രാഷ്ട്രീയം-ലേഖനങ്ങള്‍

ശൈഖ് മുഹമ്മദുല്‍ ഗസാലി

തനിക്ക് ശരിയെന്ന് ഉത്തമബോധ്യമുള്ള വിഷയത്തില്‍ അചഞ്ചലനായി നിലയുറപ്പിച്ച വ്യക്തിയായിരുന്നു ശൈഖ് മുഹമ്മദുല്‍ ഗസാലി. ഇസ്‌ലാമിന്റെ മുഖ്യലക്ഷ്യം സാമൂഹികനീതിയാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. അതുകൊണ്ടുതന്നെ നീതിയെ കേന്ദ്രവിഷയമാക്കി അദ്ദേഹം തൂലികചലിപ്പിച്ചു. സാമൂഹികഅനീതിയുടെ കാരണങ്ങളെയും അവയുടെ ദൂഷ്യഫലങ്ങളെയും ഇടനാരിഴ കീറി നിരൂപണംചെയ്തു. എല്ലാവര്‍ക്കും നീതി ലഭ്യമാകണമെങ്കില്‍ ഇസ്‌ലാമിലേക്ക് മടങ്ങിയേ തീരൂ എന്ന് അദ്ദേഹം സമര്‍ഥിച്ചു.

ഈജിപ്ത് രാജഭരണത്തിന്‍ കീഴിലായിരുന്നപ്പോള്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന മുതലാളിത്തവ്യവസ്ഥയാണ് തദ്ദേശീയരായ ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടതെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. കൃഷിഭൂമികള്‍ ന്യൂനപക്ഷംവരുന്ന കുത്തകകളുടെ കൈകളിലകപ്പെട്ടതോടെ ഗ്രാമീണകര്‍ഷകര്‍ കടുത്ത അനീതിക്കിരയാവുകയായിരുന്നു. ആ ഘട്ടത്തില്‍ അദ്ദേഹം തന്റെ ആദ്യപുസ്തകം ‘അല്‍ ഇസ്‌ലാം വല്‍ ഔദാഉല്‍ ഇഖ്തിസാദിയ്യ'(Islam and Economic Conditions) രചിച്ചു. വിവിധ സാമ്പത്തികവീക്ഷണങ്ങളെയോ വ്യവസ്ഥകളെയോ ചര്‍ച്ചചെയ്യുന്നതല്ല ഇതിലെ പ്രമേയം. ലോകത്ത് സാമൂഹികനീതി ഉറപ്പുവരുത്തുന്നതിന് ഇസ്‌ലാം ആവിഷ്‌കരിച്ച അടിസ്ഥാനനിയമങ്ങളെ കുറിച്ച വിവരണമാണ് ഇതിലുള്ളത്. വര്‍ത്തമാനയുഗത്തില്‍ അത് എത്രമാത്രം അനുയോജ്യമാണെന്നും അത് സമര്‍ഥിക്കുന്നു. സമകാലീന സമ്പദ് വ്യവസ്ഥ എത്രമാത്രം അനീതിയിലധിഷ്ഠിതമാണെന്ന് ബോധ്യപ്പെടുത്തുന്ന ആ കൃതി പെട്ടെന്നു തന്നെ ചര്‍ച്ചാവിഷയമായി മാറി.

അദ്ദേഹത്തിന്റെ രണ്ടാമത്തെ കൃതി ഇസ്‌ലാമിന്റെ സാമൂഹികവീക്ഷണത്തെ വിശദീകരിക്കുന്നതായിരുന്നു. കമ്യൂണിസത്തില്‍നിന്നും മുതലാളിത്തത്തില്‍നിന്നും എത്രമാത്രം വ്യതിരിക്തമാണ് ഇസ്‌ലാമിന്റെ വീക്ഷണമെന്ന് അക്കമിട്ടു സമര്‍ഥിച്ചതാണ് അദ്ദേഹത്തിന്റെ മൂന്നാമത്തെ കൃതി. പ്രതിഭാശാലിയായ എഴുത്തുകാരനാണ് അദ്ദേഹമെന്ന് തെളിയിക്കുന്നതായിരുന്നു അവയെല്ലാം. രാഷ്ട്രീയഏകാധിപത്യത്തെ നിശിതമായി വിമര്‍ശിക്കുന്ന കൃതികളുള്‍പ്പെടെ ഒട്ടേറെ കൃതികള്‍ അദ്ദേഹത്തിന്റെ തൂലികയില്‍നിന്ന് വെളിച്ചംകണ്ടു. ‘തഅമ്മുലാതുന്‍ ഫിദ്ദീന്‍ വല്‍ ഹയാത്’ (തോട്ട്‌സ് ഓണ്‍ റിലീജിയന്‍ ആന്റ് ലൈഫ്) , അഖീദത്തുല്‍ മുസ്‌ലിം, ഖുലുഖുല്‍ മുസ്ലിം തുടങ്ങിയ ആ ഗണത്തില്‍പെടുന്നു.

