ നാം ഇപ്പോഴും ഇവിടെ ഉണ്ട്. നമുക്ക് ദൗര്‍ബല്യവും, പീഢനവും അനുഭവിക്കേണ്ടി വരുന്നു. അല്ലാഹു പറയുന്നു:’എന്നാല്‍ ഭൂമിയില്‍ മര്‍ദിച്ചൊതുക്കപ്പെട്ടവരോട് ഔദാര്യം കാണിക്കണമെന്നും അവരെ നേതാക്കളും ഭൂമിയുടെ അവകാശികളാക്കണമെന്നും നാം ആഗ്രഹിച്ചു’. (അല്‍ഖസ്വസ് 5)
അതെ നാഥാ, ഞങ്ങള്‍ ദുര്‍ബലരാണ്. ഇത്തരം ദുര്‍ബലന്മാരെ ഉയര്‍ത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. ഈ ദുര്‍ബലര്‍ ഭൂമിയിലെ ഏറ്റവും വലിയ സമൂഹമാണിന്ന്. നമ്മുടെ ലക്ഷ്യം ചരിത്രത്തിലെ ഉത്തമ സമൂഹമാക്കി നമ്മെ പരിവര്‍ത്തിപ്പിക്കുക എന്നതാണ്. അല്ലാഹുവാണ, ഭൂമിയിലെ ഇതര വിഭാഗങ്ങള്‍ക്ക് മേല്‍ അഹങ്കരിക്കുന്നതിന് വേണ്ടിയല്ല അത്. ഇസ്‌ലാം 1300-വര്‍ഷത്തോളം ഈ ഭൂമി ഭരിച്ചിട്ടുണ്ട്. വളരെ ശാന്തമായിരുന്നു അന്ന് ഭൂലോകം. നാം ഇന്ന് ജീവിക്കുന്നതിനേക്കാള്‍ എത്രയോ സൈ്വര്യമായ ജീവിതമായിരുന്നു അത്. അക്കാലത്ത് ലഭിച്ച സ്വാതന്ത്ര്യവും സുസ്ഥിരതയും ലോകത്തെ മതങ്ങള്‍ക്ക് മറ്റൊരിക്കലും ലഭിച്ചിട്ടില്ല. കുറച്ച് അബദ്ധങ്ങള്‍ സംഭവിച്ചു എന്നത് ശരി തന്നെയാണ്. എന്നാല്‍ പോലും ഈ ഉമ്മത്തിന്റെ ചരിത്രത്തിലെ ഏറ്റവും സന്തോഷകരമായ ഘട്ടമായിരുന്നു അത്.

വരൂ, നമുക്ക് ഒരുമിക്കാം, നമുക്ക് ഈ സമൂഹത്തെ പുനര്‍നിര്‍മിക്കാം. നമുക്ക് പൂര്‍വകാലത്തേക്ക് മടങ്ങാം. നാം സ്വയം പരിവര്‍ത്തിതരായാല്‍ അല്ലാഹു നമ്മെ സഹായിക്കുക തന്നെ ചെയ്യും. അത് അല്ലാഹുവിന്റെ വാഗ്ദാനമാണ്.
ഇസ്‌ലാം മറ്റ് സമൂഹങ്ങള്‍ക്കിടയില്‍ അതിന്റെ പൂര്‍വപ്രതാപത്തിലേക്ക് മടങ്ങണമെന്നാണ് നാം ആഗ്രഹിക്കുന്നത്. ഭൂമിയുടെ നേതൃത്വം ഈ ഉമ്മത്തിന് തിരികെ ലഭിക്കേണ്ടതുണ്ട്. ഭൂമിക്ക് മുകളില്‍ ധിക്കാരം കാണിക്കാനല്ല അത്. മറിച്ച് മാനവസമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി മാത്രമാണ്. അല്ലാഹു ഈ ഉമ്മത്തില്‍ നിന്ന് ആഗ്രഹിക്കുന്നതും അത് തന്നെയാണ്. പക്ഷെ, അത് നേടിയെടുക്കാന്‍ നമുക്ക് സാധിക്കുമോ? അല്ലാഹുവാണ, നമുക്കത് സാധിക്കുക തന്നെ ചെയ്യും. ഈ പതനത്തിലോ എന്ന് നാം ആശ്ചര്യപ്പെട്ടേക്കാം. ഇത്രയും കാലം അശ്രാന്തപരിശ്രമം നടത്തിയതിന് ശേഷവും നമുക്കതിന് സാധിച്ചില്ലല്ലോ എന്നതാണ് നമ്മുടെ മോഹഭംഗം.

അല്ലാഹു മാത്രം മതി നമ്മെ ഈ മാര്‍ഗത്തില്‍ സഹായിക്കാന്‍. അവന്റെ കാര്യത്തില്‍ നാം തൃപ്തിപ്പെടുകയും അവനില്‍ ഭരമേല്‍പിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള ദൃഢനിശ്ചയം നമ്മുടെ മനസ്സില്‍ ഉണ്ടാവേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആന്റെ വാഗ്ദാനമാണ് അത്. പരിവര്‍ത്തനത്തിന്റെ നടപടിക്രമം അപ്രകാരമാണ്. പ്രതീക്ഷയോടെ നൂറ്റാണ്ടുകളായി അനുഭവിക്കുന്ന പീഡനത്തില്‍ നിന്ന് മോചിതരാവാന്‍ നമുക്ക് രംഗത്തിറങ്ങാം.
പ്രപഞ്ചത്തെ സൃഷ്ടിച്ച നാഥന്‍ അതിന് ചില വ്യവസ്ഥകള്‍ സമര്‍പിച്ചിട്ടുണ്ട്. ഭൂമി അവശേഷിക്കുന്ന കാലത്തോളം ആ വ്യവസ്ഥകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നതാണ്. പ്രകൃതിയിലെ എല്ലാ വസ്തുവിനും ഓരോ വ്യവസ്ഥകളുണ്ട്. മനുഷ്യചര്യയില്‍… ഭൂമിയില്‍.. ഭൂമിയെ ഭരിക്കാനാണ് നാം ആഗ്രഹിക്കുന്നത് എങ്കില്‍ ആ വ്യവസ്ഥ നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. കാരണം ജീവിതത്തിന്റെ അടിസ്ഥാനങ്ങളില്‍ ഒന്നാണ് അത്. ചില സാമൂഹിക നടപടിക്രമങ്ങളുണ്ട്. അവ മുറുകെ പിടിക്കുന്നവനാണ് സമൂഹത്തെ ഭരിക്കാന്‍ പ്രാപ്തനാവുന്നത്. നാം സ്വയം മാറുകയെന്നതാണ് ആ വ്യവസ്ഥയുടെ ആദ്യപടിയെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
നമുക്ക് സ്വയം പരിവര്‍ത്തിതരാവാം. അപ്പോള്‍ അല്ലാഹു നമുക്കുവേണ്ടി ചുറ്റുപാടുകളെ മാറ്റുന്നതായി നമുക്ക് കാണാം. സമൂഹത്തിന്റെ നടപടിക്രമത്തെ ഉപയോഗപ്പെടുത്തിയവനേ വിജയിക്കുകയുള്ളൂ.

Topics