തന്റെ സമകാലികനായ സുഹൃത്ത് ഖാലിദ് മുഹമ്മദ് ഖാലിദിനെതിരെ അദ്ദേഹം ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ഒരു ഘട്ടമുണ്ടായിരുന്നു. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു ഖാലിദ്. ഇസ്‌ലാമിനെക്കുറിച്ച ഖാലിദിന്റെ സന്ദേഹത്തെ മുഹമ്മദുല്‍ ഗസാലി നിശിതമായി കൈകാര്യം ചെയ്യുകയുണ്ടായി. ‘മിന്‍ ഹുനാ നബ്ദഅ്’ എന്ന സെക്കുലറിസ്റ്റ് വീക്ഷണകോണിലുള്ള പുസ്തകത്തിന് ഗസ്സാലി തന്റെ’മിന്‍ ഹുനാ നഅ്‌ലം’ എന്ന പ്രത്യാഖ്യാനകൃതിയിലൂടെ മറുപടി നല്‍കുകയുണ്ടായി. ഖാലിദ് വ്യക്തിയധിക്ഷേപത്തിലേക്ക് ആപതിച്ചപ്പോള്‍ ഗസാലി ഒരിക്കല്‍പോലും തന്റെ ഗരിമ കൈവിട്ടില്ലെന്നത് ശ്രദ്ധേയമാണ്. സംവാദത്തിന്റെ ഒരു ഘട്ടത്തില്‍ ഖാലിദിന്റെ അസ്ഹര്‍ ബിരുദം റദ്ദുചെയ്യണമെന്ന് ഒരുവിഭാഗം ആളുകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഗസാലി അതിനെ നിരാകരിച്ചുകൊണ്ട് രംഗത്തുവന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഖാലിദ് തന്റെ സ്ഖലിതവീക്ഷണങ്ങളെ തിരുത്തുകയുണ്ടായി. മാപ്പുസാക്ഷിയായി ഇസ് ലാമിനെ പ്രതിഷ്ഠിക്കേണ്ട യാതൊരാവശ്യവുമില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

തന്റെ സമുദായത്തിന്റെ അവസ്ഥയെക്കുറിച്ചോര്‍ത്ത് അങ്ങേയറ്റം ആകുലനായിരുന്നു ശൈഖ് ഗസാലി. ലോകത്തിന്റെ പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള മരുന്ന് മുസ്‌ലിംകളുടെ കൈകളിലുണ്ടെങ്കിലും പലവിധ ബാലാരിഷ്ടതകളാല്‍ അവര്‍ക്ക് സ്വത്വപ്രതിസന്ധികളില്‍നിന്ന് രക്ഷപ്പെടാനാകുന്നില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. സമുദായത്തെ അത്തരം പ്രയാസങ്ങളില്‍ കുരുക്കിയിടുന്നതില്‍ ബാഹ്യശക്തികള്‍ക്കും പങ്കുണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതിനാല്‍ ഇസ്‌ലാമിന്റെ വിശ്വാസവും ജീവിതക്രമവും സ്വാംശീകരിച്ച ജനതയെ വാര്‍ത്തെടുക്കാന്‍ അദ്ദേഹം അധ്വാനപരിശ്രമങ്ങള്‍ ചെലവിട്ടു. ഇസ്‌ലാമിനെക്കുറിച്ച യഥാര്‍ഥ അവബോധം പകര്‍ന്നുകൊടുത്താല്‍ മാത്രമേ അവര്‍ക്ക് ഉണര്‍വുണ്ടാകൂ എന്ന് അദ്ദേഹം മനസ്സിലാക്കി. ലോകരാഷ്ട്രീയാവസ്ഥയും അത്തരം രാഷ്ട്രീയാവസ്ഥകളെ സൃഷ്ടിക്കുന്ന ബാഹ്യസ്വാധീനങ്ങളെയും സമുദായം തിരിച്ചറിയേണ്ടതുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ഒരു വിശ്വാസിയോ പ്രസ്ഥാനമോ സന്തോഷിക്കുന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ അങ്ങേയറ്റം ആഗ്രഹിച്ചു. അതുപോലെ ആരെങ്കിലും ദുഃഖിക്കുകയോ വേദനിക്കുകയോ ചെയ്യുന്നതറിഞ്ഞാല്‍ അദ്ദേഹത്തിന്റെ മനസ്സ് വേപഥുകൊള്ളുമായിരുന്നു. അതിന് തെളിവായിരുന്നു രാജഭരണത്തെ അട്ടിമറിച്ച് വന്ന ഈജിപ്തിലെ സൈനികഭരണകൂടത്തോടുള്ള അനുഭാവം.

രാജാവിനെതിരെ അട്ടിമറി നടത്തിയ സൈനികഓഫീസര്‍മാര്‍ യഥാര്‍ഥ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ജനങ്ങളെ സേവിക്കാന്‍ ആത്മാര്‍ഥമായി രംഗത്തുള്ള ആളാണ് ജനറല്‍ ജമാല്‍ അബ്ദുന്നാസറെന്നായിരുന്നു അദ്ദേഹം കരുതിയിരുന്നത്. ഈജിപ്തിലെ ജനതയെ ഉയരങ്ങളിലെത്തിക്കാന്‍ ഇസ്‌ലാമിനേ കഴിയൂ എന്ന ധാരണ പരത്താന്‍ നാസര്‍ ബദ്ധശ്രദ്ധനായിരുന്നു. എന്നാല്‍ ചില ഒറ്റുകാരായ പണ്ഡിതന്‍മാരെ കൂടെ നിര്‍ത്തി മുസ്‌ലിംബ്രദര്‍ഹുഡിനുനേരെ മര്‍ക്കടമുഷ്ടി പ്രയോഗിച്ചു അയാള്‍. നാസറില്‍ വിശ്വസിച്ച അനേകം ആളുകളില്‍ ഒരാള്‍ മാത്രമായിരുന്നു മുഹമ്മദുല്‍ ഗസാലി.

എന്നാല്‍ വൈകാതെ നാസര്‍ സമുദായത്തിലെ കരിങ്കാലിയാണെന്ന് ഗസാലി മനസ്സിലാക്കി. തന്റെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് നാസര്‍ ഇസ്‌ലാമിനെ കരുവാക്കുകയായിരുന്നു എന്ന തിരിച്ചറിഞ്ഞ അദ്ദേഹം സൈനികഭരണകൂടത്തിനെതിരെ ശക്തമായ നിലപാടുമായി രംഗത്തുവന്നു. ഈജിപ്ഷ്യന്‍ തടവറകളില്‍ തന്റെ സുഹൃത്തുക്കളായ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ ക്രൂരമര്‍ദ്ദന പീഡനമുറകള്‍ക്ക് വിധേയരാവുന്നുവെന്നറിഞ്ഞ് അദ്ദേഹത്തിന്റെ ഹൃദയം വേദനിച്ചു. തന്റെ നിലപാടുകള്‍ അദ്ദേഹം ‘ഹഖീഖത്തുല്‍ ഖൗമിയ്യത്തില്‍ അറബിയ്യ’എന്ന പുസ്തകത്തിലൂടെ അറിയിച്ചു. ഇന്തോനേഷ്യന്‍ ഭരണാധികാരിയായ സുകാര്‍ണോയ്ക്ക് അസ്ഹര്‍ സര്‍വകലാശാല ഓണററി ബിരുദം നല്‍കാനുള്ള നീക്കത്തില്‍ അദ്ദേഹം വിയോജനമറിയിച്ചു. മുസ്‌ലിം-മുസ്‌ലിമേതര വിഷയങ്ങളില്‍ മുസ്‌ലിംവിരുദ്ധനിലപാടാണ് നാസര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമായി തുറന്നടിച്ചു. പട്ടാള അട്ടിമറി നടന്നതിനുശേഷം രാജ്യത്ത് ഇസ്‌ലാമികവ്യവസ്ഥ കൊണ്ടുവരാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് നാസറും സുഹൃത്ത് കമാലുദ്ദീന്‍ ഹുസൈനും പ്രഖ്യാപിച്ച വേദിയില്‍ മുഹമ്മദുല്‍ ഗസാലിയും ഹാജരായിരുന്നുവെന്ന് നാം അറിയുമ്പോഴാണ് ആ വഞ്ചന എത്രമാത്രം ആഴമേറിയതാണെന്ന് നമുക്ക് മനസ്സിലാകുന്നത്.

1962-ല്‍ ഈജിപ്തിലെ ഭരണത്തിലും സാമൂഹികനിര്‍മിതിയിലും സ്വീകരിക്കേണ്ട താത്ത്വികാടിത്തറകളെക്കുറിച്ച ചര്‍ച്ചയ്ക്കായി നാസര്‍ 250 ഓളം പ്രമുഖവ്യക്തികളെ വിളിച്ചുചേര്‍ത്തതില്‍ ശൈഖ് ഗസാലിയും ഖാലിദ് മുഹമ്മദ് ഖാലിദും ഉണ്ടായിരുന്നു. ആ ഘട്ടത്തില്‍ ഈ രണ്ടു സുഹൃത്തുക്കളും ആശയപരമായി വിരുദ്ധചേരിയിലായിരുന്നു. എന്നിട്ടുപോലും ഈ രണ്ടുപേരും നാസറിന്റെ ഏകാധിപത്യത്തിനെതിരെ ശക്തമായി ആഞ്ഞടിച്ചു. ഖാലിദ് സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചപ്പോള്‍ ഗസാലി ഈജിപ്തിന് വേണ്ടത് ശരിയായ അര്‍ഥത്തിലുള്ള മോചനമാണെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. ഭരണഘടനാസ്വാതന്ത്ര്യമാണ് അതിനടിയന്തിരമായി വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീ-പുരുഷന്‍മാരുടെ വേഷവിതാനങ്ങളിലടക്കം പ്രകടമാകുംവിധം ആ ഭരണഘടനയുടെ സത്ത നിര്‍ണിതമായിരിക്കണമെന്ന് അദ്ദേഹം വിശദമാക്കി.
പാശ്ചാത്യരുടെ വീക്ഷണങ്ങളെ ബാഹ്യമോടികളില്‍ മാറ്റംവരുത്തി നടപ്പിലാക്കിയതുകൊണ്ട് മനുഷ്യന് യഥാര്‍ഥസ്വാതന്ത്ര്യം ആസ്വദിക്കാനാവില്ലെന്നും മറ്റുമുള്ള അദ്ദേഹത്തിന്റെ വിവിധ അഭിപ്രായങ്ങളോട് ജനറല്‍ അബ്ദുന്നാസര്‍ കടുത്ത നീരസം പ്രകടിപ്പിച്ചു. ആ ചര്‍ച്ചയില്‍ പലപ്പോഴും അയാള്‍ കുപിതനായി. തുടര്‍ന്നങ്ങോട്ട് കമ്യൂണിസ്റ്റുകളും ഗവണ്‍മെന്റനുകൂലികളും ശൈഖ് ഗസാലിക്കുനേരെ കടുത്ത വിമര്‍ശനങ്ങളഴിച്ചുവിട്ടു. അല്‍ അഹ്‌റാം പത്രത്തില്‍ ദിനേന ഗസാലിയെ പരിഹസിച്ചുകൊണ്ട് സലാഹ് ജാഹിന്‍ എന്ന കാര്‍ട്ടൂണിസ്റ്റ് വരയ്ക്കാന്‍ തുടങ്ങി. അതുപക്ഷേ ഒട്ടേറെ ജനങ്ങളെ പ്രകോപിതരാക്കി. 1962 ജൂണ്‍ 1 ന് ജുമുഅ നമസ്‌കാരാനന്തരം വലിയൊരു പ്രതിഷേധ ജാഥ അഹ്‌റാം പത്രഓഫീസിലേക്ക് മാര്‍ച്ച് ചെയ്തു. ഗസാലിയെ തോളിലേറ്റി പ്രകടനം നയിക്കാനായിരുന്നു പ്രതിഷേധക്കാര്‍ പരിപാടിയിട്ടത്. എന്നാല്‍ ശൈഖ് ആ ശ്രമത്തെ നിരുത്സാഹപ്പെടുത്തി. അതോടെ പത്രം കാര്‍ട്ടൂണ്‍ പരമ്പര അവസാനിപ്പിച്ചു.

ആദില്‍ സ്വലാഹി

Topics